ആഘോഷനാളിൽ വീടലങ്കരിക്കും പോലെ തന്നെ പ്രധാനമാണ് കിച്ചൻ മേക്ക് ഓവറും. നല്ല വൃത്തിയും വെടിപ്പുമുള്ള അടുക്കള കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണല്ലോ.
കിച്ചൻ മേക്കോവർ എങ്ങനെ നടത്താമെന്നതിന് ഇന്‍റീരീയർ ഡിസൈനർ സപ്‌നാ അഗ്രവാൾ നൽകുന്ന ചില നിർദ്ദേശങ്ങളിതാ. അതനുസരിച്ച് വളരെ കുറഞ്ഞ ബജറ്റിൽ കിച്ചൻ മേക്കോവർ നടത്താം.
കിച്ചൻ സ്‌മാർട്ട് ആക്കാം
നിങ്ങളുടെ പഴയ അടുക്കള കണ്ട് മടുപ്പ് തോന്നുന്നുണ്ടോ? അടുക്കളയ്‌ക്ക് ഫ്രഷ് ലുക്ക് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ? അതിന് ആഘോഷങ്ങളേക്കാൾ നല്ലൊരവസരം മറ്റെന്തുണ്ട്. ദീപാവലി ആഘോഷത്തോടനനുബന്ധിച്ച് പല കമ്പനികളും ധാരാളം ഓഫറുകൾ മുന്നോട്ടു വയ്‌ക്കാറുണ്ട്. അതിൽ മികച്ച ഓഫർ ഏതാണെന്ന് തിരിച്ചറിഞ്ഞ് പഴയ പാത്രങ്ങൾ കൊടുത്ത് പുതിയവ സ്വന്തമാക്കാം.
പഴയ പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുക വഴി അവയുടെ തിളക്കം നഷ്‌ടപ്പെടുകയും ചുളുങ്ങുകയും ചെയ്യുന്നത് പതിവാണല്ലോ. പുതിയ പാത്രങ്ങൾ വാങ്ങുക വഴി അടുക്കളയ്‌ക്ക് പുത്തൻ ശോഭ പകരാനാവും. പഴയ പാത്രങ്ങൾക്കൊപ്പം അൽപം പണവും കൂടി ചെലവഴിച്ച് മികച്ച ക്വാളിറ്റിയും ലേറ്റസ്‌റ്റ് ഡിസൈനിലുമുള്ള പാത്രങ്ങൾ സ്വന്തമാക്കാം. നോൺസ്‌റ്റിക് ചീനച്ചട്ടി, തവ, ഫ്രയിംഗ് പാൻ തുടങ്ങിയവ ഇതിലുൾപ്പെടും. ഈ പാത്രങ്ങൾക്ക് ഡിമാന്‍റും കൂടുതലാണ്. ഇതിന് പുറമെ ഇൻഡക്ഷൻ കുക്ക് വെയറിനുള്ള ഡിമാന്‍റും ഉത്സവ കാലങ്ങളിൽ ഏറെയാണ്. ഇത് വൃത്തിയോടെ സൂക്ഷിക്കാനും എളുപ്പമാണ്.
മോഡേൺ കിച്ചൻ അപ്ലയൻസ്
ആധുനിക അടുക്കള ഉപകരണങ്ങൾക്ക് വിലയൽപം കൂടുതലാണെങ്കിലും ഇതിന്‍റെ ലുക്കും സ്‌റ്റൈലും മൊഡ്യുളാർ അടുക്കളയ്‌ക്ക് യോജിക്കുന്നതാണ്. വീടുകളിൽ ഇൻഡക്ഷൻ കുക്കിംഗ് സർവ്വ സാധാരണമായതോടെ ഗൃഹോപകരണങ്ങളുടെ വിപണിയും വലുതായിക്കൊണ്ടിരിക്കുകയാണ്.
നോൺസ്‌റ്റിക് ഫ്രയിംഗ് പാൻ: പുതിയ പാത്രങ്ങളിൽ നോൺസ്‌റ്റിക് ഫ്രയിംഗ് പാൻ സ്വന്തമാക്കുകയാണ് ആദ്യം വേണ്ടത്. വിഭവങ്ങൾ വറുത്തും പൊരിച്ചുമെടുക്കാൻ ഇതിൽ വളരെ കുറച്ച് നെയ്യും എണ്ണയും ഉപയോഗിച്ചാൽ മതി. ഇത്തരം പാത്രങ്ങളിൽ പാകം ചെയ്‌തെടുക്കുന്ന വിഭവങ്ങൾ ആരോഗ്യത്തിന് നല്ലതാണ്.
ഇൻഡക്ഷൻ കുക്കർ: ഇത്തവണ ആഘോഷാവസരത്തിന് ഇൻഡക്ഷൻ കുക്കർ തന്നെയാകട്ടെ അടുക്കളയിലെ രാജാവ്. ഇൻഡക്ഷൻ കുക്കറിന്‍റെ ഉപയോഗത്തിലൂടെ ഗ്യാസും ഇലക്‌ട്രിസ്‌റ്റിയും വൻതോതിൽ ലാഭിക്കുന്നതിനൊപ്പം ഒരു മണിക്കൂറിനുള്ളിൽ ഒത്തിരി പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണം തന്നെ തീർക്കാം.
ടെഫ്‌ലോൺ ഷീറ്റ്: ടെഫ്‌ലോൺ ഷീറ്റുള്ള പാത്രം ഇപ്പോൾ നിത്യജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ടെഫ്‌ലോൺ കോട്ടിംഗ് ഉള്ള നോൺസ്‌റ്റിക്ക് പാൻ പാചകം അനായാസമാക്കുന്നു. അതുപോലെ കാഴ്‌ചയിൽ ആകർഷകവും വൃത്തിയാക്കാൻ എളുപ്പവുമാണ്.
ഗ്രില്ലിംഗ് പാൻ: ആഘോഷാവസരങ്ങളിൽ യൂറോ കുക്കിംഗ് ഗ്രിൽ പാനിനൊപ്പം നിങ്ങൾക്ക് ഗ്രിൽഡ് വിഭവങ്ങളുടെ രുചിയും അനുഭവിച്ചറിയാം. സാധാരണ കുക്ക് വെയറിനെ അപേക്ഷിച്ച് ഭക്ഷണം പാകം ചെയ്യാൻ ഇതിൽ വളരെ കുറച്ച് നെയ്യും എണ്ണയും മതി.
ഹാൻഡ് ബ്ലൻഡർ: മൾട്ടി പർപ്പസ് ഗാഡ്‌ജറ്റാണ് ഇത്. ഇതിൽ വെണ്ണ അടിച്ച് നെയ്യ് വേർതിരിച്ചെടുക്കാനാവും. ഒപ്പം ബ്ലൻഡറിൽ സൂപ്പ്, ലസ്സി തുടങ്ങിയവും തയ്യാറാക്കാം. ഇത് നിങ്ങളുടെ കുക്കിംഗ് എളുപ്പമുള്ളതാക്കും.
ഹുഡ്‌സ് (ചിമ്മിനി): ഒന്നിന് മികച്ച മറ്റൊന്ന് എന്ന രീതിയിലാണ് ഇലക്‌ട്രോണിക് ഹുഡ്‌സ് വന്നിരിക്കുന്നത്. പുകയും ഗന്ധവും നീക്കി അടുക്കളയിലെ അന്തരീക്ഷം ശുചിയാക്കും. അടുക്കളയിൽ ചിമ്മിനി ഗ്യാസിലോ കുക്കിംഗ് ടോപ്പിലോ ഘടിപ്പിക്കാം. അടുക്കളയിൽ വ്യാപിക്കുന്ന പുക പുറന്തള്ളി ചുവരിന്‍റെ സൗന്ദര്യം നിലനിർത്തുന്നു.
മൈക്രോ വേവ്: സ്വന്തം കുടുംബത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ ഒരു മൈക്രോവേവ് അത്യാവശ്യമായും സ്വന്തമാക്കണം. ഇതിൽ ഭക്ഷണം വേഗത്തിൽ പാകം ചെയ്യാനാവുമെന്ന് മാത്രമല്ല പോഷകങ്ങൾ നഷ്‌ടപ്പെടുകയുമില്ല.
ഫുഡ് പ്രൊസസർ: അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. പാചക പ്രക്രിയ അനായാസമാക്കുന്ന ഫുഡ് പ്രൊസസർ ഇല്ലെങ്കിൽ കാര്യങ്ങളൊന്നും നടക്കില്ല. പച്ചക്കറി അരിയുന്നത് മുതൽ സലാഡ് തയ്യാറാക്കാനും ആട്ട കുഴയ്‌ക്കാനും ചട്‌നി തയ്യാറാക്കാനുമൊക്കെ ഫുഡ് പ്രൊസസർ വേണം.
ഇക്കോ ഫ്രണ്ട്‌ലി ഇൻഡക്ഷൻ: ആഘോഷ വേളയിൽ ഇക്കോ ഫ്രണ്ട്‌ലി ഇൻഡക്ഷൻ സ്വന്തമാക്കി ലേറ്റസ്‌റ്റായ ടെക്‌നോളജി പ്രയോജനപ്പെടുത്താം. പരിസ്‌ഥിതിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇതുണ്ടാക്കുകയില്ല. പണം ലാഭിക്കുകയും ചെയ്യും. ഭക്ഷണം തയ്യാറാക്കാനുള്ള ആധുനിക അടുപ്പാണിത്. വളരെ കുറഞ്ഞ സ്‌ഥലമുള്ള വീടുകൾക്ക് അനുയോജ്യമാണിത്.
ഫ്‌ളാറ്റ് ബോട്ടം ഹോബ്‌സ് (അടപ്പ്): ഗ്യാസ് അടുപ്പ് ബർണറുകളുടെയും വൈവിധ്യമാർന്ന ശ്രേണിയുണ്ട്. കറുപ്പ് നിറം ഒട്ടും ഉണ്ടാകാത്ത ബർണറുകളും വിപണി കീഴടക്കി കഴിഞ്ഞിരിക്കുന്നു. അലോയികൊണ്ട് നിർമ്മിച്ചവയാണിത്.
നൈഫ് സെറ്റ്: പഴങ്ങളിലേയും പച്ചക്കറികളിലേയും പോഷകങ്ങളും ഗുണങ്ങളും നിലനിർത്തുന്ന തരത്തിലുള്ള നൈഫ് സെറ്റും എത്തിക്കഴിഞ്ഞിരിക്കുന്നു. തൊലി നീക്കം ചെയ്യുന്ന നൈഫ് മുതൽ ബോണിംഗ് നൈഫു വരെയുണ്ട്. എല്ലാതരം കട്ടിംഗുകൾക്കും ഇത് ബെസ്‌റ്റാണ്.
കട്‌ലറി സെറ്റ്: മികച്ച ക്വാളിറ്റിയിലുള്ള കട്‌ലറി സെറ്റുകളും മറ്റൊരു ആകർഷണമാണ്. ഇഷ്‌ടമനുസരിച്ചുള്ളവ തെരഞ്ഞെടുക്കാം.
കട്ടിംഗ് ബോർഡ്: പച്ചക്കറി മുറിക്കുന്നതിന് തടിയുടെ ടോപ്പിംഗ് ബോർഡ് സ്വന്തമാക്കാം. പച്ചക്കറി അനായാസമായും വേഗത്തിലും മുറിച്ചെടുക്കാം. പ്ലാസ്‌റ്റിക് നിർമ്മിത കട്ടിംഗ് ബോർഡ് ഒരിക്കലും വാങ്ങരുത്. അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
മൊഡ്യുളാർ കിച്ചൻ കാബിനറ്റ്: നിങ്ങളുടെ അടുക്കളയിൽ ഒരു മൊഡ്യുളാർ കിച്ചൻ കാബിനറ്റ് ഉണ്ടെങ്കിൽ അടുക്കള എന്നും പുതുമയോടെ നിലനിൽക്കും. അടുക്കള അലങ്കോലപ്പെട്ട് കിടക്കുന്നത് ഒഴിവാകുമെന്ന് മാത്രമല്ല സാധനങ്ങൾ വൃത്തിയോടെയും വെടുപ്പോടെയും സൂക്ഷിക്കാനാവും. ഒരു മൊഡ്യുളാർ കിച്ചണിൽ റാക്ക്, കാമ്പിനറ്റ് വർക്ക് ടോപ്പ്, ചിമ്മിനി, എക്‌സ് ഹോസ്‌റ്റ് ഫാൻ, ഡിഷ് വാഷർ എന്നിവ ഉൾപ്പെടും.
എങ്ങനെ ഓർഗനൈസ് ചെയ്യാം
കാബിനറ്റ് മാറ്റാം: അടുക്കളയിലെ കാബിനറ്റ് മാറ്റി ആ സ്‌ഥാനത്ത് ലേക്കാർഡ് ഗ്ലാസ് ഘടിപ്പിക്കാം. പല വർണ്ണങ്ങളിലായി ഈ ഗ്ലാസ്സ് ലഭിക്കും. കാബിനറ്റിന് അടിയിൽ സ്‌ഥലമുണ്ടെങ്കിൽ ആ ഭാഗങ്ങളിലും ബോക്‌സുകൾ ഘടിപ്പിക്കാം. ഇവ അടച്ചു വയ്‌ക്കാവുന്ന ഡസ്‌റ്റ് ബിന്നായും പ്രയോജനപ്പെടുത്താം.
അലങ്കരിക്കാം: അടുക്കളയിൽ ചെറിയൊരു പൂന്തോട്ടം വേണോ…. അതിനുമുണ്ട് വഴി. കിച്ചൻ കോർണറുകളിൽ ഫ്‌ളവേഴ്‌സും പച്ചമരുന്ന് ചെടികളും വച്ച് അലങ്കരിക്കാം. ഇത്തരം ചെടികൾ എപ്പോഴും പോസിറ്റീവ് എനർജി പകരുന്നവയാണ്. ഇതിന് പുറമെ ചില ഡെക്കറേറ്റീവ് ഐറ്റങ്ങളും ക്യൂബ് കോസ്‌റ്റേഴ്‌സ്, ആർട്ടിഫിഷ്യൽ ഫ്രൂട്ട്‌സ്, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചും കിച്ചൻ അലങ്കരിക്കാം.
നല്ല വെളിച്ചം ആവശ്യം: അടുക്കളയുടെ എല്ലാ മൂലയും പ്രകാശമാനമാക്കാൻ കഴിയുന്ന തരത്തിൽ പ്രകാശ സംവിധാനമൊരുക്കാം. അടുക്കള ചുവരുകളിലും ഷെൽഫുകൾക്കകത്തും ലൈറ്റ് പിടിപ്പിച്ച് മികച്ചതും മനോഹരവുമായ പ്രകാശ സംവിധാനം ഒരുക്കാം.