മൂന്നു ദിവസം അടുപ്പിച്ചു അവധി കലണ്ടറിൽ കണ്ടപ്പോഴേ ദീപ ആ ദിവസങ്ങൾ മാർക്ക് ചെയ്‌തു. ഓഫീസിൽ എല്ലാവർക്കുമുണ്ട് വിവിധ പദ്ധതികൾ. കുടുംബത്തോടൊപ്പമാണ് മിക്കവരും ഹോളിഡേ ട്രിപ്പ് പ്ലാൻ ചെയ്യുക.
ഇത്തവണ ദീപയുടെ ഭർത്താവിന് അവധി ലഭിച്ചിട്ടില്ല. അതുകൊണ്ട് ദീപ തനിച്ച് ഒരു യാത്രയ്‌ക്ക് തയ്യാറാവുകയാണ്. “ഞാൻ ഇപ്രാവശ്യം തനിയെ ഹൈദരാബാദ് പോകാൻ തീരുമാനിച്ചു. മൂന്നു ദിവസം അവിടെ ചെലവഴിക്കണം.”
വിവാഹ ശേഷം ആദ്യമായിട്ടാണ് ദീപ തനിച്ചൊരു വിനോദയാത്രയ്‌ക്ക് ഒരുങ്ങുന്നത്. എന്നാൽ സഹപ്രവർത്തകർക്ക് അതൊരു അദ്‌ഭുതകരമായ കാര്യമായിരുന്നു. ദീപയുടെ തീരുമാനമറിഞ്ഞപ്പോൾ ഭർത്താവ് അനിലും അത് പ്രോത്സാഹിപ്പിച്ചു. ഔദ്യോഗികാവശ്യങ്ങൾക്കായി ധാരാളം യാത്ര ചെയ്യാറുള്ള വ്യക്‌തിയാണ് അനിൽ. യാത്രകളിൽ നിന്ന് ലഭിക്കുന്ന ഊർജ്‌ജത്തെക്കുറിച്ച് അനിലിന് വളരെ നന്നായിട്ടറിയാം.
മൂന്നു ദിവസം മറ്റൊരു നാട്ടിൽ ഭർത്താവിന്‍റെ കൂടെയല്ലാതെ യാത്ര ചെയ്യാനും താമസിക്കാനും അനിൽ സമ്മതിച്ചെന്നോ? ഭാര്യ തനിച്ചു ടൂർ പോകുകയോ? ഇതൊക്കെ ശരിയാണോ? സഹപ്രവർത്തകർക്ക് നൂറു കൂട്ടം സംശയങ്ങൾ. അതുകേട്ട് ദീപ പൊട്ടിച്ചിരിച്ചു.
“എന്‍റെ ലക്ഷ്യം ഹൈദരാബാദ് കാണുകയാണ്. അനിൽ പലവട്ടം കണ്ട സ്ഥലം ആണത്. ലീവ് ഇല്ലാത്തപ്പോൾ അദ്ദേഹത്തെ നിർബന്ധിച്ച് ലീവ് എടുപ്പിച്ചു കൂടെ കൊണ്ടു പോയിട്ട് എന്താ കാര്യം? പുള്ളിക്ക് ബോറടിക്കും. എന്തായാലും ഇനി വരുന്ന അവധിക്ക് അനിലിന് ഇഷ്‌ടമുള്ളയിടത്തു പോകട്ടെ.”
ദീപയുടെ സഹപ്രവർത്തകരെ സംബന്ധിച്ച് ശരിക്കും പുതിയൊരു അറിവായിരുന്നു അത്. സെപ്പറേറ്റ് ഹോളിഡേയ്‌സ് കളിയല്ല, കഥയുമല്ല ഈ പറഞ്ഞതൊന്നും.
ഭാര്യയും ഭർത്താവും എപ്പോഴും ഒരുമിച്ച് വിനോദയാത്ര നടത്തി ആഘോഷിക്കുന്നത് ഇനി പഴങ്കഥ. ഇടയ്‌ക്കിടെ വേറെ വേറെ യാത്ര നടത്തി ആ രസങ്ങൾ പങ്കുവയ്‌ക്കുന്നത് ന്യൂ ജനറേഷൻ സ്‌റ്റൈൽ. ഈ കാഴ്‌ചപ്പാടിന് പിന്തുണയേകാൻ ഇപ്പോൾ ധാരാളം പേരുണ്ട്. ജീവിതപങ്കാളികൾ വ്യത്യസ്‌ത അഭിരുചികൾ ഉള്ളവരാണെങ്കിൽ അവരുടെ യാത്രകളിലും അതു പ്രതിഫലിക്കാം. ഇനി ഒരു പോലെ ചിന്തിക്കുന്നവരായാൽ പോലും കുറേക്കഴിയുമ്പോൾ മടുപ്പ് തോന്നിത്തുടങ്ങാം. ഇത്തരം അവസ്‌ഥകൾ ഉണ്ടാകാതിരിക്കാൻ മേൽപ്പറഞ്ഞതു പോലുള്ള യാത്രകൾ ഉചിതമാണ്. ദീപയും അനിലും പറയുന്നത് അതു തന്നെയാണ്.
ദീപയ്‌ക്ക് സിൽക്ക് സാരികൾ ഇഷ്‌മാണ്. ഇഡ്‌ഡലിയും ദോശയും കർണാടക സംഗീതവും ഇഷ്‌ടമാണ്. എന്നാൽ അനിലിന് സ്‌പോർട്‌സിലും നോൺ വെജ് വിഭവങ്ങളിലുമാണ് താൽപര്യം. “ലോംഗ് വെക്കേഷനുകളിൽ ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്‌ത് ഒരുമിച്ച് യാത്ര പോകാറുണ്ട്. ഇടയ്‌ക്കിടയ്‌ക്കുള്ള ചെറിയ ട്രിപ്പുകൾ സ്വന്തം ഇഷ്‌ടമനുസരിച്ച് ചെയ്യുമ്പോൾ കിട്ടുന്ന രസം ഒന്നു വേറെ തന്നെയാണ്” ദീപ പറയുന്നു.
ഇത്തരം യാത്രകൾ കുടുംബത്തിന്‍റെ യൂണിറ്റിക്ക് അപകടമാണെന്ന് ചിലർ പറയാറുണ്ട്. എന്നാൽ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് മന:ശാസ്‌ത്രജ്‌ഞരുടെ കണ്ടെത്തൽ. സന്തോഷമുള്ള, പരസ്‌പര ധാരണയുള്ള വിവാഹ ബന്ധമാണെങ്കിൽ യാതൊരു റിസ്‌ക്കും ഇല്ല. എന്നാൽ രണ്ടുപേരും പരസ്‌പരം രക്ഷപ്പെടാൻ വേണ്ടിയാണ് വ്യത്യസ്‌തമായ യാത്രകൾ പ്ലാൻ ചെയ്യുന്നതെങ്കിൽ, ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാം.
ദുർബലമായ ബന്ധങ്ങളാണ് ഭർത്താവും ഭാര്യയും തമ്മിലുള്ളതെങ്കിൽ, അൽച്ച കൂട്ടാൻ മാത്രമേ വേറിട്ട യാത്ര സഹായിക്കൂ. എന്നാൽ പരസ്‌പരം സ്‌നേഹിക്കുന്ന രണ്ടു പങ്കാളികൾക്കിടയിൽ ഇത്തരം യാത്രകൾ ബന്ധം കൂടുതൽ പുതുമയുള്ളതാക്കാൻ സഹായിക്കും. പരസ്‌പരം മിസ് ചെയ്യുന്നതിന്‍റെ തീവ്രത മനസ്സിലാക്കാം. എത്രയും വേഗം തിരിച്ചെത്തണമെന്ന ചിന്ത ഉണ്ടാകാം. യാത്രയിൽ അൽപം വിഷമം ഉണ്ടാക്കിയാലും യഥാർത്ഥത്തിൽ ഈ ചിന്തകൾ നല്ലതാണെന്നറിയുക.
“ഞാൻ ഇടയ്‌ക്കൊക്കെ മാറി നിന്നാലല്ലേ എന്നെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് ഭർത്താവിന് മനസിലാകൂ” ദീപ ചിരിയോടെ ചോദിക്കുന്നു. ഈ ചോദ്യത്തിന്, കറക്‌ട്! എന്നല്ലാതെ എന്തുത്തരമാണ് നൽകാൻ കഴിയുക. രണ്ടു പേർക്കും ഇടയിൽ ശാരീരികമായി അൽപം അകലം സംഭവിക്കുമ്പോഴാണ് ജീവിതത്തിൽ അതുവരെ ആ സാമീപ്യം നൽകിയിരുന്ന സുഖവും സന്തോഷവും എത്ര വലുതായിരുന്നുവെന്ന് തിരിച്ചറിയുന്നത്.
“എന്‍റെ ഭർത്താവ് വലിയ ശബ്‌ദത്തിൽ കൂർക്കം വലിക്കാറുണ്ട്. ഒരു ദിവസമെങ്കിലും ഈ ശബ്‌ദത്തിന്‍റെ ശല്യമില്ലാതെ ഉറങ്ങാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്.” സുശീല ചിരിയോടെ സമ്മതിക്കുന്നു. “എന്നാൽ ഞാൻ ദുബായിൽ എന്‍റെ സഹോദരിയുടെ അടുത്ത് പോയപ്പോൾ രാത്രിയിൽ ഒരു ശബ്‌ദവുമില്ലാതിരുന്നിട്ടും എനിക്ക് ഉറങ്ങാനായില്ല. സത്യം പറഞ്ഞാൽ ആ സമയം ഭർത്താവിനൊപ്പം വീട്ടിലായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി. എനിക്ക് അദ്ദേഹത്തെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.”
ഭർത്താവിന് സ്‌ക്കൂബ ഡൈവിംഗ് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. നിങ്ങൾക്കത് ഇഷ്‌ടമല്ല. നല്ല ഷോപ്പിംഗ് അനുഭവമാണ് ഭാര്യ ആഗ്രഹിക്കുന്നതെന്നിരിക്കട്ടെ, ഇത്തരം സന്ദർഭങ്ങളിൽ ഭർത്താവിന് ഗോവ എന്ന ഡെസ്‌റ്റിനേഷൻ തെരഞ്ഞെടുക്കാം. ഭാര്യയ്‌ക്ക് ഡൽഹിയോ, ബാംഗ്ലൂരോ അതല്ലെങ്കിൽ, നാട്ടിലെ തന്നെ നല്ല ഷോപ്പിംഗ് മാളുകളോ തെരഞ്ഞെടുക്കാം.
പുരുഷന്മാർക്ക് അവരുടേതായ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഗ്രൂപ്പ് യാത്രകൾ തെരഞ്ഞെടുക്കുന്നതുപോലെ പങ്കാളികളെ മാറ്റി നിർത്തി പലരും കൂട്ടുകാരികൾക്കൊപ്പം ഷോർട്ട് ട്രിപ്പുകൾ പ്ലാൻ ചെയ്യാറുണ്ട്. ദശകങ്ങൾക്കിപ്പുറം വീണ്ടും ആ പഴയ പെൺകുട്ടികളെപോലെ കൂട്ടുകൂടി നടക്കാൻ ആർക്കാണ് ഇഷ്‌ടമല്ലാത്തത്.
ഇന്ദുവും ഷിനിയും ശ്രേയയും ലീലയും വളരെ അടുത്ത കൂട്ടുകാരാണ്. ഇവരുടെ ഭർത്താക്കന്മാർ തമ്മിൽ ആ സൗഹൃദമൊട്ടില്ലാതാനും. “ഞങ്ങൾ രണ്ടു വർഷം കൂടുമ്പോൾ ഒരുമിച്ച് യാത്ര പോകും. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം. ഷിനി കുട്ടികളെ സ്വന്തം അച്‌ഛനമ്മമാരുടെ അടുത്താക്കും. ബാക്കി മൂന്നുപേരുടെയും വീട്ടിൽ ഭർത്താക്കന്മാർ കുട്ടികളെ ഏറ്റെടുക്കും.”
“ഇങ്ങനെ ഞങ്ങൾ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ ഒക്കെ പോയിട്ടുണ്ട്. അതിനപ്പുറത്തേക്ക് പോകാൻ ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. ഭർത്താക്കന്മാർക്ക് അവധി കിട്ടേണ്ടേ?” കൂടുതൽ ദിവസങ്ങൾ ഇങ്ങനെ യാത്ര ചെയ്യാൻ കിട്ടണമെന്ന ആശയുണ്ട് ശ്രേയയ്‌ക്ക്. പത്ത് വയസ്സിൽ താഴെ മൂന്നു കുട്ടികളുള്ള രമ്യയ്‌ക്ക് ഇത്തരം ട്രിപ്പുകൾ സ്വാതന്ത്യ്രത്തിലേക്കുള്ള വാതിൽ തുറക്കുന്നു. “ഒരു കപ്പ് ചായയും കുടിച്ച്, ഒരു പുസ്‌തകവും വായിച്ച് ഇരിക്കാൻ ഞാൻ എത്ര കൊതിക്കാറുണ്ടെന്നോ? വീട്ടിൽ അത് അസാധ്യമാണ്. ഇത്തരം ട്രിപ്പുകളിലാണ് ഞാൻ എനിക്കായി മാത്രം അൽപം സമയം കണ്ടെത്തുന്നത്.”
ഇക്കാര്യത്തിൽ രമ്യയുടെ ഭർത്താവ് സുരേഷും സഹകരിക്കും. കാരണം മൂന്ന് കുട്ടികളെ മേയ്‌ക്കാൻ രമ്യ ദിനം മുഴുവൻ നടത്തുന്ന കഠിന പ്രയത്നം എത്ര മാത്രമാണെന്ന് സുരേഷിനും അറിയാം. “രമ്യയ്‌ക്ക് ഈ യാത്ര ആവശ്യമാണ്. എനിക്കെപ്പോഴും അവളെ സഹായിക്കാൻ പറ്റിയെന്നു വരില്ല. വർഷത്തിലൊരിക്കലെങ്കിലും അവൾക്കൊരു റിലാക്‌സ് വേണ്ടേ?”
ഇപ്പോൾ നിങ്ങൾക്കും തോന്നുന്നുണ്ടോ ഒരു ട്രിപ്പ് ആയാലോ എന്ന്? പക്ഷേ അതിനു മുമ്പ് ആദ്യം അന്വേഷിക്കേണ്ടത് ടൂറിസ്‌റ്റ് ഡസ്‌റ്റിനേഷനല്ല, നിങ്ങളുടെ പങ്കാളിക്ക് ആ യാത്ര സ്വീകാര്യമാണോ എന്നാണ്. ദേഷ്യം, അസൂയ, സങ്കടം, മൗനം എന്നീ വികാരങ്ങൾ പങ്കാളി പ്രകടിപ്പിച്ചുവെങ്കിൽ ഏക യാത്ര തൽക്കാലം ഒഴിവാക്കാം. ഇനി സമ്മതിച്ചെന്നിരിക്കട്ടെ, ആദ്യത്തെ യാത്ര ഒന്നോ രണ്ടോ ദിനത്തേക്കു മാത്രം തീരുമാനിക്കുക. വിശ്വസ്‌തരായ കൂട്ടൂകാരികൾക്കൊപ്പവും ആ യാത്ര പ്ലാൻ ചെയ്യാം.