കല്യാണത്തിനു പോകാനായി അണിഞ്ഞൊരുങ്ങിയ ശേഷം ഞാൻ രോഹനോട് ചോദിച്ചു. “എന്നെ കാണാൻ ഇപ്പോൾ എങ്ങനെയുണ്ട്?”
“വളരെ നന്നായിട്ടുണ്ട്” എന്നെ ശ്രദ്ധിക്കാതെ ഇത്രയും പറഞ്ഞ് രോഹൻ ടൈ കെട്ടുന്നതിൽ മുഴുകി.
“ഒന്നു നന്നായി നോക്കാതെ എങ്ങനെയാണ് ഒരാൾക്ക് അഭിനന്ദിക്കാനാവുക. അത് ശരിക്കും ബോറായി പോയി” ഞാൻ നീരസം പ്രകടിപ്പിച്ചു.
“പിണങ്ങാതെ സുന്ദരി, നിന്നെ കാണാൻ ഏതു വേഷത്തിലും മനോഹരമാണ്” അദ്ദേഹം എന്നെ കയ്യിലെടുക്കാൻ ശ്രമിച്ചു.
“ഒരാൾ സുന്ദരിയാണെങ്കിലും നോക്കാതെയാണോ അഭിപ്രായം പറയേണ്ടത്. അത് ശരിക്കും അപമാനിക്കലാണ്.”
“ചങ്ങാതി, നീ പിണങ്ങാതെ”
“കല്ലുകൊണ്ടുണ്ടാക്കിയ ഹൃദയമൊന്നുമല്ല എന്‍റേത്. ഭർത്താവ് മുറിവേൽപ്പിച്ചാൽ എനിക്കും വേദനിക്കും.”
“എന്നോട് ക്ഷമിക്കൂ ഭാര്യേ.”
“പ്ലീസ്, ഇങ്ങനെ ആത്മാർഥതയില്ലാതെ എന്നോട് ക്ഷമ ചോദിക്കുകയൊന്നും വേണ്ട.”
“നീ എന്തിനാണിങ്ങനെ ചെറിയ കാര്യത്തിനു വേണ്ടി വെറുതെ ദേഷ്യം പിടിക്കുന്നത്.”
“ചെറിയ കാര്യമാണോ ഇത്? എനിക്ക് അധിക ബുദ്ധിയൊന്നുമില്ലായിരിക്കാം. പക്ഷേ വെറുതെ ദേഷ്യം പിടിക്കുന്ന സ്വഭാവം എനിക്കില്ല.”
“അനു, നിന്നെ പറഞ്ഞ് മനസ്സിലാക്കാൻ വലിയ പാടാണ്.” രോഹൻ ശരിക്കും വിയർത്തു.
“നിങ്ങൾ എന്നെ മനസ്സിലാക്കാത്തത് എന്‍റെ കുറ്റമല്ലല്ലോ, അതിനു നിങ്ങൾ ഇതുവരെ ശ്രമിച്ചിട്ടുമില്ല.”
“അയ്യോ… എന്നോട് ക്ഷമിക്ക്…” അദ്ദേഹം എന്‍റെ നേരെ കൈകൂപ്പി ശാന്തസ്വരത്തിൽ പറഞ്ഞു.
“ഇല്ല” ഞാൻ ഉറക്കെ സ്‌റ്റൈലായി ഡയലോഗ് കാച്ചി. എന്നിട്ട് വളരെ നാടകീയമായി ഞാൻ മുറി വിട്ടുപോന്നു.
കല്യാണ ഹാളിലെത്തുന്നതുവരെ ഞാൻ കാറിൽ മിണ്ടാതെ ഇരുന്ന് പുറം കാഴ്‌ചകളിൽ ലയിച്ചു. അറിയാതെ കണ്ണുകൾ ഉടക്കിയപ്പോൾ അദ്ദേഹം നെറ്റിചുളിച്ച് എന്നെ നോക്കുന്നതാണ് കണ്ടത്.
ഇപ്പോൾ ഞാൻ അദ്ദേഹത്തോട് പിണങ്ങിയിരിക്കുകയാണോ അല്ലയോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. എന്‍റെ മൂഡ് നല്ലതായിരുന്നു. പക്ഷേ കളിചിരി പറയാനുള്ള മനസ്സുണ്ടായിരുന്നില്ല എന്നു മാത്രം. എന്‍റെ നീക്കങ്ങൾ അദ്ദേഹത്തെ ശരിക്കും വെട്ടിലാക്കിയിരുന്നു.
കല്യാണഹാളിൽ വച്ച് ഞാൻ കൈ മെല്ലെ പിടിച്ചപ്പോൾ ആശ്ചര്യത്തോടെയാണ് രോഹൻ എന്നെ നോക്കിയത്. ഞാൻ സ്‌നേഹത്തോടെ അദ്ദേഹത്തിന്‍റെ കണ്ണുകളിലേയ്‌ക്ക് നോക്കിയപ്പോൾ രോഹൻ നന്നായി ശ്വാസമെടുത്തു കൊണ്ട് പറഞ്ഞു.
“നിന്നെ എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ, അനു.”
“ഐ ലൗ യൂ” ആൾക്കൂട്ടത്തെ ശ്രദ്ധിക്കാതെ തന്നെ ഞാൻ അദ്ദേഹത്തിന്‍റെ കൈ കടന്നു പിടിച്ച് ചുംബിച്ചു.
“പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഞാനൊരു വട്ട് കേസ്സുള്ള പെണ്ണിനെയാണ് കല്യാണം കഴിച്ചതെന്ന്” രോഹൻ കളിയാക്കി.
“താങ്ക്‌യൂ സർ” എന്‍റെ ചേഷ്‌ടകൾ രോഹനെ വല്ലാതെ ആഹ്ലാദിപ്പിച്ചതായി എനിക്ക് തോന്നി.
ഞങ്ങൾ രോഹന്‍റെ സഹപ്രവർത്തക റീമയുടെ കല്യാണ ചടങ്ങിനു വന്നതാണ്. റീമ അദ്ദേഹത്തിനൊപ്പം കോളേജിലും ഉണ്ടായിരുന്നു. ഒരു പാട് വർഷത്തെ പരിചയമുണ്ട് ഇരുവർക്കും. അതുകൊണ്ട് തന്നെ പാർട്ടിയിലും അറിയുന്ന ഒരുപാട് പേർ ഉണ്ടായിരുന്നു. കോമൺ ഫ്രെണ്ട്‌സ്, ബന്ധുക്കൾ, സഹപ്രവർത്തകർ, അധ്യാപകർ…
അവിടെ വച്ച് ഞാൻ രോഹന്‍റെ പഴയതും പുതിയതുമായ സുഹൃത്തുക്കളെ പരിചയപ്പെട്ടു. പ്രത്യേകിച്ചും സ്‌ത്രീ സുഹൃത്തുക്കളെ. സ്‌നേഹബഹുമാനമുള്ളവരും സുന്ദരികളുമായിരുന്നു അവരെല്ലാം.
“അനു, ഇന്ന് എനിക്ക് നിന്നോട് ഒരു കാര്യം പറഞ്ഞേ മതിയാവൂ” രോഹന്‍റെ സഹപ്രവർത്തകയായ നേഹ പറഞ്ഞു.
“ഇതിനു മുമ്പത്തെ പാർട്ടിയിൽ വച്ചു കണ്ടപ്പോൾ നീ വിമുഖത കാണിച്ചിരുന്നു. അന്ന് ആരോടും തല ഉയർത്തി സംസാരിക്കാൻ തന്നെ നിനക്ക് മടിയായിരുന്നു. പക്ഷേ ഇന്ന് എത്ര സ്‌മാർട്ടായാണ് നീ കാണപ്പെടുന്നത്. എല്ലാവരോടും വളരെ അടുത്ത് ഇടപഴകുന്നു.”
“ഇന്ന് ഭർത്താവിന്‍റെ മൂഡ് നല്ലതാണ്. അതിനാൽ ഞാനും സന്തോഷവതിയാണ്. ഇനി അദ്ദേഹം ശുണ്ഠി കാണിച്ചാൽ ചിലപ്പോൾ കരഞ്ഞെന്നും വരാം. നേഹ.. കല്യാണത്തിനു ശേഷം നമ്മൾ പെൺകുട്ടികളുടെ മൂഡ് ഭർത്താവിന്‍റെ വികാരപ്രകടനങ്ങൾക്കും മൂഡിനും അനുസരിച്ചായിരിക്കും.” ഞാൻ കളിയും കാര്യവും ചേർത്ത് മറുപടി പറഞ്ഞു.
“അനു എന്തിനാണ് എന്നെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തുന്നത്.” രോഹന് ഞാൻ പറഞ്ഞത് തീരെ ഇഷ്‌ടപ്പെട്ടില്ല.
“കല്യാണം കഴിഞ്ഞ് മൂന്നു മാസം ആയിട്ടും എെൻ ഭാര്യയുടെ സ്വഭാവം എനിക്ക് പിടികിട്ടിയിട്ടില്ല.” രോഹൻ മുഖം വീർപ്പിച്ചു.
“എന്നെ മനസ്സിലാക്കാൻ ഇത്ര ധൃതി വയ്‌ക്കുന്നത് എന്തിനാണ്. അല്ലെങ്കിൽ തന്നെ, നീ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?” വളരെ റൊമാന്‍റിക്കായാണ് ഞാനിതു പറഞ്ഞത്.
“നീയിതെന്തെല്ലാമാണ് പറയുന്നത്. ഞാൻ നിന്‍റെ വലിയ ഫാനല്ലെ.”
അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എന്നിട്ട് നേഹയെ നോക്കി ചിരിച്ചു.
“ഇത്രയും സുന്ദരിയായ പെൺകുട്ടികൾ ഇവിടെയുള്ളപ്പോൾ എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുമോ?”
എന്‍റെ ചിരിയിൽ നേഹയും പങ്കു ചേർന്നു. “അല്ലാ ഈ പാർട്ടിയിൽ വരുന്നവരോട് മുഴുവൻ എന്നെപ്പറ്റി പരദൂഷണം വിളമ്പിയിരുന്നാൽ മതിയോ? നമുക്ക് വല്ലതും കഴിക്കണ്ടേ?”
ഇതു കൂടി കേട്ടതോടെ നേഹ തന്‍റെ ഒരു സുഹൃത്തിന്‍റെ അടുത്തേയ്‌ക്ക് നീങ്ങി.
“എനിക്ക് ആദ്യം കുറച്ച് നാരങ്ങാവെള്ളം കിട്ടിയാൽ കൊള്ളാമെന്നുണ്ട്.” ഞാൻ എന്‍റെ ആഗ്രഹം പറഞ്ഞതും രോഹൻ വെള്ളം സംഘടിപ്പിച്ചു കൊണ്ടു വന്നു. ഭക്ഷണത്തിന് അവിടെ നല്ല തിരക്കായിരുന്നു.
ആൾക്കൂട്ടത്തിൽ ഞങ്ങൾ നടക്കുമ്പോൾ ഞാൻ രോഹനെ ആരും അറിയാതെ ഒന്നു നുള്ളി!
കല്യാണപാർട്ടിയിൽ വച്ച് രോഹൻ സ്‌ത്രീകളുമായി അടുത്തിട പഴകുന്നതു കണ്ടപ്പോൾ, വിവാഹത്തിനു മുമ്പ് രോഹൻ ഇവരുടെ ഇടയിൽ വലിയ പുള്ളി ആയിരുന്നു എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. പല സ്‌ത്രീകളും ഇപ്പോഴും രോഹന്‍റെ വലിയ ആരാധകരായിരുന്നു. മുമ്പ് നടന്ന പാർട്ടികളിലൊന്നും ഞാൻ രോഹന്‍റെ സുഹൃത്തുക്കളോട് ഇത്ര അടുത്ത് ഇടപഴകിയിരുന്നില്ല. പക്ഷേ ഇന്ന് ആരെങ്കിലും രോഹനെ പ്രശംസിക്കാൻ തുടങ്ങിയാൻ നാല് വർത്തമാനം പറയാൻ ഞാൻ പഠിച്ചിരിക്കുന്നു.
“നിങ്ങളുടെ ജോഡി എത്ര മനോഹരമാണ്. രോഹൻ ഭൂമിയിൽ അവതരിച്ചതു തന്നെ അനുവിനെ കെട്ടാനാണെന്ന് തോന്നും.” സിബി തട്ടിവിട്ടു.
ഞാനും മോശമാക്കിയില്ല. “അത്… രോഹൻ സൂര്യനും ഞാൻ ചന്ദ്രനുമാണ്. സൂര്യനിൽ നിന്ന് വെളിച്ചം സ്വീകരിച്ചാണ് ചന്ദ്രൻ തിളങ്ങുന്നത്…” ഞാൻ ക്രെഡിറ്റെല്ലാം രോഹന് നൽകി.
ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരു സുഹൃത്തായ ധ്വനി എന്നോട് ചോദിച്ചു. “അനു, രോഹൻ ഒരു നല്ല ഭർത്താവ് ആണോ?”
“എന്‍റെ സ്വപ്‌നത്തിലെ പുരുഷനാണ് അദ്ദേഹം. സുന്ദരൻ, മിടുക്കൻ, സൽസ്വഭാവി ഇത്രയും നല്ലവനായ ഒരാളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.”
ഇത്രയും പറഞ്ഞപ്പോഴേക്കും ധ്വനിയുടെ മുഖം വാടി. ചിലർ അങ്ങനെയാണ് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്‌ടപ്പെടില്ല, മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആഹ്ലാദിക്കുന്നവരാണിവർ.
ഇങ്ങനെ പരസ്‌പര വിരുദ്ധമായി ഞാൻ പലരോടും സംസാരിക്കുന്നതു കണ്ടപ്പോൾ രോഹന് ആകെ കൺഫ്യൂഷനായി. “ചിലരോട് എന്നെ പുകഴ്‌ത്തി പറയുന്നു. ചിലരോട് എന്‍റെ കുറ്റങ്ങൾ പറയുന്നു. നിനക്ക് തലയ്‌ക്ക് വല്ലതും പറ്റിയോ അനു” രോഹൻ ചോദിക്കാതിരുന്നില്ല.
“ഞാൻ നിന്‍റെ ഹൃദയത്തിൽ കുടികൊള്ളുന്നവളാണ്” ഞാൻ ഒരു കവിയെപ്പോലെ രോഹനോട് സംസാരിക്കാൻ തുടങ്ങി. എന്‍റെ കാവ്യം കേട്ടു തീർന്നതും രോഹൻ സ്‌ത്രീകളെപ്പോലെ നാണം കുണുങ്ങുന്നത് ഞാൻ ആദ്യമായി കണ്ടു, ആ സമയത്ത് അദ്ദേഹത്തിന്‍റെ മുഖം എത്ര നിഷ്‌കളങ്കവും ചുവന്നതും ആയിരുന്നു!
കാറിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന സ്‌നേഹപ്രകടനമാണ് ഞാൻ നടത്തിയത്. അതിനാൽ തന്നെ വീട്ടിലെത്തിയിട്ടും എന്നിൽ നിന്ന് അകന്നു നിൽക്കാൻ അദ്ദേഹത്തിനു തോന്നിയില്ല.
“ഈ വീട്ടിലെ പിടക്കോഴിയെ പിടിയ്‌ക്കാൻ എളുപ്പമാണെന്ന് കരുതേണ്ട. അതിന് ഒരുപാട് പാട് പെടേണ്ടി വരും.” ഞാൻ രോഹന്‍റെ കരവലയത്തിൽ നിന്ന് കുതറി മാറി.
ഞങ്ങളുടെ രണ്ടാളുടെയും മൂഡ് നല്ലതായിരുന്നു. രോഹൻ എന്നെ പിടിക്കാനായി ആഞ്ഞു. ഞാൻ ഓടി ബാത്ത്‌റൂമിൽ ഒളിച്ചു. എന്നെ പുറത്തേയ്‌ക്ക് ഇറക്കാനായി രോഹൻ എന്‍റെ നേരെ കൈ നീട്ടി.
“ഹേ മനുഷ്യാ.. നിങ്ങൾ എന്നെ ടീച്ചറായി പരിഗണിക്കുന്നുവെങ്കിൽ ഞാൻ നിങ്ങൾക്ക് സ്‌നേഹത്തിന്‍റെ പാഠങ്ങൾ പഠിപ്പിയ്‌ക്കാം” മാദക ഭാവത്തോടെയാണ് ഇത്രയും പറഞ്ഞൊപ്പിച്ചത്. അതിനിടയിൽ ഞാൻ അദ്ദേഹത്തെ കുളിമുറിയിലേക്ക് വലിച്ചിടുകയും ചെയ്‌തു!
“ശെ! നീ എന്താണീ കാണിക്കുന്നത്.” രോഹന്‍റെ ശബ്‌ദം ഉയർന്നു വന്നു.
“ഈ ചെറിയ കാര്യം പോലും മനസ്സിലാവില്ലെന്നുണ്ടോ, എനിക്ക് നിന്നൊടൊപ്പം കുളിക്കണം” എന്‍റെ ആവേശം കണ്ടിട്ടാവണം അദ്ദേഹത്തിന്‍റെ കണ്ണുകളിലും കുസൃതി നിറഞ്ഞു.
പതിനഞ്ച് മിനിറ്റ് ഒന്നിച്ച് നനഞ്ഞ ശേഷം എന്നെ ജീവിതകാലം മുഴുവൻ സ്‌നേഹിച്ചോളാമെന്ന് അദ്ദേഹം എന്‍റെ കാതിൽ മന്ത്രിച്ചു.
“അനങ്ങി പോകരുത് സാർ” ബെഡ്‌റൂമിൽ അദ്ദേഹം എന്നെ കീഴടക്കുന്നതിനു തൊട്ട് മുമ്പ് ഞാൻ ഒന്നു കൂടി ഞെട്ടിക്കാൻ ശ്രമിച്ചിരുന്നു.
“ഇന്ന് നിന്നെ സ്‌നേഹിച്ച് കൊന്നിട്ട് തന്നെ ബാക്കി കാര്യം.”
“പ്രിയതമന്‍റെ കൈകൊണ്ട് ചാവാൻ ഞാനും റെഡി.”
“അനു എനിക്ക് നിന്നെ ഇനിയും പിടികിട്ടുന്നില്ലല്ലോ?”
“അപ്പോൾ രോഹന്‍റെ കരവലയത്തിൽ ഉള്ളത് ആരാണ്?” അദ്ദേഹത്തെ പ്രകോപിപ്പിച്ച് സ്‌നേഹിക്കാൻ ശ്രമിച്ച് ഫലം കണ്ടതിന്‍റെ സന്തോഷം അടുത്ത ദിവസവും എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു.
രോഹൻ എന്‍റെ പുരുഷനാണ് എന്‍റെ നല്ല ഭർത്താവ്.
അടുത്ത ദിവസങ്ങളിലും രോഹനെ ഞാൻ വിട്ടില്ല. എനിക്ക് സ്‌നേഹം വേണമായിരുന്നു.
“നീ എന്‍റേതു മാത്രമാണ്… ഇനി മറ്റേതെങ്കിലും പെണ്ണുങ്ങളെ വളയ്‌ക്കാൻ നോക്കിയാലുണ്ടല്ലോ ഞാൻ നിന്‍റെ കഥ കഴിക്കും നോക്കിക്കോ…”
“ചങ്ങാതി എന്‍റെ മുടി വിടൂ.”
“ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലെ…”
ഞാൻ മുടിയിൽ നിന്ന് പിടിവിട്ട് രോഹനെ തലോടി.
“ഇത്രയും ഇമോഷണലായ ഒരാൾ തന്നെയാവണം എന്‍റെ ഭാര്യ. നിന്‍റെ പൊസസീവ്‌നെസ്സ് എന്‍റെ ഭാഗ്യമാണ്” രോഹനും പറഞ്ഞു.
ഒരിക്കൽ ഞാൻ കണ്ണടച്ച് ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്തിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കരവലയത്തിൽ, അപ്പോൾ ഓർത്തു. എന്‍റെ അമ്മ എന്നെ വിട്ട് പോയത്. അച്‌ഛൻ എത്ര കഷ്‌ടപ്പെട്ടാണ് പിന്നെ വളർത്തി വലുതാക്കിയത്. അമ്മ പോയതിന് കാരണങ്ങൾ പലതു കാണും. എങ്കിലും സ്‌നേഹം മോഹിച്ച് വീടുവിട്ടതാണ്. ആ നടുക്കുന്ന ഓർമ്മ എന്നോടൊപ്പം വളർന്നു. അതു കൊണ്ടാവുമോ രോഹനെ എപ്പോഴും എന്നെ സ്‌നേഹിക്കാൻ ബോധപൂർവ്വം പ്രേരിപ്പിക്കുന്നത്. ആ സ്‌നേഹം നഷ്‌ടപ്പെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനിയും സ്‌നേഹം കിട്ടാതെ അനാഥമാകാൻ വയ്യ. എന്‍റെ ഉള്ളിലിരുന്ന് പോയകാലത്തെ അനു എന്ന അഞ്ചു വയസ്സുകാരി തേങ്ങി.
“എന്തിനാണ് നീ കരയുന്നത്?” എന്‍റെ മുഖത്തെ നനവിൽ തൊട്ട് രോഹൻ ചോദിച്ചു.
“ഒന്നുമില്ല, സ്‌നേഹം കൊണ്ടാ.”
“അനു നിന്നെ എനിക്ക് പിടികിട്ടുന്നില്ലല്ലോ” പതിവു പോലെ സ്‌നേഹിക്കുമ്പോഴും വഴക്കടിക്കുമ്പോഴും രോഹൻ ചോദിക്കാറുള്ള ചോദ്യം ആവർത്തിച്ചു. ഇപ്രാവശ്യം അതിന് പക്ഷേ ഞാൻ മുമ്പൊരിക്കലും അനുഭവിക്കാത്ത സ്‌നേഹത്തിന്‍റെ കരുതലുണ്ടായിരുന്നു.