മേക്കപ്പിട്ടാൽ നഖങ്ങളും ക്യൂട്ടാവും. നിറങ്ങളും ഡിസൈനുകളും നക്ഷത്രങ്ങളും കല്ലുകളുമൊക്കെ പതിപ്പിച്ച് നഖങ്ങൾക്ക് മോടി കൂട്ടാനാവും. നഖങ്ങൾ മനോഹരമാക്കുന്ന കലയാണ് നെയിൽ ആർട്ട്. ഫാഷണബിളാകാൻ ആക്‌സസറീസ് അധികമണിയണമെന്നില്ല. ഡ്രസ്സിനു മാച്ച് ചെയ്യുന്ന അട്രാക്‌റ്റീവ് നെയിൽ ആർട്ട് മാത്രം മതി…
നെയിൽ ആർട്ട്
സ്‌റ്റെപ്പ് – 1
ആദ്യം തന്നെ നഖങ്ങൾക്ക് സ്‌ക്വയർ/ ഓവൽ ഷേയ്‌പ് നൽകുക. ഇനി നെയിൽ ഫൈലറിന്‍റെ സഹായത്തോടെ നഖങ്ങൾക്ക് ഫൈനൽ ഷേയ്‌പ് നൽകാം. നഖങ്ങൾക്ക് സ്‌ക്വയർ ഷേയ്‌പ് നൽകുന്ന ഫാഷൻ പ്രചാരമേറി വരികയാണ്.
സ്‌റ്റെപ്പ് – 2
നെയിൽ പെയിന്‍റ് പുരട്ടും മുമ്പ് നഖങ്ങളിൽ ട്രാൻസ്‌പെരന്‍റ് നെയിൽ പെയിന്‍റ് ബേയ്‌സ് കോട്ടായി പുരട്ടേണ്ടത് അനിവാര്യമാണ്. നഖങ്ങൾ കൂടുതൽ സുരക്ഷിതമായിരിക്കും. നഖങ്ങൾക്ക് ചുറ്റുമുള്ള ഭാഗത്ത് നെയിൽ പെയിന്‍റ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ ഉടനെ തന്നെ കോട്ടണുപയോഗിച്ച് തുടച്ചു വൃത്തിയാക്കരുത്. കോട്ടണ്‍ നൂൽ നെയിൽ പെയിന്‍റിൽ പറ്റിപ്പിടിക്കാനിടവരും. ഗുണനിലവാരമുള്ള/ ബ്രാന്‍റഡ് കമ്പനിയുടെ നെയിൽ പെയിന്‍റ് തെരഞ്ഞെടുക്കണം. നെയിൽ പെയിന്‍റ് ഉണങ്ങിയ ശേഷം റിമൂവർ ഉപയോഗിച്ച് നഖങ്ങളുടെ വശങ്ങളിൽ പറ്റിയിരിക്കുന്ന നെയിൽ പെയിന്‍റ് തുടച്ചു കളയണം. ഇതിനു ടിഷ്യൂ പേപ്പറുപയോഗിക്കണം.
സ്‌റ്റെപ്പ് – 3
നഖത്തിന്‍റെ പകുതിഭാഗം ഡാർക്ക് നിറത്തിലുള്ള നെയിൽ പെയിന്‍റ് പുരട്ടുക. പകുതി ഭാഗത്ത് കോൺട്രാസ്‌റ്റിംഗ് കളർ പുരട്ടാം. ഇനി തീർത്തും വ്യത്യസ്‌തമായ 3 നിറങ്ങൾ തെരഞ്ഞെടുക്കാം. ഇത് ഉപയോഗിച്ച് 3 വലിയ ഡോട്ട്‌സിൽ മറ്റേതെങ്കിലും നിറത്തിലുള്ള നെയിൽ പെയിന്‍റ് ഉപയോഗിച്ച് ചെറിയ ഡോട്ട്‌സ് വരയ്‌ക്കുക. നെയിൽ പെയിന്‍റ് ഉണങ്ങും മുമ്പ് ഒരു ടൂത്ത് പിക്കിന്‍റെ സഹായത്തോടെ ആദ്യത്തെ ഡോട്ടിനു ചുറ്റും വൃത്തങ്ങൾ വരയ്ക്കുക. ഒരു ഫ്‌ളോറൽ നെയിൽ ആർട്ട് ലുക്ക് തോന്നിക്കും.
വൈറ്റ്, യെല്ലോ, പിങ്ക് പോലുള്ള ഇളം നിറങ്ങളാണ് ബേസ് കളറായി തെരഞ്ഞെടുക്കുന്നതെങ്കിൽ ഡാർക്ക് കളർ വർക്ക് ആവാം. ഡാർക്ക് കളറിൽ ഡാർക്ക് വർക്കും ലൈറ്റ് കളറിൽ ലൈറ്റ് വർക്കുമാണ് ഭംഗിയെങ്കിലും തിരിച്ചും അപ്ലൈ ചെയ്‌താൽ വെറൈറ്റി ലുക്ക് നേടാനാവും.
നെയിൽ ആർട്ട്, എത്ര തരം?
തോന്നിയതു പോലെ നഖങ്ങളിൽ വരകൾ തീർത്ത് നിറം നൽകലല്ല നെയിൽ ആർട്ട്. നിറങ്ങൾക്കിണങ്ങുന്ന ഡിസൈനുകൾ തീർത്ത് നഖം മോടിപിടിപ്പിക്കലാണ്. പ്രധാനമായും നെയിൽ ആർട്ട് 5 തരത്തിലാണുള്ളത്.
- ബേസിക്ക് നീഡിൽ നെയിൽ ആർട്ട്.
- മാർബിൾ നെയിൽ ആർട്ട്.
- ഫംഗി നെയിൽ ആർട്ട്.
- ബ്രൈഡൽ നെയിൽ ആർട്ട്.
- ബ്രഷ് നെയിൽ ആർട്ട്.
ബേസിക്ക് നീഡിൽ നെയിൽ ആർട്ട്
ഇതിനെ അഡ്വാൻസ്‌ഡ് നെയിൽ ആർട്ട് എന്നും വിശേഷിപ്പിക്കാറുണ്ട്. മൂന്നു ബേസ് കോട്ട് പുരട്ടിയ ശേഷം നഖത്തിന്‍റെ മദ്ധ്യഭാഗം മുതൽ മുകളിലേയ്‌ക്ക് ബേസ് കളറിൽ നിന്നും തീർത്തും വ്യത്യസ്‌തമായ മറ്റേതെങ്കിലും കളർ കൊണ്ട് 3 ഡോട്ട്‌സ് വരയ്‌ക്കുക.
ഇനി ഈ ഡോട്ട്‌സിൽ വ്യത്യസ്‌ത നിറങ്ങളിൽ 2-3 ഡോട്ട്‌സ് വരയ്‌ക്കുക. നഖങ്ങളുടെ ഒത്തമദ്ധ്യത്തിൽ ഡിസൈനുകൾ വരയ്‌ക്കുന്നതാണ് അഭികാമ്യം. ബട്ടർഫ്‌ളൈ, പീകോക്ക്, ഡ്രാഗൺ, ഹോം അങ്ങനെ ഏതു ഡിസൈനും തെരഞ്ഞെടുക്കാം.
പീകോക്ക് ഡിസൈനാണ് വരയ്‌ക്കുന്നതെങ്കിൽ നഖങ്ങളിൽ ലൈറ്റ് ബേസ് കളർ പുരട്ടുക. ഇനി നഖങ്ങളുടെ മദ്ധ്യഭാഗത്തുനിന്നും മുകളിലേയ്‌ക്ക് 3 ഡോട്ട്‌സ് യെല്ലോ, ബ്ലാക്ക്, ഓറഞ്ച്/ മെറ്റാലിക്ക് ഗ്രീൻ കളർ പുരട്ടുക. നഖങ്ങളുടെ ഒരു ഭാഗത്ത് ഒരു ഡോട്ട് കൂടി വരയ്‌ക്കുക.
ഒരു ടൂത്ത്‌പിക്ക് ഉപയോഗിച്ച് ഡോട്ട്‌സ് പതിയെ കറക്കി വരച്ച് പീകോക്ക് ഡിസൈൻ തയ്യാറാക്കാം. സൈഡിലുള്ള ഡോട്ട് ഉപയോഗിച്ച് പീകോക്കിന്‍റെ മുഖഭാഗം വരച്ചെടുക്കാനാവും. ഏതു ഡ്രസ്സിനും ഇണങ്ങുന്ന ഡിസൈനാണിത്.
മാർബിൾ നെയിൽ ആർട്ട്
നഖങ്ങളിൽ ബേസ് കോട്ട് 3 ആവർത്തി പുരട്ടുക. വിരലുകളിൽ സെല്ലോ ടേപ്പ് / ഡോക്‌ടർ ടേപ്പ് ചുറ്റിവച്ച് കവർ ചെയ്യുക. വിരലുകളിൽ നിറം പിടിക്കാതിരിക്കാനിണിത്. ഒരു ബൗളിൽ വെള്ളമെടുത്ത് 3 വ്യത്യസ്‌ത കളറിലുള്ള നെയിൽ പെയിന്‍റ് തുള്ളികൾ ഇതിലൊഴിക്കുക. ഇനി ബേസ് കളർ പുരട്ടിയ നഖങ്ങൾ ഓരോന്നായി ഈ വെള്ളത്തിൽ മുക്കുക. വെള്ളത്തിൽ ഒഴുകി നടക്കുന്ന നിറങ്ങൾ ബേസ് പുരട്ടിയ നഖങ്ങളിൽ പറ്റിപ്പിടിച്ച് ഭംഗിയുള്ള ഡിസൈനുകൾ രൂപപ്പെടും.
ടൂത്ത് പിക്കിന്‍റെ സഹായത്തോടെ എക്‌സ്‌ട്രാ നെയിൽ പെയിന്‍റ് മാറ്റാൻ സാധിക്കും. ഡിസൈൻ പതിഞ്ഞ ശേഷം വിരലുകളിൽ നിന്നും സെല്ലോ ടേപ്പ് അഴിച്ചു മാറ്റാം. നഖങ്ങളിൽ രൂപപ്പെടുന്ന ഡിസൈനാകട്ടെ മാർബിളിൽ തയ്യാറാക്കുന്ന ഡിസൈൻ പോലെ മനോഹരമായിരിക്കും.
ഫംഗി നെയിൽ ആർട്ട്
ഇതിൽ മൾട്ടി കളർ നെയിൽ പെയിന്‍റ് ഉപയോഗിച്ച് കളർഫുൾ സ്‌മൈലി പാണ്ഡ, കാർട്ടൂൺ, ലെതർ ആർട്ട് വരച്ചെടുക്കാനാവും.
ബ്രൈഡൽ നെയിൽ ആർട്ട്
നഖങ്ങളിൽ ബേസ് കളർ പുരട്ടിയ ശേഷം ഭംഗിയുള്ള ഡിസൈൻ വരച്ച് മാച്ചിംഗ് സ്‌റ്റോൺ/ ഗ്ലിട്ടർ വച്ച് അലങ്കരിക്കുക. സ്‌റ്റോൺ/ ബിന്ദി ടൂത്ത് പിക്കിന്‍റെ സഹായത്തോടെയെടുത്ത് നഖങ്ങളിൽ പതിപ്പിക്കുക. ബ്രൈഡൽ മേക്കപ്പിലാണ് പൊതുവെ ഈ ഡിസൈൻ നഖങ്ങളിൽ അപ്ലൈ ചെയ്യാറുള്ളത്.
ബ്രഷ് നെയിൽ ആർട്ട്
നെയിൽ പെയിന്‍റിനു പുറമേ ഫാബ്രിക് കളർ ഉപയോഗിച്ചും ഡിസൈനുകൾ വരച്ചെടുക്കാനാവും. ബേസ് കോട്ട് പുരട്ടിയ ശേഷം നഖങ്ങളിൽ ഒരു വശത്തു നിന്നോ മദ്ധ്യഭാഗത്തു നിന്നോ ചിത്രം വരച്ചു തുടങ്ങാം.
ബോഡി ആർട്ട്
പാർട്ടിയ്‌ക്കും മറ്റും പോകുമ്പോൾ ഡ്രസ്സിനു ചേരുന്ന ഡിസൈനുകൾ ആണ് അഭികാമ്യം. ശരീരം കവർ ചെയ്യാത്ത ഭാഗത്ത് വരച്ചെടുക്കാനാവും. ഡ്രോയിംഗ് പെൻസിലുപയോഗിച്ച് ആദ്യം ചിത്രം വരച്ച് കളർഫുൾ ലിപ്‌പെൻസിൽ ഉപയോഗിച്ച് ഫിൽ അപ്പ് ചെയ്യാനാവും.കളർ പെൻസിലിനു പുറമേ കളർ ഫൗണ്ടേഷന്‍ ഉപയോഗിച്ചും ബോഡി ആർട്ട് വരയ്‌ക്കാനാവും.