ചർമ്മത്തിൽ പാടുകളോ കുരുക്കളോ കണ്ടാൽ അസ്വസ്ഥതരാവുക സ്വഭാവികമാണ്. എന്നാൽ ഇത്തരം ചർമ്മ പ്രശ്നങ്ങളെ നമുക്ക് അനായാസം കൈകാര്യം ചെയ്യാനാവും. ചർമ്മാരോഗ്യവും സൗന്ദര്യവും പരിപോഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതിലൂടെ വഴി ചർമ്മത്തിന്‍റെ ഭൂരിഭാഗം പ്രശ്നങ്ങളെ അകറ്റാനാവും. ചർമ്മത്തിലെ കൊളാജൻ ബൂസ്റ്റ് ചെയ്യാനും ചുളിവുകളും പാടുകളും മാറാനും ഇത്തരം പോഷക സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കൾ സഹായിക്കും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ പോളിഫിനോൾസ് അടങ്ങിയിരിക്കുന്നതിനാൽ അതൊരു മികച്ച ആന്‍റിഓക്സിഡന്‍റാണ്. മുഖക്കുരു മാറാൻ മികച്ചൊരു ടോണറായി ഉപയോഗിക്കാം. അതുപോലെ ചർമ്മത്തിലുണ്ടാകുന്ന പാടുകളും മറ്റും മാറി കിട്ടാനും വിഷവസ്തുക്കളെ പുറന്തള്ളാനും ചർമ്മത്തെ മൃദുവാക്കാനും ഗ്രീൻ ടീ മികച്ചതാണ്. ഗ്രീൻ ടീയിലെ വിറ്റാമിൻ കെ കണ്ണിന് താഴെയുള്ള കറുപ്പകറ്റാനും സഹായിക്കും. അതിനാൽ ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം കണ്ണിന് മീതെ വയ്ക്കുക. ഗ്രീൻ ടീ ദിവസവും കുടിക്കുന്നതിനൊപ്പം തന്നെ ബാഹ്യ സൗന്ദര്യം മെച്ചപ്പെടുത്താനും ഉപയോഗിക്കാം.
തണ്ണിമത്തൻ
തണ്ണിമത്തനിൽ ഉയർന്നയളവിൽ ജലാംശം ഉണ്ടെങ്കിലും കണ്ണുകൾക്ക് ചുറ്റുമുള്ള നീർവീക്കത്തെ ഇല്ലാതാക്കാൻ അതിന് കഴിയും. തണ്ണിമത്തൻ നിത്യവും കഴിക്കുക. അതുപോലെ ഫ്രൂട്ട് ഫേഷ്യലായി ഉപയോഗിക്കുകയും ചെയ്യാം. തണ്ണിമത്തനിൽ പഞ്ചസാര കുറവായതിനാൽ മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്‌താൽ ഗ്ലൈക്കേഷനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. കൊളാജനുമായി ചേർന്ന് ചർമ്മത്തിൽ ചുളിവുകളും വരകളും സൃഷ്ടിക്കുന്ന രാസപ്രക്രിയയാണ് ഗ്ലൈക്കേഷൻ.
പാൽ
നമ്മുടെ എല്ലിന്‍റെ ബലത്തിനും ഉറപ്പിനും കാത്സ്യം ഏറ്റവും ആവശ്യമാണ്. പാലിൽ അത് യഥേഷ്ടമുണ്ട്. ചർമ്മാരോഗ്യത്തിനും ഇത് നല്ലതാണ്. അതുപോലെ വിറ്റാമിൻ ഡിയും പാലിൽ നിന്നും ലഭിക്കും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളേയും നിറമാറ്റത്തേയും അത് തടയും. പാൽ കുടിക്കുന്നതു കൊണ്ട് അലർജിയുണ്ടാകുന്നവർക്കോ ഇഷ്ടമല്ലാത്തവർക്കോ അതിന് പകരമായി മത്സ്യം കഴിക്കാം.
കോര (സാൽമൺ)
ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് സാൽമൺ അഥവാ കോര. നീർവീക്കത്തെ തടയാൻ ഇത് ഫലവത്താണ്. ആ മത്സ്യത്തിലുള്ള ഫ്രീ ഫാറ്റി ആസിഡുകൾ ആരോഗ്യമുള്ള ചർമ്മ കോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. അതുപോലെ ചർമ്മാരോഗ്യത്തെയും പരിപോഷിപ്പിക്കും.
കാരറ്റ് /ബേബി കാരറ്റ്
ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ ഉള്ള പച്ചക്കറിയാണിത്. ഈ വിറ്റാമിൻ ചർമ്മത്തിൽ എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കും. കൂടാതെ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് ഫലവത്താണ്. സോറിയാസിസ് മെച്ചപ്പെടുത്താൻ ഇതിന് സവിശേഷമായ കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
അവോക്കാഡോ
മിക്ക സൗന്ദര്യ ഉല്പന്നങ്ങളിലും ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് അവോക്കാഡോ. അതുകൊണ്ടാണ് ബ്യൂട്ടി പാർലറുകളിൽ അവോക്കാഡോ ഫേസ് മാസ്ക്കുകൾ പ്രത്യേകം ഉപയോഗപ്പെടുത്തുന്നത്. വിറ്റാമിൻ എ, ഡി, ഇ, ഗുഡ് ഫാറ്റ്, ഫൈറ്റോ ന്യൂട്രിയന്‍റുകൾ എന്നിവയുടെ മികച്ച സ്രോതസാണിത്. ചർമ്മത്തിനുള്ളിൽ ആഴ്ന്നിറങ്ങി വേണ്ട പോഷകങ്ങൾ നൽകാൻ അവോക്കാഡോ ഉത്തമമാണ്.
വാൽനട്ട്
വാൽനട്ട് കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നു. കാരണം അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും സാഗിങ് തടയുന്നതിനും ആത്യന്തികമായി ചർമ്മം തടിച്ചതും യുവത്വമുള്ളതാക്കുന്നതിനും സഹായിക്കുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. വാൽനട്ടിൽ ധാരാളമായുള്ള ഒമേഗ-3 സമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഉത്തമമാണ്.
ഓറഞ്ച്
വിറ്റാമിൻ ഡിയുടെ കലവറയാണ് ഓറഞ്ച്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ചുളിവുകൾ ഉണ്ടാകുന്നത് കുറയും. ഒപ്പം പ്രായവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചർമ്മ വരൾച്ചയും ഉണ്ടാവുകയില്ല. സ്ട്രോബറി, മുന്തിരി എന്നിവയെല്ലാം തന്നെ വിറ്റാമിൻ സിയുടെ കലവറകളാണ്.
ബദാം
ബദാമിൽ വിറ്റാമിൻ ഇ ധാരാളമായുണ്ട്. ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന വാർദ്ധക്യലക്ഷണങ്ങളെ തടയാൻ സഹായിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റ് ബദാമിലുണ്ട്. അതുപോലെ ചർമ്മ കാൻസറിനെ പ്രതിരോധിക്കാനും ബദാമിന് കഴിയും. ബദാം നിത്യവും കഴിക്കുന്നത് ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്തും. മാത്രവുമല്ല സൗന്ദര്യ കൂട്ടുകളിൽ ബദാം പൊടിച്ച് ചേർത്തും ഉപയോഗിക്കാം.
മുട്ട
പ്രോട്ടീൻ സമ്പന്നമായ ഭക്ഷ്യവസ്തുക്കളായ മുട്ട അല്ലെങ്കിൽ മാംസം എന്നിവയിലുള്ള അമിനോആസിഡുകൾ കൊളാജൻ ഉത്പാദനത്തിന് സഹായിക്കും.
കെയിൽ
വിറ്റാമിൻ എ യുടെ കലവറയാണ് ഈ ഇലക്കറി. ഇത് ഒരു ആന്‍റി ഓക്സിഡന്‍റാണ്. ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഉത്തമമാണ്. മാത്രവുമല്ല കെയിൽ (ഒരു തരം കാബേജ്) അരച്ച് മുഖത്ത് പുരട്ടുന്നത് പൊള്ളൽ പാടുകൾ, പാടുകൾ, സ്ട്രച്ച് മാർക്ക് എന്നിവയെല്ലാം ഇല്ലാതാക്കും. കെയിൽ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും വിളർച്ചയകറ്റാനും സഹായിക്കും. കെയിൽ ഇലയിലെ വിറ്റാമിൻ എ കണ്ണിന്‍റെയും എല്ലിന്‍റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഒപ്പം രോഗപ്രതിരോധശേഷിയെ ശക്തിയുള്ളതാക്കും.
ബ്രോക്കോലി
ചർമ്മാരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ഒരു കൂട്ടം പോഷകങ്ങളുടെ കലവറയാണിത്. വിറ്റാമിൻ എ, സി എന്നീ മികച്ച ആന്‍റി ഓക്സിഡന്‍റുകൾക്കൊപ്പം മറ്റ് ധാരാളം പോഷകങ്ങൾ ബ്രോക്കോലിയിൽ അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ പ്രൊഡക്ഷനിനെ സഹായിക്കുന്നവയാണ്. അതുപോലെ ബ്രോക്കോലിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ മുറിവുകൾ എളുപ്പത്തിൽ കരിയാനും കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പടയാളം മാറികിട്ടാനും സഹായിക്കും.
മാതളം
ഇതൊരു വണ്ടർ ഫ്രൂട്ടാണ്. ശരീരാരോഗ്യത്തിന് അത്രയും ഗുണങ്ങൾ നൽകുന്ന ഫലമാണിത്. മാതളത്തിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ചെറുത്ത് രക്തയോട്ടത്തെ ക്രമീകരിക്കുകയും ചർമ്മത്തിന് നല്ല ആരോഗ്യവും തിളക്കവും പകരുകയും ചെയ്യുന്നു. മാതളം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മികച്ച ഗുണം നൽകും.
മത്തി
ഒമേഗ -3 ഫാറ്റി ആസിഡിന്‍റെ ഉത്തമ സ്രോതസാണ് ഈ മത്സ്യം. നീർവീക്കത്തെ തടയാനും മുഖക്കുരു വരുന്നത് തടയാനും മത്തി കഴിക്കുന്നത് സഹായിക്കും. മാത്രവുമല്ല ഒമേഗ- 3 ഫാറ്റി ആസിഡിന് മൂഡ് റെഗുലേറ്റ് ചെയ്യാനുള്ള സവിശേഷ ഗുണവുമുണ്ട്. മുഖക്കുരു എന്നിങ്ങനെ പ്രശ്നമുള്ളവർ ആഴ്ചയിൽ നാല്- അഞ്ച് മത്സ്യം കഴിക്കുന്നത് മികച്ച ഫലം നൽകും. കാത്സ്യത്തിന്‍റെ മികച്ച സ്രോതസും കൂടിയാണ് മത്തി.