വളവുകൾ തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന കാർ ഒടുവിൽ പടിപ്പുരയും വിശാലമായ മുറ്റവുമുള്ള വീടിനു മുന്നിലെത്തി നിന്നു. മുറ്റത്ത് നിറയെ ആൾക്കൂട്ടം കണ്ടു. കുറെപ്പേർ അവിടവിടെയായി കൂടി നിൽക്കുന്നു. കുറെ കസേരകളും മുറ്റത്ത് ഇട്ടിട്ടുണ്ട്. മായയുടെയും മഞ്ജുവിന്‍റെയും ഭർത്താക്കന്മാർ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നു. വടക്കു വശത്ത് മാവുവെട്ടുന്ന ശബ്ദം കേൾക്കാം.

വിറയാർന്ന കാലടികളോടെ അകത്തേയ്ക്ക് നടക്കുമ്പോൾ കണ്ടു. പൂമുഖത്ത് നിറതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിൽ വാഴയിലയിൽ നീണ്ടു നിവർന്നു കിടക്കുന്നു അമ്മ. ആ നീണ്ട നിദ്രയിലും അമ്മ എത്ര സുന്ദരിയാണെന്നോർത്തു. പ്രൗഢയായ ഒരു തറവാട്ടമ്മ….

ഒരു വശത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മായയും മഞ്ജുവും അവരുടെ മക്കളും. എന്നെക്കണ്ട് അവർ എഴുന്നേറ്റോടി വന്നു.

“നമ്മുടെ അമ്മ പോയി ചേച്ചീ… ഇനി നമുക്ക് ആരുണ്ട്?” മായയും മഞ്ജുവും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോൾ വിഫലമായി സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഒരു ജന്മം മുഴുവൻ മക്കൾക്കായി ഹോമിച്ച അമ്മ. ആ അമ്മയുടെ ചലനരഹിതമായ ശരീരം കാണുമ്പോൾ ഞങ്ങൾ അനാഥരാക്കപ്പെട്ടതു പോലെ തോന്നി. മുലപ്പാൽ മണം മാറാത്ത കുഞ്ഞുങ്ങളെപ്പോലെ ആ മാറത്ത് തലചായ്ച്ച് പൊട്ടിക്കരയുമ്പോൾ അനാഥത്വം ഞങ്ങളെ വരിഞ്ഞു മുറുക്കി. ഈ ലോകത്ത് എന്തൊക്കെ ലഭിച്ചാലും മാതൃ-സ്നേഹത്തോളം അതിന് വിലയുണ്ടാവുകയില്ല. മുലപ്പാൽ മധുരം പോലെ ധന്യമായ മറ്റൊന്നും ഈ ലോകത്ത് ഈ ജന്മത്തിൽ രുചിക്കുകയുമില്ല.

മക്കളുടെ ഏതൊരു ദുഃഖവും സ്നേഹമാകുന്ന ആ പാൽക്കടലിൽ അലിയിച്ചൊഴുക്കാൻ അമ്മയ്ക്കല്ലാതെ മറ്റാർക്കാണു കഴിയുക?

ഇവിടെ അമ്മ പോയതോടെ അക്ഷരാർത്ഥത്തിൽ ഞാൻ അനാഥയാക്കപ്പെട്ടിരിക്കുന്നു. സമാശ്വസത്തിന്‍റെ ഒരിറ്റു മഞ്ഞുതുള്ളി, അതിനി എവിടെയാണ് ഞാൻ തേടി അലയേണ്ടത്? അമ്മേ… കണ്ണുനീർ പുഷ്പങ്ങൾ ഈ കാൽക്കൽ അർച്ചന ചെയ്‌ത് ഞാൻ എന്‍റെ ദുഃഖഭാരത്തെ ഇവിടെ അടിയറ വയ്ക്കട്ടെ… കൊടിയ ദുഃഖത്തിന്‍റെ അനാഥത്വത്തിന്‍റെ ചൂടേറ്റ് മരുഭൂമിയിലെന്ന പോലെ തപിക്കുന്ന ഈ മകൾക്ക് ആ ശുഷ്ക്കിച്ച കരങ്ങളുടെ ഒരു തലോടൽ… അതുമതിയായിരുന്നു. എല്ലാ ദുഃഖങ്ങളിൽ നിന്നും, കൊടിയ വേദനകളിൽ നിന്നും ഒരു വൈദ്യനെ എന്നപ്പോലെ ആശ്വാസം പകരാൻ…

എന്നാലിന്നിപ്പോൾ അകലങ്ങളിലിരുന്ന് അമ്മ കാണുന്നുണ്ടോ? സങ്കടക്കടലിലകപ്പെട്ട് നട്ടം തിരിയുന്ന ഈ പുത്രിയെ… മാതാപിതാക്കൾ കഴിഞ്ഞാൽ ഭർത്താവും, മകനുമാണ് ഒരു സ്ത്രീയ്ക്ക് ആശ്രയമായിത്തീരേണ്ടത്. എന്നാലാ ആശ്രയം എനിക്ക് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. പിന്നെയുള്ളത് ഏതോ തെറ്റിദ്ധാരണയാൽ എന്നോട് കൊടിയ ശത്രുത്വം വച്ചു പുലർത്തുന്ന മകളാണ്. അവൾക്ക് വേണ്ടത് എന്‍റെ സമ്പത്തു മാത്രമാണ്. സ്നേഹത്തിന്‍റെ ഒരിറ്റു ദാഹജലം പോലും പകർന്നു നൽകാൻ കൂട്ടാക്കാത്ത അവളുടെ മുന്നിൽ അതിനു വേണ്ടി കൈനീട്ടിയിട്ടെന്തു കാര്യം? ഞാനിന്ന് അനാഥയാണ് അമ്മേ… എല്ലാ അർത്ഥത്തിലും അനാഥ…

ഹൃദയം തകർന്ന് പൊട്ടിക്കരയുമ്പോൾ മായയും മഞ്ജുവും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പ്രളയജലത്തിലെന്ന പോലെ ദുഃഖം കരകവിഞ്ഞൊഴുകി. തീരങ്ങളെ തല്ലിത്തകർത്ത് ആർത്തലച്ചൊഴുകിയ ആ പ്രളയ ജലം ഒടുവിൽ ഒരു മാസ്മരിക കരസ്പർശത്താൽ പൊടുന്നനെയൊടുങ്ങി ശാന്തമായി. അത് അരുണിന്‍റേതായിരുന്നു. ഒരു പുത്രനെന്നപോലെ അവൻ എന്‍റെ കരങ്ങൾ പിടിച്ചെഴുന്നേൽപ്പിച്ചു. എന്നെമെല്ലെ നടത്തി.

“വരൂ മാഡം… ഇനി കരയരുത്. മാഡത്തിന്‍റെ ഏതു ദുഃഖത്തിലും ഞാനുണ്ടാവും കൂടെ. എന്നെ മാഡത്തിന്‍റെ മകനായിത്തന്നെ കരുതിക്കോളൂ. അങ്ങനെ സാന്ത്വന വചസ്സുകൾ പറഞ്ഞ് അവൻ എന്‍റെ കൂടെ നിന്നു. ഏതോ മുജ്‌ജന്മ ബന്ധം പോലെ എനിക്കു വരദാനമായി ലഭിച്ച മകൻ. ഇവനുള്ളപ്പോൾ ഞാനെന്തിനാണ് ദുഃഖിക്കുന്നത്? മനസ്സ് തിരയടങ്ങിയ കടൽ പോലെ ശാന്തമായി. അവിടെ ചെറിയ ഓളങ്ങൾ മാത്രം ഇടയ്ക്കിടെ തീരത്തു വന്ന് തല്ലിയലച്ച് മടങ്ങി.

ഒടുവിൽ അമ്മയെ ദഹിപ്പിക്കാനായി പുറത്തേയ്ക്കെടുക്കുവാൻ തുടങ്ങി. ഞങ്ങൾ മക്കളും, കൊച്ചുമക്കളും വായ്ക്കരിയിട്ട ശേഷം ആ ശരീരം പുറത്തേയ്ക്കെടുക്കുമ്പോൾ മായ ബോധം കെട്ടു വീണു. അവളായിരുന്നല്ലോ അമ്മയ്ക്കെന്നും തുണയായി കൂടെ നിന്നത്. എന്നാൽ അമ്മയോടുള്ള കടമകൾ പൂർത്തീകരിക്കാൻ കഴിയാത്ത മകളെന്ന ദുഃഖം എന്നിൽ ബാക്കി നിൽക്കുന്നു.

വടക്കു വശത്തൊരുക്കിയ ചിതയിൽ എരിഞ്ഞടങ്ങുന്ന അമ്മയുടെ ചേതനയറ്റ ശരീരം ജനലിലൂടെ നോക്കി ഏറെനേരം നിശ്ചലയായി നിന്നു. ആളിക്കത്തുന്ന ആ ചിത എന്‍റെ മനസ്സിലും എരിഞ്ഞടങ്ങുന്നുണ്ടോ? വിട പറഞ്ഞു പോകുന്ന ആ ആത്മാവിനോടുള്ള കടപ്പാട് ഏതു ജന്മത്തിലാണ് എനിക്കു പൂർത്തീകരിക്കാൻ കഴിയുക? എത്ര ജന്മങ്ങൾ കഴിഞ്ഞാലും വീട്ടിത്തീർക്കാനാവാത്ത കടപ്പാടല്ലെ മക്കൾക്ക് അമ്മയോടുണ്ടാവുക? അന്ത്യ കർമ്മങ്ങൾ ചെയ്‌തത് മായയുടെ ഇളയമകൻ വിപിനാണ്. മൂന്നു പെണ്മക്കൾ മാത്രമുള്ള അമ്മയ്ക്ക് കർമ്മം ചെയ്യുവാൻ ഭാഗ്യമുണ്ടായത് അവനാണ്. കുടുംബത്തിൽ ഇനി ആകെയുള്ള ആൺതരി.

ആരോ പറയുന്നതു കേട്ടു, “ പുത്രന്മാരുണ്ടായാൽ പോരാ… അനുഭവിക്കാൻ യോഗം വേണം…” നാട്ടുകാരിൽ ആരുടെയോ ഒളിയമ്പ് എന്‍റെ നേർക്കാണെന്നു തോന്നി. തുടർന്നാ ശബ്ദം വീണ്ടും കേട്ടു.

“അതെങ്ങനാ… സുകൃതക്ഷയം അല്ലാതെന്താ? ഈ ജന്മത്തിലും മുജ്ജന്മത്തിലും പാപം ചെയ്യാത്തവർക്കല്ലെ സദ്ഗതി വരൂ. മറ്റുള്ളവരെ മനഃപൂർവ്വം വേദനിപ്പിക്കുന്നത് പാപം തന്നാണെ…” ഹൃദയം കുത്തിക്കീറുന്ന വാക്കുകൾ, നെഞ്ചിനകത്തു കൂടി ശരം പോലെ പാഞ്ഞു പോയി.

ഈ നാട്ടുകാർക്കെല്ലാം ഫഹദ് സാറിനെ അറിയാം. ഞാൻ കാരണം അദ്ദേഹത്തിനുണ്ടായ അധഃപതനവും… എന്നാൽ ഒന്നും ഞാൻ മനഃപൂർവ്വം ചെയ്‌തതല്ലെന്ന് അവർക്കറിയില്ലല്ലോ… അവരുടെ കണ്ണിൽ ഞാൻ, താലികെട്ടിയ പുരുഷനെ മനഃപൂർവ്വം ഇട്ടെറിഞ്ഞു പോയ നിഷ്ഠൂരയായ സ്ത്രീയാണ്. അയാളുടെ ഹൃദയം കുത്തിക്കീറിയവളാണ്.

എല്ലാം കുറെയൊക്കെ കോളേജിലെ സഹപാഠികൾ പറഞ്ഞുണ്ടാക്കിയ കഥകളാവാം. ചുരുക്കം ചിലർക്കൊഴിക്കെ ബാക്കിയാർക്കും യഥാർത്ഥ കഥകൾ അറിയില്ലല്ലോ? അല്ലെങ്കിൽ നിസ്സഹായയായ ഒരു പെണ്ണിന്‍റെ രോദനം അവർ കെട്ടില്ലെന്നു വരുമോ? അവർക്കെല്ലാം ഞാൻ രണ്ടു പുരുഷന്മാരെ ചതിച്ചവളാണ്.

ജ്വലിയ്ക്കുന്ന സൗന്ദര്യവുമായി പുരുഷന്മാരെ വശീകരിക്കാൻ നടക്കുന്ന ഒരു വേശ്യയോടാവുമോ അവർ എന്നെ ഉപമിച്ചിട്ടുണ്ടാവുക? ഒടുവിൽ കോളേജിലെ സഹപാഠികളായ നിമിഷയെപ്പോലുള്ള ഉറ്റസുഹൃത്തുക്കൾ വരെ എന്നെ കുറ്റപ്പെടുത്തിയില്ലെ? അവർക്കെല്ലാം ഫഹദ് സാർ ജീവനായിരുന്നു.

ആൾക്കൂട്ടത്തിൽ തിരഞ്ഞ എന്‍റെ കണ്ണുകൾക്ക് സഹപാഠികളിലൊരാളെ കണ്ടെത്തുവാൻ കഴിഞ്ഞു. എന്‍റെ ശത്രുനിരയിൽപ്പെട്ട ഒരാൾ… ഞാൻ തിരിച്ചറിഞ്ഞു എന്നു തോന്നിയിട്ടോ എന്തോ അയാൾ ആൾക്കൂട്ടത്തിൽ മറഞ്ഞു കളഞ്ഞു. മുമ്പ് എന്‍റെ അയൽവാസിയായിരുന്ന. ചെറുപ്പത്തിൽ കോളേജിൽ വച്ച് എന്നെ പ്രണയിച്ചിരുന്ന നിരഞ്ജൻ ആയിരുന്നു അത്.

പലപ്പോഴും ഞാൻ തിരിഞ്ഞു നോക്കാതെ തഴഞ്ഞിരുന്ന ഒരാൾ… അയാളുടെ പ്രേമാഭ്യർത്ഥനയെ ഞാൻ പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞിരുന്നു. ഞാൻ ഫഹദ് സാറിനെ പ്രണയിച്ചപ്പോൾ അവന്‍റെ കണ്ണിൽ പ്രണയ നൈരാശ്യമുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ അന്നത്തെ പ്രണയത്തിനുപകരം അയാളുടെ കണ്ണിൽ കത്തിജ്വലിക്കുന്നത് എന്നോടുള്ള വിദ്വേഷമല്ലേ?

ഇത്രകാലങ്ങൾക്കു ശേഷം, ജീവിതത്തിൽ നിലയില്ലാക്കയത്തിൽ വീണു പോയ എന്നെക്കാണുവാനെത്തിയതായിരിക്കുമോ അയാൾ? അഭയമായ്ത്തീർന്ന എല്ലാവരേയും വേർപിരിഞ്ഞ് ഒടുവിൽ ഒരു പിടിവള്ളിക്കായ് കേഴുന്ന എന്നെക്കാണുവാൻ… കണ്ടു സന്തോഷിക്കുവാൻ… പ്രതികാരാഗ്നിയിൽ പിടയുന്ന ആ കണ്ണുകളിലെ തീക്കനൽ തിളക്കം അതല്ലെ വിളിച്ചു പറയുന്നത്. അതെ… എന്‍റെ ശത്രു പക്ഷത്ത് നിൽക്കുന്നത് അയാൾ തന്നെയാണ്. അയൽക്കാർക്കിടയിൽ എന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി അയാൾ സംതൃപ്തി നേടുന്നു. ക്രൂരമായ സംതൃപ്തി.

ഒരിക്കൽ കൂടി പഴയ ഉറ്റ സുഹൃത്തുക്കളെക്കാണുവാൻ മോഹം തോന്നി. ആനന്ദും, അഭിലാഷും, നിമിഷയും… അവർ ഇന്നെവിടെയായിരിക്കും? നിമിഷയെയെങ്കിലും കണ്ടെത്തിയാൽ മതിയായിരുന്നു. ഒടുവിൽ എന്നെക്കുറ്റപ്പെടുത്തിയെഴുതിയ ഒരു കത്തിനു ശേഷം അവളെപ്പറ്റി ഒരു വിവരമുണ്ടായില്ല. അവളെക്കണ്ടെത്തിയാൽ ആ മാറിൽ തലചായ്ച്ച് ഒന്നു പൊട്ടിക്കരയാൻ, എന്‍റേതല്ലാത്ത തെറ്റുകൾക്കാണ് ഞാൻ ശിക്ഷിക്കപ്പെടുന്നതെന്നറിയ്ക്കാൻ, എനിക്കു കഴിഞ്ഞെങ്കിൽ…

പഞ്ചാഗ്നി മദ്ധ്യത്തിൽ എന്നെ എരിച്ചു കൊണ്ട് കടന്നു പോയ ഏതാനും ദിനരാത്രങ്ങൾക്കൊടുവിൽ അമ്മയുടെ മരണാനന്തര കർമ്മങ്ങളും കഴിഞ്ഞു.

ഈ ദിനങ്ങളിൽ ചില അയൽവാസികളിൽ നിന്നും ചില ഒളിയമ്പുകൾ എന്നെ ജീവനോട് ദഹിപ്പിക്കും വിധം പാഞ്ഞു വന്നു. എരിതീയിൽ എണ്ണയൊഴിക്കും പോലെയുള്ള അവരുടെ പ്രകടനങ്ങൾ അസഹ്യമായിരുന്നു. ഈ ദിനങ്ങളിൽ ആശ്വസിപ്പിക്കുവാൻ അരുൺ അടുത്തില്ലാതെ പോയി. ഏതാനും ദിനങ്ങൾ എങ്ങോ പോയി മടങ്ങിയെത്തിയ അവൻ തിരികെയെത്തിയപ്പോൾ എന്‍റെ കോലം കണ്ട് ഞെട്ടി.

കണ്ണുകൾക്കടിയിലെ കറുത്തപാടുകളും, കുഴിഞ്ഞ കണ്ണുകളും, മെലിഞ്ഞ ശരീരവും കണ്ട് അവൻ അദ്ഭുതപ്പെട്ടു. “എന്തുപറ്റി മാഡം? ഇത്ര ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്രത്തോളം മാറിപ്പോകുവാൻ… ഞാൻ പോകുമ്പോഴുള്ള മാഡമല്ലല്ലോ ഇപ്പോൾ?” അവൻ ആരാഞ്ഞു.

എന്‍റെ മൗനം കണ്ട് അവൻ തുടർന്നു. “സോറി മാഡം… ഞാൻ എന്‍റെ അമ്മയുടെ നാട്ടിലൊന്നു പോയതാണ്… കോഴിക്കോട്… അവിടെ എന്‍റെ മുത്തശ്ശിയും മരിച്ചു പോയ വല്യമ്മയുടെ രണ്ടു മക്കളുമുണ്ട്. അവരെക്കണ്ടു മടങ്ങി. ഇവിടെ നിന്നു പോകുമ്പോൾ മാഡം ആകെ പരിക്ഷീണിതയായിരുന്നു. അതുകൊണ്ട് മാഡത്തിനെക്കണ്ട് പറയാൻ കഴിഞ്ഞില്ല.”

“അതുസാരമില്ല കുട്ടീ… അല്ലെങ്കിൽ തന്നെ നീയെനിക്ക് ആരുമല്ലാതിരുന്നിട്ടും ഇത്രയൊക്കെ എനിക്കു വേണ്ടി ചെയ്യുന്നില്ലെ. അതിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇനി മരണം മാത്രമേ എനിക്കാശ്വാസമായുള്ളൂ…”

“അങ്ങിനെ പറയരുത് മാഡം…. ഞാൻ മാഡത്തിനൊരു സന്തോഷവാർത്തയുമായാണ് മടങ്ങിയെത്തിയിട്ടുള്ളത്…”

എന്താണ് അരുൺ? ഒട്ടൊരു ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

“ഞാൻ മുമ്പൊരിക്കൽ മാഡത്തിനോടു പറഞ്ഞിരുന്നില്ലെ മാഡത്തിന്‍റെ പഴയ രഹസ്യങ്ങൾ ഞാൻ കണ്ടെത്തുമെന്ന്. ഇന്നിപ്പോൾ ഞാനതിൽ വിജയിച്ചിരിക്കുന്നു…”

അരുൺ പറഞ്ഞു വരുന്നത് ഫഹദ്സാറിനെ അവൻ കണ്ടെത്തിയെന്നാണോ? മനസ്സ് ഏതോ അജ്ഞാതമായ ഉൽക്കണ്ഠയാൽ തുടികൊട്ടി. എങ്കിലും ഒന്നുമറിയാത്ത പോലെ ഞാനവനെ നോക്കി.

“എന്താണ് ഞാൻ കണ്ടെത്തിയ രഹസ്യമെന്ന് മാഡത്തിനറിയണ്ടെ? മാഡത്തിന്‍റെ പഴയകാലം… കാമുകൻ… എല്ലാ ഞാൻ കണ്ടെത്തിയിരിക്കുന്നു.”

അരുൺ വിജയശ്രീലാളിതനെപ്പോലെ പറഞ്ഞു. അവൻ തുടർന്നു.

“മാഡം പേരു പറയാതെ എന്നോടു പറഞ്ഞ ആ കഥയിലെ നായകനില്ലെ… മാഡത്തിന്‍റെ പഴയ അദ്ധ്യാപകൻ… അദ്ദേഹത്തിന്‍റെ പേരും, മേൽവിലാസവും എല്ലാം ഞാൻ കണ്ടെത്തി. മാഡം ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കങ്ങോട്ടു പോകാം…”

മനസ്സ് പിടിവിട്ട ചിത്രശലഭത്തെ പോലെ പാറിപ്പറന്നു പോയി. ഏതോ മരക്കൊമ്പിന്‍റെ ഉച്ചയിലിരുന്ന് അത് തന്‍റെ ചിറകു വിടർത്തി ആനന്ദ നൃത്തം ചെയ്‌തു കൊണ്ടിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ ചിത്രശലഭം താഴേയ്ക്ക് മടങ്ങി വന്നു. അരുത്… ഞാൻ സ്വയം മറക്കരുത്… മനസ്സു ശാസിച്ചു. ഭർത്താവു മരിച്ച് അധിക നാളുകളാകാത്ത ഞാൻ പഴയ കാമുകനെത്തോടിപ്പോയെന്ന അപവാദം കൂടി ഇനി കേൾക്കണോ?… മരക്കൊമ്പിലെ ചിത്രശലഭം ചിറകൊതുക്കി മനസ്സിന്‍റെ ഏതോ കോണിലൊളിച്ചു.

“എന്താ മാഡം ഒന്നും മിണ്ടാത്തത്… ഫഹദ് സാര്‍ എന്നല്ലെ അദ്ദേഹത്തിന്‍റെ പേര്… ഞാൻ കോളേജിൽ ചെന്ന് മാഡത്തിന്‍റെ പഴയ സുഹൃത്തുക്കളെക്കണ്ടപ്പോൾ അവർ പറഞ്ഞതാണ്. അവരിൽ ചിലർ അദ്ധ്യാപകരായി ഇപ്പോഴും ആ കോളേജിലുണ്ട്.”

“ആരൊക്കെയാണ് അരുൺ? അവരുടെ പേരു ചോദിച്ചോ?” ഞാൻ ജിജ്ഞാസയോടെ തിരക്കി.

“ഉവ്വ് മാഡം, ഒരു ആനന്ദ്, പിന്നെ നിമിഷ, ശ്രീജിത്ത് ഇതൊക്കെയാണ് മാഡത്തിന്‍റെ സഹപാഠികളെന്നു പറഞ്ഞവരുടെ പേരുകൾ…”

“അവരൊക്കെ എന്നെ അന്വേഷിച്ചോ? എന്നോടവർക്ക് വിരോധമൊന്നുമില്ലല്ലോ?” എന്‍റെ ഉൽകണ്ഠ അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു.

“അവർക്ക് മാഡത്തെപ്പറ്റി എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടെന്നു തോന്നി. അതുകൊണ്ടു തന്നെ മാഡം ഇവിടെയുണ്ടെന്നറിയിച്ചിട്ടും അവർ എന്‍റെ കൂടെ വരാൻ ഉത്സാഹം കാണിച്ചില്ല. അവർ മാഡത്തെ തെറ്റിദ്ധരിക്കാൻ കാരണം എന്താണ്?” അരുൺ ഉദ്വേഗത്തോടെ ചോദിച്ചു.

എല്ലാം എന്‍റെ തലേവിധിയാണ് അരുൺ. ഞാൻ കാരണം ഫഹദ് സാറിന് ജീവിതത്തിൽ സംഭവിച്ച അധഃപതനമാണ് അവർക്ക് എന്നോടുള്ള വിരോധത്തിനു കാരണം. എന്നെ വേർപിരിഞ്ഞ അദ്ദേഹം ഒരു മദ്യപാനിയായി. പിന്നെ ഭ്രാന്തനെപ്പോലെ കുറെനാൾ അലഞ്ഞു നടന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...