തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരാളുടെ കൂടെ ജീവിതം പങ്കിടാൻ തീരുമാനിച്ചത് വലിയ ധീരതയായി ലതികയ്‌ക്ക് തോന്നിയിരുന്നില്ല. അയാൾ മരിക്കുന്നതു വരെ.

തന്‍റെ ആർത്തവദിനത്തിലാണ് അയാൾ ചോരവാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഒരു വാഹനാപകടം. ലതികയുടെ സ്വപ്‌നത്തെ കൊന്നു കളഞ്ഞു!

അതൊരു കൊലപാതകമായിരുന്നെന്ന് ലതികയ്‌ക്ക് മനസ്സിലായത് വളരെ കഴിഞ്ഞാണ്. ബോഡിയിൽ നിന്ന് കിട്ടിയ മൊബൈലും ക്രെഡിറ്റ് കാർഡും ചോര പടർന്ന പേഴ്‌സിലെ തന്‍റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും പോലീസുകാർ തിരിച്ചേൽപ്പിക്കുമ്പോൾ ഭൂമിയിൽ ഒറ്റയ്‌ക്കായിപ്പോയ നിസ്സഹായതയായിരുന്നു അവൾക്ക്.

ക്ലോക്ക് നിലച്ച അതേ രാത്രിയിലാണ് അയാളുടെ മൊബൈൽ കരഞ്ഞത്. ഒരു ശോകഗാനമായിരുന്നു കൊല്ലപ്പെട്ടവന്‍റെ റിംഗ്‌ടോൺ. മടിച്ചു മടിച്ചാണ് ലതിക ഫോണെടുത്തത്.

“ഹലോ… ദിനകരനില്ലേ…”

ഒരു പൊട്ടിക്കരച്ചിലോടെ ലതിക ഫോൺ കട്ട് ചെയ്‌തു. ദിവസങ്ങൾക്കു ശേഷം ആ നമ്പറിൽ നിന്നുള്ള കോളുകൾ രാത്രികാലങ്ങളിൽ പതിവായി ലതികയെ തേടിയെത്തി. വിളിക്കുന്ന ആളുടെ സൂക്കേട് മനസ്സിലായിട്ടോ മറ്റോ പിന്നെ ഒരിക്കലും ലതിക ആ കോൾ അറ്റന്‍റ് ചെയ്‌തിട്ടില്ല. ഒരു പകൽ ഒരാൾ അവളെ തിരഞ്ഞു വന്നു.

“ദിനകരന്‍റെ ഭാര്യയല്ലേ…”

“അതെ.”

“ഞാൻ ദിനകരന്‍റെ സുഹൃത്താണ്.”

“ഇരിക്കൂ…”

“ഇല്ല. എനിക്കൊരു കാര്യം പറയാനുണ്ട്. അതിനുവേണ്ടി മാത്രമാണ് ഞാൻ ഇത്രയും ദൂരം വന്നത്.” ലതിക അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“എന്‍റെ ജീവിതം തിരിച്ചു തന്നത് ദിനകരനാണ്. എന്നെ കൊല്ലാൻ വന്നവർ ആള് മാറിയാണ് ദിനകരനെ…”

ലതിക കരഞ്ഞില്ല. അയാൾ പറഞ്ഞത് ലതികയോട് ചെറുപ്പക്കാരനായ പോലീസുകാരനും സംശയം പറഞ്ഞിരുന്നു. അയാൾ പോകാൻ ഒരുങ്ങിയപ്പോൾ അവൾ ചോദിച്ചു.

“ആരാണ് അത് ചെയ്‌തത്…”

“അത്… നിങ്ങൾക്കറിഞ്ഞിട്ടെന്തിനാണ്. അവരെ ആർക്കും തൊടാനാവില്ല. ഞാൻ തന്നെ ഇപ്പോൾ വേഷം മാറി നടക്കുകയാണ്.” അയാൾ ശബ്‌ദമിടറിക്കൊണ്ടു പറഞ്ഞു.

“അല്ല, എനിക്കറിയണം” ലതിക ഉറച്ച ശബ്‌ദത്തിൽ പറഞ്ഞപ്പോൾ അയാൾ രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു “അവരോടൊന്നും നമുക്ക് ഏറ്റുമുട്ടാനാവില്ല.” അയാൾ ധൃതിയിൽ നടന്നുപോയി.

ലതിക അയാൾ പോകുന്നത് നോക്കി നിന്നു. ദിനകരന്‍റെ ആത്മാവ് പേറി നടക്കുന്നവൻ! അയാൾ വീട്ടിലേയ്‌ക്ക് കയറി വന്നപ്പോൾ മുതൽ അവിടൊക്കെ ദിനകരന്‍റെ വിയർപ്പിന്‍റെ മണം. നിലാവുദിച്ചിട്ടും അത് പോകുന്നില്ല.

അകാലത്തിൽ പൊലിഞ്ഞു പോകുന്നവർ ഗന്ധങ്ങളായി ഇഷ്‌ടപ്പെട്ടവരുടെ അടുക്കൽ വരുമെന്ന് മുത്തശ്ശി പണ്ട് പറഞ്ഞത് ലതിക ഓർത്തു.

ഇതുപോലെ നിലാവുള്ള രാത്രികളിൽ ദിനകരനോടൊപ്പം വരാന്തയിൽ ഇരുന്ന ഭാവി സ്വപ്‌നം കണ്ടിരുന്നുവല്ലോ. ഇതോർത്ത് കരയാൻ തുടങ്ങിയപ്പോഴാണ് വാതിൽ കുറ്റിയിട്ടിട്ടുണ്ടാവുമോ എന്ന് ലതികയ്‌ക്ക് സംശയം തോന്നിയത്. ഓടിച്ചെന്ന് അത് ഉറപ്പുവരുത്തി, കുറ്റിയിട്ടിട്ടുണ്ട്! തനിച്ചാകുമ്പോൾ മനുഷ്യനെ പേടി ഇങ്ങനെ പിടികൂടുമോ? അന്ന് ഉറങ്ങുന്നതിനു മുമ്പേ അവൾ ഒരു ധൈര്യത്തിന് ദിനകരന്‍റെ ഷർട്ട് അണിഞ്ഞു കിടന്നു.

പിന്നീട് ലതികയുടെ ഭയം ഒരുതരം മരവിപ്പായി. രാത്രി വാതിലിൽ ആരോ മുട്ടുന്നുണ്ടോ എന്ന ശങ്ക ഉറക്കത്തെ ഇടയ്‌ക്കിടയ്‌ക്ക് മുറിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഉറക്കം നഷ്‌ടപ്പെട്ടു തുടങ്ങിയതോടെ ലതിക താമസം മറ്റൊരു സ്‌ഥലത്തേയ്‌ക്ക് മാറ്റി. അതും വളരെ ദൂരെയൊ രിടത്തേയ്‌ക്ക്… ആ സ്‌ഥലത്തിനും പേര് കേരളമെന്നായിരുന്നു!

അവിടെയും തട്ടലും മുട്ടലും ഇല്ലാതിരിക്കാൻ ലതിക ശ്രദ്ധിച്ചു. അവൾ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകാതെയായി. വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്‌തു. പിന്നെ മനസ്സിനെ സ്വയം ധൈര്യപ്പെടുത്താനായി താൻ സംഘടിപ്പിച്ച ഒരു പോലീസുകാരന്‍റെ യൂണിഫോം നിത്യവും മുറ്റത്തെ അയയിൽ അലക്കി ഉണക്കാനിട്ടു. ഈ ഭൂമിയിൽ ആൺതുണയില്ലാതെ അവൾക്കും ജീവിക്കണ്ടേ.

മാസങ്ങൾക്കു ശേഷം സൂപ്പർ മാർക്കറ്റിലെ പയ്യനാണ് ലതികയുടെ ഒറ്റയ്‌ക്കുള്ള വാസം മണത്തറിഞ്ഞത്. അവനത് പലരോടും അശ്ലീലം കലർന്ന എസ്‌എംഎസ് ആയി പങ്കു വയ്‌ക്കുകയും ചെയ്‌തിരുന്നു.

പിന്നെ പൗരപ്രമാണിമാർ അത് ചർച്ചയാക്കി. ലതിക അപ്പോഴും തന്‍റെ പ്രിയതമനെ വക വരുത്തിയവനെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. ഒരു പച്ച ജീവനെ ഒരാൾക്ക് എങ്ങനെയാണ് കൈയറപ്പില്ലാതെ അവസാനിപ്പിക്കാൻ കഴിയുന്നത്. മനുഷ്യരെ മജ്‌ജയും മാംസവും സ്‌നേഹവും കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. പൊള്ളത്തരങ്ങൾ കൊണ്ടാണെന്ന്… ലതിക ഫിലോസഫിക്കലായി. അന്ന് രാത്രിയും ആരോ വാതിലിൽ മുട്ടുന്നുണ്ടെന്നും പുരുഷമോഹം ചൂളമടിയായി ജനാലയിലൂടെ അകത്തു വരുന്നുണ്ടെന്നും ലതിക ഭയപ്പെട്ടു.

തന്‍റെ ഭയം അസ്‌ഥാനത്തല്ലെന്ന് രാവിലെ വീടിന്‍റെ പിറകിൽ കണ്ട വലിയ പാദത്തിന്‍റെ അടയാളങ്ങൾ ലതികയെ താക്കീത് ചെയ്‌തു. വെയിലിന് ചൂടുപിടിച്ച് തുടങ്ങും മുമ്പേ ലതിക പോലീസ് കുപ്പായം ഉണക്കാനിട്ടിട്ട് വാതിലടച്ച് അടുക്കളയിൽ കയറി.

ഏറെക്കാലത്തിനു ശേഷം, അന്ന് ആ പഴയ കോൾ വീണ്ടും ലതികയെ അലോസരപ്പെടുത്തി. മുറ്റത്തെ പുരുഷഗന്ധം മണത്തറിഞ്ഞിട്ടെന്നോണം ലതിക ജനലിലൂടെ പുറത്തേക്ക് ഒളിച്ചു നോക്കി.

ചെറുപ്പക്കാരനായ പോലീസുകാരൻ മുറ്റത്ത് ഫോൺ ചെയ്‌തുകൊണ്ട് നിൽക്കുന്നു. അയാൾ കോളിംഗ് ബെല്ലിൽ വിരലമർത്തും മുമ്പേ അവൾ

വാതിൽ തുറന്നു.

ഒരു വഷളൻ ചിരിയുമായാണ് സുമുഖനായ ആ പോലീസുകാരൻ ലതികയെ നേരിട്ടത്.

“ഞാൻ പഴയ വീട്ടിൽ പോയിരുന്നു. പക്ഷേ എവിടേയ്‌ക്കാണ് താമസം മാറിയതെന്ന് ആർക്കും അറിയില്ലായിരുന്നു. നാട്ടുകാരുടെ ശല്യം സഹിക്കാനാവാതെ വീട് മാറിയതാണല്ലേ… ഒരു വലിയ കാര്യം അറിയിക്കാനുണ്ടായിരുന്നു. അതാ ഞാൻ…” ലതിക എന്തെങ്കിലും പറയുന്നതിനു മുമ്പേ അയാൾ കോലായിയിൽ കയറി ഇരുന്നു.

ഈ സമയത്തു തന്നെയാണ് സദാചാര കമ്മറ്റിക്കാരായ പൗരപ്രമുഖർ അവിടേയ്‌ക്ക്  തെളിവെടുപ്പിനായി എത്തിയത്. കോലായിയിൽ ഇരിക്കുന്ന പോലീസുകാരൻ ലതികയുടെ ഭർത്താവായിരിക്കുമെന്ന നിഗമനത്തിൽ കൂടുതൽ നാറേണ്ട എന്ന ഉദ്ദേശത്തോടെ അവർ വന്ന വഴിക്കു തന്നെ മടങ്ങി.

“ഭർത്താവിനെ കൊന്നവനെ എനിക്കറിയാം…” പോലീസുകാരൻ യാതൊരു അറപ്പുമില്ലാതെ ലതികയോട് പറഞ്ഞു.

ചങ്കു പറിയുന്ന വേദനയുണ്ടായെങ്കിലും അതാരാണെന്ന് അറിയാനുള്ള ആഗ്രഹം ഉള്ളിൽ ഉള്ളതുകൊണ്ട് ലതിക പോലീസുകാരന് ചെവി കൊടുത്തു.

“ബിൽഡർക്കു വേണ്ടിയാണ് ചെയ്‌തത്. കുടി ഒഴിഞ്ഞു പോകാത്തവനെ പിന്നെ വച്ചേക്കുമോ അവർ…” പോലീസുകാരന്‍റെ നോട്ടം ലതികയുടെ മാറിടത്തിൽ തന്നെ കൊണ്ടു.

“കൃത്യം ചെയ്‌തവനെയാണ് എനിക്കറിയേണ്ടത്” ലതിക പറഞ്ഞു.

“അത് ഉടുമ്പൻ എന്ന് പറയും. അവന് ജാതിയും മതവും ഒന്നുമില്ല. സിനിമയിലെ വില്ലന്മാരെപ്പോലെ കള്ളുകുടിയും പെണ്ണുപിടിയും ഇല്ല. അതുകൊണ്ട് ലക്ഷ്യവും പിഴയ്‌ക്കാറില്ല. ആള് മാറിയാലും ആള് കാലിയാവും.”

പോലീസുകാരന്‍റെ കണ്ണുകൾ ലതികയെ അളന്നു കൊണ്ടിരുന്നു.  പിന്നെ വരുന്നവരും പോകുന്നവരും ശ്രദ്ധിച്ചതു കൊണ്ടാവണം അയാൾ പോകാനൊരുങ്ങി. വീട് കണ്ടുപിടിച്ചതിനാൽ ഇനി ഇടയ്‌ക്കിടയ്‌ക്ക് വരാമല്ലോ എന്ന സന്തോഷവും അയാളെ അതിന് പ്രേരിപ്പിച്ചിരിക്കണം.

“ഞാൻ രാത്രിയിൽ വിളിക്കുമ്പോൾ ഫോണെടുക്കാതിരിക്കരുത്.” കാമം കലർന്ന മുഖഭാവത്തോടെ അയാൾ മുറ്റത്തേക്കിറങ്ങി. അയാൾ പോയപ്പോൾ മുട്ടനാടിന്‍റെ ചൂര് ഒഴിഞ്ഞു പോയതു പോലെ ലതികയ്‌ക്ക് തോന്നി.

വൈകുന്നേരം വീട്ടുടമസ്‌ഥ വന്ന് ഇനി എന്‍റെ വീട്ടിൽ താമസിക്കാൻ പറ്റില്ലെന്ന് കയർക്കുന്നതിനു മുമ്പ് തന്നെ ഇവിടം വിടണമെന്ന് ലതിക തീരുമാനിച്ചിരുന്നു. അതുകൊണ്ട് അവരോട് ലതികയ്‌ക്കും തർക്കിക്കേണ്ടി വന്നില്ല.

അടുത്ത ദിവസം തന്നെ അവൾ ലാപ്‌ടോപ്പും കൈയിലൊതുങ്ങുന്ന ലഗേജുമായി ഒരു അപരിചിത നഗരത്തിലേക്ക് ചേക്കേറി. അവിടെ വർക്കിംഗ് വിമൻസ് ഹോസ്‌റ്റലിൽ താമസമാക്കി. എന്നും രാവിലെ ലതിക ലാപ്‌ടോപ്പുമായി ഹോസ്‌റ്റലിൽ നിന്നും ഇറങ്ങും. എന്നിട്ട് പാർക്കിന്‍റെ മരത്തണലിലിരുന്ന് ലാപ്‌ടോപ്പിൽ ജോലി ചെയ്‌തു. ഒരു ലാപ്‌ടോപ്പും നെറ്റ് കണക്ഷനുമുണ്ടെങ്കിൽ അധ്വാനിച്ചു ജീവിക്കാൻ പെണ്ണിന് ആരുടേയും ഔദാര്യം വേണ്ടല്ലോ. അതിൽ ലതിക അഭിമാനിച്ചിരുന്നു.

അന്നത്തിനു ജോലിയെടുക്കുമ്പോഴും കൊലപാതകിയെ കണ്ടു പരിചയപ്പെടണം എന്ന വന്യമായ ഒരാഗ്രഹം ലതിക കൂടെ കൊണ്ടു നടന്നിരുന്നു. ഒരു രാത്രി പോലീസുകാരന്‍റെ ഫോൺ ലതിക എടുക്കുക തന്നെ ചെയ്‌തു.

“ഹലോ ഞാൻ അയച്ച എസ്എംഎസ് കിട്ടിയിരുന്നില്ലേ?” അയാൾ ലോല ഹൃദയനായി.

“കിട്ടിയിരുന്നു സർ, ആയിരം ചുംബനങ്ങൾ എന്ന് തിരിച്ചയയ്‌ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.” ലതിക ഒച്ചവെച്ചു കൊണ്ടാണ് അയാളോട് സംസാരിച്ചത്.

“ഇങ്ങനെ വാ മോളേ… ഇങ്ങനെ ഒറ്റയടിക്കു മെരുങ്ങാത്ത പെണ്ണിനെയാണ് എനിക്കിഷ്‌ടം.” അയാളുടെ നിർത്താതെയുള്ള ചിരി മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തു കൊണ്ടാണ് ലതിക അവസാനിപ്പിച്ചത്.

ആണുങ്ങൾ ഇല്ലാത്ത വിചിത്രമായൊരു ലോകം സ്വപ്‌നം കണ്ടാണ് ലതിക അന്ന് ഉറങ്ങിയത്. ദിനകരൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും താൻ ആർക്കും കീഴടങ്ങാതെ ജീവിക്കുന്നതിന്‍റെ അഭിമാനം അവളുടെ രാത്രി നിദ്രകളെ സുഖമുള്ളതും സമാധാന പൂർണ്ണവും ആക്കിയിരുന്നു.

രാജ്യത്തിന്‍റെ സ്വാതന്ത്യ്രദിനാഘോഷത്തിന്‍റെ അന്ന് പാർക്കിലിരുന്ന് ജോലി ചെയ്യുമ്പോഴാണ് അടുത്ത ബഞ്ചിൽ ഇരിക്കുന്ന രണ്ട് യുവാക്കളുടെ സംസാരം ലതികയുടെ ശ്രദ്ധയിൽപ്പെട്ടത്.

“എടാ അവിടെ ഇരിക്കുന്ന ആളെ നീയറിയുമോ?”

“ഇല്ല, അതാരാ…”

“അയാളാണെടാ ഉടുമ്പൻ.”

ലതിക കടല കൊറിച്ചു കൊണ്ടിരുന്ന യുവാക്കളുടെ അടുത്തെത്തി ചോദിച്ചു. “ഉടുമ്പനെ നിങ്ങൾ അറിയുമോ?”

ഒരു പെണ്ണ് വന്ന് ഇങ്ങനെ ബോൾഡായി ചോദിക്കുമെന്ന് യുവാവ് നിനച്ചിരുന്നില്ല. എങ്കിലും പെങ്ങളേ എന്ന് വിളിച്ചു കൊണ്ടവൻ പറഞ്ഞു. “നേരിട്ടറിയില്ല. വലിയ ക്വട്ടേഷൻ പാർട്ടിയാണെന്നറിയാം.”

“പൂന്തോട്ടത്തിലിരുന്ന് ആരുടേയോ തലയെടുക്കുന്ന കാര്യമാവും ചിന്തിക്കുന്നുണ്ടാവുക.”

യുവാവ് ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് ലതിക നടന്നു. അടുത്തെത്തിയപ്പോഴാണ് ലതിക അയാളുടെ മുഖം ശരിക്കും കണ്ടത്.

“ഒരു പാവം മനുഷ്യൻ!” ഉടുമ്പൻ കണ്ണടച്ച് ഇരിക്കുകയായിരുന്നു. അയാളുടെ ബഞ്ചിൽ തൊട്ടടുത്തായി ഇരുന്ന് ലതിക ചോദിച്ചു.“നിങ്ങൾക്ക് ഒരാളെ കൊല്ലാൻ എത്ര രൂപ വേണം.”

ഉടുമ്പൻ യാതൊരു ഞെട്ടലും കൂടാതെ കണ്ണ് തുറന്ന് ലതികയോട് ചിരിച്ചു.

“ആരെയാണ് കൊല്ലേണ്ടത്… ബലാത്സംഗം ചെയ്‌തവനേയോ, രാഷ്‌ട്രീയക്കാരനേയോ, മുൻ കാമുകനേയോ അതോ ഭർത്താവിനേയോ?”

അവസാനത്തെ വാക്ക് ലതികയെ ഒന്നു പൊള്ളിച്ചെങ്കിലും അവൾ പതറാതെ പറഞ്ഞു.

“ഇവരെയൊന്നുമല്ല ഒരു സ്‌ത്രീയെയാണ്.”

“ഭർത്താവിന്‍റെ കാമുകിയാണോ?” ഉടുമ്പൻ താല്‌പര്യപൂർവ്വം ലതികയുടെ കണ്ണുകളിലേക്ക് നോക്കി.

“അല്ല, ആളെ ഞാൻ കാണിച്ചു തരാം. പക്ഷേ എത്ര രൂപയാവും. ഞാനൊരു സമ്പന്നയല്ല.”

അപരിചിതയായ സ്‌ത്രീ ഇത്രയും കരുത്തോടെ തന്നോട് സംസാരിക്കുന്നു. ഉടുമ്പൻ താല്‌പര്യപൂർവ്വം ലതികയെ കേട്ടിരുന്നു.

ലതിക ലാപ്‌ടോപ് തുറന്ന് ഒരു കന്യാസ്‌ത്രീയുടെ പടം കാണിച്ചു കൊടുത്തു.

“നിങ്ങളുടെ അതേ കണ്ണുകളാണല്ലോ ഇവർക്ക്.”

ലതിക അതിനൊന്നും മറുപടി പറയാതെ ചോദിച്ചു, “എത്ര കാശ് തരണം?”

“നിങ്ങൾ തമാശ പറയുകയാണോ?” ഉടുമ്പൻ ആദ്യമായി ലതികയെ അവിശ്വാസത്തോടെ നോക്കി.

“അല്ല, എന്നെ വിശ്വസിക്കണം.”

അവരുടെ ഇടയിലേയ്‌ക്ക് കപ്പലണ്ടി വിൽക്കാൻ വന്ന പയ്യനെ സ്‌നേഹത്തോടെ ഒഴിവാക്കിയ ശേഷം ഉടുമ്പൻ പറഞ്ഞു. “കന്യാസ്‌ത്രീയായതുകൊണ്ട് കാശ് കുറച്ചു മതി.”

“എങ്കിൽ നമുക്ക് ഡീൽ ഉറപ്പിക്കാം.”

“അഡ്വാൻസ് മതി. ബാക്കി കൃത്യം കഴിഞ്ഞിട്ട്. അതാണ് പതിവ്.” ഉടുമ്പൻ ഒരു കാഡ്‌ബറീസ് മിഠായി എടുത്ത് വായിലിട്ടു.

ലതിക അയാൾ പറഞ്ഞ തുക എറ്റിഎം ൽ നിന്ന് എടുത്ത് കൊടുത്തു. ഒരു ദിവസം വിഡ്രോ ചെയ്യാവുന്നതിന്‍റെ മാക്‌സിമം തുക.

“ഇത് മുഴുവൻ തുകയും ഉണ്ടല്ലോ.”

“ഡീൽ കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ കാണില്ല.” നിഗൂഢമായൊരു ആഹ്ലാദം ലതികയുടെ ശരീരത്തിനു മൊത്തം അനുഭവപ്പെട്ടു.

“ആൾ എവിടെ ഉണ്ടാവും?” ഉടുമ്പന് കാശ് കിട്ടുന്നതിനേക്കാൾ ആഹ്ലാദം ആളെ വക വരുത്തുമ്പോഴാണെന്നു ലതികയ്‌ക്കു തോന്നി.

“അവർ രാവിലെ രാജേന്ദ്ര മൈതാനത്ത് നടക്കാനിറങ്ങും. നാളെ കഴിഞ്ഞ് മതി.”

ലതിക കന്യാസ്‌ത്രീയുടെ പടം ഉടുമ്പന് അവിടെ വച്ച് തന്നെ ഉണ്ടാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിലേക്കിട്ടു കൊടുത്തു. കൂടെ പാസ്‌വേഡും നല്‌കി.

“ആളെ ഒരിക്കൽ കണ്ടാൽ മതി. പിന്നെ ഞാൻ മറക്കില്ല. ചെറുപ്പം മുതലുള്ള ശീലമാണ്.” ഉടുമ്പൻ ഐഡിയും പാസ്‌വേഡും മൊബൈലിൽ ഫീഡ് ചെയ്‌തു.

ഇരുട്ടുന്നതിനു മുമ്പേ ലതിക ഹോസ്‌റ്റലിലേയ്‌ക്ക് പോകാൻ ധൃതി വച്ചു. യാത്രയ്‌ക്കിടയിൽ അവളോർത്തു. മെട്രോ നഗരങ്ങളിലെ പാർക്കുകളിലാണ് അനാശാസ്യ പ്രവർത്തനങ്ങളും ഗൂഢാലോചനകളും അധികവും നടക്കുന്നത്. എന്നിട്ടും നാം അതിനെ ഗാന്ധി പാർക്കെന്ന് വിളിക്കുന്നു!

പിറ്റേന്ന് അവൾ ജോലിക്ക് പോയില്ല. കാരണം അവൾക്കന്ന് കുറേ കാര്യങ്ങൾ ചെയ്‌ത് തീർക്കാനുണ്ടായിരുന്നു.

അവളന്ന് തന്‍റെ നല്ല വസ്‌ത്രങ്ങളെല്ലാം ഒരു സന്നദ്ധ സംഘടനയ്‌ക്ക് ദാനം ചെയ്‌തു. അനാഥമന്ദിരത്തിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം സ്‌പോൺസർ ചെയ്‌തു. അവരോടൊപ്പം ഇരുന്ന് വയറുനിറയെ ഊണ് കഴിച്ചു. ഹോസ്‌റ്റലിൽ തിരിച്ചെത്തി. അന്നേ ദിവസം ആണുങ്ങൾ തനിക്കയച്ച ഫേസ്‌ബുക്ക് റിക്വസ്‌റ്റിന്‍റെ കണക്കെടുത്ത ശേഷം സോഷ്യൽ നെറ്റ് വർക്കിന്‍റെ വാതിലടച്ചു.

ദിനകരന്‍റെ ഇഷ്‌ടദൈവത്തിന്‍റെ അരികിൽ പോയി പ്രാർത്ഥിച്ചു. ഇഷ്‌ട ഭക്ഷണമായ മസാലദോശ കഴിച്ചു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തിട്ട് രാത്രി സുഖമായി കിടന്നുറങ്ങി. ഭൂമിയിൽ പെണ്ണുങ്ങൾ മാത്രമുള്ള ഒരു ഭൂഖണ്ഡം സ്വപ്‌നം കാണുകയും ചെയ്‌തു.

പിറ്റേന്ന് എന്നത്തേക്കാളും നേരത്തേ, പുലർച്ചയ്‌ക്ക് എഴുന്നേറ്റ് കുളിച്ചു വൃത്തിയായി. മുൻകൂട്ടി തയ്‌പ്പിച്ചു വച്ച പുതുവസ്‌ത്രമണിഞ്ഞു. കണ്ണാടി നോക്കി. കന്യാസ്‌ത്രീ വേഷത്തിലും താൻ സുന്ദരി തന്നെ. ദിനകരനെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെ ആഹ്ലാദം അയവിറക്കിക്കൊണ്ട് കുരിശുമാലയണിഞ്ഞ് മുറിക്കു പുറത്തു കടന്നു. അപ്പോൾ മരങ്ങൾ മഞ്ഞിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.

വാർഡൻ ഉണരുന്നതിനു മുമ്പേ അവൾ ഗേറ്റ് കീപ്പറുടെ കണ്ണുവെട്ടിച്ച് രാജേന്ദ്ര മൈതാനിയിലേക്ക് പ്രഭാത സവാരിക്കിറങ്ങിപ്പുറപ്പെട്ടു.

और कहानियां पढ़ने के लिए क्लिक करें...