“ഈ രണ ഭൂമിയിൽ ഞാൻ മരിച്ചു വീഴും!” രാത്രി ഷിഫ്‌റ്റ് കഴിഞ്ഞെത്തിയ ഭാര്യ മൂടി പുതച്ച് കിടക്കുന്ന നേരത്ത്, രാവിലെ അടുക്കളയിൽ ബ്രേക്ക് ഫാസ്‌റ്റ് ഒരുക്കുന്ന ഭർത്താവിന്‍റെ പരിദേവനം ഇങ്ങനെയൊക്കെയാവാം. ഭാര്യയും ഭർത്താവും ജോലിയ്‌ക്ക് പോകുന്ന വീടുകളിൽ അടുക്കള പണി ഭർത്താവിന്‍റെയും ഉത്തരവാദിത്വമാകുന്നത് നിവൃത്തികേടു കൊണ്ടാണോ?

ഭാര്യയും ഭർത്താവും ജോലിയ്‌ക്ക് പോകുന്ന വീടുകളിൽ പാചകം ഒരു പ്രശ്നം തന്നെയാണ്. അതിനാൽ ആ ഉത്തരവാദിത്വം രണ്ടുപേരും പങ്കിട്ടേ മതിയാവൂ. എന്നും ഭാര്യയുണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കുന്ന ഭർത്താവ് ഒരു ചെയ്‌ഞ്ചിനു വേണ്ടി അടുക്കളയിൽ കയറുന്നതുപോലെ അല്ല ഇത്. പാചകം ആസ്വദിച്ചു ചെയ്യുന്ന ആണുങ്ങളെ സംബന്ധിച്ച് അടുക്കളയിൽ കയറുന്നത് ഒരു പ്രശ്നമുള്ള കാര്യമല്ല. വൈവാഹിക ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാനോ, ജോലിക്കാരെ കിട്ടാത്തതിനാലോ നിവൃത്തികേടുകൊണ്ടോ ആവാം അല്ലാത്തവർ അടുക്കളയിൽ കയറുന്നത്.

ബാച്ചിലറായ സമയത്ത് പാചകം ചെയ്‌ത് ശീലിച്ചതിനാൽ വിവാഹ ശേഷവും അത് തുടരുന്നവരും ഉണ്ട്. എന്നാൽ ആധുനിക ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടയിൽ സമയം ലാഭിക്കാനും ഭാര്യയെ സഹായിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. കാരണം എന്തു തന്നെയായാലും ആണുങ്ങൾ അടുക്കളയിൽ കയറുന്നത് മോശമായ കാര്യമായി ഇന്നാരും കരുതുന്നില്ല. മുമ്പൊക്കെ ഭർത്താക്കന്മാർ പാചകം ചെയ്യുന്നത് അപൂർവ്വമായ സംഭവം ആയിരുന്നു. കൂട്ടുകുടുംബ വ്യവസ്‌ഥയിൽ, പ്രത്യേകിച്ചും. ഇന്ന് കുടുംബം ന്യൂക്ലിയർ ആയതോടെ, വീട്ടിലെ കാര്യങ്ങൾ സ്‌മൂത്തായി നടക്കാൻ

അടുക്കളയിലും പരസ്‌പര സഹകരണം കൂടിയേപറ്റൂ. പക്ഷേ വിവാഹ ബന്ധം വഷളാവാതിരിക്കാനാണ് പല പുരുഷന്മാരും പാചകം ചെയ്യാൻ അടുക്കളയിൽ കയറുന്നതെന്ന വാദത്തോട് പലർക്കും യോജിക്കാൻ പറ്റിയെന്ന് വരില്ല. കാരണം 80 ശതമാനം വീടുകളിലും സ്‌ത്രീകൾ മാത്രമാണ് ഇപ്പോഴും അടുക്കള ഭരിക്കുന്നത്. പുതു തലമുറയിലെ ഭർത്താക്കന്മാരാണ് പാചകം ചെയ്യാൻ പല കാരണങ്ങൾ കൊണ്ടും വിധേയമായിരിക്കുന്നത്. സ്‌ത്രീയ്‌ക്ക് ദാമ്പത്യത്തിൽ തുല്യ പരിഗണന കൊടുക്കുന്നതിന്‍റെ സൂചനയായും പുരുഷന്മാർ അടുക്കളയിൽ കയറുന്നതിനെ കാണാനാവും എന്ന അഭിപ്രായവും കഴമ്പുള്ളതാണ്.

നല്ല രുചി, നല്ല ബന്ധങ്ങൾ

ജീവിതത്തിൽ രുചിയ്‌ക്ക് വലിയ പ്രാധാന്യം ഉണ്ട്. സ്‌നേഹത്തോടെ വിളമ്പി കൊടുക്കുന്നതെന്തും അടുപ്പം ഉണ്ടാവാൻ ഇടയാക്കുമല്ലോ. ഭാര്യയ്‌ക്ക് വയ്യാതാവുമ്പോൾ മാത്രം അടുക്കളയിൽ കയറുന്ന ഭർത്താവ്, പാചകം ചെയ്യുന്നതിന്‍റെ പുകിൽ അറിയുന്നത് അപ്പോഴായിരിക്കും. അല്ലാത്തപ്പോൾ ഉപ്പില്ല, എരിവില്ല എന്ന് പറഞ്ഞ് ഒച്ച വച്ചതിന്‍റെ കുറ്റബോധവും അടുക്കള പണി കുളമാക്കാൻ ഇടയാക്കിയേക്കാം. എന്നിട്ടും താനുണ്ടാക്കുന്ന ഭക്ഷണത്തിന് ഭാര്യയുടെ കോംപ്ലിമെന്‍റ് കിട്ടുമ്പോൾ അതൊരു വലിയ കാര്യമായി കരുതുകയും ചെയ്യും. പക്ഷേ ഭാര്യയുടെ കൈപ്പുണ്യത്തിന് ഒരിക്കലും മാർക്കിടാത്തവരാണ് മിക്ക ഭർത്താക്കന്മാരും.

ഇതേക്കുറിച്ചുള്ള രസകരമായ ഒരനുഭവം പറയുകയാണ് അനന്തൻ നായർ. “ഒരു സീനിയർ സിറ്റിസണായ ഞാൻ എന്‍റെ ദാമ്പത്യത്തിന്‍റെ ആദ്യ നാളുകൾ ഓർക്കുകയാണ്. എനിക്ക് പാചകം ചെയ്യാൻ വലിയ താൽപര്യമുണ്ടായിരുന്നുവെങ്കിലും, ഞാൻ അടുക്കളയിൽ കയറുന്നത് ശ്രീമതിയ്‌ക്ക് അഭിമാന പ്രശ്നമായിരുന്നു. അതിനാൽ എത്ര വയ്യെങ്കിലും അവൾ തന്നെ എല്ലാം ചെയ്യുമായിരുന്നു. അവൾക്ക് ഇഷ്‌ടമുള്ളതാണ് വയ്‌ക്കാറ്. ഇപ്പോൾ റിട്ടയർമെന്‍റ് കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷം എനിക്ക് തനിയെ പാചകം ചെയ്യേണ്ടി വന്നു. ഭാര്യയ്‌ക്ക് മകന്‍റെ കൂടെ ബാംഗ്ലൂരിൽ നിൽക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. ഇപ്പോൾ ഞാൻ ശരിക്കും പാചകം ആസ്വദിക്കുന്നുണ്ട്.”

ഭർത്താവിനെ അടുക്കളയുടെ ഏഴ് അയലത്തേയ്‌ക്ക് അടുപ്പിക്കാത്ത ഭാര്യമാരും ഉണ്ട്. എത്ര തിരക്കായാലും ഭർത്താവിന് വച്ച് വിളമ്പാൻ ആഗ്രഹിക്കുന്നവർ. കാലം മാറിയതോടെ ഈ പ്രവണതയ്‌ക്കും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു.

ഭാര്യ വീട്ടിലിരിക്കുകയും ഭർത്താവ് ജോലിയ്‌ക്ക് പോവുകയും ചെയ്യുന്ന കാലം അസ്‌തമിച്ചിരിക്കുകയാണല്ലോ. സ്‌ത്രീകൾ വിദ്യാസമ്പന്നരാകുകയും ഉയർന്ന ജോലി നേടുകയും മികച്ച ജീവിത നിലവാരത്തിനായി കഠിനപ്രയത്നം നടത്തുകയും ചെയ്യുമ്പോൾ, വീട്ടിലെ പാചകം സ്‌ത്രീയുടെ മാത്രം ബാധ്യതയാണ് എന്ന് കരുതുന്നത് അഹങ്കാരമാണ്. അവൾ ജോലി സ്‌ഥലത്തുനിന്ന് തിരിച്ചെത്തിയ ശേഷം അടുക്കളയിൽ കയറട്ടെ എന്ന് വിചാരിക്കുന്നത് ക്രൂരതയല്ലേ. അത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഇട വരുത്തുകയും ചെയ്യും. അതിനാൽ തന്നെ ജോലിയ്‌ക്ക് പോകുന്ന സ്‌ത്രീകളുടെ ഭർത്താക്കന്മാർ അടുക്കളയിൽ സഹായിക്കാൻ മനസ്സ് കാട്ടുന്നതാണ് നല്ലത്.

വീട്ടിൽ ഒന്നിച്ചുള്ള സമയങ്ങളിൽ സംയുക്‌തമായി അടുക്കളയിൽ കയറുകയുമാവാം. ഇങ്ങനെ അടുക്കളയിൽ ഇരുവർക്കും ഇടം നൽകുന്നവർക്കിടയിൽ സ്‌ട്രെസ്സ് കുറവും ആരോഗ്യവും അടുപ്പവും സ്‌നേഹവും കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ മുഴുവൻ സമയം ഹൗസ് വൈഫായി ഇരിക്കുന്നവർ പാചകം ചെയ്യാനായി ഭർത്താവ് ജോലി കഴിഞ്ഞെത്തുന്നതും കാത്തിരിക്കുന്നത് ക്രൂരമാണ്.

“ഞാൻ പാചകത്തിൽ വലിയ വിദഗ്ദ്ധനൊന്നുമല്ലായിരുന്നു. അടുക്കളയിൽ കയറുന്നത് തന്നെ ഇഷ്‌ടമില്ലാത്ത കാര്യമായിരുന്നു. പക്ഷേ ഭാര്യ പ്രഗ്നന്‍റ് ആയപ്പോൾ ആദ്യമായി പാചകം ചെയ്യാൻ തീരുമാനിച്ചു. നിറഞ്ഞ വയറുമായി അവൾ അടുക്കളയിൽ കഷ്‌ടപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചില്ല. ഇപ്പോൾ അടുക്കളയിൽ ഏതൊക്കെ സാധനങ്ങൾ എവിടെയൊക്കെ വച്ചിട്ടുണ്ടെന്ന് ഭാര്യയേക്കാൾ നന്നായി എനിക്കറിയാം. നഴ്‌സറിയിൽ പോകുന്ന മകന് പുതിയ ഡിഷുണ്ടാക്കി കൊടുക്കുന്നതു വരെ ഞാനാണ്. പാചകം ചെയ്യാൻ ഒരു കാരണം കിട്ടിയതു കൊണ്ട് ഞാനിപ്പോൾ നല്ല പാചകക്കാരനായി” സെയിൽസ് എക്‌സിക്യൂട്ടിവായ രമേശ് നമ്പ്യാർ പറയുന്നു

और कहानियां पढ़ने के लिए क्लिक करें...