അന്ന് വൈകുന്നേരം പതിവുപോലെ ശാലിനിയും വിവേകും കലഹിച്ചു. ശാലിനി ആവശ്യപ്പെട്ടതുപോലെയുള്ള ബെഡ് ഷീറ്റും കർട്ടനും ഭർത്താവ് കൊണ്ടുവന്നില്ലെന്നതിനെ ചൊല്ലിയായിരുന്നു കലഹം. ഭാര്യയുടെ ഇഷ്‌ടത്തെ മറികടന്ന് അമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ട ഫ്‌ളവർ ഡിസൈനുള്ള ബെഡ്‌ഷീറ്റും ഡാർക്ക് കളറിലുള്ള കർട്ടനും വിവേക് വാങ്ങിയതായിരുന്നു കലഹത്തിന് കാരണമായത്. പോരെ പൂരം!
മിക്ക വീടുകളിലും സംഭവിക്കുന്ന ഒരു കാര്യമാണിത്. അമ്മയോട് സ്നേഹവും അടുപ്പവും നല്ലതാണെങ്കിലും ഭാര്യയുടെ ആഗ്രഹങ്ങളേയും സ്വപ്‌നങ്ങളേയും കണ്ടില്ലെന്ന് നടിക്കുന്നത് ഭർത്താവിന് ഭൂഷണമല്ല. എല്ലാ സമയത്തും അമ്മയെ പുകഴ്‌ത്തി പറയുക, അമ്മ പറയുന്നത് മാത്രം ചെയ്യുക, ചെറിയ കാര്യങ്ങൾക്കു വരെ അമ്മയോട് അഭിപ്രായമാരായുക, എന്തിനും അവരെ ആശ്രയിക്കുക ഇങ്ങനെ എന്തിനും ഏതിനും അമ്മയ്‌ക്കു മാത്രം പ്രാധാന്യം കൽപിക്കുന്ന ഭർത്താവിനെ ഏത് പെണ്ണാണ് സഹിക്കുക. ഇത്തരം അമ്മക്കുട്ടന്മാർ അമ്മയ്‌ക്ക് മുന്നിൽ വിനീത വിധേയരായി നിൽക്കും. ചില സാഹചര്യങ്ങളിൽ ഏകാധിപതികളായ ചില അമ്മാരുടെ വാക്ക് വിശ്വസിച്ച് ഈ അമ്മക്കുട്ടന്മാർ ഭാര്യമാരോട് നിരന്തരം കലഹിക്കുകയോ മർദ്ദിക്കുകയോ ചെയ്യുന്നതും വിരളമല്ല.
ഭാര്യയ്ക്കും നൽകണം പ്രാധാന്യം
മറ്റാരെക്കാളിലും കൂടുതൽ ഭർത്താവ് തന്നെ സ്‌നേഹിക്കണം, തന്നെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ഭാര്യമാരും. എന്നാലും ഭർത്താവ് അമ്മക്കൊപ്പം അൽപം സമയം ചെലവഴിക്കുന്നതിൽ അവർക്ക് എതിർപ്പൊന്നുമില്ല. പക്ഷേ ഇത് സദാ സമയവുമായാൽ ഭാര്യമാരുടെ മട്ടുമാറുമെന്ന് മാത്രം. എന്തിനും ഏതിനും അമ്മയ്‌ക്ക് പിറകെ നടക്കുന്നത് ചിലപ്പോൾ ഭാര്യയിൽ നീരസമുണ്ടാക്കാം.
സ്വകാര്യ നിമിഷങ്ങൾ ഭർത്താവ് തനിക്കൊപ്പം ചെലവഴിക്കണമെന്നാവും ഏത് ഭാര്യയും തീവ്രമായി ആഗ്രഹിക്കുക. അതിനാൽ ഭർത്താവ് ഭാര്യയ്ക്കു വേണ്ട പ്രാധാന്യം നൽകണം. ഒരു കാര്യം ഓർക്കുന്നത് നന്ന്. വിവാഹത്തിനു മുമ്പ് അമ്മയുടെ തണലിലായിരുന്നല്ലോ നിങ്ങളുടെ പ്രിയ ഭർത്താവ്. ആ തണലിൽ നിന്നും ഒരു മകനെന്ന നിലയിൽ ഭർത്താവിന് എളുപ്പമൊരു മാറ്റം സാധ്യമാവണമെന്നില്ല. ഭാര്യയ്‌ക്കും അമ്മക്കുമിടയിലുള്ള ബാലൻസിംഗ് വളരെ സാവധാനമേ നടക്കൂ.
മനസ്സു വേദനിപ്പിക്കരുതേ
സ്വയം എന്തെങ്കിലും പാകം ചെയ്‌ത് ഭാര്യ വളരെ പ്രതീക്ഷയോടെയാവും ഭർത്താവിന് മുന്നിൽ വിളമ്പുക. ഭർത്താവ് അത് രുചിച്ചു നോക്കി എന്‍റെ അമ്മയുണ്ടാക്കുന്ന അതേ രുചിയാണെന്ന് പറയുമ്പോൾ ഭാര്യയ്‌ക്കുണ്ടാവുന്ന സന്തോഷം എത്രമാത്രമായിരിക്കും. നേരെ മറിച്ച് “എന്‍റെ അമ്മയുണ്ടാക്കുന്നതിന്‍റെ ഏഴയലത്ത് വരില്ല ഇത്” എന്ന് ഭർത്താവ് പറയാനിടയായാലുണ്ടാകുന്ന അവസ്‌ഥ എന്തായിരിക്കും. തീർച്ചയായും ഭാര്യയുടെ മനസ്സ് വേദനിക്കുക തന്നെ ചെയ്യും. ഇങ്ങേർക്ക് അമ്മ കഴിഞ്ഞേയുള്ളു എന്തും എന്ന് ഭാര്യ ചിന്തിക്കാനിടയായാൽ അവരെ തെറ്റു പറയാനാവില്ല. ഏത് കാര്യത്തിലും ഭാര്യയെ സ്വന്തം അമ്മയുമായി താരതമ്യം ചെയ്യുന്നത് അവർക്ക് ഇഷ്‌ടമാവില്ലെന്ന് ഭർത്താക്കന്മാർ ഓർക്കുന്നത് നന്നായിരിക്കും. അത്തരം താരതമ്യപ്പെടുത്തലുകളെ അവർ ശക്‌തിയുക്‌തം എതിർക്കും.
ഭർത്താവ് പക്വമതിയാകണം
സ്വന്തമായി തീരുമാനങ്ങളും ലക്ഷ്യങ്ങളുമുള്ള ആളായിരിക്കണം ഭർത്താവെന്നാണ് ഏത് ഭാര്യയും ആഗ്രഹിക്കുക. എന്നാൽ ചെറിയ കാര്യത്തിനു പോലും അമ്മയോട് അഭിപ്രായം ചോദിക്കുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് കടുത്ത അമർഷം തോന്നും.
ഭാര്യ ഭർത്താവിനെ അനുസരണ ശീലമുള്ള ഒരു കൊച്ചു കുട്ടിയായല്ല കാണാൻ ആഗ്രഹിക്കുന്നത്. പക്വമതിയും ബുദ്ധിമാനും സമർത്ഥനുമായ വ്യക്‌തിയായാണ്. അത്തരമൊരു ഭർത്താവാണോ എന്ന് ആത്മപരിശോധന നടത്തി നോക്കൂ. ഏത് കാര്യത്തിലായാലും ഭാര്യയുടെ അഭിപ്രായവും മാർഗ്ഗനിർദ്ദേശങ്ങളും ആരായുന്നത് കുടുംബാന്തരീക്ഷത്തിന് ഹൃദ്യത പകരും.
അമ്മക്കുട്ടനായ ഭർത്താവ് എല്ലാ കാര്യവും അമ്മയുമായി ചർച്ച ചെയ്യുന്നത് ഭാര്യമാരെ ചൊടിപ്പിക്കും. ഭാര്യ വീട് സന്ദർശിക്കാനുള്ള അനുവാദം ചോദിക്കുന്നത് തുടങ്ങി പുറത്ത് കറങ്ങാൻ പോകുന്നതിനെപ്പറ്റി വരെ ഭർത്താവ് അമ്മയുമായി ചർച്ച ചെയ്‌താൽ ഭാര്യ ഭർത്താവിനെതിരെ യുദ്ധം പ്രഖ്യാപിക്കുക തന്നെ ചെയ്യും. ചിലപ്പോൾ വളരെ സ്വകാര്യമായ കാര്യം പോലും ഭർത്താവ് അമ്മയോട് പറയുമ്പോൾ ഭാര്യക്ക് താൻ ചതിക്കപ്പെട്ടതുപോലെയാവും തോന്നുക. ചില ഭർത്താക്കന്മാരാകട്ടെ സ്വന്തം മക്കളുടെ ഭാവിയെ സംബന്ധിച്ചുള്ള സുപ്രധാനങ്ങളായ തീരുമാനങ്ങൾ വരെ അമ്മയോട് പറയും. കുറഞ്ഞ പക്ഷം ഇത്തരം കാര്യങ്ങളിലെങ്കിലും ഭർത്താവ് രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നാണ് ഭാര്യമാർ ആഗ്രഹിക്കുക.
അമ്മയ്‌ക്കും വേണം ഒരു നയം
മകനും ഭാര്യയ്‌ക്കുമിടയിലുള്ള ബന്ധം വഷളാവുന്നതു കണ്ടാൽ അത് തടയാൻ അമ്മയ്‌ക്ക് ശക്‌തമായ നിലപാട് സ്വീകരിക്കാം. മകൻ ഭാര്യയ്‌ക്ക് പ്രാധാന്യം നൽകുന്നതിനായി അമ്മയ്‌ക്ക് ചില നയങ്ങൾ സ്വീകരിക്കാം.
- മകൻ എന്തെങ്കിലും ജോലി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അത് ഭാര്യയോട് പറയാൻ ആവശ്യപ്പെടാം. ഇത്രയും നാളും ഞാനല്ലേ ചെയ്‌തത് ഇനി അതൊക്കെ ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് അമ്മയ്‌ക്ക് പറയാം.
മരുമകളുടെ വികാരങ്ങളെ മാനിക്കുക
- ഏത് കാര്യത്തിനും മകൻ അഭിപ്രായമാരായുമ്പോൾ അതേപ്പറ്റി ഭാര്യയോട് ചോദിക്കുന്നതായിരിക്കും നല്ലതെന്ന് മകനോട് വ്യക്‌തമായി പറയുക.
- ജോലി കഴിഞ്ഞ് വരുന്ന മകന് ചായയോ ഭക്ഷണമോ വിളമ്പി നൽകാനുള്ള ജോലി ഏറ്റെടുക്കുന്നതിന് പകരം അത്തരം കാര്യങ്ങൾ മരുമകൾക്ക് വിട്ടു കൊടുക്കുക.
- മകനും മരുമകൾക്കും സ്വകാര്യത നൽകാൻ ശ്രമിക്കുക. അവർ തനിച്ചിരുന്ന് സംസാരിക്കുമ്പോൾ അവർക്കിടയിൽ കട്ടുറുമ്പായി കടന്നു ചെല്ലാതിരിക്കുക.