കണ്ണുകൾ അമ്യൂല്യമാണ്. അവ നിധി പോലെ സൂക്ഷിക്കേണ്ടതുണ്ട്. കണ്ണുകളുടെ ആരോഗ്യവും പരിചരണവും നേത്ര സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് മറുപടി നൽകുകയാണ് ഡോ.സഞ്‌ജയ്…

കോണ്ടാക്‌റ്റ് ലെൻസ് പതിവായി ധരിക്കുന്നതു കണ്ണുകൾക്ക് ദോഷം ചെയ്യുമോ?

6-8 മണിക്കൂറിലധികം സമയം കോണ്ടാക്‌റ്റ് ലെൻസ് ധരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു ഹിതകരമല്ല. ഇതു ധരിക്കുന്നതു മൂലം കണ്ണുകൾക്കാവശ്യമായ ഓക്‌സിജൻ ലഭിക്കാതാവും. അതിനാൽ തുടർച്ചയായി ഉപയോഗിക്കുന്നതിനു പകരം ഇടയ്‌ക്ക് ഒരു ബ്രേക്ക് നൽകി ഉപയോഗിക്കുന്നതാണ് അഭികാമ്യം.

കണ്ണുകൾ പരിശോധിക്കേണ്ടത് എപ്പോഴൊക്കെയാണ്?

ഒരു വയസ്സു മുതൽ ഐ ചെക്ക് അപ്പ് തുടങ്ങാം എന്ന അഭിപ്രായമാണെന്‍റേത്. കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിന് ഈ ചെക്ക് അപ്പ് അനിവാര്യമാണ്. അടുത്ത ചെക്ക് അപ്പ് കുട്ടി സ്‌കൂളിൽ പോവുന്നതിനു മുമ്പാവാം. മുതിർന്നവർ വർഷത്തിൽ ഒരു തവണയെങ്കിലും ചെക്ക് അപ്പ് നടത്തേണ്ടത് അനിവാര്യമാണ്. കണ്ണുകൾക്ക് കൃത്യമായ പരിശോധന നടത്തണം.

എന്‍റെ കണ്ണുകൾക്ക് എഎംഡി പ്രോബ്ലമാണെന്ന് ഒപ്‌റ്റീഷ്യൻ പറഞ്ഞു. എന്താണ് എഎംഡി?

എഎംഡിയുടെ പൂർണ്ണരൂപം ഏജ് റിലേറ്റഡ് മാക്യൂലർ ഡീജനറേഷൻ എന്നാണ്. മാക്യൂല ദുർബലമാവുന്ന അവസ്‌ഥയാണിത്. റെറ്റിനയുടെ ഒരു ചെറിയ ഭാഗമാണ് മാക്യൂല. ഇത് കണ്മുന്നിലുള്ള വസ്‌തുക്കൾ തെളിമയോടെ കാണുന്നതിനു സഹായിക്കുന്നുണ്ട്. കണ്ണിനു മങ്ങൽ, കണ്ണിനു ചുറ്റും കരിവാളിപ്പ്, വസ്‌തുക്കൾ അവ്യക്‌തമായി കാണുക എന്നിവ എഎംഡിയുടെ ലക്ഷണങ്ങളാണ്. ഇത്ര മാത്രമല്ല, ചിലപ്പോൾ മുന്നിലുള്ള വസ്‌തുക്കൾ തീരെ കാണാൻ സാധിക്കാതെ വന്നേക്കാം. എഎംഡി പ്രോബ്ലം അലട്ടുന്നവർക്ക് പലപ്പോഴും വശങ്ങളിലും മുകളിലും താഴെയുമുള്ള വസ്‌തുക്കൾ കാണാമെങ്കിലും നേർമുന്നിലുള്ളവ കാണാൻ സാധിച്ചുവെന്ന് വരില്ല.

എനിക്ക് അസ്‌റ്റിഗ്മാറ്റിസമാണ് (ഒരു നേത്രരോഗം). ഇതെങ്ങനെ ഒഴിവാക്കാനാവും?

വസ്‌തുക്കൾ മങ്ങി കാണുന്ന അവസ്‌ഥയാണിത്. ചിലരിൽ ഈ സ്‌ഥിതി കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. കണ്ണട, കോണ്ടാക്‌റ്റ് ലെൻസ് ധരിച്ചും ലാസിക്ക് സർജറി നടത്തിയും ഇതൊഴിവാക്കാം.

ബൈ ഫോക്കൽ, വേരി ഫോക്കൽ ഗ്ലാസ്സ് തമ്മിൽ എന്ത് അന്തരമാണുള്ളത്?

ഇവ വ്യത്യസ്‌ത ദൂരത്തിലുള്ള വസ്‌തുക്കളെ കണ്ണട മാറ്റാതെ തന്നെ വ്യക്‌തമായി കാണാൻ സഹായിക്കുന്ന രണ്ടു ലെൻസുകളാണ്. ബൈ ഫോക്കൽ ലെൻസ് രണ്ടു ഭാഗങ്ങളിലായി വേർതിരിച്ചിട്ടുണ്ട്. ലെൻസിന്‍റെ മുകൾ ഭാഗത്തിലൂടെ ദൂരെയുള്ള വസ്‌തുക്കൾ കാണാനാവും, താഴത്തെ ഭാഗത്തിലൂടെ നോക്കിയാൽ അടുത്തുള്ള വസ്‌തുക്കൾ കാണാനും വായിക്കാനും സാധിക്കും. ലെൻസിന്‍റെ മദ്ധ്യഭാഗത്ത് വേർതിരിക്കുന്ന ഒരു വരയുണ്ട്. ലെൻസ് ആദ്യമാദ്യം ധരിക്കുമ്പോൾ അസ്വസ്‌ഥത തോന്നുമെങ്കിലും സ്‌ഥിരമായി ധരിക്കുമ്പോൾ ഇതൊഴിവാകും.

വേരി ഫോക്കൽ ലെൻസ് അത്യാധുനികമാണ്. ഇതിൽ ദൂരെയും അടുത്തുമുള്ള ലെൻസ് പൂർണ്ണമായും യോജിച്ചാണിരിക്കുന്നത്. അതായത് ലെൻസിന്‍റെ മദ്ധ്യഭാഗത്ത് വേർതിരിക്കുന്ന വര കാണാനാവില്ല. ലെൻസിന്‍റെ മദ്ധ്യഭാഗത്തു നിന്നു താഴെയുള്ള വസ്‌തുക്കൾ അത്ര വ്യക്‌തമായി കാണാനാവില്ല എന്ന ഒരു ന്യൂനതയുണ്ട്. മാത്രമല്ല വശങ്ങളിലുള്ള വസ്‌തുക്കൾ മങ്ങി കാണപ്പെടുകയും ചെയ്യും.

എനിക്ക് ദൂരെയുള്ള വസ്‌തുക്കൾ കാണുന്നതിനു വളഞ്ഞും സൂക്ഷിച്ചും നോക്കേണ്ടി വരുന്നുണ്ട്. എന്താണിതിനു കാരണം?

കൂടെക്കൂടെ കണ്ണടയ്ക്കേണ്ടി വരിക, സൂക്ഷിച്ചും വളഞ്ഞും നോക്കേണ്ടി വരിക എന്നതൊക്കെ കാഴ്‌ച ദുർബലമാവുന്നതിന്‍റെ ലക്ഷണങ്ങളാണ്. ദൂരെയുള്ള വസ്‌തുക്കൾ കാണേണ്ടപ്പോഴാണ് സ്‌ട്രെയിൻ ഏറെയുണ്ടാവുക.

കൺപീലികൾ വല്ലാതെ കൊഴിഞ്ഞു പോകുന്നുണ്ട്. ഇപ്പോൾ എന്‍റെ ഇടതു കണ്ണിനു മീതെ കൺപീലികൾ തീരെയില്ല. ഇതിനെന്തു പ്രതിവിധിയാണുള്ളത്?

നേത്ര രോഗം മൂലമല്ല മറിച്ച് കേശ സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് കൺപീലി കൊഴിയുന്നത്. ഇതൊഴിവാക്കുന്നതിനു ഹെയർ സ്‌പെഷ്യലിസ്‌റ്റിന്‍റെ സഹായമാരാഞ്ഞാൽ മതിയാവും.

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണോ എഎംഡി കൂടുതലായി കാണപ്പെടുന്നത്?

അല്ല, പുരുഷന്മാരിലാണിതേറെ കാണപ്പെടുന്നത്. പ്രത്യേകിച്ച് പുകവലിക്കുന്നവരിൽ.

റെറ്റിന ചുരുങ്ങുന്നതെന്തുകൊണ്ടാണ്?

മാക്യുലയ്‌ക്കടുത്ത് സുതാര്യമായ ഒരു വരയുണ്ടാകുമ്പോഴാണ് ഈ അവസ്‌ഥയുണ്ടാവുന്നത്. ഇതുമൂലം വസ്‌തുക്കൾ മങ്ങിയതായി തോന്നും. എപ്പിറെറ്റിനൽ മെംബ്രേൻ, സെലോഫെൻ മാക്യുലേപതി, പ്രീമാക്യൂലർ ഫൈബ്രോസിസ് എന്നൊക്കെ ഈ അവസ്‌ഥയെ വിശേഷിപ്പിക്കാറുണ്ട്.

നീന്തൽ കണ്ണുകളിൽ വരൾച്ചയ്‌ക്കിട വരുത്തുമോ?

നീന്തുന്നതു മൂലമാണ് കണ്ണുകളിൽ വരൾച്ചയുണ്ടാവുന്നതെന്ന് തീർപ്പിച്ച് പറയാനാവില്ല. നീന്തൽ കുളത്തിലെ വെള്ളത്തിൽ കെമിക്കൽസ് ഉണ്ടെങ്കിൽ അത് കണ്ണെരിച്ചിലിനും അണുബാധയ്‌ക്കും വഴിയൊരുക്കും. കണ്ണുകൾ ചുവക്കുന്നതും വരൾച്ച തോന്നുന്നതും ഇതിനാലാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ.സഞ്‌ജയ്

और कहानियां पढ़ने के लिए क्लिक करें...