ദീപങ്ങളുടെ ഒരു ഉത്സവകാലം കൂടി… ദീപാവലി. ആഹ്ളാദത്തിന്‍റെയും മാധുര്യത്തിന്‍റെയും ഈ ഉത്സവനാളിൽ കുട്ടികളും മുതിർന്നവരുമെല്ലാം ആവേശത്തിമിർപ്പിലാവുകയാണ്. ദീപാവലി നാളിൽ എന്തെല്ലാം ഒരുക്കങ്ങളാണ് ചെയ്യേണ്ടത്…
ബന്ധുമിത്രാദികൾക്കും പ്രിയപ്പെട്ടവർക്കും ആശംസകൾ നേരാനുള്ള ഒരു ശുഭാവസരവും കൂടിയാണിത്. കൊറോണ കാരണം അവരെ സന്ദർശിച്ച് ആശംസകളറിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ എസ്‌എംഎസിലൂടെയോ ഇ-മെയിലിലൂടെയോ ഗ്രീറ്റിംഗ് കാർഡിലൂടെയോ ഫോണിലൂടെയോ ദീപാവലി ആശംസയറിയിക്കാം.
ആഘോഷ നാളിൽ ആഘോഷം മാത്രമെന്ന നയം സ്വീകരിക്കാം. ആ ദിവസം തിരക്കുപിടിച്ച് ഔദ്യോഗിക ജോലിയും മറ്റും ചെയ്യുന്നത് കുടുംബത്തിന്‍റെ ആഹ്ളാദത്തെ ബാധിക്കും. ഓർക്കുക, ഓരോ ഉത്സവനാളും കുടുംബാംഗങ്ങളുമായി ചേർന്ന് ഒരേ മനസ്സോടെ ആഘോഷിക്കാനുള്ളതാണ്. അത്തരം അവസരങ്ങൾ പാഴാക്കരുത്. ജീവിതത്തിൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത സുവർണ്ണ അവസരങ്ങളാണവ.
ആഘോഷങ്ങൾ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. വെറുപ്പും വിദ്വേഷവുമൊക്കെ മറന്ന് കുടുംബാംഗങ്ങൾക്കിടയിൽ അടുപ്പവും സ്‌നേഹവും വർദ്ധിപ്പിക്കും. ഒപ്പം ആഘോഷത്തിന്‍റെ ത്രില്ലും അനുഭവിച്ചറിയാം.പരസ്‌പരം സമ്മാനങ്ങൾ നൽകി മനസ്സിലുള്ള സ്‌നേഹവും അടുപ്പവും അറിയിക്കാം. ഓരോരുത്തരുടേയും ഇഷ്‌ടത്തിനും അഭിരുചിക്കുമിണങ്ങുന്ന സമ്മാനങ്ങൾ നൽകാം. അവരുടെ ഇഷ്‌ടങ്ങൾ മനസ്സിലാക്കുന്നുവെന്ന ചിന്ത അവരെ ഏറെ സന്തുഷ്‌ടരാക്കാം.
ഉത്സവ ഒരുക്കങ്ങളിൽ കുട്ടികളെ കൂടി പങ്കാളിയാക്കുക. വീട് വൃത്തിയാക്കാനും അലങ്കരിക്കാനും അവരേയും ഒപ്പം കൂട്ടാം. ആഘോഷത്തിന്‍റെ ആഹ്ളാദവും ആവേശവും കുഞ്ഞുങ്ങളുമറിയട്ടെ. കുഞ്ഞ് കുഞ്ഞ് ജോലികൾ അവരെ ഏൽപിക്കുക.
ഇത്തവണ ആഘോഷത്തിന് വ്യത്യസ്‌തത പകരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏതെങ്കിലും അനാഥാലയത്തിലെ കുട്ടികൾക്കൊപ്പമോ വൃദ്ധ സദനത്തിലെ അഗതികൾക്കൊപ്പമോ ആഘോഷിക്കാം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആഘോഷാവസരവും കൂടിയാവുമത്. അവിടുത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി വസ്‌ത്രങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും നൽകാം.
കരുതലോടെ ആഘോഷിക്കാം
ആഘോഷാവസരങ്ങൾ പരിപൂർണ്ണമായും ആഹ്ളാദത്തിന്‍റെ ദിനമാണല്ലോ. ആ നിലയ്‌ക്ക് വളരെ കരുതലോടെ വേണം ദീപാവലി ആഘോഷിക്കാൻ. പ്രത്യേകിച്ചും പടക്കങ്ങൾ പൊട്ടിക്കുമ്പോൾ. കുട്ടികൾ പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധയാവശ്യമാണ്. ചെറിയൊരു അശ്രദ്ധ മതി, ചിലപ്പോൾ ആഘോഷത്തിന്‍റെ മുഴുവൻ സന്തോഷവും ചോർന്നുപോകും.
തീ കൊളുത്തിയെറിഞ്ഞ പടക്കങ്ങൾ പൊട്ടാത്തതിനെ തുടർന്ന് അടുത്തുചെന്ന് പരിശോധിക്കുന്നത് ഒഴിവാക്കുക. ചെറിയ മുറ്റമുള്ള വർ വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം പടക്കങ്ങൾ പൊട്ടിക്കാൻ. ഇത്തരം സാഹചര്യത്തിൽ തീവ്രത കുറഞ്ഞ പടക്കങ്ങൾ വാങ്ങുക. തൊട്ടടുത്ത വീട്ടിലേക്ക് പടക്കം ചെന്ന് വീഴുകയോ വാഹനങ്ങൾക്ക് മീതെ പതിക്കുകയോ ചെയ്യരുത്.
വീട്ടിലോ പരിസരത്തോ രോഗബാധിതരോ ശിശുക്കളോ വളർത്തു മൃഗങ്ങളോ ഉണ്ടെങ്കിൽ പടക്കം ഒഴിവാക്കുന്നതാവും നല്ലത്. കടുത്ത ശബ്‌ദവും വെളിച്ചവും അവരെ അലോസരപ്പെടുത്താം. പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ ചെറുക്കാൻ ചില തയ്യാറെടുപ്പുകൾ നടത്തുക. ആവശ്യമായ മരുന്ന്, വെള്ളം നിറച്ച ബക്കറ്റ്, ഐസ്‌ക്യൂബ്‌സ് പഞ്ഞി മുതലായവ കരുതിവയ്‌ക്കുക.
പടക്കം പൊട്ടിച്ചുണ്ടാകുന്ന ശബ്ദ മലിനീകരണം തടയാൻ ഇക്കോ ഫ്രണ്ട്‌ലിയായ പടക്കങ്ങൾ വാങ്ങാം. ഇത്തരം പടക്കങ്ങൾ റീസൈക്കിൾ പേപ്പർ കൊണ്ട് നിർമ്മിക്കുന്നവയായതിനാൽ അവ കൊണ്ടുള്ള മലിനീകരണം നിശ്ചിത പരിധിക്കുള്ളിലായിരിക്കും.
ആരോഗ്യവും ശ്രദ്ധിക്കണം
ഏത് ആഘോഷത്തിന്‍റെയും പ്രധാന ആകർഷണമാണല്ലോ വിഭവ സമൃദ്ധമായ സദ്യയും മധുര പലഹാരങ്ങളും. ദീപാവലിയാഘോഷത്തിന്‍റെ പേരിൽ ഇവയൊന്നും അമിതമായി വാരിവലിച്ച് കഴിക്കരുത്. പ്രത്യേകിച്ചും പ്രമേഹരോഗികളും മുതിർന്നവരും. ചിലപ്പോഴത് നിങ്ങളെ ആശുപത്രിയിൽവരെ എത്തിച്ചേക്കാം. അതുകൊണ്ട് എന്തിലും ഏതിലും മിതത്വം പുലർത്തുക. വളരെ മിതമായി കഴിക്കുക.
ഷോപ്പിംഗ് ചെയ്യുമ്പോള്‍
പിന്നെയുള്ള ഒരു പ്രധാന ആകർഷണം ഷോപ്പിംഗാണ്. ദീപാവലി ഒരുക്കങ്ങൾക്കിടയിൽ ഷോപ്പിംഗ് പിന്നീടാവാം എന്ന ചിന്തയരുത്. വളരെ നിർണായക ഘട്ടത്തിലാവും ഏറ്റവും അത്യാവശ്യമുള്ള സാധനം വാങ്ങാൻ പോവുക. ആ സമയത്ത് ആ വസ്‌തുവിന്‍റെ വില കൂടിയേക്കാം. അതിനാൽ അൽപം നേരത്തെ തന്നെ പ്ലാൻ ചെയ്‌ത് ലിസ്‌റ്റ് തയ്യാറാക്കി ഷോപ്പിംഗ് നടത്താം. ഏറ്റവും അത്യാവശ്യമായവ മാത്രം വാങ്ങുക. ഇത് പണച്ചെലവ് കുറയ്‌ക്കും.
ദീപാവലി ഓഫറുകളുടെ കാലവും കൂടിയാണല്ലോ. ഉപഭോക്‌താക്കളെ ആകർഷിക്കാനായി ധാരാളം ഓഫറുകളുണ്ടാവും. വില വർദ്ധിപ്പിച്ചാവും ഓഫറുകൾ വച്ചു നീട്ടുക. അതിനാൽ ഇത്തരം തട്ടിപ്പുകൾക്കിരയാവാതെ ബജറ്റിലൊതുങ്ങിക്കൊണ്ട് ഷോപ്പിംഗ് നടത്താം.
ശ്രദ്ധയോടെ ആഘോഷിക്കാം
വൈദ്യുതി വിളക്കുകൾക്ക് പകരം തിരിയിട്ട് മൺചിരാതുകൾ കത്തിക്കാം. വൈദ്യുതി പാഴാക്കുന്നത് ഇങ്ങനെ ഒഴിവാക്കാം. വിളക്കുകൾ തെളിയിച്ച് തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾക്ക് അടുത്ത് വയ്‌ക്കരുത്. ഉദാ- കർട്ടൻ, സാരി, ഫർണ്ണിച്ചർ, പ്ലാസ്‌റ്റിക് മുതലായവ.
മദ്യവും ലഹരിയും കഴിക്കുന്നത് ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടുമെന്ന ധാരണ ചിലരിലുണ്ടാവുമല്ലോ. സംഘം ചേർന്നോ ഒറ്റയ്‌ക്കോ മദ്യപിച്ച് ആഘോഷത്തെ പൊടിപൂരമാക്കാമെന്ന ധാരണ തീർത്തും തെറ്റാണ്. നിങ്ങൾ മറ്റുള്ളവരുടെ സന്തോഷത്തെയാണ് അതുവഴി തല്ലിക്കെടുത്തുന്നതെന്ന് ഓർക്കുക. അതുകൊണ്ട് അത്തരം കാര്യങ്ങൾക്ക് തൽക്കാലത്തേക്ക് വിടചൊല്ലാം. അല്ലെങ്കിൽ അവ എന്നന്നേക്കുമായി ഉപേക്ഷിക്കാനുള്ള അവസരം കൂടിയാകട്ടെ ഈ ആഘോഷം.
ആഘോഷം ഹൃദ്യവും അവിസ്‌മരണീയവുമാക്കാൻ കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള പങ്കാളിത്തവും ആവേശവുമാണ് വേണ്ടത്. ഏത് ആഘോഷത്തേയും ഇരട്ടിമധുരമുള്ള ഒരനുഭവമാക്കുന്നത് കുടുംബാംഗങ്ങളുടെ ഈ ഒത്തൊരുമയും ആഹ്ളാദവുമായിരിക്കും. ജീവിതത്തിനത് പുത്തനുണർവ്വും ഊർജ്‌ജവും ആകും പകരുക.