കോളിംഗ് ബെൽ അടിക്കുമ്പോഴാണ് ആകെ അങ്കലാപ്പ്. പുറത്താരാണ് വന്നിരിക്കുന്നതെന്ന് ജനലിലൂടെ ഒളിച്ചു നോക്കും. കൂട്ടുകാരോ ബന്ധുക്കളോ ആണെങ്കിൽ വാതിൽ വേഗം തുറക്കണമല്ലോ… പക്ഷേ അതിനു മുമ്പ് ഓടും ഡ്രോയിംഗ് റൂമിലേക്ക്. കുട്ടികൾ സോഫയിൽ വലിച്ചു വാരിയിട്ട ബാലമാസികകൾ തപ്പിയെടുത്ത് ഒളിപ്പിക്കണം, വിരി നേരെയാക്കണം, ബെഡ് റൂമിലേക്ക് കടന്നാലും അതുതന്നെ അവസ്‌ഥ. അടുക്കളയിലെ കാര്യം പറയാനുമില്ല.

ഏതാണ്ടൊക്കെ ഒന്നൊതുക്കി വാതിൽ തുറക്കുമ്പോഴേക്കും ചമ്മിയ ചിരി മുഖത്തു നിന്ന് മാറ്റാൻ പ്രയാസപ്പെട്ട് നിങ്ങൾ എത്ര പ്രാവശ്യം നിന്നിട്ടുണ്ടാവും. ഓർത്തു നോക്കൂ…

അവിചാരിതമായി അതിഥികൾ വരുന്നത് ഒഴിവാക്കാനാവില്ല. ചിലപ്പോൾ അത്തരം അബദ്ധങ്ങളൊക്കെ സംഭവിച്ചെന്നുമിരിക്കും. എന്നാൽ സമയക്കുറവോ, ശ്രദ്ധയില്ലായ്‌മയോ കൊണ്ടോ കൂടെക്കൂടെ ഇത്തരം അബദ്ധം സംഭവിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്:

ഉത്സവദിനങ്ങളിലാണ് പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടു സന്ദർശിക്കാനെത്തുക. അവധിയും ഉത്സവ ആവശ്യങ്ങളും ഒത്തുവരുമ്പോൾ ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കില്ല. ഈ വേളയിൽ അതിഥികൾ എപ്പോൾ വേണമെങ്കിലും എത്താമെന്ന ധാരണ ഉണ്ടായാൽ മതി. വീട്ടിലേക്ക് ആരും എപ്പോഴും കയറി വന്നോട്ടെ, നിങ്ങൾ ഓടുകയേ വേണ്ട. അതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

വീടിന്‍റെ വൃത്തിയും വെടിപ്പുമാണ് എല്ലാ അലങ്കാരങ്ങളിലും പ്രധാനം. ആഡംബരങ്ങളും ആധുനിക സൗകര്യങ്ങളും യഥേഷ്‌ടമുള്ള വീട്. പക്ഷേ ഡ്രോയിംഗ് റൂമിനോട് ചേർന്ന ഡൈനിംഗ് ടേബിളിൽ ഈച്ച ശല്യമാണെങ്കിലോ? തീർന്നില്ലേ ഗ്ലാമർ! അടുക്കളയിലക്ക് കടന്നാൽ ഒരു മൂലയിൽ വേസ്‌റ്റ്‌ബിൻ, സിങ്കിൽ കഴുകാനുള്ള പാത്രങ്ങൾ. ബാത്ത്റൂമിലേക്കു ചെന്നാൽ ഊരിയെറിഞ്ഞ വസ്‌ത്രങ്ങൾ! ഇങ്ങനെയൊക്കെയാണ് വീടിന്‍റെ അവസ്‌ഥയെങ്കിൽ ശരിക്കും ശ്രദ്ധിക്കണം. പരമ്പരാഗത രീതിയിലോ, ആധുനിക സ്‌റ്റൈലിലോ ആകാം സൗന്ദര്യവൽക്കരണം. സ്വയം ഇതിനു കഴിയാത്തവർക്ക് ഒരു ഇന്‍റീരിയർ ഡിസൈനറുടെ സഹായം തേടാവുന്നതാണ്.

കുട്ടിമുറി ഉഷാറാക്കാം

കുട്ടികൾ പെരുമാറുന്ന ഇടങ്ങളാണ് ഏറ്റവും അലങ്കോലമാകാൻ സാധ്യതയുള്ള ഇടം. കുട്ടികൾക്ക് പഠനമുറി പ്രത്യേകമായുണ്ടെങ്കിൽ അവ വൃത്തിയായി മാത്രം സൂക്ഷിച്ചാൽ പോരാ, ആകർഷവുമായിരിക്കണം. എങ്കിലേ, കുട്ടികൾ അവിടെ കൂടുതൽ അലങ്കോലപ്പെടുത്താതിരിക്കൂ. അതിഥികളെ ഇംപ്രസ് ചെയ്യിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് കുട്ടികളുടെ പഠന മുറിയുടെ മികച്ച അറേഞ്ച്‌മെന്‍റ്. കൊള്ളാം, നല്ല കുട്ടികൾ എന്നു പറയുന്നതോടൊപ്പം അതിഥികൾക്ക് ഒട്ടൊരു കൗതുകവും ഈ മുറികൾ നൽകും. കുട്ടികൾക്ക് ഇഷ്‌ടപ്പെടുന്ന നിറങ്ങളായ പർപ്പിൾ, മഞ്ഞ, പച്ച, ഓറഞ്ച്, നീല തുടങ്ങിയവ അലങ്കാരത്തിന് ഉപയോഗിക്കാം. വലിയ കാർട്ടൂൺ പ്രിന്‍റുകൾ, വാൾപേപ്പറുകൾ ഇവ ഭിത്തിയിൽ ഒട്ടിച്ചു വയ്‌ക്കാം. മുറിയിൽ വസ്‌ത്രങ്ങളുടെയും പുസ്‌തകങ്ങളുടേയും ഷെൽഫുകൾ എപ്പോഴും അടുക്കും ചിട്ടയോടെയും വയ്ക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും വേണം.

ഉത്സവ പ്രതീതിക്ക് സിൽക്ക് കർട്ടൻ

വാതിൽ, ജനൽ ഇവയിലെ കർട്ടനുകൾ മാറ്റിയിട്ട് എത്രകാലമായി ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ആയിട്ടുണ്ടെങ്കിൽ പുതിയവ വാങ്ങിയിടാം. പഴയ കർട്ടൻ നിറം മങ്ങിയിട്ടില്ലെങ്കിൽ അവ പിന്നീട് ഉപയോഗിക്കാം. ഉത്സവ സീസൺ കഴിഞ്ഞാൽ ഇവ വീണ്ടും ഇടാം. പുതിയ സുന്ദരമായ കർട്ടനുകളും ജനാലവിരികളും അടുത്ത സീസണിലേക്ക് സൂക്ഷിച്ചു വയ്‌ക്കുകയുമാകാം. കർട്ടനുകളുടെ പുതിയ മോഡലുകൾ ഉപയോഗിച്ചാൽ വീടിന്‍റെ പുതുമയും സ്‌റ്റൈലും കൂടും. ഭിത്തിയുടെ നിറത്തിനനുസരിച്ചുള്ള കർട്ടനുകൾ വേണം തെരഞ്ഞെടുക്കാൻ. കിടപ്പുമുറിയിൽ ഇളംനിറത്തിലുള്ള കർട്ടനാണ് ഉചിതം. സിൽക്ക് മെറ്റീരിയൽ കൊണ്ടുള്ള കർട്ടനുകളും ജനാലവിരികളും കിടക്കവിരികളും ഉത്സവാന്തരീക്ഷത്തിന് യോജിച്ചതാണ്.

പൂന്തോട്ടം സ്‌റ്റെയർ കേസിലും പൂക്കൾ പൂന്തോട്ടത്തിന്‍റെ സ്വത്ത് എന്ന് ചിന്തിക്കുന്നത് നല്ലതുതന്നെ. എങ്കിലും വിശേഷദിവസങ്ങളിൽ പൂക്കളുടെ അഴക് അകത്തളങ്ങൾക്ക് സന്തോഷം പകരും. ആഘോഷദിവസങ്ങളിൽ വീടിനുള്ളിൽ പുഷ്‌പാലങ്കാരങ്ങൾ ഉപയോഗിക്കണം. സുഗന്ധപുഷ്‌പങ്ങളാണെങ്കിൽ കൂടുതൽ നല്ലത്. ഇവ അതിഥികളിൽ മാത്രമല്ല വീട്ടിലുള്ളവരിലും പോസിറ്റീവ് ഊർജ്‌ജം നിറയ്‌ക്കും. വീടിന്‍റെ മൂലയിലും ടേബിളുകളിലും പൂക്കൾ വയ്‌ക്കാം. ഏറ്റവും ഭംഗിയായി, യാതൊരു തടസ്സവുമില്ലാതെ പൂക്കൾ ഒരുക്കാൻ പറ്റിയ ഇടമാണ് വീടിനുള്ളിലെ സ്‌റ്റെയർകേസ്!

ജനാലകളിലും വാതിലുകളിലും മനോഹരമായി പുഷ്‌പാലങ്കാരം നിർവ്വഹിക്കാം. യഥാർത്ഥ പൂക്കൾ കിട്ടിയില്ലെങ്കിൽ കൃത്രിമപ്പൂക്കളും ഉപയോഗിക്കാം. ഇത്തരം സാഹചര്യത്തിൽ മനം മയക്കുന്ന, ഹൃദ്യമായ മൃദുസുഗന്ധം മുറികളിൽ നിറയ്‌ക്കാൻ ഉതകുന്ന പെർഫ്യൂമുകളും കണ്ടെത്തി വയ്‌ക്കുക. ഇത്തരം അലങ്കാരം വീട്ടിലുണ്ടെങ്കിൽ, മറ്റു ചെറിയ കുറവുകളൊന്നും ശ്രദ്ധയിൽ പെടുകയേയില്ല. ടൈലുകൾ തിളങ്ങട്ടെ!

ആളുകൾ എപ്പോഴും പെരുമാറുന്ന ലിവിംഗ് റൂം, അടുക്കള എന്നിവിടങ്ങളിൽ തറയുടെ വൃത്തി ഏറെ പ്രധാനമാണ്. ഇളംനിറത്തിലുള്ള ടൈൽസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ടൈലുകൾ ലിക്വിഡ് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. അഴുക്കു പിടിച്ചിരിക്കുന്നിടത്ത് ഒന്നോ രണ്ടോ തുള്ളി നേരിട്ട് ഒഴിച്ച് തുടച്ചു കളയാം. വീര്യം കൂടിയ സോപ്പ് ഉപയോഗിച്ചാലേ അഴുക്കു പോകൂ എന്നുണ്ടെങ്കിൽ ആസിഡ് കുറവുള്ള സോപ്പ് വാങ്ങിക്കുക. ടൈലിന്‍റെ ഭംഗി അവയുടെ വൃത്തിയാക്കലിലാണ്. സ്‌ക്രബ്ബുകൾ കൊണ്ട് ടൈൽ ഉരച്ചു കഴുകരുത്. സോപ്പുവെള്ളത്തിലേക്ക് അല്‌പം?അമോണിയ ചേർത്തശേഷം കൂടുതൽ അഴുക്കുള്ള ടൈലുകളിൽ തളിക്കുക. 10 മിനിട്ടിനു ശേഷം തുടച്ചു കളഞ്ഞാൽ മതി.

അല്‌പം അടുക്കളക്കാര്യം

അടുക്കളയൊഴികെ വീടിന്‍റെ ഏതു ഭാഗവും ചെറിയ പൊടിക്കൈകൾകൊണ്ട് കൂടുതൽ സുന്ദരമാണെന്ന് തോന്നിപ്പിക്കാൻ കഴിഞ്ഞേക്കും. അടുക്കളയുടെ രൂപഭംഗിയേക്കാൾ പ്രാധാന്യം ശുചിത്വത്തിനാണ്. ഭക്ഷണാവശിഷ്‌ടങ്ങൾ പരമാവധി കുറയ്‌ക്കുകയാണ് അടുക്കള വൃത്തിയാക്കാനുള്ള ഒരു മാർഗ്ഗം. എന്തു ഭക്ഷണം ബാക്കിയുണ്ടെങ്കിലും ഫ്രിഡ്‌ജിലേക്ക് വയ്‌ക്കാമെന്ന ചിന്തയോടെ കൂടുതൽ ഭക്ഷ്യവസ്‌തുക്കൾ പാചകം ചെയ്യുന്ന വരാണധികവും. ഇതിനു പകരം ആവശ്യമുള്ള ഭക്ഷണം മാത്രം തയ്യാറാക്കുക. ഇതിലൂടെ ശുചിത്വം മാത്രമല്ല, പണവും ലാഭിക്കാം.

और कहानियां पढ़ने के लिए क्लिक करें...