നാം പലപ്പോഴും അവഗണിക്കുന്ന ചില സ്വഭാവ ശീലങ്ങൾ ഉണ്ട്. പക്ഷേ അവ പുകവലിശീലം പോലെ അപകടകാരികളാണ്. പുകവലി അപകടകാരിയായ ശീലമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇതുമൂലം ലക്ഷകണക്കിനാളുകളാണ് മരണപ്പെടുന്നത്. എന്നാൽ ഏതാണ്ട് അതെപ്പോലെ ദൂഷ്യഫലങ്ങൾ സൃഷ്ടിക്കുന്ന ചില സ്വഭാവ ശീലങ്ങൾ നമ്മിൽ ഉണ്ടാവാം. അവയെ നമ്മൾ അത്ര കാര്യമാക്കാറുമില്ല. അത്തരം ശീലങ്ങൾ ഏതെന്ന് അറിയാം.
ഏകാന്തത: വിട്ടുമാറാത്ത ഏകാന്തത ഒരു വ്യക്‌തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്‍റെ ആരോഗ്യത്തിൽ അത് കാര്യമായ രീതിയിൽ സ്വാധീനം ചെലുത്തും. ഏകാന്തതയും വികസ്വര രോഗങ്ങളായ ഡിമൻഷ്യ, അൽഷിമേഴ്സ് എന്നിവ തമ്മിലുള്ള ബന്ധം ചൂണ്ടികാണിക്കുന്ന ചില പഠനങ്ങളുമുണ്ട്. ഇന്ത്യയിൽ ധാരാളം പേർ ഒറ്റയ്ക്ക് കഴിയുന്നവരാണ്. എന്നാൽ ചെറുപ്പക്കാർ നേരിടുന്ന കടുത്ത ഏകാന്തത പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്. ഇത് കാലക്രമേണ വിഷാദരോഗത്തിലേക്ക് നയിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഉറക്കമില്ലായ്മ: ഇന്ന് ഏറ്റവും കൂടുതൽപ്പേർ നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇതിന് കാരണങ്ങൾ നിരവധിയാണെങ്കിലും മണിക്കൂറുകളോളം സ്ക്രീനിന് മുന്നിൽ ഇരിക്കുന്നതും മൊബൈലിൽ സമയം ചെലവഴിക്കുന്നതുമൊക്കെ പ്രധാനപ്പെട്ട കാരണങ്ങൾ തന്നെ. സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം, കാഴ്ച തകരാറ്, നേത്ര സംബന്ധമായ മറ്റ് പ്രശ്നങ്ങൾ ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 33% മുതിർന്നവർ ഇന്ത്യയിൽ ഉറക്കമില്ലായ്മ അനുഭവിക്കുന്നവരാണ്. എന്നാൽ ഈ പ്രശ്നത്തെ അവർ വളരെ ലാഘവത്തോടെ കാണുന്നുവെന്നാണ് ദയനീയമായ കാര്യം. ഇത് ക്രമേണ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ദഹന സംബന്ധിയായതും ഹൃദയ സംബന്ധിയായതുമുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമായി മാറാം.
തെറ്റായ ഭക്ഷണശീലം: ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ഏറ്റവും ആവശ്യമാണ്. പക്ഷേ ആരോഗ്യകരമായ ഭക്ഷണശീലം ഭൂരിഭാഗംപ്പേരും പാലിക്കാറില്ലെന്നതാണ് വാസ്തവം. പല കാരണങ്ങൾ കൊണ്ട് ശരിയായ ഭക്ഷണശീലം പാലിക്കാത്തവരാണ് ഏറെയും. ജോലി സംബന്ധമായ തിരക്ക്, സമയക്കുറവ്, ഉത്തരവാദിത്തങ്ങൾ എന്നീങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട്. ശരിയായ ഭക്ഷണരീതിയ്ക്ക് പകരമായി പലരും പാക്കറ്റ് ഫുഡ്, ജങ്ക്ഫുഡ്, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് കഴിക്കുക. മാത്രവുമല്ല, ഈ ഭക്ഷണശീലത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുകയുമില്ല. മോശം ഭക്ഷണശീലത്തിന്‍റെ ഫലമായി അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഉദര വൈഷമ്യങ്ങൾ എന്നിങ്ങനെ നിരവധി രോഗങ്ങൾ ആളുകൾക്കിടയിൽ സാധാരണമായിരിക്കുന്നു. ഇന്ത്യയിൽ ആളുകൾ അധികമായി ധാന്യങ്ങൾ കഴിക്കുന്നതിനാൽ ആവശ്യമായ അളവിൽ പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ട് തന്നെ സ്ത്രീകളിലും പുരുഷന്മാരിലും അമിതവണ്ണമുണ്ടാവുകയും ചെയ്യുന്നു.
നിഷ്ക്രിയമായ ജീവിതശൈലി: സ്ക്രീനിന് മുന്നിൽ ഏറെ സമയം ചെലവഴിക്കുന്നവരാണ് നാമെല്ലാവരും തന്നെ. ജർമ്മനിയിലെ റീജൻസ് ബർഗ് സർവ്വകലാശാല ഇത് സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി. ഓരോ രണ്ട് മണിക്കൂർ നേരം ഒരേ ഇരുപ്പ് ഇരിക്കുന്ന വ്യക്‌തി (അവൻ/അവൾ) യിൽ വൻകുടൽ കാൻസറിനുള്ള സാധ്യത 8 ശതമാനവും ശ്വാസകോശ അർബുദ സാധ്യത 6 ശതമാനവും വർദ്ധിക്കുമത്രേ. പകൽ സമയത്തെ മറ്റ് ആക്റ്റിവിറ്റീസ് കണക്കിലെടുക്കാതെയുള്ള പഠനമാണിത്. എന്തായാലും ജീവിതശൈലിയിൽ ബോധപൂർവ്വമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് അത് കാരണമാകുമെന്നുറപ്പാണ്. ശരീരത്തെയും മനസിനെയും എനർജറ്റിക്കാക്കാൻ ആക്ടീവായിരിക്കുകയെന്നതാണ് നിരവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനേക്കാൾ ഭേദം. മരുന്നുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം ശരീരത്തിനും മനസിനും നല്ല ചുറുചുറുക്കും ഉന്മേഷവും ലഭിക്കും.
അശുഭാപ്തി വിശ്വാസം: അതിസമ്പന്നനായ അമേരിക്കൻ വ്യവസായി വാരൻ ബുഫെ അശുഭാപ്തിയെ കുറിച്ച് പ്രതിപാദിച്ചത് ഇവിടെ ശ്രദ്ധേയമാണ്. അശുഭാപ്തി വിശ്വാസത്തെ നമ്മുടെ സുഹൃത്താക്കുക വഴി നമ്മൾ ഹൃദയം തുറന്ന സന്തോഷത്തിനും ആത്മവിശ്വാസത്തിനും ശത്രുകളായി മാറുകയാണ് ചെയ്യുന്നത്. നമ്മുടെ ജീവിതത്തെ നശിപ്പിക്കാൻ നിഷേധതാത്മ സ്വഭാവത്തെ അനുവദിച്ചു കൂടാ. എന്തിലും ഏതിലും അശുഭാപ്തി വിശ്വാസവും നെഗറ്റീവായ നിലപാടുകളും വച്ചു പുലർത്തുന്നവരാണ് മിക്കവരും തന്നെ. ചെയ്യാൻ പോകുന്ന കാര്യങ്ങൾ ശരിയാവില്ല, പദ്ധതിയനുസരിച്ച് നടക്കില്ലെന്നോ കരുതുന്നതിലൂടെ നമ്മൾ അശുഭാപ്തി വിശ്വാസക്കാരായി മാറുകയാണ്. ഇത് വിഷാദത്തിലേക്കും അനാവശ്യ സമ്മർദ്ദത്തിലേക്കും നയിക്കുന്നു. അതിനാൽ നെഗറ്റീവ് ചിന്താഗതി ഉപേക്ഷിക്കുക. അതിനായി നിരന്തരം ശ്രമിക്കുക. നന്നായി ഉറങ്ങുക ദൈനംദിന ജീവിതം കൂടുതൽ സജ്ജീവമാക്കുക.