കാഴ്‌ചയ്‌ക്ക് കുഞ്ഞനാണെന്ന് തോന്നിക്കുമെങ്കിലും ഉലുവയുടെ ഗുണങ്ങൾ അനവധിയാണ്. ഗോതമ്പിനോട് സാദൃശ്യം തോന്നിക്കുന്ന പയറുവർഗ്ഗത്തിൽപ്പെട്ട ഒരു ധാന്യ ഇനമാണിത്. താളിക്കാനും കറിക്ക് രുചി കൂട്ടാനുമാണ് പൊതുവേ ഉലുവ ഉപയോഗിക്കാറുള്ളതെങ്കിലും ശരീരപുഷ്‌ടിക്കും മുഖവും മുടിയും മിനുക്കാനും ചർമ്മസൗന്ദര്യം നിലനിർത്തുന്നതിനും ഉലുവ അത്യുത്തമം തന്നെ. പാപ്പിലിയോ നോസീ സസ്യകുലത്തിൽപ്പെട്ട ഒരു ഔഷധിയാണ് ഉലുവ. ട്രൈഗോണെല്ല ഫിനം ഗ്രീക്കം എന്നാണ് ഉലുവയുടെ ശാസ്‌ത്രീയ നാമം. അടുക്കളയിൽ ഒഴിച്ചു കൂടാൻ ആവാത്ത ധാന്യമാണല്ലോ ഉലുവ. പാചകത്തിനല്ലാതെ ഉലുവകൊണ്ടുള്ള മറ്റ് ഉപയോഗങ്ങൾ അറിയാം.

മുഖസൗന്ദര്യത്തിന്

ഔഷധഗുണ സമ്പുഷ്‌ടമായ ഉലുവ നല്ലൊരു സൗന്ദര്യവർദ്ധകവസ്‌തു കൂടിയാണ്. ഉലുവ തരിതരിയായി പൊടിച്ച് തൈരിൽ ചേർത്ത് പേസ്‌റ്റ് തയ്യാറാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം മുഖം നന്നായി കഴുകിയാൽ മുഖസൗന്ദര്യം വർദ്ധിക്കും. ഉലുവ നല്ലൊരു ക്ലെൻസറും സ്‌ക്രബറും കൂടിയാണ്. ഉലുവ പൊടിച്ച് അൽപം വെള്ളം ചേർത്ത് മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. ഈ ലേപനം പതിവായി പുരട്ടിയാൽ മുഖക്കുരു പ്രശ്നങ്ങൾ ഒഴിവാക്കും. ഉലുവ കുതിർത്ത് മുൽത്താനി മിട്ടിയിൽ ചേർത്ത് ഫെയ്‌സ് പാക്കായി മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക. മുഖം പട്ടുപോലെ തിളങ്ങും.

മുടിയഴകിന്

അധികമുള്ള എണ്ണമയം, പൊടി, പുക, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ മുടിയുടെ സ്വാഭാവിക സൗന്ദര്യം കെടുത്തും. മാത്രമല്ല പോഷകത്തിന്‍റെ അഭാവവും ശരിയായ പരിചരണക്കുറവുമൊക്കെ മുടികൊഴിച്ചിലിനു കാരണമാകും. നാടൻ പരിചരണത്തിലൂടെ കേശാരോഗ്യം വീണ്ടെടുക്കുവാനാകും. ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് അരച്ച് പേസ്‌റ്റാക്കി മുടിയിൽ പുരട്ടിപ്പിടിപ്പിക്കുക. മുടികൊഴിച്ചിൽ മാറിക്കിട്ടും. താരൻ, കഷണ്ടി എന്നിങ്ങനെ കേശസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നവർക്കും ഉലുവ നല്ലൊരു പ്രതിവിധിയാണ്.

ചർമ്മസൗന്ദര്യത്തിന്

ഉലുവയുടെ ഔഷധസാധ്യതകൾ വളരെക്കാലം മുമ്പേ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. പൊള്ളൽ, ചുവന്ന-കറുത്ത പാടുകൾ, ചർമ്മത്തിലെ അണുബാധ, നീര്, പേശീ സംബന്ധമായ പ്രശ്നങ്ങൾ, ശരീരവേദന എന്നിവയ്‌ക്കും ഉലുവ ഫലവത്താണ്. ഏതുതരം ചർമ്മപ്രശ്നങ്ങൾക്കും ഉലുവ അത്യുത്തമമാണെന്ന് നവ ആയുർവേദ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളി ചർമ്മത്തിനു പുതുജീവൻ നൽകുന്നതിനു തേനിൽ ഉലുവ ചേർത്ത് ജ്യൂസാക്കി കുടിക്കുന്നു നല്ലതാണ്. ഉലുവച്ചീര ഉപയോഗിച്ച് ആലൂ മേത്തി, ഉലുവ പറോട്ട, ഉലുവക്കറി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കി കഴിക്കുന്നത് ശരീരകാന്തിക്കു ഉത്തമമാണ്.

और कहानियां पढ़ने के लिए क्लिक करें...