ചില സ്‌ത്രീകളുടെ കാര്യം മഹാ കഷ്‌ടമാണ്. ചിരിച്ചാൽ മൂത്രം പോകും. തുമ്മിയാലും ചുമച്ചാലും തഥൈവ. ചിലർക്ക് മണിക്കൂർ തോറും മൂത്രമൊഴിക്കണം… ഇത്തരക്കാരുടെ ജീവിതം എത്ര ദുരിതമായിരിക്കുമെന്ന് ആലോചിച്ചു നോക്കുക. നാൽപതു കഴിഞ്ഞ സ്‌ത്രീകളിൽ 40 ശതമാനത്തിനു ഈ പ്രശ്നമുണ്ടെങ്കിലും അവരെ അത് ഇത്രത്തോളം വലയ്‌ക്കാറില്ല. ഗർഭധാരണം, പ്രസവം, ആർത്തവം, സ്‌ത്രീകളുടെ ഘടന തുടങ്ങിയ പ്രത്യേകതകൾ മൂലമാണ് പുരുഷന്മാരേക്കാളധികം ഈ പ്രശ്നം സ്‌ത്രീകളെ ബാധിക്കുന്നത്.
സ്‌ത്രീകളുടെ കാര്യത്തിൽ ഇതുണ്ടാക്കുന്ന മാനഹാനിയും മാനസിക പ്രശ്നങ്ങളും ചില്ലറയല്ല. ഇക്കാരണങ്ങൾ കൊണ്ട് സൗഹൃദം, സാമൂഹ്യ പരിപാടികൾ പോലും ഒഴിവാക്കുന്ന സ്‌ത്രീകൾ നിരവധിയാണ്. ദീർഘദൂര യാത്ര ഒഴിവാക്കുന്ന സ്‌ത്രീകളുടേയും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ മൂത്രം പോകുന്ന സ്‌ത്രീകളുടേയും മാനസിക സംഘർഷം വിവരണാതീതമാണ്. ഈ പ്രശ്നമുള്ള സ്‌ത്രീകൾക്ക് മൂത്രമൊഴിക്കുമ്പോൾ ചിലപ്പോൾ അത് നിയന്ത്രിക്കാനാവില്ല. ചിലർക്ക് അറിയാതെ നേരിയ തോതിൽ മൂത്രം പോയേക്കാം. മറ്റു ചിലർക്ക് മൂത്രമൊഴിക്കാനുള്ള പ്രേരണ സ്‌ഥിരമായി അനുഭവപ്പെടാം. അതിനെ അടക്കി നിർത്താനും കഴിയില്ല.
അനിയന്ത്രിതമായി മൂത്രം പോക്ക് ഉണ്ടോ എന്ന് പരിശോധിക്കാൻ ചില ചോദ്യങ്ങളുണ്ട്.
- ചുമയ്‌ക്കുമ്പോഴോ ചിരിക്കുമ്പോഴോ ഉയർത്തുമ്പോഴോ നിങ്ങളിൽ നിന്ന് മൂത്രം പുറത്തു പോകുന്നുണ്ടോ?
- ശക്‌തമായ പ്രേരണയാൽ ബാത്ത്‌റൂമിലേക്ക് പോകുമ്പോൾ തന്നെ അറിയാതെ മൂത്രം പോകുമോ?
- ഉറങ്ങാൻ കിടന്നതിനു ശേഷം മൂത്രമൊഴിക്കാൻ വേണ്ടി നിങ്ങൾ എഴുന്നേൽക്കാറുണ്ടോ? മൂത്രമൊഴിക്കാനുള്ള പ്രേരണയാണോ നിങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത്?
- ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾക്ക് മൂത്രം പോയിട്ടുണ്ടോ?
- നിങ്ങളുടെ പാഡുകളിലോ വസ്‌ത്രങ്ങളിലോ എന്നെങ്കിലും മൂത്രം കണ്ടിട്ടുണ്ടോ? നിങ്ങൾ അറിയാതെയാണോ മൂത്രം പോയത്. ഈ ചോദ്യങ്ങളിൽ ഏതെങ്കിലുമൊന്നിന് അതേ എന്നാണ് ഉത്തരമെങ്കിൽ അനിയന്ത്രിതമായ മൂത്രം പോക്ക് എന്ന അവസ്‌ഥ നിങ്ങളിലുണ്ടാകാം. സാധാരണഗതിയിൽ രണ്ടുതരത്തിലാണ് ഈ പ്രശ്നം കാണപ്പെടുന്നത്
സമ്മർദ്ദം കൊണ്ടുണ്ടാകുന്നത്
ചുമയ്‌ക്കുമ്പോഴും ചിരിക്കുമ്പോഴും തുമ്മുമ്പോഴും മറ്റെന്തെങ്കിലും ചലനം ഉണ്ടാക്കുമ്പോഴും നിങ്ങളുടെ മൂത്രാശയത്തിൽ അത് സമ്മർദ്ദം സൃഷ്‌ടിക്കും. അറിയാതെ മൂത്രം പോകാൻ ഇത് ഇടവരുത്തുന്നു. ഗർഭധാരണം, പ്രസവം, ആർത്തവം എന്നിവ മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളാണ് ഇതിലേയ്‌ക്ക് വഴി തെളിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്.
പ്രേരണ നിമിത്തമുണ്ടാകുന്നത്
പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള പ്രേരണയുണ്ടാവുകയും പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ മൂത്രം പോകുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇത്തരമൊരു പ്രശ്നമുണ്ടെന്ന് കരുതാം. ഉറക്കത്തിൽ നിങ്ങളുടെ മൂത്രസഞ്ചി കാലിയാവുകയും ചെറിയൊരളവ് വെള്ളം കുടിച്ചു കഴിയുമ്പോൾ അല്ലെങ്കിൽ വെള്ളത്തിൽ നിങ്ങൾ സ്‌പർശിക്കുമ്പോൾ അതുമല്ലെങ്കിൽ പാത്രം കഴുകുമ്പോഴോ, മറ്റാരെങ്കിലും കുളിക്കുമ്പോൾ വെള്ളം ഒഴുകുന്ന ശബ്‌ദം കേൾക്കുകയോ ചെയ്യുമ്പോൾ ആയിരിക്കും മൂത്രമൊഴിക്കാനുള്ള പ്രേരണയുണ്ടാകുന്നത്.
സ്‌ത്രീകളിൽ മൂത്രം പോക്കിനുള്ള കാരണങ്ങൾ
- യോനിയിലെയോ, മൂത്രനാളിയിലെയോ ചർമ്മം നേർത്തതാകുന്നതും വരണ്ടു പോകുന്നതും, പ്രത്യേകിച്ച് ആർത്തവത്തിനു ശേഷമായിരിക്കും ഇത് അനുഭവപ്പെടുക.
- പ്രസവത്തിനു ശേഷം വസ്‌തി പ്രദേശത്തെ പേശികൾ ദുർബലമാകുകയോ വലിയുകയോ ചെയ്യുന്നത്.
- ചില മരുന്നുകളുടെ ഉപയോഗം.
- പൊണ്ണത്തടി, അധികഭാരം എന്നിവ. ഇവ മൂലം മൂത്രസഞ്ചിക്കു അതിനെ നിയന്ത്രിക്കുന്ന പേശികൾക്കും സമ്മർദ്ദം വർദ്ധിക്കുന്നതാണ് കാരണം.
- മൂത്രാശയത്തിലെ അണുബാധ.
- സിരാ രോഗങ്ങൾ.
- പ്രമേഹം, അൾഷിമേഴ്‌സ്, വ്യാപകമായ മരവിപ്പ്.
ചികിത്സ
അനിയന്ത്രിതമായ മൂത്രം പോക്ക് ഒരു യൂറോ ഗൈനോക്കോളജിസ്‌റ്റിന് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കെഗൽ വ്യായാമങ്ങൾ, ബ്ലാഡർ ട്രെയിനിംഗ് എന്നിവ വഴി വസ്‌തി പ്രദേശത്തെ പേശികൾ ദൃഢമാക്കി ചിലതരം മൂത്രം പോക്കിനെ നിയന്ത്രിക്കാൻ മരുന്നുകളും ഫലപ്രദമാണ്. കടുത്ത പ്രശ്നമാണെങ്കിൽ ശസ്‌ത്രക്രിയ നടത്തേണ്ടി വരും.
സമ്മർദ്ദം മൂലമുണ്ടാകുന്ന മൂത്രം പോക്കിനുള്ള കെഗൽ വ്യായാമങ്ങൾ
മൂത്രാശയത്തെ നിയന്ത്രിക്കുന്ന പേശികളെ ശക്‌തിപ്പെടുത്താൻ കെഗൽ വ്യായാമങ്ങൾ സഹായിക്കുന്നു. ഈ വ്യായാമങ്ങൾ ഏതു നേരവും എവിടെ നിന്നും ചെയ്യാവുന്നതാണ്. ഫലം ഉണ്ടാകാൻ മൂന്നു മുതൽ ആറുമാസം വരെ വ്യായാമം ചെയ്യേണ്ടി വരും.
ആദ്യം നാം ചെയ്യേണ്ടത് നിയന്ത്രണ പേശികളെ കണ്ടെത്തുകയെന്നതാണ്. വയറിലെയോ കാലിലെയോ നിതംബത്തിലെയോ പേശികൾ ഉപയോഗിക്കാതെ മൂത്ര പ്രവാഹം നിർത്തുകയോ, സാവധാനമാക്കുകയോ ചെയ്ത് ഇവയെ കണ്ടുപിടിക്കാം. മൂത്ര പ്രവാഹം നിർത്താനോ സാവധാനമാക്കാനോ കഴിഞ്ഞാൽ ഈ പേശികളെ നിങ്ങൾ കണ്ടെത്തിയെന്നർത്ഥം. ഇനി താഴെപ്പറയും പ്രകാരം ചെയ്യുക.
- ഈ പേശികളെ ഞെരുക്കിപ്പിടിക്കുക. നാലുവരെ എണ്ണുന്നതുവരെ അങ്ങനെ തന്നെ പിടിക്കുക. വീണ്ടും നാലു വരെ എണ്ണിക്കൊണ്ട് അവയെ അയച്ചുവിടുക.
- പത്തുതവണ ഇതാവർത്തിക്കുക. ദിവസവും രണ്ടുനേരം ഇങ്ങനെ ചെയ്യണം.
- ഓരോ ദിവസം കഴിയുന്തോറും എണ്ണവും തവണയും കൂട്ടുക. പിന്നെ എണ്ണം മാറ്റി പത്തു സെക്കന്‍റാക്കുക. 20 തവണ ഇങ്ങനെ ആവർത്തിക്കുകയും ദിവസം മൂന്നു നേരമാക്കുകയും ചെയ്യുക.
പ്രേരണ നിമിത്തമുള്ള മൂത്രം പോക്കിനുള്ള ബ്ലാഡർ ട്രെയിനിംഗ്
- മുൻകൂട്ടി നിശ്ചയിച്ച ഇടവേളകളിൽ മാത്രം മൂത്രമൊഴിക്കാൻ ശ്രമിക്കുക. ഇത് മുപ്പതു മിനിറ്റ് മുതൽ രണ്ടു മണിക്കൂർ വരെയായി നിശ്ചയിക്കാം. മൂത്രമൊഴിക്കാൻ തോന്നുന്നില്ലെങ്കിലും ഈ ഇടവേളകൾ പ്രകാരം മൂത്രമൊഴിക്കുക.
- സാവധാനം ഈ സമയം ദീർഘിപ്പിക്കുക. ഇടവേളകളുടെ സമയം മൂന്നു മുതൽ നാലു മണിക്കൂർ വരെയാക്കുക.
നിശ്ചിത സമയത്തിനു മുമ്പ് മൂത്രമൊഴിക്കാൻ പ്രേരണയുണ്ടായാൽ റിലാക്‌സേഷൻ രീതി അനുവർത്തിക്കാം. അതായത് സാവധാനമായും ദീർഘമായും ശ്വസിക്കുക. മൂത്രമൊഴിക്കാനുള്ള പ്രേരണ പോകുന്നതു വരെ ശ്വസനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രേരണ ഇല്ലാതായ ശേഷം അഞ്ചു മിനിറ്റ് കാത്തിരിക്കുക. തുടർന്ന് നിങ്ങൾക്ക് മൂത്രമൊഴിക്കാൻ തോന്നിയില്ലെങ്കിൽ പോലും മൂത്രമൊഴിക്കാൻ ശ്രമിക്കണം. ഇങ്ങനെ പോകാത്ത പക്ഷം അടുത്ത പ്രേരണയെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു വരും. ആദ്യപ്രേരണയ്‌ക്കു ശേഷം അഞ്ച് മിനിറ്റ് അനായാസം കാത്തിരിക്കാൻ കഴിയുമ്പോൾ തുടർന്ന് പത്ത് മിനിറ്റ് കാത്തിരിക്കുന്നത് ശീലമാക്കുക. ഈ പരിശീലനത്തിന്‍റെ ഫലം മൂന്നു മുതൽ 12 ആഴ്‌ചയ്‌ക്കു ശേഷം ഉണ്ടാകും.
സ്‌ത്രീകൾ ഉത്കണ്ഠപ്പെടേണ്ടതില്ല. അനേകശതം സ്‌ത്രീകൾക്ക് ദുരിതവും മനോവ്യഥയും സമ്മാനിക്കുന്ന ഈ പ്രശ്നം ഭേദമാക്കാവുന്നതാണ്. കെഗൽ വ്യായാമങ്ങളും ബ്ലാഡർ ട്രെയിനിംഗും 80 ശതമാനം സ്‌ത്രീകളിലും ഫലപ്രദമാണ്. ശേഷിക്കുന്നവർക്ക് മരുന്നോ, ശസ്‌ത്രക്രിയയോ വഴി സൗഖ്യം പ്രാപിക്കാം.
– ഡോ. വിജയലക്ഷ്‌മി ജി. പിള്ള