അമേരിക്കയിലെ ന്യൂജേഴ്‌സിയിലേക്ക് ഒരു വർഷത്തേക്ക് പോകാൻ അവസരം. നാട്ടിലെ ബോറടി അസഹനീയമായതിനാൽ ഉത്തര രണ്ടാമതൊന്ന് ആലോചിച്ചില്ല. പോകുന്നത് മൂത്തചേട്ടൻ സുധീറിന്‍റെ മകൾ ഉഷയുടെ അടുത്തേക്കാണ്. അവൾ ഗർഭണിയായതിനാൽ ഒരു സഹായം എന്ന നിലയിലാണ് ഉത്തരയെ അങ്ങോട്ട് വിളിപ്പിച്ചത്. ഗർഭം സ്‌ഥിരീകരിച്ചതോടെ തന്നെ ഉഷ സുധീറിനെ വിളിച്ച് ശുപാർശ ചെയ്‌തിരുന്നു.
“പപ്പാ, ചിറ്റയെ ഇങ്ങോട്ട് അയക്കണം. വീട്ടിലെ കാര്യങ്ങൾ അല്ലെങ്കിൽ അവതാളത്തിലാകും. ചിറ്റയുണ്ടെങ്കിൽ പിന്നെ എനിക്കൊരു കാര്യത്തിലും പേടി വേണ്ടല്ലോ.”
പറയുന്നത് അങ്ങനെയൊക്കെയാണെങ്കിലും യഥാർത്ഥ കാരണം മറ്റൊന്നാണ്. അമേരിക്കയിൽ ഒരു ബേബി സിറ്ററെയോ, വേലക്കാരിയേയോ കിട്ടണമെങ്കിൽ കിട്ടുന്ന ശമ്പളത്തിന്‍റെ മുക്കാലും ചെലവഴിക്കേണ്ടി വരും. അതും മണിക്കൂറുകളുടെ സേവനം മാത്രം. അതു വച്ചു നോക്കുമ്പോൾ ഉത്തരയുടെ യാത്രാച്ചെലവ് എത്രയോ തുച്‌ഛം!
ഉത്തരയെ നാട്ടിൽ നിന്ന് ന്യൂജേഴ്‌സിയിലെത്തിക്കണം. അത്രയേ വേണ്ടൂ. അവർ അവിടെയെത്തിയാൽ മുഴുവൻ സമയവും വീട്ടിലുണ്ടാകും. വീട്ടിലെ കാര്യങ്ങൾ സുഖമായി നടത്താം. കുഞ്ഞിനെ നോക്കാനും പ്രയാസമില്ല.
പ്രസവിച്ചിട്ടില്ലെങ്കിലും ഉത്തരയ്‌ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാൻ അറിയാം. അത്യാവശ്യം പ്രസവശുശ്രൂഷകളും മനസ്സിലാക്കി വച്ചിട്ടുണ്ട്. അമ്മയുണ്ടായിരുന്ന സമയത്ത് സഹോദരന്മാരുടെ ഭാര്യമാരുടെ പ്രസവശുശ്രൂഷയ്‌ക്ക് അമ്മ പോകുമ്പോൾ ഉത്തരയേയും കൂട്ടുമായിരുന്നു. കുഞ്ഞിനെ എടുക്കാനും ഭക്ഷണം കൊടുക്കാനുമൊക്കെ അപ്പോഴേ അവൾ മനസ്സിലാക്കി. കുറച്ചുമാസം മുമ്പ് ഇളയ ചേട്ടന്‍റെ മകൾക്കു കുഞ്ഞുണ്ടായപ്പോൾ ആശുപത്രിയിൽ നിന്നത് ഉത്തരയാണ്. ഇത്തവണ മൂത്ത ആങ്ങളയുടെ മകളുടെ ഊഴം.
അമേരിക്കയിലേക്ക് പോകാൻ പറഞ്ഞാൽ ഉത്തര അക്കാര്യത്തിൽ എതിരൊന്നും പറയില്ലെന്ന് സുധീറിന് അറിയാം. എങ്കിലും പെങ്ങൾ അവിടെ ചെന്ന് എന്തെങ്കിലും അസുഖം ഉണ്ടായാൽ മക്കൾ കഷ്‌ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ സുധീർ ഉഷയ്‌ക്ക് ഒരു മുന്നറിയിപ്പ് നൽകാതിരുന്നില്ല.
“അവൾ വരും, പക്ഷേ കുറച്ചു ദിവസമായി അവൾക്ക് കഴുത്തുവേദന ഉണ്ട്. കഴിയുമെങ്കിൽ ഒരു മെഡിക്കൽ ഇൻഷുറൻസ് ചിറ്റയുടെ പേരിൽ എടുത്തു വച്ചോ. അവിടെ ചികിത്സയ്‌ക്ക് വലിയ ചെലവല്ലേ.”
“അതൊക്കെ ചെയ്‌തോളാം പപ്പാ, ഉടനെ ചിറ്റയെ ഇങ്ങോട്ടയച്ചാൽ മതി.” പാസ്പോർട്ട് എടുക്കാനുള്ള താമസമേ ഉണ്ടായിരുന്നുള്ളൂ. അതും 15 ദിവസം. എത്രയും വേഗം സുധീർ എല്ലാം ശരിയാക്കി.
ഉത്തരയ്ക്ക് ഈ യാത്ര സന്തോഷമായിരുന്നു. അച്ചിലിട്ട കാളയെപ്പോലെ ഒരേ ദിശയിൽ ചുറ്റാൻ തുടങ്ങിയത് ഒന്നും രണ്ടും നാളല്ല, 20 വർഷം. ചിരപരിചിതമായ, വിരസമായ ചുറ്റുപാടുകളിൽ നിന്നും ഒരു മോചനം ഇടയ്ക്കൊക്കെ ഉത്തര ആഗ്രഹിച്ചിരുന്നു.
അമേരിക്കയിൽ ചെല്ലാൻ ഉഷ വിളിച്ചപ്പോൾ രണ്ടാമതൊന്നും ആലോചിക്കാത്തത് അതു കൊണ്ടാണ്. വിമാനയാത്ര പോലും ചെയ്യുന്നത് ഇതാദ്യം. ഉത്തരയുടേതെന്നു പറയാൻ ഒരു പെട്ടി മാത്രം. എന്നാൽ ചേട്ടൻ മകൾക്ക് കൊടുത്തുവിടുന്ന സാധനങ്ങളും ഭക്ഷണസാമഗ്രികളുമൊക്കെയായി വലിയ ലഗേജ് വേറെ.
ഉത്തരയെ കൂട്ടിക്കൊണ്ടുപോകാൻ ഉഷയും ഭർത്താവ് ദിലീപും എയർപോർട്ടിലെത്തിയിരുന്നു. ഈ സമയം കൊടുംശൈത്യമാണ് അമേരിക്കയിൽ. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് അതിശൈത്യത്തിന്‍റെ കാഠിന്യം ശരിക്കുമറിഞ്ഞത്. ഉത്തരയുടെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടെന്നോണം ഉഷ ചിരിച്ചു.
“ചിറ്റേ, ഈ തണുപ്പ് കണ്ട് പേടിക്കേണ്ട. വീട് എയർകണ്ടീഷൻഡ് ആണ്. പുറത്തിറങ്ങുമ്പോൾ കാറിൽ ഹീറ്ററുണ്ട്. ഷോപ്പിംഗ് മാളുകളിലെ തണുപ്പ് കുറയ്‌ക്കാൻ ഉള്ള സംവിധാനങ്ങളുണ്ട്. ആകെ ശ്രദ്ധിക്കേണ്ടത് വീട്ടിൽ നിന്ന് പുറത്ത് നടക്കുമ്പോൾ മാത്രം. വീണുകിടക്കുന്ന മഞ്ഞുകട്ടകളിൽ തട്ടി വീഴാതെ നോക്കണം. അത്രയേയുള്ളൂ.”
അമേരിക്കയിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഇവിടം. 9 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴും. മഞ്ഞുവീഴ്‌ച പതിവുകാര്യമാണ്. ഈ സമയത്ത് മുൻകരുതൽ ആവശ്യമാണെന്നുമാത്രം. പുറത്തെ തണുപ്പിൽ നിന്ന് കാറിലേക്കു കയറുമ്പോൾ ഉത്തരയ്‌ക്ക് വളരെ ആശ്വാസം തോന്നി. കാറിൽ ഇളംചൂടുണ്ടായിരുന്നു. പുറത്തെ കാഴ്‌ചകൾ അതിമനോഹരമായിരുന്നു. വീതിയുള്ള പാതയ്ക്കിരുപുറവും ഉള്ള മരങ്ങളിൽ നീലനിറത്തിലുള്ള പഴങ്ങൾ.
സ്‌ട്രോബറിയും ആപ്പിളും ബ്ലൂബെറിയുമെല്ലാമാണ് ഇവിടത്തെ പ്രധാന
കൃഷിയെന്ന് ഉഷ മുമ്പ് പറഞ്ഞത് അവളോർത്തു. സമ്മർ സീസണിലാണത്രേ ന്യൂജേഴ്‌സി അതിസുന്ദരമാകുക. പച്ചയും ഓറഞ്ചും നീലയും സ്വർണ്ണനിറവും എല്ലാം ചേർത്ത് പ്രകൃതി ഒരുക്കുന്ന വർണ്ണക്കാഴ്‌ചകളുടെ കാലം. അതൊക്കെ കാണാൻ പറ്റുമോ? വീട്ടിൽ നിന്ന് ഉത്തരയെ ഇടയ്‌ക്കൊക്കെ പുറത്തുകൊണ്ടുപോകണമെന്ന് ചേട്ടൻ ഉഷയോട് ഫോണിൽ പറയുന്നത് താൻ കേട്ടതാണല്ലോ… ഉത്തര ഇങ്ങനെ പലതും ആലോചിച്ചിരിക്കേ ഉഷ, ഉത്തരയുടെ കഴുത്തിൽ കൈ ചുറ്റി സ്‌നേഹത്തോടെ കവിളിൽ മുത്തമിട്ടു. “ചിറ്റ വന്നതോടെ എന്‍റെ ടെൻഷനെല്ലാം പോയി… സമാധാനത്തോടെ ജോലിക്കു പോകാം… എന്‍റെ കുഞ്ഞും സുരക്ഷിതനായിരിക്കും…”
“സുരക്ഷിതനോ? നീയിപ്പോഴെ തീരുമാനിച്ചോ ആൺകുട്ടിയാണെന്ന്.” ഉത്തര അവളെ കളിയാക്കി.
“അതൊക്കെ എനിക്കറിയാം ചിറ്റേ. അല്ലെങ്കിൽ ചിറ്റ നോക്കിക്കോ…”
വീട്ടിലെത്തിയപ്പോൾ ഉഷ അവളെ കിടപ്പുമുറിയിലേക്കാണ് ആദ്യം കൂട്ടിക്കൊണ്ടുപോയത്. ഉഷ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്‌തിട്ടുണ്ട്. ഉത്തരയ്‌ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും വേണ്ടി ഒരു മുറി തന്നെ മാറ്റി വച്ചിരിക്കുന്നു. രാത്രി കുഞ്ഞുണർന്നാൽ കുപ്പിപ്പാൽ നൽകേണ്ട ഡ്യൂട്ടി ഉത്തരയ്‌ക്കായിരിക്കും.
“ഇനി ഒരു കാര്യം കൂടിയുണ്ട് ചിറ്റേ, രാവിലെ റോക്കിയെ പുറത്തു കൊണ്ടുപോകണം. എനിക്ക് രാവിലെ എഴുന്നേൽക്കാൻ മടിയാണെന്ന് ചിറ്റയ്‌ക്കറിയാല്ലോ.”
“റോക്കി! അതാരാ?”
“ഉം… റോക്കി നമ്മുടെ പുതിയ അതിഥി. ഒരു പട്ടിക്കുട്ടി. ഇന്നലെ ദിലീപ് വാങ്ങിക്കൊണ്ടു വന്നതാ.”
“കുഞ്ഞുപിറക്കാനിരിക്കുന്ന വീട്ടിൽ പട്ടിയെ വളർത്തുന്നത് ബുദ്ധിമുട്ടാവില്ലേ,” ഉത്തര സംശയം മറച്ചുവച്ചില്ല.
“ഏയ്, അതൊന്നും കുഴപ്പമില്ല. വീട്ടിൽ എപ്പോഴും ആളുണ്ടാവുമല്ലോ.”
ഉഷയ്‌ക്ക് അതിലൊന്നും വലിയ വിശ്വാസമില്ല. അമേരിക്കയിലെ ജീവിതവുമായി ഉത്തര പൊരുത്തപ്പെട്ടു. മാസങ്ങൾക്കകം ഉഷ ഒരു ആൺകുട്ടിക്ക് ജന്മം നൽകി.
പ്രസവത്തിന് രണ്ടുദിവസം മുമ്പ് ഉഷയുടെ അച്ഛനും അമ്മയും ന്യൂജേഴ്സിയിൽ എത്തിയിരുന്നു. പ്രസവം കഴിഞ്ഞ് രണ്ടു ദിവസത്തിനകം അവർ മടങ്ങുകയും ചെയ്തു. ഉത്തരയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവർക്കും. വീട്ടുകാര്യങ്ങൾ നോക്കിയും കുഞ്ഞിനെ പരിചരിച്ചും ഉത്തരയുടെ ദിനരാത്രങ്ങൾ കടന്നുപോയി.
നാട്ടിലാണെങ്കിൽ ഒരു കൈ സഹായിക്കാൻ ആരെങ്കിലുമുണ്ടാകും. ഇങ്ങ് ദൂരെ ഭാഷ പോലും മനസ്സിലാകാത്ത ഒരു നാട്ടിൽ ആര് സഹായിക്കാനാണ്. പകലു മുഴുവൻ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞാൽ രാത്രിയിൽ ഒന്നു കിടന്നാൽ മതിയെന്നാകും. ഇടയ്‌ക്ക് കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കാൻ എഴുന്നേൽക്കുകയും വേണം.
രാവിലെ കുഞ്ഞിന് പാൽ തയ്യാറാക്കുമ്പോഴേക്കും റോക്കി കൂ കൂ… എന്ന് സിഗ്നൽ തരും. അവന് പുറത്തു പോകാൻ സമയമായി എന്നാണ്. “ങ്ങും… നിനക്കു പോവണം അല്ലേ, ദാ വരുന്നു…”
ഉത്തര, പട്ടിക്കുട്ടിയോട് തമാശയായി പറഞ്ഞു. അവൻ അതുമനസ്സിലാക്കിയിട്ടെന്നോണം മിണ്ടാതെ കാത്തിരുന്നു. അടുക്കള ജോലി ഒതുക്കി ഉത്തര ഒരു ഷാൾ എടുത്ത് പുതച്ചിട്ട് റോക്കിയെ ചങ്ങലയിലാക്കി പുറത്തേക്കിറങ്ങി.
ഉഷ ഇതുവരെ എഴുന്നേറ്റിട്ടില്ല. അവൾ എഴുന്നേൽക്കുമ്പോഴേക്കും തിരിച്ചെത്തണം. തലേന്ന് രാത്രി കനത്ത ഹിമവാതം ഉണ്ടായിട്ടുണ്ട്. വീടിന്‍റെ പടികളിൽ നിറയെ മഞ്ഞ്. അത് ഉറച്ച് കിടക്കുകയാണ്. ധൃതിയിൽ പടിയിൽ കാലെടുത്തു വച്ചപ്പോൾ ഉത്തര തെന്നി വീണു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാലിന് ഭയങ്കര വേദന. മഞ്ഞിൽ വീണു കിടക്കുന്നതിനാൽ ശരീരമാകെ മരവിച്ചുതുടങ്ങി. ഉത്തര ഉറക്കെ നിലവിളിച്ചു. കടുത്ത തണുപ്പ് ശരീരത്തിൽ ഭീതിദമായ വേദനയായി അരിച്ചു കയറി.
കരച്ചിൽ കേട്ട് ഉഷ വാതിൽ തുറന്നു.
“അല്ലാ ഇതെന്തുപറ്റി ചിറ്റേ, എങ്ങനെ വീണു, മഞ്ഞിനു പുറത്തു ചവിട്ടുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ.”
ഉഷയും ദിലീപും കൂടി ഉത്തരയെ പിടിച്ചെഴുന്നേൽപ്പിച്ചു. കാൽ അനക്കാൻ വയ്യെന്ന് കണ്ടപ്പോൾ അവർ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാലിലെ അസ്‌ഥി പൊട്ടിയിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. ചികിത്സയ്ക്കും ഓപ്പറേഷനും കൂടി പതിനായിരം ഡോളർ ചെലവാകും. ഇക്കാര്യമറിഞ്ഞപ്പോൾ ഉത്തര ആകെ വിരണ്ടു പോയി. ചേട്ടൻ പോരുമ്പോൾ തന്നെ മുന്നറിയിപ്പ് തന്നിരുന്നതാണ്, ഇവിടെ കനത്ത ചെലവ് ആണ് ചികിത്സയ്‌ക്ക് എന്ന്.
“ഉഷാ, നീ എനിക്ക് മെഡിക്കൽ ഇൻഷുറൻസ് എടുത്തിരുന്നോ?” പക്ഷേ ദിലീപ് അക്കാര്യം മറന്നുപോയിരുന്നു.
“ശ്ശൊ, ഇനി എന്തു ചെയ്യും. ആശുപത്രി ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തും.” ദിലീപ് പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു. ഒരു ആശുപത്രിയിൽ 3000 ഡോളറിന് ചികിത്സ ചെയ്യുമെന്നറിഞ്ഞപ്പോൾ ഉത്തരയെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ ഓപ്പറേഷൻ നടത്തി. കാൽ പ്ലാസ്‌റ്ററിട്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
ഒരു മാസത്തിനുശേഷം പ്ലാസ്‌റ്റർ ഊരാൻ ഉഷയാണ് ഉത്തരയെ ആശുപത്രിയിൽ കൊണ്ടുപോയത്. പ്ലാസ്‌റ്റർ വെട്ടി, നടക്കാൻ ശ്രമിച്ചപ്പോൾ ഉത്തരയ്‌ക്ക് കഴിയുന്നില്ലായിരുന്നു. കാൽ അനങ്ങുന്നില്ല. അവൾ പെട്ടെന്ന് കസേരയിൽ പിടിച്ചതു കൊണ്ട് വീണില്ല. ഡോക്‌ടർ കാൽ വിശദമായി പരിശോധിച്ചു.
“കാലിന്‍റെ അസ്‌ഥി ശരിയായ രീതിയിലല്ല യോജിച്ചതെന്നു തോന്നുന്നു. നടക്കാൻ കഴിയുന്നില്ലെങ്കിൽ ഊന്നുവടി ഉപയോഗിച്ച് ശ്രമിച്ചു നോക്കൂ.”
അതുകേട്ടപ്പോൾ ഉത്തരയ്‌ക്ക് അതിയായ സങ്കടം തോന്നി. ഓടിച്ചാടി നടന്നു ജോലി ചെയ്‌തിരുന്ന തനിക്കിനി ഊന്നു വടി ഇല്ലാതെ നടക്കാനാവില്ലെന്നോ? ശിഷ്‌ടകാലം എങ്ങനെ ജീവിക്കും? ഉത്തരയുടെ കണ്ണുനിറഞ്ഞു. അല്‌പം കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് വന്നു വിളിച്ചു.
“മാഡം, ഒ.പിയിലേക്ക് വരൂ. ന്യൂയോർക്കിലെ ഒരു വിസിറ്റിംഗ് ഡോക്‌ടർ ഇന്ന് ഒ.പിയിലുണ്ട്. അദ്ദേഹത്തെ കണ്ടാൽ ഇനി എന്തു ചികിത്സ ചെയ്യണമെന്നറിയാൻ കഴിഞ്ഞേക്കും.”
“ഏതു ഡോക്‌ടർ?”
“ഡോ. ശേഖർ ദാസ്. വരൂ, വീൽചെയറിൽ അവിടെയെത്തിക്കാം.” നഴ്‌സ് ഉത്തരയെ വീൽചെയറിലിരുത്തി.
ഡോ. ശേഖർ ദാസ്. ആ പേര് കേട്ടപ്പോൾ ഉത്തരയുടെ ഹൃദയം വല്ലാതെ മിടിച്ചു.
(തുടരും)