അടുക്കളയിലെ പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ആരാണ് ആഗ്രഹിക്കാത്തത്. പക്ഷേ എത്ര വൃത്തിയാക്കിയാലും ആ പുത്തൻ തിളക്കം കിട്ടുന്നില്ല അല്ലേ. വിഷമിക്കേണ്ട. പാത്രങ്ങളിലെ കറകൾ അകറ്റി തിളക്കമുള്ളതാക്കാൻ ഉപായങ്ങൾ ഉണ്ട്.

ഉപ്പ് ചേർത്ത് ചൂടാക്കിയ വിനാഗിരിയിൽ പാതി നാരങ്ങ മുക്കി അതുകൊണ്ട് പിച്ചള പാത്രം തുടയ്‌ക്കാം. പിന്നീട് നല്ല വെള്ളത്തിൽ കഴുകി ഉണക്കുക. ക്ലാവു നീങ്ങി പാത്രം പുത്തൻ പോലെ തിളങ്ങുന്നതു കാണാം. പരുക്കൻ വസ്തുക്കൾ കൊണ്ട് പാത്രങ്ങൾ ഉരച്ച് കഴുകരുത്.

ഗ്ലാസ് പാത്രങ്ങൾ കഴുകുമ്പോൾ സിങ്കിൽ കോട്ടൺ തുണി വിരിച്ചിടുന്നത് പാത്രങ്ങൾ തമ്മിലുരസി പാടു വീഴുന്നതും പൊട്ടുന്നതും തടയാൻ സഹായിക്കും.

ഗ്ലാസ് പാത്രങ്ങൾ കഴുകും മുമ്പ് പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്‌ടങ്ങൾ സ്‌പോഞ്ചോ തുണിക്കഷണമോ ഉപയോഗിച്ച് തുടയ്ക്കുക. എന്നിട്ട് ചൂടുവെള്ളത്തിൽ കഴുകാം. എണ്ണമയം പോകാനും തിളക്കം നിൽക്കാനും ഇതു സഹായിക്കും.

രണ്ടാഴ്‌ചയിലൊരിക്കൽ അൽപ്പം അമോണിയം ചേർത്ത വെള്ളം കൊണ്ട് കഴുകുന്നത് ഗ്ലാസ്സിന് തിളക്കം നൽകും.

ഗ്ലാസ്സ് അല്ലെങ്കില്‍ കപ്പുകളിൽ നിന്ന് ചായയുടേയും മറ്റും കറ കളയുന്നതിന് ഒരു പാത്രം വെള്ളത്തിൽ 30 ശതമാനം ഹൈഡ്രജൻ പെറോക്‌സൈഡ് ഇടുക. ഇതിൽ ഒരു നുള്ള് അമോണിയ ചേർക്കണം. ഈ ലായനിയിൽ കപ്പുകൾ പത്തു മിനിറ്റ് കുതിർത്തു വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ മതി.

ഒരു പാത്രം വെള്ളത്തിൽ ഒരു സ്‌പൂൺ അമോണിയ ചേർത്ത് ചില്ലു പാത്രങ്ങൾ അതിൽ ഒരു രാത്രി ഇട്ടു വയ്‌ക്കുക. കറകൾ ഇളകും.

കടുത്ത കറകൾ ഉണ്ടെങ്കിൽ ബേക്കിംഗ് സോഡ പഞ്ഞിയിൽ മുക്കി പാത്രങ്ങൾ തുടച്ചാൽ മതി.

വെള്ളിപാത്രങ്ങൾ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. ടിഷ്യൂ പേപ്പർ ഉപയോഗിച്ചാൽ വളരെ നല്ലത്.

ചെമ്പ് പാത്രത്തിലെ കറ കളയാൻ ഒരു വഴിയുണ്ട്. ഇളം ചൂട് വെള്ളത്തിൽ മുക്കി വച്ച ശേഷം ഉണങ്ങിയ കോട്ടൺ തുണി കൊണ്ട് തുടച്ചെടുത്താൽ മതി.

പാത്രങ്ങളിലെ കറ കളയാനുള്ള എളുപ്പ വഴികൾ ഇപ്പോൾ പിടികിട്ടി കാണില്ലേ. ഇനി അതിഥികൾ വരുമ്പോഴേക്കും അടുക്കളയിൽ കയറി ഇതെല്ലാം പരീക്ഷിച്ചോളൂ. തിളങ്ങും നിങ്ങളുടെ മുഖം പോലെ നിങ്ങളുടെ പാത്രങ്ങളും!

और कहानियां पढ़ने के लिए क्लिक करें...