ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് മഹാമാരി, സമൂഹത്തിന്‍റെ സാമ്പത്തിക സ്‌ഥിതിയെ മാത്രമല്ല, ആളുകൾ അവരുടെ വിനോദവേളകൾ എങ്ങനെ ചെലവിടണമെന്നതിനെ പോലും നിയന്ത്രിച്ച് വരുതിയിലാക്കിയിരിക്കുന്നു. എന്തായാലും കോവിഡിനെ മറികടന്ന് ഉത്സവങ്ങളും ആഘോഷങ്ങളും മെല്ലെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങിക്കഴിഞ്ഞു.

കലയുടെയും സംസ്കാരത്തിന്‍റെയും പരിപാലകർ മാത്രമല്ല ഉത്സവാഘോഷങ്ങൾ. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ, അവരുടെ ശരീരത്തിൽ ഊർജപ്രവാഹം സൃഷ്ടിക്കാൻ സഹായിക്കുന്ന വലിയ സന്തോഷ കേന്ദ്രങ്ങളാണവ. പൂരവും, വള്ളം കളിയും, വിഷുവും ഓണവും, പ്രദർശനങ്ങളും, പള്ളിപ്പെരുന്നാളുകളും ഒക്കെ ഇഴചേർന്ന ജീവിതത്തിന്‍റെ 18 മാസങ്ങൾ കോവിഡ് അപഹരിച്ചു. ഇനി വരാൻ പോകുന്ന ദിനങ്ങളിൽ കോവിഡ് സൃഷ്ടിച്ച കൊടും വേദനകൾ മറക്കാൻ നമ്മളെ ഫെസ്റ്റിവലുകൾ സഹായിക്കുമോ? കവി പാടിയതു പോലെ,

കാലം ഇനിയും ഉരുളും…

വിഷു വരും, വർഷം വരും, തിരുവോണം വരും…

പിന്നെയോ തളിരിലും പൂവരും… കായ് വരും…

അതെ… അതു തന്നെയാണ് ജീവിതം… ആഘോഷങ്ങൾ നൽകുന്ന പ്രതീക്ഷ! കേൾക്കാം ഇവരുടെ ഉത്സവ പ്രതീക്ഷകൾ…

ആവേശത്തിന്‍റെ അഡ്രിനാലിൻ ഉയർത്തും

ഓണം, വിഷു, ക്രിസ്മസ്, പൂരം, വള്ളംകളി ഇങ്ങനെ ഓരോ ഉത്സവങ്ങളും ആഘോഷങ്ങളുമായി നമ്മുടെ ജീവിതം ടാഗ് ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ കാലഘട്ടങ്ങളെയും നമ്മൾ ഓർക്കുന്നത് പോലും ആഘോഷങ്ങളിലൂടെ ആണ്. കഴിഞ്ഞ കാലത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലും ജീവിതത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിനെ സഹായിക്കുന്ന ഊർജസ്രോതസ്സുമാണ് ഉത്സവാഘോഷങ്ങൾ.

ആഘോഷങ്ങളില്ലെങ്കിൽ ജീവിതമാകെ വിരസമായി നമുക്ക് തോന്നും. ബന്ധങ്ങൾ, ചിന്തകൾ, സൗഹൃദം, സ്നേഹം ഇതെല്ലാം ശക്തമാക്കാനും പുതിയവ സൃഷ്ടിക്കാനുമുള്ള അവസരം നമുക്ക് ഓരോ ആഘോഷ വേളകളും നൽകുന്നു. പുതിയ സ്‌ഥലങ്ങൾ കാണുക. പുതിയ സംസ്കാരങ്ങൾ മനസിലാക്കുക, പുതിയ രുചികൾ ആസ്വദിക്കുക, പുതിയ ശീലങ്ങൾ പഠിക്കുക ഇങ്ങനെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും എല്ലാ ഭാഗങ്ങളെയും ആഘോഷങ്ങൾ ഉത്തേജിപ്പിക്കുന്നു.

ആഘോഷങ്ങൾക്കായി നാം മുൻക്കൂട്ടി ഒരുങ്ങാറുണ്ട്. ജീവിതത്തിന്‍റെ ഉൻമേഷം അത് വർദ്ധിപ്പിച്ചു തരുന്നു. ഉത്സവാഘോഷങ്ങളിൽ പങ്കു ചേരുന്നതിനും അത് പ്രതീക്ഷിക്കുന്നതിനും പ്രായമോ ലിംഗമോ പ്രശ്നമല്ല. ജീവിതത്തിന്‍റെ അന്തിമ ദിശയിലെത്തിയവർ പോലും ഉത്സവങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കോവിഡ് സമയത്ത് ഈ ആഘോഷങ്ങളെല്ലാം നിർബന്ധിതമായി നിയന്ത്രിക്കേണ്ടി വന്നു.

dr. mohan kumar

നമ്മുടേതല്ലാത്ത കാരണങ്ങളാൽ ഉണ്ടായ നിയന്ത്രണം ആയതിനാൽ ഉള്ളിലെ നഷ്ടബോധം ശക്തമായിരിയ്ക്കും. അതിനാൽ ഒരുതരം പോസിറ്റീവായ പ്രതികാരബുദ്ധിയോടെ ഇനി വരാൻ പോകുന്ന ആഘോഷങ്ങളെ നമ്മൾ സ്വന്തമാക്കും എന്നുറപ്പാണ്. മനസിനും ശരീരത്തിനും വാണിജ്യത്തിനും എല്ലാം ഉണർവ് സൃഷ്ടിക്കപ്പെടാൻ സഹായകമാവുമത്. പൂർവാധികം ആർത്തിയോടെ ആളുകൾ ആഘോഷങ്ങളിൽ പങ്കുചേരാൻ താൽപര്യം കാണിക്കും.

വള്ളംകളിയോ, പൂരമോ, വിവാഹമോ, പള്ളിപ്പെരുന്നാലോ, ക്ഷേത്രോത്സവമോ എന്തും ആകട്ടെ, അതിലെല്ലാം വലിയ ഊർജ്ജം നിറഞ്ഞിരിക്കുന്നു. ഓരോ വ്യക്‌തിയിലും ആവേശത്തിന്‍റെ അഡ്രിനാലിൻ ഒഴുക്കുന്നു. തീർച്ചയായും ശക്‌തമായ പ്രതീക്ഷ നൽകുന്ന സന്തോഷവേളകളാകട്ടെ ഓരോ ഉത്സവാഘോഷവും.

പക്ഷേ കോവിഡ് പൂർണമായും മറയുന്ന വരെ പാലിക്കപ്പെടേണ്ട സ്വന്തം സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം.

ഡോ. മോഹൻ നായർ, ഓൺകോളജിസ്‌റ്റ്, എറണാകുളം മെഡിക്കൽ സെന്‍റർ

മാനസികോല്ലാസവും വിനോദവും

അടച്ചു പൂട്ടിയ ജീവിതത്തിന്‍റെ വിരസതയിൽ നിന്നും പതിയ പുറത്തു കടക്കുന്നതേയുള്ളൂ നമ്മൾ. ഒരു സമൂഹം എന്ന നിലയിൽ എല്ലാ തലങ്ങളിലും കോവിഡ് ഏൽപ്പിച്ച ആഘാതത്തെ തരണം ചെയ്യാനുള്ള നമ്മുടെ ശ്രമത്തിൽ ആഘോഷങ്ങൾക്കും ഒത്തു ചേരലുകൾക്കും വലിയ പങ്കുണ്ട്. റിക്രിയേഷൻ എന്ന ആശയം തന്നെ കോവിഡാനന്തര ജീവിതത്തിൽ നവീകരിക്കപ്പെടും എന്നു തോന്നുന്നു. ലോക്ക്ഡൗൺ കാലത്തിന്‍റെ ദുരിതങ്ങൾ നന്നായി അനുഭവിച്ചതു കൊണ്ടു തന്നെ, മാനസികോല്ലാസത്തിനും വിനോദത്തിനുമുള്ള താൽപര്യം ആളുകളിൽ കൂടുകയും അതിന്‍റെ പ്രാധാന്യം അവർ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.

വിദ്യാർത്ഥികളെ സംബന്ധിച്ച്, സ്ക്കൂൾ, ക്യാംപസ് ജീവിതത്തിന്‍റെ നല്ലൊരു ഭാരം നഷ്ടപ്പെട്ട അവർക്ക് സൗഹൃദത്തിനും ആഘോഷത്തിനുമുള്ള വഴികളാണ് ഇനിയുളള്ള കാലത്തെ കൂടിച്ചേരലുകൾ. കലാലയ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ വിനോദയാത്രകളും, വലുതും ചെറുതുമായ ആഘോഷങ്ങളും ഇനി പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന കാര്യത്തിൽ സംശയമില്ല. അതിൽ, കരുതലിന്‍റെ ഒരു ഘടകം ഉണ്ടാകുമെങ്കിൽ കൂടി. മറ്റൊരു വശത്ത്, കോവിഡിന്‍റെ ഭീകരത ജീവിതത്തിന്‍റെ നൈമിഷികതയെ കുറിച്ച് കൃത്യമായ ബോധ്യം നൽകിയതു കൊണ്ട് തിരക്കുകൾ മാറ്റി വച്ച് ആഘോഷിക്കാനും ഒത്തുകൂടാനും ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നുമുണ്ട്.

jayinsi

ചലച്ചിത്ര മേളകൾ, സാഹിത്യോത്സവങ്ങൾ, കലാപ്രദർശനങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങി ഇടക്കാലത്ത് മുടങ്ങിപ്പോയ എല്ലാം തിരിച്ചെത്തുമ്പോൾ ഏറ്റവും ആഹ്ലാദത്തോടെയായിരിക്കും നാം അവയെ സ്വീകരിക്കുക. ഇവയെല്ലാം കോവിഡ് കാലത്തിന്‍റെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുമെന്നു മാത്രമല്ല, സാംസ്കാരിക- സാഹിത്യ പരിപാടികളിൽ കോവിഡ് ഓർമ്മകളും അനുഭവങ്ങളും പങ്കു വയ്ക്കപ്പെടുന്നത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ആത്മധൈര്യവും നാളേയ്ക്കുള്ള പ്രതീക്ഷയും വളർത്തുകയും ചെയ്യും.

ജയിൻസി ജോൺ, ഗവേഷക, കേരള കേന്ദ്ര സർവകലാശാല, കാസർകോട്

ഉത്സവങ്ങള്‍ സ്നേഹം പങ്കുവയ്ക്കലാണ്

ആഘോഷങ്ങളിൽ ആളുകൾ ചുരുങ്ങുമെങ്കിലും ആഘോഷങ്ങൾ കുറയില്ല. ബീച്ചുകളിലും റിസോർട്ടുകളിലും ആളുകൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ആളുകൾ വീട്ടിലിരുന്ന് മടുത്തു തുടങ്ങിയിരിക്കുന്നു. വർക്ക് ഫ്രം ഹോം പോലും റിസോർട്ടുകളിൽ പോയി ആഘോഷമാക്കി മാറ്റുന്ന സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഡിപ്രഷൻ അനുഭവിക്കുന്ന കൂടുതൽ പേരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുമ്പോൾ ചെറിയ ആഘോഷങ്ങൾ പോലും എങ്ങനെ ആസ്വദിക്കാമെന്ന ചിന്തയിലാണ് പലരും. ഉത്സവങ്ങൾ എന്നത് ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം കൂട്ടായ്മയുടേയും സ്നേഹം പങ്കുവയ്ക്കലുകളുടേയും ഒരു ആഘോഷമാണ്.

velaudhan

കല്യാണം കഴിഞ്ഞു പോയവരും പ്രവാസികളും ഈയൊരു കൂട്ടായ്മയ്ക്ക് വേണ്ടി മാത്രം സമയം മാറ്റിവച്ചും ലീവെടുത്തും നാട്ടിലേക്ക് വരുന്നത് സാധാരണമാണ്. പക്ഷെ, ഇനിയുള്ള ഉത്സവാഘോഷങ്ങൾ എത്രത്തോളം ഇത്തരം കൂടിച്ചേരലുകൾ ഉണ്ടാകുമെന്നത് ആശങ്കയുണർത്തുന്നുണ്ട്. ആളുകൾ ശരിക്കും പേടിച്ചിരിക്കുന്നു. ഭക്‌തിയെന്നതും ഇപ്പോൾ സ്വരക്ഷയേക്കാൾ വലുതല്ല എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. വരുമാനത്തിലുള്ള ഇടിവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമൊക്കെ ഉള്ളതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളിൽ നിന്ന് പലരും പിന്നോട്ട് വലിയുന്നുമുണ്ട്.

മോഹൻ ദാസ് വയലാംകുഴി, അസ്സസ്സർ, നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ

और कहानियां पढ़ने के लिए क्लिक करें...