രണ്ട് വ്യക്തികളുടെയും രണ്ട് കുടുംബങ്ങളുടെയും സന്തോഷകരമായ ഒത്തുച്ചേരലാണ് വിവാഹമെങ്കിൽ ഇതിന് നേർവിപരീതമായ അവസ്‌ഥയാണ് വിവാഹമോചനം. ഏറെ വേദനിപ്പിക്കുന്ന ഒന്ന്. രണ്ട് വ്യക്‌തികളുടെ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളുടെയും മനസിന് മുറിവേൽപ്പിക്കുന്ന ഒരു യാഥാർത്ഥ്യം. ഭാര്യ- ഭർത്താവ് അല്ലെങ്കിൽ ഭാര്യ- ഭർത്താവ്- കുട്ടികൾ എന്നിവർ ചേർന്ന കുടുംബ സമവാക്യം വിവാഹമോചനത്തിലൂടെ തിരുത്തി എഴുതപ്പെടുകയാണ്. എങ്കിലും, വിവാഹമോചനം അനിവാര്യമായ ഒന്നായി മാറിയാൽ, ഇരുപക്ഷത്തിനും ആ തീരുമാനവുമായി മുന്നോട്ട് പോകാമെന്നതിൽ യാതൊരു തർക്കവുമില്ല. അതവരുടെ വ്യക്‌തിപരമായ തീരുമാനമാണ്. എന്നാൽ ഭൂരിഭാഗം കേസുകളിലും കഥ അവിടം കൊണ്ടും അവസാനിക്കുന്നില്ലെന്നതാണ് വാസ്തവം.

വിവാഹ മോചിതരാകാൻ കുടുംബക്കോടതികളിൽ നൽകുന്ന വിവാഹ മോചനക്കേസുകൾ ഒരു തീരുമാനവുമാകാതെ സങ്കീർണ്ണതകളിൽപ്പെട്ട് നീണ്ടു പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. പല കേസുകളും വർഷങ്ങളോളം നീണ്ടു നിൽക്കുന്നു. വിവാഹമോചനവും കാത്ത് കേസുകൾ പറഞ്ഞ് കോടതിയിൽ വർഷങ്ങളായി കയറിയിറങ്ങി ജീവിതം പാഴായി പോകുന്ന ആ രണ്ട് വ്യക്‌തികളുടെ മാനസികാവസ്‌ഥ എത്ര ഭീകരമായിരിക്കും എന്നോർക്കുക. നല്ല പ്രായവും കടന്ന് സമയവും സമ്പാദ്യവും നഷ്ടപ്പെട്ട് നാളെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞു കൂടുന്ന അവരുടെ മാനസികാവസ്‌ഥ ഇവിടുത്തെ നീതി പീഠങ്ങൾ കാണാത്തതെന്ത്?

വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന കക്ഷികൾക്ക് ഡിവോഴ്സിനെ സംബന്ധിച്ചുള്ള നിയമങ്ങളെപ്പറ്റി സുതാര്യമായ ധാരണ ഭൂരിഭാഗം അഭിഭാഷകരും നൽകാറില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമവശങ്ങളെപ്പറ്റി അവ്യക്തവും സങ്കീർണ്ണതകൾ നിറഞ്ഞതുമായ ചിത്രമാവും കക്ഷികൾക്ക് ലഭിക്കുക. അഭിഭാഷകർ പറഞ്ഞതാണ് ശരിയെന്ന ധാരണയിൽ കേസുമായി മുന്നോട്ട് നീങ്ങുന്ന സാധാരണക്കാരന് അതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യങ്ങൾ കാണാതെ പോകുന്നു. ഒരായുസ്സിൽ സമ്പാദിച്ചതിന്‍റെ നല്ലൊരു പങ്ക് അഭിഭാഷകന് ഫീസായി നൽകി നീതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് മിക്ക കേസുകളിലും സംഭവിക്കുന്നത്.

മറ്റൊന്ന്, വിവാഹമോചനക്കേസുകളിൽ ഇരുഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും പിടിവാശികളുമാണ്. സ്വത്തിനെച്ചൊല്ലിയോ അല്ലെങ്കിൽ കുട്ടികളുടെ മേലുള്ള അവകാശങ്ങളെ ചൊല്ലിയോ തർക്കങ്ങൾ മുറുകുന്നതോടെ കേസുകൾ പിന്നെയും നീണ്ടു പോകുന്നു. വിവാഹമോചനക്കേസുകൾ ഉയർത്തുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളാണ് മറ്റൊരു കാര്യം. തീരുമാനങ്ങൾ എങ്ങുമെത്താത്ത കേസ് നീണ്ടു പോകുന്നതിനിടയിൽ ചോർന്നു പോകുന്ന ജീവിതങ്ങൾ… ജോലി നഷ്ടപ്പെടൽ, പുതിയ ജോലി, പുതിയ ജീവിതം എന്നിവ തടസ്സപ്പെടുന്നത്, പങ്കാളിയ്ക്ക് കുട്ടികളെ കാണാനുള്ള അവസരം നിഷേധിക്കൽ എന്നിങ്ങനെ പ്രശ്നങ്ങൾ വേറെയും.

വിവാഹമോചനക്കേസുകളിലെ ഇത്തരം സങ്കീർണ്ണതകൾക്ക് പരിഹാരവും ആശ്വാസവും കണ്ടെത്തുകയാണ് കൊച്ചിയിലെ അഭിഭാഷകയായ അഡ്വ. ലൈല സഫറും ഡൽഹി സ്വദേശിയായ അഡ്വ. റൂഹി കോഹ്‍ലിയും.

വിവാഹമോചനക്കേസിന് തയ്യാറെടുക്കുന്നവർക്കും വിവാഹമോചനക്കേസിന്‍റെ സങ്കീർണ്ണതകളിൽപ്പെട്ട് രക്ഷ കാണാതെ വിഷമിക്കുന്ന രക്ഷിതാക്കൾക്കുമായി ഒരു കൈ സഹായമെന്ന നിലയിൽ എ ബെറ്റർ ഫ്യൂച്ചർ – എ കംപാഷനേറ്റ് ലോ ഫേം എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇരുവരും. പേര് സൂചിപ്പിക്കും പോലെ വിവാഹമോചിതരാകുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ആശ്വാസവും തണലും പകർന്ന് പുതിയൊരു ജീവിത ലക്ഷ്യത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇങ്ങനെയൊരു പ്രസ്ഥാനം ഒരു പക്ഷേ ഇന്ത്യയിലിത് ആദ്യമായിട്ടായിരിക്കാം. വിവാഹ ബന്ധം തകർന്നതു കൊണ്ട് ജീവിതം അടഞ്ഞ അധ്യായമായി മാറുന്നില്ല. ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ട മനോഹരമായ യാത്ര കൂടിയാണീ ജീവിതം എന്ന് ഓർമ്മിപ്പിക്കുകയാണ് ഇവർ.

വിവാഹമോചനക്കേസുകളിലെ നിയമസംബന്ധമായ സംശയങ്ങൾ ദൂരികരിച്ച് ഓരോ ഘട്ടങ്ങളിൽ കൈകൊള്ളേണ്ട നടപടികൾ എന്തെല്ലാമാണെന്ന വിദഗ്ദ്ധമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയെന്നതാണ് ഈ നിയമ പ്രസ്ഥാനത്തിന്‍റെ മുഖ്യ ലക്ഷ്യം.

ഈ പ്രസ്ഥാനത്തിന് മുന്നോടിയായി ഏക രക്ഷാകർത്താക്കൾക്കായി ദി വില്ലേജ് എന്ന പ്രസ്‌ഥാനത്തിന് അഡ്വ. ലൈല സഫർ തുടക്കം കുറിച്ചിരുന്നു. സിംഗിൾ പേരന്‍റുകൾ നേരിടുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണത്.

എ ബെറ്റർ ഫ്യൂച്ചർ – എ കംപാഷനേറ്റ് ലോ ഫേം എന്ന നിയമ പ്രസ്ഥാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ആക്റ്റിവിസ്റ്റും നിയമജ്ഞയുമായ അഡ്വ. ലൈല സഫർ സംസാരിക്കുന്നു.

വിവാഹമോചനം ആഗ്രഹിക്കുന്നവർക്കും അതിനായി ശ്രമിക്കുന്നവർക്കുമായി ഇത്തരമൊരു നിയമപ്രസ്ഥാനം തുടക്കം കുറിക്കാനുള്ള പ്രചോദനം?

മികച്ച ഭാവി ജീവിതം, നിയമോപദേശമാരായാൻ ആർക്കും സമീപിക്കാവുന്ന നിയമ സ്‌ഥാപനം എന്നതിലധിഷ്ഠിതമാണ് ഇത്. അതാണ് ഇതിന് പിന്നിലുള്ള പ്രചോദനവും. ആളുകളുടെ ഭയത്തേയും ലീഗൽ സിസ്റ്റത്തിന് ചുറ്റുമുള്ള അവ്യക്തയേയും ഇല്ലാതാക്കി ശരിയായതും സത്യസന്ധവുമായ ലീഗൽ അഡ്വൈസ് നൽകുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

വിവാഹബന്ധം വേർപ്പെടുത്തൽ, കുട്ടികളുടെ കസ്റ്റഡി, ജീവനാംശം എന്നിങ്ങനെയുള്ളവയ്ക്കായി തയ്യാറെടുക്കുന്ന രക്ഷിതാക്കൾക്ക് (പങ്കാളികൾക്ക്) നിയമത്തിന്‍റെയും നിയമഞ്ജരുടെയും കനിവിനായി ദീർഘകാലം ആശ്രയിക്കാനിട നൽകാതെ തന്നെ അവർക്ക് പ്രോപ്പർ ആയ ഇൻഫോർമേഷൻ നൽകി സഹായിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുപോലെ സഹാനുഭൂതിയോടെയും നീതിയ്ക്ക് അപ്പുറമായി മനുഷ്യത്വപരമായ സമീപനത്തിലൂടെയും നിലകൊണ്ട് ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും സേവനങ്ങളും ക്ലൈന്‍റിന് നൽകുക. ഞങ്ങൾ രണ്ടുപേരും വിവാഹമോചിതരും സിംഗിൾ പേരന്‍റുകളുമായതു കൊണ്ടും കൂടി ഞങ്ങളെ സമീപിക്കുന്ന ക്ലൈന്‍റുകൾക്ക് തുറന്ന ആശയ വിനിമയം നടത്താനും ഞങ്ങളിൽ വിശ്വാസമർപ്പിക്കാനും കഴിയുമെന്നത് പ്ലസ് പോയിന്‍റാണ്.

നിർഭാഗ്യമെന്ന് പറയട്ടെ, ഇവിടുത്തെ ഭൂരിഭാഗം അഭിഭാഷകരും മറ്റും പക്ഷപാതപരമായ നിലപാടുകൾ സ്വീകരിക്കുന്നതിനാൽ ലീഗൽ സംവിധാനത്തിന്‍റെ പ്രതിഛായയ്ക്ക് തന്നെ മങ്ങലേറ്റിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പ്രസ്‌ഥാനത്തിലൂടെ നിയമ സംവിധാനത്തെ കൂടുതൽ മനുഷ്യത്വപരമാക്കാ (ഹ്യൂമനൈസ്) നാണ് ഞങ്ങളുടെ ശ്രമം. ഒപ്പം ഡിവോഴ്സ്, കസ്റ്റഡി, മെയിന്‍റനൻസ് എന്നീ പ്രക്രിയകൾ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ എളുപ്പമുള്ളതാക്കി തീർക്കാനും ശ്രമിക്കും.

ആവശ്യമുള്ളവർക്ക് ഏതെല്ലാം രീതിയിൽ സേവനം ഉറപ്പ് വരുത്തും?

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന പങ്കാളികൾക്ക്, സിംഗിൾ പേരന്‍റ്സിന് വ്യക്‌തവും ശുദ്ധവുമായ ലീഗൽ സ്ട്രാറ്റജി ബോധ്യപ്പെടുത്തി കൊടുക്കുകയെന്നതാണ് ലക്ഷ്യം. നിയമ സംവിധാനത്തിന്‍റെ പോരായ്മകളെയും അതുമൂലമുണ്ടായ പരാജയങ്ങളെയും മനസിലാക്കി സേവനം ഉറപ്പ് വരുത്തും. നിയമ വ്യവഹാരം നടത്തുന്ന സിംഗിൾ പേരന്‍റുകൾക്ക് ഇൻസ്റ്റഗ്രാം മുഖേനയോ സപ്പോർട്ട് ഗ്രൂപ്പായ ദി വില്ലേജ് മുഖാന്തിരമോ അല്ലെങ്കിൽ നേരിട്ടോ ഞങ്ങളെ സമീപിക്കാം. സൗജന്യമായും അല്ലാതെയും സേവനം നൽകാൻ സന്നദ്ധരാണ് ഞങ്ങൾ.

ദിവസം ചെല്ലുന്തോറും വിവാഹമോചനക്കേസുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹമെന്ന വ്യവസ്‌ഥ റീസ്ട്രക്ച്ചർ ചെയ്യേണ്ടതുണ്ടോ? അതോ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിനുള്ള സംവിധാനങ്ങളെപ്പറ്റി ചിന്തിക്കേണ്ടി വരുമോ?

വിവാഹമോചനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ഭയപ്പെടുത്തുന്ന പ്രശ്നമല്ല. നമുക്ക് മുമ്പുള്ളവർ കുടുംബ ജീവിതത്തിൽ ഏറ്റു വാങ്ങിയിരുന്ന അധിക്ഷേപങ്ങളും പൊരുത്തക്കേടുകളും അംഗീകരിക്കാൻ ആത്മാവബോധമുള്ള, സ്വയം തിരിച്ചറിവുള്ള പുതുതലമുറയിൽപ്പെട്ടവർ തയ്യാറല്ലാത്തതു കൊണ്ടാണ് വിവാഹമോചനങ്ങൾ ഏറുന്നത്. ഏത് മനുഷ്യ സമൂഹത്തിന്‍റെയും മുന്നോട്ടുള്ള പുരോഗതിയ്ക്ക് പുതിയ ചിന്താഗതിയും കാഴ്ചപ്പാടുകളും നല്ലതാണെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. വിവാഹ മോചിതർ, സിംഗിൾ പേരന്‍റ്സ്, ട്രാൻസ്ജെന്‍റേഴ്സ്, എൽജിബിറ്റി ക്യൂഎ വിഭാഗം, സിംഗിളായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവരെ നീതിയുടെ കാഴ്ചപ്പാടിൽ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെടുന്നതിന് പകരമായി പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന വിധം സാമൂഹികാവബോധം വളരുകയാണ് വേണ്ടത്. എല്ലാവരും തന്നെ ഈ സമൂഹത്തിന്‍റെ ഭാഗങ്ങളാണ്. അതിന്‍റെ ഗുണങ്ങൾ അനുഭവിക്കാൻ അർഹതപ്പെട്ടവരാണ്.

വിവാഹത്തെ സംബന്ധിച്ച് കൂടുതൽ പ്രവർത്തന സ്വാതന്ത്യ്രം കുട്ടികൾക്കും യുവാക്കൾക്കും നൽകണമെന്നതിൽ ഞങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു. തെറ്റായ കാരണങ്ങൾക്കു വേണ്ടി വിവാഹം ചെയ്യുന്നതിനൊപ്പം സ്ത്രീധനം, ശൈശവവിവാഹം, സാമ്പത്തിക നഷ്ടം, വിവാഹ ശേഷം ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കൽ, അതോടൊപ്പം വിവാഹം നടക്കാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നതിന്‍റെ പ്രശ്നങ്ങൾ എന്നിവയെയെല്ലാം തന്നെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. അതിന് സർക്കാരിന്‍റെയും നിയമങ്ങളുടെയും സപ്പോർട്ട് ഗ്രൂപ്പുകളുടെയും തെറാപ്പിയുടെയും കെയർ ഹോമുകളുടെയും ശക്തമായ സഹായ സഹകരണങ്ങൾ ഉണ്ടായാൽ മാത്രമേ സാധിക്കൂ.

ഈ സപ്പോർട്ട് ഗ്രൂപ്പിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

വ്യക്‌തിപരമായി പറയുകയാണെങ്കിൽ വിവാഹമോചനം എനിക്കൊരുപാട് വേദന നിറഞ്ഞ അനുഭവമാണ് നൽകിയത്. വളരെ വേദനാജനകമായിരുന്നുവത്. ഒരു അഡ്വക്കേറ്റായിരുന്നിട്ടും ഫീസ് നൽകി കേസ് നടത്തിപ്പിനായി ഞാൻ ചുമതലപ്പെടുത്തിയിരിക്കുന്ന നിയമജ്ഞരുടെ കനിവിനായി ആശ്രയിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്. ഇത്തരം കാര്യങ്ങളെ മുൻനിർത്തിയാണ് ഞാനും അഡ്വ. റൂഹിയും ഡിവോഴ്സിന്‍റെ ലീഗൽ പ്രക്രിയ സ്ട്രാറ്റജൈസ് ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റി ആലോചിച്ച് തുടങ്ങുന്നത്.

വ്യത്യസ്ത മേഖലകളിൽ ഉള്ള ക്ലൈന്‍റിനു വേണ്ടി നമ്മൾ പ്രതിനിധാനം ചെയ്യുന്നില്ലെങ്കിലും ക്ലൈന്‍റിനോട് സംസാരിച്ച് അവരുടെ സാഹചര്യങ്ങൾ മനസിലാക്കി അവർക്ക് മനസിലാകുന്ന രീതിയിൽ നിയമത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ എഴുതി നൽകി അവർക്ക് വേണ്ട പിന്തുണ നൽകി ഞങ്ങൾ ഒപ്പമുണ്ടാവും. അവരുടെ കേസ് നടത്തിപ്പിനിടെ കിട്ടുന്ന തെറ്റായ നിയമോപദേശത്തെ ചോദ്യം ചെയ്യാനും നിയമ നടപടികളുടെ ശരിയായ നടത്തിപ്പിന് മേൽ ജാഗ്രതയും നിയന്ത്രണവും പുലർത്താനും ഇതവരെ സഹായിക്കും.

പൊതുജനത്തിന് ലീഗൽ സേവനങ്ങളെ സംബന്ധിച്ചുള്ള ധാരണ നൽകുന്നതെങ്ങനെയാണ്?

ഇക്കാര്യത്തിൽ അൽപ്പം ബുദ്ധിമുട്ടുണ്ട്. സോഷ്യൽ മീഡിയയുടെ പരിധിക്കുള്ളിലാണ് ഇപ്പോൾ ഇതിന്‍റെ റീച്ച്. ക്രമേണ മാധ്യമങ്ങളുടെ സഹായത്തോടെ നിയമ സഹായം ആവശ്യമായ കൂടുതൽപ്പേരിലേക്ക് എത്തിക്കണമെന്നാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ സർക്കാരിന്‍റെ പിന്തുണയൊന്നുമില്ല. പക്ഷേ, സമാന ചിന്താഗതിക്കാരായവരിൽ നിന്നും സോഷ്യൽ മീഡിയ ഫോളോവേഴ്സിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഞങ്ങളെ സമീപിക്കാൻ ആഗ്രഹിക്കുന്നവർക്ക് hello@thevillagebanter.com അല്ലെങ്കിൽ 8136859779 നമ്പറിലോ സന്ദേശമയക്കാവുന്നതാണ്. അത്തരം സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ഞങ്ങൾ തിരിച്ച് അവരെ കോണ്ടാക്റ്റ് ചെയ്യും.

താങ്കൾ മുന്നോട്ട് വയ്ക്കുന്ന പരിഹാര നിർദ്ദേശങ്ങളോട് ക്ലൈൻറ് അനുകൂലിക്കാതെ വരികയോ അല്ലെങ്കിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തെ എങ്ങനെയാണ് ഹാൻഡിൽ ചെയ്യുക?

കേസിൽ പിന്തുണ ഇല്ലാതെ വരികയോ ഇരുകൂട്ടരുടെയും വക്കീലന്മാർ അല്ലെങ്കിൽ ഇരുപക്ഷവും ധാരണയിൽ എത്താതെ വരികയോ ചെയ്യുമ്പോൾ സ്വഭാവികമായ പ്രതികരണങ്ങളും എതിർപ്പുകളും ഭിന്നതകളും ഉണ്ടാവും. ഇത്തരമൊരു സാഹചര്യത്തിൽ ക്ലൈന്‍റിന്‍റെ മാനസികാവസ്‌ഥയും വൈകാരികനിലയും മനസിലാക്കി പ്രവർത്തി ക്കാനുള്ള നിയമപരവും മനുഷ്യത്വപരമായ സമീപനവും സ്വീകരിക്കും.

എന്തായാലും വിവാഹമോചനം ആണിനും പെണ്ണിനും ശാരീരികവും മാനസികവുമായ ആഘാതം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. അവർക്ക് പിന്തുണയാവശ്യമാണ്. അതിനായി പ്രത്യേകം സപ്പോർട്ട് സിസ്റ്റമുണ്ടോ?

പ്രതിസന്ധി ഘട്ടത്തിൽ ഒരു വ്യക്‌തിയ്ക്ക് താങ്ങാവുന്നതിന് ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടായിരിക്കേണ്ടത് 100 ശതമാനം അനിവാര്യം തന്നെയാണ്. പക്ഷേ അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. ഞങ്ങളുടെ മറ്റൊരു സപ്പോർട്ട് ഗ്രൂപ്പായ ദി വില്ലേജ് ഫോർ സിംഗിൾ പേരന്‍റ്സും അതിന്‍റെ നിയമ സ്‌ഥാപനമായ ദി ബെറ്റർ ഫ്യൂച്ചറും എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടവർക്കായി താങ്ങാവാനും അവരുടെ ഓരോ ചുവടുവയ്പിലും ശക്‌തമായ പിന്തുണയുമായി ഒപ്പം ഉണ്ടാവും.

വ്യക്‌തിപരമായി പറഞ്ഞാൽ ഞാനും അഡ്വ. റൂഹിയും വിവാഹമോചനത്തിനു ശേഷം ഞങ്ങൾക്ക് സ്വയം താങ്ങാവാൻ സപ്പോർട്ട് സിസ്റ്റം ഒരുക്കുകയാണ് ഉണ്ടായത്. അതുവഴി വലിയ സൗഹൃദ വലയങ്ങളും പ്രൊഫഷണൽ കണക്ഷനുകളും സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഭാവി പരിപാടികൾ

കൂടുതൽ ബോധവൽക്കരണം സാധ്യമാകുന്ന തരത്തിൽ ലീഗൽ സപ്പോർട്ട് ഗ്രൂപ്പ് വിപുലപ്പെടുത്തണമെന്നാണ് ഏറ്റവും വലിയ ലക്ഷ്യം. നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്‌തികൾക്ക് മനസിലാക്കി കൊടുക്കുന്നതിനൊപ്പം വിവാഹമോചനത്തിന് ഒരുങ്ങുന്ന ഓരോ രക്ഷിതാവിനും നിയമവശങ്ങളെപ്പറ്റി പറഞ്ഞ് മനസിലാക്കി കൊടുക്കുകയെന്നതാണ് ഞങ്ങളുടെ അൾട്ടിമേറ്റ് എയിം. ലീഗൽ സംവിധാനങ്ങൾ തങ്ങളുടെ ജീവിതത്തിന് വേണ്ടിയുള്ളതാണെന്ന യാഥാർത്ഥ്യം ആളുകൾ മനസിലാക്കണം.

और कहानियां पढ़ने के लिए क्लिक करें...