സിനിമാ കൊട്ടകകൾ പൊളിച്ച് കല്ല്യാണ മണ്ഡപങ്ങളാക്കുന്നതിനു മുമ്പുള്ള കാര്യമാണിത്. അന്നൊക്കെ കല്ല്യാണം കഴിഞ്ഞ് രണ്ടാംദിവസം പുതുപ്പെണ്ണും ചെക്കനും കൂടി ഒരു സിനിമയ്ക്ക് പോകും. കാരണവന്മാരുടെ സമ്മതമൊക്കെ വാങ്ങി പുതുമോടിയോടെയാണ് യാത്ര. വഴിയിൽ കാണുന്ന പരിചയക്കാരൊക്കെ സ്നേഹത്തോടെ ചോദിക്കും. എവിടേയ്ക്ക്യാ പോണത്?
ഒരേ വാസന സോപ്പിന്റെ മണമുള്ള നവദമ്പതികൾ നാണം മറച്ച് കൊണ്ട് പറയും. “ഒരു സിനിമയ്ക്ക് പോകാണ്!”
കാലത്തിന്റെ റീൽ ഡിജിറ്റലിന് വഴിമാറി, സിനിമാ തീയറ്ററുകൾ പൊളിച്ച് കല്ല്യാണ മണ്ഡപങ്ങൾ ഉയർന്നു വന്നു. ഭാര്യയെ ടിക്കറ്റിനുള്ള ക്യൂവിൽ നിർത്തി കാത്തു നിൽക്കുന്ന ഭർത്താവിന്റെ സീനും ഇല്ലാതായി. എങ്കിലും സിനിമയും കല്ല്യാണവും തമ്മിലുള്ള ബന്ധത്തിനു യാതൊരു കുറവും വന്നിട്ടില്ല. വെള്ളിത്തിരയിൽ കല്ല്യാണക്കഥകൾ പറയുന്ന ചിത്രങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു…
ടിക്കറ്റെടുക്കാതെ ഏതാനും വെഡിംഗ് സിനിമകൾ കാണാം വിവിധ ഭാഷകളിൽ!
മലയാളത്തിലെ മിന്നുകെട്ട് മലയാളത്തിലിറങ്ങിയ മിക്ക സിനിമയിലും ഒരു കല്ല്യാണം ഉണ്ടാവും. പക്ഷേ കല്ല്യാണം മുഴുനീള പ്രമേയമാക്കിയ നല്ല ചിത്രങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരിക കല്ല്യാണരാമനായിരിക്കും. കല്ല്യാണം നടത്തിപ്പുകാരുടെ ജീവിതമുഹൂർത്തങ്ങളിലൂടെ കല്ല്യാണക്കഥ പറഞ്ഞ ഹാസ്യ ചിത്രമാണിത്. മലബാറിൽ കല്ല്യാണം ഒരു മഹോത്സവം ആണ്. അവിടത്തെ കല്ല്യാണ രാവുകൾ ചങ്ങാതിക്കൂട്ടങ്ങളുടെ തമാശകൾ കൊണ്ട് സമ്പന്നമായിരിക്കും. ഇത് കല്ല്യാണസൊറ എന്നാണ് അറിയപ്പെടുന്നത്. കല്ല്യാണ സൊറയുടെ കഥ പറഞ്ഞ ചിത്രമാണ് മലബാർ വെഡിംഗ്. കുട്ടിക്കളി മാറാത്ത പയ്യൻ ബുദ്ധിമതിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചപ്പോഴുണ്ടായ താളപ്പിഴകളാണ് ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിന്റെ പ്രമേയം.
ഭാമയും ജയസൂര്യയും പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം, ആധുനിക ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. ഹാപ്പി വെഡിങ്, ഹണി ബീ എന്നി ചിത്രങ്ങളിലും വിവാഹം ആണ് അടിസ്ഥാന തീം. ഈയടുത്തകാലത്ത് കല്ല്യാണക്കഥ വളരെ മനോഹരമായി ചിത്രീകരിച്ച സിനിമയാണ് അങ്ങനെ തുടങ്ങി… തെലുങ്കിൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാളത്തിൽ മൊഴിമാറ്റ ചിത്രമായാണ് റിലീസായത്. നിത്യാ മേനോൻ നായികയായ ഈ ചിത്രം ചെറുപ്പക്കാരുടെ പ്രണയവും വിവാഹ സങ്കൽപങ്ങളും കാണിച്ചു തരുന്നു. നിലവാരമുള്ള ഹാസ്യമാണ് മുഖ്യ ആകർഷണം. ഒരു ക്ലീൻ ഫാമിലി എന്റർടെയ്നർ എന്നു തന്നെ പറയാം. വളരെ പുതുമയാർന്ന ചിത്രമാണിത്. തീം വെഡിംഗിന്റെ മനോഹാരിത ഇതിൽ കാണാം. വിവാഹിതരാവാൻ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് അങ്ങനെ തുടങ്ങി…
തമിഴ് തിരുമണം
തമിഴിലെ മനോഹരമായ കല്ല്യാണ സിനിമകളിൽ ചിലതാണ് സംതിംഗ് സംതിംഗ്, രാജാറാണി, ഡും ഡും ഡും, മൗനരാഗം, പടയപ്പ എന്നിവ.
ബോളിവുഡിലെ ശാദി
കല്ല്യാണക്കഥകൾ പറയുന്ന ഹിന്ദി സിനിമകൾ അനവധി ഇറങ്ങിയിട്ടുണ്ട്. ഹോളിവുഡിൽ നിന്ന് അടിച്ചുമാറ്റിയ ചിത്രങ്ങളാണ് ബോളിവുഡിൽ പണംവാരിയ മിക്ക വെഡിംഗ് സിനിമകളും. ഉദാ: മേരി ദോസ്ത് കി ശാദി, ഹോളിവുഡ് ഹിറ്റായ മൈ ഫ്രണ്ട്സ് മാരേജിൽ നിന്ന് ആശയം ഉൾക്കൊണ്ട് ചെയ്ത ചിത്രമാണിത്. ഹിന്ദിയിലെ എക്കാലത്തേയും ഹിറ്റുകളായ ഹം ആപ്പ് കെ ഹെ കോൻ, ദിൽവാലെ ദുൽഹനിയാ ലേജായേംഗെ, യമല പഗല ദീവാന എന്നിവ കല്ല്യാണത്തിന്റെ രസകരമായ അനുഭവങ്ങൾ ചിത്രീകരിച്ച ചിത്രങ്ങളാണ്. സൽമാൻ ഖാനെ ജനപ്രിയ താരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഹം ആപ്പ് കെ ഹെ കോൻ ഇന്നും ബോറടിക്കാതെ കാണാൻ കഴിയും.
ഉത്തരേന്ത്യൻ കല്ല്യാണങ്ങളിലെ അവിഭാജ്യ ഘടകമായ പാട്ടും കൂത്തും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. മാധവൻ നായകനായ തനു വെഡ്സ് മനു ഒരു കോമഡി ചിത്രമാണ്. കങ്കണയാണ് നായിക. ലണ്ടനിൽ നിന്നു ഒരു നാടൻ പെൺകുട്ടിയെ കല്ല്യാണം കഴിക്കാനുള്ള ആഗ്രഹവുമായി വരുന്ന ഡോക്ടറായ മനുവിനെ, പ്രതിശ്രുത വധുവിന്റെ ഗുണ്ടയായ കാമുകൻ കല്ല്യാണ ആലോചനയിൽ നിന്ന് പിൻമാറാനായി ഭീഷണിപ്പെടുത്തുന്നതും പാവത്താനായ മനു അതിനു സമ്മതിക്കുക മാത്രമല്ല ഗുണ്ടയെ തനുവിനെ കല്ല്യാണം കഴിപ്പിക്കുന്നതിനായി ശ്രമിക്കുന്നതുമാണ് പ്രമേയം.
വളരെ മനോഹരമായി ചിത്രീകരിച്ച യൂത്തിന്റെ സിനിമയാണ് ബാന്റ് ബാജാ ബാരാത്ത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ പരിചയപ്പെടുകയും കൂട്ടുബിസിനസ്സിനുവേണ്ടി സൗഹൃദം നടിക്കുകയും ചെയ്യുന്നു. വെഡിംഗ് പ്ലാനിംഗ് ബിസിനസ്സാണ് അവർ നടത്തുന്നത്. ചെറിയ ചെറിയ കല്ല്യാണച്ചടങ്ങുകൾ നടത്തി മുന്നേറുന്ന തിനിടയിൽ ഇരുവരും പ്രണയത്തിലാവുന്നതാണ് കഥ.
ഹോളിവുഡ്
വെഡിംഗ് പ്രമേയമാക്കി ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഹോളിവുഡിലാണ്. അതിൽ പലതും കാണാൻ കൊള്ളാവുന്നതാണെങ്കിലും ഏറ്റവും മികച്ച് നിൽക്കുന്നത് ജൂലിയ റോബട്ട്സ് നായികയായ മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ് ആണ്. തന്റെ ആൺ സുഹൃത്ത് വിവാഹിതനാകാൻ പോകുന്നു എന്നറിയുമ്പോൾ, തനിക്ക് അവനോട് പ്രണയമായിരുന്നുവെന്ന് തിരിച്ചറിയുന്ന നായിക… അയാളെ സ്വന്തമാക്കാൻ ശ്രമിക്കുന്നതാണ് കഥ. വിവാഹത്തിനു തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ അരങ്ങേറുന്ന നാടകീയ രംഗങ്ങളാണ് പ്രേഷകരെ ഏറെ ആകർഷിക്കുക. ഐശ്വര്യറായ് അഭിനയിച്ച ബ്രൈഡ് ആന്റ് പ്രൊജുഡിസ് ഒരു റൊമാന്റിക് മ്യൂസിക്കൽ ചിത്രമാണ്. ഇതേ പേരിലുള്ള നോവലിനെ ബോളിവുഡ് സ്റ്റൈലിൽ സംവിധാനം ചെയ്തിരിക്കുന്നത് ഗുരിദർ ചന്ദയാണ്. തന്റെ പെണ്മക്കളെ പണക്കാരായ വിദേശിയരെ കൊണ്ട് കല്ല്യാണം കഴിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയുടേയും മൂന്ന് മക്കളുടേയും കഥയാണിത്. ബോളിവുഡ് ഫോർമാറ്റിൽ ഇറങ്ങിയ ഒരു ഹോളിവുഡ് ചിത്രമാണിത്.
മീരാനായർ സംവിധാനം ചെയ്ത മൺസൂൺ വെഡിംഗ്, പരമ്പരാഗത പഞ്ചാബി കല്ല്യാണത്തിന്റെ രസങ്ങൾ അവതരിപ്പിക്കുന്ന റൊമാന്റിക് സിനിമയാണ്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കല്ല്യാണ ചടങ്ങിനിടയിൽ വെഡിംഗ് പ്ലാനറും കുടുംബക്കാരും വധുവിനെ വട്ടം കറക്കുന്നു. രഹസ്യം സൂക്ഷിക്കുന്ന വധു അത് വെളിപ്പെടുത്തുമ്പോഴുണ്ടാകുന്ന പുകിലാണ് ചിത്രത്തെ മുമ്പോട്ട് നയിക്കുന്നത്. ഇതുകൊണ്ടൊന്നും കല്ല്യാണങ്ങൾ അവസാനിച്ചുവെന്നു കരുതണ്ട.
കല്ല്യാണപ്പേരിൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒട്ടനവധി ചിത്രങ്ങൾ ഇനിയുമുണ്ട്. കടിഞ്ഞൂൽ കല്ല്യാണം, കല്ല്യാണ കച്ചേരി, മീനത്തിൽ താലികെട്ട്, കല്ല്യാണപ്പിറ്റേന്ന്, മാലയോഗം, വധു ഡോക്ടറാണ്, ഇന്നാണാ കല്ല്യാണം, കല്ല്യാണ സൗഗന്ധികം, വിവാഹിതരേ ഇതിലേ ഇതിലേ, കല്ല്യാണ പന്തൽ, പുലിവാൽ കല്ല്യാണം, പാർവ്വതീ പരിണയം, നിക്കാഹ്, പുതുക്കോട്ടയിലെ പുതുമണവാളൻ, കല്ല്യാണ ഉണ്ണികൾ… ഇപ്പോൾ മനസ്സിലായില്ലേ കല്ല്യാണം സ്വർഗ്ഗത്തിൽ മാത്രമല്ല സ്ക്രീനിലും തകൃതിയായി നടക്കുന്നുവെന്ന്!