നിങ്ങളുടെ കിടപ്പുമുറി കണ്ടാൽ നെറ്റി ചുളിയ്‌ക്കാൻ തോന്നുന്നുവെങ്കിൽ അവിടെ ചില മാറ്റങ്ങൾ ആവശ്യമുണ്ടെന്ന് അർത്ഥം. അതാത് സാധനങ്ങൾ അതാത് സ്‌ഥലത്ത് കൃത്യമായി വയ്‌ക്കാഞ്ഞാൽ കിടപ്പറ ആകെ അലങ്കോലമായി തോന്നിക്കും. ഈ തലവേദന അകറ്റാൻ തലയണ മാറ്റിയാൽ മാത്രം പോര. മൊത്തത്തിൽ എല്ലാം റീ അറേഞ്ച് ചെയ്യേണ്ടതുണ്ട്. അതിനുള്ള ടിപ്‌സ് ഞങ്ങൾ പറഞ്ഞു തരാം.

കട്ടിൽ – കട്ടിലിന്‍റെ ഹെഡ് റെസ്‌റ്റ് വലുതാണെങ്കിൽ ഭിത്തിയിൽ ഉറപ്പിക്കണം. തടി, പ്ലൈവുഡ് ഇവ കൊണ്ടാവും ഹെഡ് റെസ്‌റ്റ് ഉണ്ടാക്കിയിരിക്കുക. തല വയ്‌ക്കുന്ന ഭാഗത്ത് ലെതർ അല്ലെങ്കിൽ സിൽക്ക് കൊണ്ട് ചുവരിൽ ഫർണ്ണിഷ് ചെയ്യണം. ഇങ്ങനെ ചെയ്‌താൽ കിടപ്പുമുറികളുടെ സൗന്ദര്യവും പ്രൗഢിയും കൂടും. 60 സെ.മീ. ഉയരമാണ് കട്ടിലിന് അനുയോജ്യം. ഉയരം കൂടിയാലും കുറഞ്ഞാലും കുട്ടികൾക്കും പ്രായമായവർക്കും അസുഖമുള്ളവർക്കും ബുദ്ധിമുട്ടാവും. ചെറിയ കുട്ടികളുടെയും നവ ദമ്പതികളുടെയും കിടപ്പുമുറിയിൽ ഉയരം കുറഞ്ഞ ലോ ബെഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

ബ്ലൈൻഡ്‌സ് – മുള, തടി, പ്ലാസ്‌റ്റിക് പാളികളുള്ള വെനീഷ്യൽ ബ്ലൈൻഡുകളാണെങ്കിൽ പുറത്ത് കനം കുറഞ്ഞ ഷീർ കർട്ടൺ ഇടാം. തുണികൊണ്ടുള്ള റോമൻ റോളർ ബ്ലൈൻഡുകൾ ആണെങ്കിൽ ആവശ്യാനുസരണം ഉയർത്തി വയ്‌ക്കാനും സ്വകാര്യത ആവശ്യമുള്ളപ്പോൾ താഴ്‌ത്തിയിടാനും സാധിക്കും. വെളിച്ചം കടന്നു വരാൻ ഇത്തരം ബ്ലൈൻഡുകൾ ഉപയോഗപ്പെടുത്താം.

വാതിൽ – കനം കൂടിയ വാതിലുകൾ കിടപ്പുമുറിയ്‌ക്ക് വേണമെന്നില്ല. ഇനി കൊത്തുപണികൾ ഉള്ളത് വേണമെന്ന് നിർബന്ധമുള്ളവർക്ക് തടികളുടെ വാതിലുകൾ വയ്‌ക്കാം. ഫ്‌ളഷ് ഡോറുകൾ വാങ്ങി അതിൽ വെനീർ, ലാമിനേറ്റ് എന്നിവ പരീക്ഷിയ്‌ക്കാം, വ്യത്യസ്‌തത അനുഭവപ്പെടും. റെഡിമെയ്‌ഡ് വാതിലുകളിൽ വാൾ പേപ്പറും സ്‌റ്റിക്കറും ഒട്ടിച്ച് പുതുമ നൽകുകയും ആവാം.

ഫ്‌ളോറിംഗ് – തടിയും ടൈലും ഇടക ലർത്തി ഫ്‌ളോറിംഗ് ചെയ്യുന്നത് ഭംഗി പകരും. കുളിമുറിയിൽ നിന്ന് കിടപ്പുമുറിയിലേയ്‌ക്ക് കാൽ വയ്‌ക്കുന്ന ഇടത്ത്, ബഡ്‌റൂമിൽ ഉപയോഗിച്ച ടൈലിന്‍റെ തുടർച്ച വിരിയ്‌ക്കാം. വെള്ളം വീണ് വുഡൻ ലാമിനേഷൻ കൂടുതൽ കാലം കേടാവാതെ ഇരിക്കാൻ ഇത് സഹായിക്കും. ഇതു കൂടാതെ തറയോട്, തടി എന്നിവയും കിടപ്പുമുറി ഫ്‌ളോറിംഗിന് ഉപയോഗിക്കാം.

മേശ – കിടപ്പുമുറിയുടെ ഉപയോഗ ശൂന്യമായ സ്‌ഥലത്ത് തടിയോ ഗ്രാനൈറ്റോ ഉപയോഗിച്ച് ചെറിയ ടേബിൾ പണിയാം. കട്ടിലിന്‍റെ ഇരുവശത്തും സൈഡ് ടേബിൾ ഉണ്ടായാൽ നന്ന്. കട്ടിലുപയോഗിക്കുന്ന രണ്ടുപേർക്കും കണ്ണട, മൊബൈൽ, ഡയറി, മരുന്നുകൾ എന്നിവയെല്ലാം വേറെ വേറെ സൂക്ഷിക്കാമല്ലോ.

ജനൽ – മുറിക്കുള്ളിലെ കാഴ്‌ചകൾ പുറത്തേയ്‌ക്ക് കാണാത്ത തരം ഗ്ലാസ്സുകൾ ആണ് ജനലിനു ഉപയോഗിക്കേണ്ടത്. ചൂട് അധികം കടത്തിവിടാത്ത ഇൻസുലേഷൻ ഗ്ലാസ്സും ഉപയോഗിക്കാം. രണ്ട് ഗ്ലാസ്സ് പീസ് യോജിപ്പിച്ചാണ് ഇൻസുലേറ്റഡ് ഗ്ലാസ്സ് നിർമ്മിക്കുന്നത്. ഇത് അധികം ശബ്‌ദം കടത്തി വിടുകയില്ല.

വെന്‍റിലേഷൻ – വീടിന് പുറത്തുള്ള വായുവിനേക്കാൾ 60 ശതമാനം കൂടുതൽ മലിനമാണ് കിടപ്പുമുറിയിലെ വായു എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അതിനാൽ വെന്‍റിലേഷൻ കാര്യത്തിൽ അതീവ ശ്രദ്ധ വേണം. ജനലും മറ്റും മിക്ക സമയത്തും അടച്ചിട്ടിരിക്കുന്നതാണ് കാരണം. കിടപ്പുമുറിയിൽ ക്രോസ് വെന്‍റിലേഷൻ ഉറപ്പു വരുത്തണം. വലിയ ജനലുകളും എയർ ഹോളുകളും സ്‌ഥാപിക്കാം.

പ്രകൃതിദത്ത പ്രകാശം- കൂടുതൽ വെളിച്ചം ലഭിക്കുന്ന രീതിയിലാണ് ജനൽ സ്‌ഥാപിക്കേണ്ടത്. എന്നാൽ പ്രായമുള്ളവരുടെ കിടപ്പുമുറിയിൽ നേരിട്ട് വെയിൽ അടിക്കുന്നത് ഒഴിവാക്കണം. പ്രകൃതിദത്ത പ്രകാശം കിടപ്പറയിലെത്തുന്നത് രാവിലെയാണെങ്കിൽ ആരോഗ്യത്തിന് അത് നല്ലതാണ്. പോസിറ്റീവ് എനർജി നൽകും.

കണ്ണാടി – ചെറിയ കിടപ്പുമുറിയ്‌ക്ക് കൂടുതൽ വലിപ്പം തോന്നിക്കാൻ കണ്ണാടികൾ സ്‌ഥാപിക്കാം. മുറിയ്‌ക്ക് ഒരു നാടകീയത കൈവരുത്താനും ഇതിലൂടെ സാധിക്കും. വാർഡ്രോബിന്‍റെ ഷട്ടറുകളിൽ ഒന്ന് മുഴുവനും കണ്ണാടിയാക്കിയാൽ മുറിയ്‌ക്ക് വലുപ്പം തോന്നിക്കും. വാതിലിന്‍റെ അകത്ത് വരുന്ന ഭാഗത്ത് കണ്ണാടി സ്‌ഥാപിക്കുന്നതും മുറിയ്‌ക്ക് വിസ്‌തീർണ്ണം തോന്നിക്കാൻ ഇടയാക്കും.

വാർഡ്രോബ് – കിടപ്പുമുറി ചെറുതാണെങ്കിൽ അവിടെ അലമാരയ്‌ക്ക് വേണ്ടി സ്‌ഥലം നീക്കി വയ്‌ക്കരുത്. ഭിത്തി ഉള്ളിലേയ്‌ക്ക് നീക്കി അലമാര പണിയുകയാണെങ്കിൽ സ്‌ഥലപരിമിതി മറികടക്കാനാവും. മുറിയുടെ അതേ നിരപ്പിൽ അലമാര നിൽക്കുകയും ചെയ്യും.

സോണുകൾ – ഉപയോഗത്തിന് അനുസരിച്ച് മുറി സോൺ ആയി തിരിക്കുക. ഉറങ്ങാനുള്ള സ്‌ഥലം, വായിക്കാനുള്ള സ്‌ഥലം, ഡ്രസിംഗിനുള്ള സ്‌ഥലം എന്നിങ്ങനെ ഈ സോണുകൾ ഫ്‌ളോറിംഗ് ഉപയോഗിച്ചോ കുഷനുകളുടെ നിറമുപയോഗിച്ചോ വേർതിരിക്കാം.

പെയിന്‍റിംഗ് – തീക്ഷ്‌ണമായ നിറങ്ങൾ കിടപ്പുമുറിയ്‌ക്ക് യോജിക്കില്ല. ചിത്രങ്ങളും മറ്റും ചുമരുകളിൽ വരയ്‌ക്കാതിരിക്കാനും ശ്രദ്ധിക്കണം. വൈറ്റ് സ്‌പേസ് കൂടുതലുള്ള ഇളം നിറങ്ങൾ ഉപയോഗിച്ച് തീർത്ത പെയിന്‍റിംഗുകൾ ചുമരിൽ വരയ്‌ക്കാം. പൂക്കൾ, ചിത്രശലഭങ്ങൾ തുടങ്ങിയ ബിംബങ്ങളും യോജിക്കും.

അലങ്കാരങ്ങൾ – കിടപ്പുമുറിയിൽ ലളിതമായ അലങ്കാരങ്ങൾ മതി. ഗ്ലാസ് ഫോട്ടോ ഫ്രെയിമുകളും ഫ്‌ളവർ വേസും ഭംഗിക്ക് വേണ്ടി കട്ടിലിന്‍റെ സൈഡ് ടേബിളിൽ വയ്‌ക്കരുത്. ഡ്രസ്സിംഗ്/ സ്‌റ്റഡി ടേബിളിനു മുകളിൽ അത്തരം അലങ്കാരങ്ങൾ വയ്‌ക്കാം.

കോർട്ട് യാർഡ് – ചെറിയ കിടപ്പുമുറിയാണെങ്കിൽ ഒരടി നീളവും ഒരടി വീതിയും ഉള്ള ഒരു ചതുരം ഫ്‌ളോറിൽ താഴ്‌ത്തി നിർമ്മിച്ച്, അതിൽ പെബിൾസ് വിരിച്ച് കോർട്ട് യാർഡ് ആക്കാം. ഇതിൽ ഇൻഡോർ പ്ലാന്‍റുകൾ വയ്‌ക്കാം.

ലൈറ്റിംഗ് – കിടപ്പുമുറിയിലെ വെളിച്ച വിതാനം വളരെ പ്രധാനമാണ്. കട്ടിലിന്‍റെ ഉയരവും ബെഡ്‌റൂം ലാംപിന്‍റെ വലുപ്പവും തമ്മിലുള്ള അനുപാതം കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. ഉയരമുള്ള കട്ടിലാണെങ്കിൽ ലാംപ്ഷേഡ് വലുതായിരുന്നാൽ മുറി ഇടുങ്ങിയതായി അനുഭവപ്പെടും. ഉയരം കുറഞ്ഞ കട്ടിലിനോട് ചേർന്ന് വലിയ ലാംപ് ഷേഡ് ഉപയോഗിച്ചാൽ കൂടുതൽ ഭംഗി ലഭിക്കും.

സ്വിച്ച് ആന്‍റ് ലൈറ്റ് – കിടപ്പുമുറിയിൽ എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുക. റീഡിംഗ് ലാംപ് ഒഴികെ മറ്റിടങ്ങളിൽ ധാരാളം വെളിച്ചമുള്ള ലൈറ്റ് വേണമെന്നില്ല. വെള്ള നിറത്തിലുള്ളതോ ഇളം മഞ്ഞ നിറത്തിലുള്ളതോ ഏതെങ്കിലും ഇഷ്‌ടപ്പെട്ടത് തിരഞ്ഞെടുക്കാം. ലൈറ്റ് ആയാലും കിടപ്പറയിൽ നേരിയ പ്രകാശം വേണമെങ്കിൽ എൽഇഡി ഘടിപ്പിച്ച സ്വിച്ചുകൾ സ്‌ഥാപിക്കാം. കിടപ്പുമുറിയിലെയും ബാത്ത്‌റൂമിലെയും പ്രധാന സ്വിച്ചുകളെല്ലാം ഇത്തരത്തിൽ എൽഇഡിയോടു കൂടിയത് സ്‌ഥാപിക്കാം.

കബോഡ് – കഴുകി ഇസ്‌തിരിയിടാനുള്ള തുണികളും മറ്റും ഇട്ടുവയ്‌ക്കാൻ ഓരോ കബോഡുകൾ നീക്കി വയ്‌ക്കുന്നതാണ് നല്ലത്. മുഷിഞ്ഞ തുണി ഇട്ടുവയ്‌ക്കാനുള്ള കബോഡ് വായു സഞ്ചാരം ഉറപ്പു വരുത്തുന്നതായിരിക്കണം. പക്ഷേ ഇതിൽ പല്ലിയോ പാറ്റയോ കയറാതെ സൂക്ഷിക്കുകയും വേണം.

ബാത്ത് റൂം – കിടപ്പു മുറിയോട് അനുബന്ധിച്ചുള്ള കുളിമുറി ഡ്രൈ സ്‌പേസും വെറ്റ് സ്‌പേസുമായി വേർതിരിച്ച് നിർമ്മിച്ചാൽ വളരെ നല്ലത്. വെള്ളം ചവുട്ടി ബെഡ്‌റൂമിലെ ടൈലുകളിൽ അഴുക്ക് പറ്റി പിടിക്കരുത്. കളർഫുൾ ചവുട്ടികൾ കിടപ്പുമുറിയിൽ ഇടാം. അത് ആഴ്‌ചയിൽ ഒരിക്കൽ മാറ്റുകയും വേണം. തുണികൊണ്ടുള്ള ചവുട്ടികൾ ആണ് അഭികാമ്യം.

और कहानियां पढ़ने के लिए क्लिक करें...