വിചിത്രമാണ് മനുഷ്യ മനസ്സ്. അതിന്‍റെ ഉള്ളറകൾ സങ്കീർണമാണ്. ചിലർ സാഹചര്യം കൊണ്ട് ക്രൈം ചെയ്യുന്നവരാണെങ്കിൽ മറ്റ് ചിലർ പൊന്നിനും പണത്തിനും വേണ്ടിയാവും അതിന് മുതിരുക. ചിലർ സ്‌നേഹിച്ചവരെ സ്വന്തമാക്കാനാവും കൈയറപ്പില്ലാതെ പെരുമാറുക. എന്നാൽ ഈ കഥയിൽ വാർദ്ധക്യം ബാധിച്ച ഭർതൃപിതാവിനെ ഒഴിവാക്കാനാണ് അവൾ തന്‍റെ ജീവനക്കാരനെ കൂട്ടുപിടിച്ചത്. വാളെടുത്തവൻ വാളാൽ എന്നു പറഞ്ഞതുപോലെ അവസാനം ജീവനക്കാരന്‍റെ കൈയ്‌ക്ക് തന്നെ അവരും ഇരയായി. വർഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോടു നടന്ന അസാധാരണമായ ഒരു സംഭവം ചുരുളഴിഞ്ഞപ്പോൾ…

അല്ലലില്ലാത്ത ജീവിതം

കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് മണിച്ചേരിമല പനയുള്ളകണ്ടിയിൽ സുരേന്ദ്രനും ഭാര്യ ലീലയും ചേർന്ന് ഒരു ഹോട്ടൽ നടത്തുകയായിരുന്നു. ഭേദപ്പെട്ട രീതിയിൽ നടന്നു വന്നിരുന്ന ഈ കടയായിരുന്നു അവരുടെ ആശ്രയം. ഇവിടെ ഏതാനും ജോലിക്കാരുമുണ്ടായിരുന്നു. അവരിൽ ഒരാളാണ് മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂർ സ്വദേശിയായ നവീൻ യാദവ്.

ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ നവീൻ യാദവ് ലീലയോടും സുരേന്ദ്രനോടും ഏറെ അടുത്തു. സൗമ്യനും ആത്മാർത്ഥ ജോലിക്കാരനുമായിരുന്ന ഇയാളെ സുരേന്ദ്രനും വിശ്വാസമായിരുന്നു.  വൈകാതെ തന്നെ നവീൻ മലയാളവും സംസാരിക്കാൻ പഠിച്ചു. വീട്ടിലെ വിവരങ്ങളൊക്കെ അയാൾ ലീലയോട് ചോദിച്ചറിയും. യുവതി എല്ലാക്കാര്യങ്ങളും ഇയാളോട് പങ്കു വയ്‌ക്കുന്നതിനും തയ്യാറായി. അങ്ങനെ കടയിൽ ഇയാൾക്ക് പൂർണ്ണമായ സ്വാതന്ത്യ്രം നേടിയെടുക്കാൻ കഴിഞ്ഞു. ഹോട്ടലിനു വളരെയകലെയല്ലാതെ ജീവനക്കാർക്കായി സുരേന്ദ്രൻ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇവിടെയാണ് നവീനും കഴിഞ്ഞിരുന്നത്.

പിതാവിനെ ഒഴിവാക്കാൻ

പ്രായമായ ഭർതൃപിതാവിനെ പരിചരിക്കാൻ ലീലക്ക് ഇഷ്ടമില്ല. എന്നാൽ ഇക്കാര്യത്തെപ്പറ്റി യുവതി ഭർത്താവിനരികിൽ അതൃപ്‌തി കാണിച്ചതുമില്ല. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുവരും തിരക്കിലായിരിക്കും. വൈകുന്നേരത്തോടെ ലീല വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. എന്നാൽ കട വൈകി അടയ്‌ക്കുന്നതിനാൽ സുരേന്ദ്രൻ മിക്കപ്പോഴും അവിടെത്തന്നെയാണ് കഴിഞ്ഞിരുന്നത്. ലീലയ്‌ക്ക് വീട്ടിൽ വന്നാൽ ഭർതൃപിതാവിന്‍റെ കാര്യങ്ങളും നോക്കേണ്ടതായി വന്നു. എന്നാൽ ഇതെല്ലാം വളരെ ബുദ്ധിമുട്ടിയാണ് ഈ യുവതി ചെയ്‌തിരുന്നത്. പ്രത്യേകിച്ച് അസുഖമൊന്നുമില്ലാതിരുന്ന ഗോപാലൻ ഇനിയും ദീർഘനാൾ ജീവിച്ചിരിക്കുമെന്ന് ലീല മനസ്സിലാക്കി.

സുഹൃത്തിന്‍റെ സഹായം

ഭർതൃപിതാവിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്ന് ലീല അതിയായി ആഗ്രഹിച്ചു. ഹോട്ടലിൽ ജോലിയിലായിരിക്കുമ്പോഴും തന്‍റെ പദ്ധതി നടപ്പിലാക്കുന്ന ചിന്തയിലായിരുന്നു ആ യുവതി. തനിക്ക് വിശ്വസ്തനായ നവീനുമായി ലീല ഇക്കാര്യത്തെപ്പറ്റി സംസാരിച്ചു. ഗോപാലനെ അപായപ്പെടുത്താനുള്ള എന്തു സഹായവും ചെയ്‌തുതരാൻ ഒരുക്കമാണെന്ന് ഇയാൾ ലീലയെ അറിയിച്ചു. പക്ഷേ ഒരു നിബന്ധന മാത്രമേ നവീനുണ്ടായിരുന്നുള്ളൂ. പ്രതിഫലമായി മൂന്നു ലക്ഷം രൂപ തനിക്കു നൽകണം. അതിവിദഗ്‌ദ്ധമായ രീതിയിൽ ആരുമറിയാതെ ഗോപാലനെ വകവരുത്താൻ ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കി. അതിന് പറ്റിയ ഒരു ദിവസത്തിനായി അവർ കാത്തിരുന്നു.

ഇരുളിന്‍റെ മറവിൽ മരണം

2013 മാർച്ച് മാസത്തിലെ ഒരു രാത്രിയിലാണ് നവീൻ ലീലയുടെ വീടുലക്ഷ്യമാക്കി നടന്നുവന്നത്. മുൻ തീരുമാനപ്രകാരം അയാൾ ഗോപാലന്‍റെ മുറിയിൽ കടന്നു. തുടർന്ന് തന്‍റെ കൈയിലുണ്ടായിരുന്ന മൂർച്ചയേറിയ ബ്ലേഡുകൊണ്ട് ആ വൃദ്ധന്‍റെ ദേഹമാസകലം വരഞ്ഞുകൊണ്ടിരുന്നു. ശബ്‌ദം പുറത്തുവരാതിരിക്കാൻ അയാൾ വായ പൊത്തിപ്പിടിച്ചു. വേദനയാൽ ഗോപാലൻ കിടക്കയിൽ കിടന്നുപിടഞ്ഞു. മുറിവുകളിൽ നിന്നും രക്‌തം വാർന്നൊഴുകി. കൈത്തണ്ടയിൽ ആഴത്തിൽ മുറിവേല്‌പ്പിക്കാൻ നവീൻ ശ്രദ്ധിച്ചിരുന്നു. ഇതുകൂടാതെ ബ്ലേഡ് പിടിച്ചപ്പോൾ മുറിഞ്ഞതുപോലെ വിരലുകളിലും മുറിവുണ്ടാക്കി.

പിറ്റേന്ന് രാവിലെ സമയം ഏറെയായിട്ടും മുത്തച്ഛന്‍റെ അനക്കമൊന്നും ഇല്ലാതിരുന്നപ്പോൾ ലീലയുടെ മകൻ വാതിൽ തുറന്നുനോക്കുകയാണ് ചെയ്‌തത്. അപ്പോൾ ശരീരത്തിന്‍റെ പകുതിയോളം പുതപ്പുകൊണ്ട് മൂടിക്കിടക്കുന്ന നിലയിലായിരുന്നു ഗോപാലൻ. ശരീരം ചലനമറ്റ് മരവിച്ചിരുന്നു.

ഉടൻ ലീലയും മകനും ചേർന്ന് സമീപവാസികളെ വിളിച്ച് വിവരം പറഞ്ഞു. പോലീസ് സ്‌ഥലത്തെത്തി മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോയി. റിപ്പോർട്ടിൽ മരണം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു. എന്നാൽ കൈകൾ എപ്പോഴും വിറകൊണ്ടിരുന്ന ഗോപാലന് ഇത് ചെയ്യാൻ കഴിയുകയില്ലെന്ന അഭിപ്രായമാണ് നാട്ടുകാർ ഉന്നയിച്ചത്. വിരലുകൾക്കിടയിൽ ബ്ലേഡു പിടിച്ചപ്പോൾ ഉണ്ടായതുപോലുള്ള മുറിവുകൾ ഉള്ളതിനാൽ ആത്മഹത്യയാണെന്ന അഭിപ്രായമാണ് ഡോക്‌ടർമാരും നൽകിയിരുന്നത്. എന്നാൽ സംശയം നില നിന്നിരുന്നതിനാൽ പോലീസ് അന്വേഷണം തുടർന്നു.

ഭർത്താവിനെ വഞ്ചിച്ച യുവതി

ഗോപാലന്‍റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം ലീലയും സുരേന്ദ്രനും വീണ്ടും ഹോട്ടലിൽ മടങ്ങിയെത്തി. ഭർതൃപിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷവും ലീലയും നവീനും സാധാരണ രീതിയിൽ തന്നെയാണ് ഇടപെട്ടിരുന്നത്.

തന്‍റെ കൃത്യ നിർവ്വഹണത്തിന് പറഞ്ഞുറപ്പിച്ചിരുന്ന തുക നൽകണമെന്ന് നവീൻ പലപ്പോഴായി ലീലയോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ അപ്പോഴെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് ലീല ഒഴിഞ്ഞു മാറി. തനിക്ക് കുറച്ചു തുക ഉടൻ ആവശ്യമുണ്ടെന്നും നാട്ടിൽ പോകണമെന്നും ഇയാൾ പറഞ്ഞു. എന്നാൽ നവീന്‍റെ വാക്കുകളൊന്നും ചെവിക്കൊള്ളാൻ ലീല തയ്യാറായിരുന്നില്ല. തുടർന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്ന വിധത്തിലും ലീലയോട് സംസാരിച്ചിരുന്നു. അങ്ങനെ മൂന്നുമാസങ്ങൾ കടന്നു പോയി. തുടർന്ന് നവീൻ പത്തുദിവസത്തെ അവധിയെടുത്ത് ജോലിയിൽ നിന്നും മാറി നിന്നു.

ജീവനെടുത്തു പ്രതികാരം

തനിക്ക് വാഗ്‌ദാനം ചെയ്തിരുന്ന തുക ലഭിക്കാതായതോടെ നവീന് ലീലയോട് അടക്കാനാവാത്ത പ്രതികാരമായി. യുവതിയെ എങ്ങനെയെങ്കിലും വകവരുത്തുക മാത്രമായിരുന്നു പിന്നീട് അയാളുടെ ലക്ഷ്യം. ഒരു ദിവസം നവീൻ കടയിൽ എത്തിയപ്പോൾ ലീല അവിടെയുണ്ടായിരുന്നില്ല. ഇയാൾ സാവധാനം അവിടെ നിന്നും തന്‍റെ താമസ സ്‌ഥലത്തേക്കാണ് പോയത്. തുടർന്ന് ഇയാൾ ലീലയുടെ വീട്ടിലേക്ക് പോകുവാൻ പദ്ധതിയിട്ടു. തലയാടു നിന്നും ഒരു വാഹനത്തിൽ കയറി വീടിന് കുറച്ചകലെയായി എത്തിച്ചേർന്നു. തുടർന്ന് വീട്ടിലേക്ക് നടന്നാണ് പോയത്. അപ്പോൾ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടടുത്തിരുന്നു. നല്ല മഴയും പെയ്യുന്നുണ്ടായിരുന്നു.

ഈ സമയം വീടിന്‍റെ അടുക്കള ഭാഗത്തിരുന്ന് കറിക്കരിയുകയായിരുന്നു ലീല. അപ്രതീക്ഷിതമായി നവീൻ ലീലയെ കടന്നാക്രമിക്കുകയാണ് ചെയ്‌തത്. ആദ്യം ഇയാൾ ലീലയുടെ വയറിനു വെട്ടുകയും പിന്നീട് തുടരെത്തുടരെ കഴുത്തിനു വെട്ടുകയുമായിരുന്നു. യുവതി അണിഞ്ഞിരുന്ന മാലയും വളയും ഇയാൾ കൈക്കലാക്കി. വള ഊരിയെടുക്കാൻ കഴിയാതിരുന്നതിനാൽ കൈ വെട്ടിമാറ്റിയാണ് ഇയാൾ അത് തട്ടിയെടുത്തത്. അപ്പോഴേക്കും യുവതി രക്‌തം വാർന്ന് മരണമടഞ്ഞു. പിന്നീട് ഇയാൾ മൃതദേഹം ചുമന്ന് മുറിക്കുള്ളിൽ കൊണ്ടുവന്ന് കിടത്തി. ശരീരത്തിൽ നിന്നും വസ്‌ത്രം മാറ്റിയ നിലയിലായിരുന്നു. ബലാത്സംഗശ്രമം ചെറുക്കുന്നതിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തുടർന്ന് ലീലയുടെ മൊബൈലും നവീൻ കൈക്കലാക്കി. വീടിനു വെളിലിറങ്ങി ഇയാൾ സാവധാനം നടന്നകന്നു.

പാളിപ്പോയ പദ്ധതി

കൃത്യനിർവ്വഹണത്തിനു ശേഷം നവീൻ തന്‍റെ താമസസ്‌ഥലത്തേക്കാണ് പോയത്. തുടർന്ന് ഇയാൾ പുഴയിൽ പോയി കുളിച്ച് രക്‌തക്കറ പുരണ്ട വസ്‌ത്രങ്ങൾ കഴുകി വൃത്തിയാക്കി. പിന്നീട് മുറിയിൽ ഇരുന്ന് മതിയാവോളം മദ്യപിച്ചു. വൈകുന്നേരത്തോടെ ഇയാൾക്ക് ഛർദ്ദിയും തുടങ്ങി. അവശനിലയിലായപ്പോൾ ആശുപത്രിയിൽ ചെന്ന് അഡ്‌മിറ്റാവുകയായിരുന്നു. രാത്രിയായതോടെ ആരോ വിളിച്ച് ലീല കൊല്ലപ്പെട്ട വിവരം നവീനെ അറിയിച്ചു. ഇതേ സമയം ഇയാൾ പരിഭ്രാന്തിയിലായി. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ നവീൻ തുടർന്ന് ലീലയുടെ വീട്ടിലേക്കാണ് പോയത്. സംഭവം എങ്ങനെയാണ് നടന്നതെന്നൊക്കെയുള്ള വിവരങ്ങൾ അടുത്തുള്ളവരോട് ചോദിച്ച് അറിയാനും ഇയാൾ ശ്രമിച്ചിരുന്നു.

നവീൻ കുറച്ചു ദിവസമായി ജോലിക്ക് എത്താതിരുന്ന വിവരവും സംഭവത്തിനുശേഷം ഇയാൾ വീട്ടിൽ എത്തിയതും വൈകുന്നേരം ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന കാര്യങ്ങളൊക്കെ പോലീസിന് അറിയാൻ കഴിഞ്ഞു. സംശയത്തിനിട നൽകുന്നതായിരുന്നു ഇയാളുടെ പ്രവൃത്തികൾ. പോലീസ് നവീനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. എന്നാൽ ആദ്യമെല്ലാം ഇയാൾ അത് നിഷേധിക്കുകയാണ് ചെയതത്. വൈകാതെ നവീൻ സത്യാവസ്‌ഥ വെളിപ്പെടുത്താൻ തയ്യാറായി. സംഭവസ്‌ഥലത്തു നിന്നും കൊല നടത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

സ്വന്തം ഭർത്താവിന്‍റെ പിതാവിനെ അതിദാരുണമായി കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ യുവതിക്ക് അതിനു വിലയായി സ്വന്തം ജീവൻ തന്നെ നൽകേണ്ടി വന്നു. മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന ഈ സംഭവത്തിന്‍റെ നിജസ്‌ഥിതി വൈകാതെ തന്നെ പുറത്തുവരികയും പ്രതി പിടിയിലായതും ഈ കേസിന്‍റെ പ്രത്യേകതയാണ്.

ക്രിമിനൽ പശ്ചാത്തലം

മഹാരാഷ്‌ട്രയിൽ നിന്നും കേരളത്തിൽ തൊഴിൽ തേടിയെത്തിയ നവീൻ യാദവ് ചെറുപ്പത്തിലേ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്‌തിയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

സ്‌കൂൾ പഠന കാലത്തു തന്നെ ചെറിയ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുള്ള വ്യക്‌തിയാണ് നവീൻ യാദവ് എന്ന് പോലീസിന് അറിവു ലഭിച്ചിട്ടുണ്ട്. ക്രൈം സിനിമകളോട് ഇയാൾക്ക് അടക്കാനാവാത്ത അഭിനിവേശമായിരുന്നു.

തീയറ്ററുകളിൽ ഇയാൾ പതിവു സന്ദർശകനായി. ക്രൈം സിനിമകളുടെ സിഡി ശേഖരിക്കുന്നതിൽ നവീന് പ്രത്യേക താല്‌പര്യവും ഉണ്ടായിരുന്നു. ഗോപാലനെ കൊലപ്പെടുത്തുന്നതിന് ലീല വാഗ്‌ദാനം ചെയ്‌തിരുന്ന തുകയുമായി കേരളത്തിൽ നിന്നും കടക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ അതു നടക്കാതെ വന്നതോടെ ലീലയോട് നവീന് അടക്കാനാവാത്ത പ്രതികാരം ഉടലെടുത്തു. തുടർന്ന് ലീലയെ കൊലപ്പെടുത്തി അവരുടെ ആഭരണങ്ങൾ കൈക്കലാക്കി കടന്നു കളയാനായിരുന്നു ഇയാളുടെ ലക്ഷ്യം.

കോടതി വിധി

2016 ല്‍ കോടതി വിധി പ്രഖ്യാപിച്ചു, പ്രതി നവീന്‍ യാദവിനെ കൊലപാതകത്തിന് ജീവപര്യന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും. ജീവപര്യന്ത്യത്തിന് പുറമെ ഭവനഭേദനത്തിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയായി അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് ശിക്ഷയും പ്രതി വേറെ വേറെ അനുഭവിക്കണം. കോഴിക്കോട് സ്പെഷ്യല്‍ അഢീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴ തുക ഗോപാലന്‍റെ കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വർഷവും മൂന്ന് മാസവും അധിക കഠിന തടവ് അനുഭവിക്കണം. പ്രതി കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...