കടുത്ത ചൂടിന് വിരാമമിട്ടു കൊണ്ടാണ് ഓരോ മഴക്കാലവും കടന്നു വരുന്നത്. ആരോഗ്യ പരിപാലന കാര്യത്തിൽ ഏറെ ശ്രദ്ധ വേണ്ടി വരുന്ന സമയം കൂടിയാണ് മഴക്കാലം.
പോഷക സമ്പന്നമായ ഡയറ്റ്
- പൊതുവേ ജലജന്യ രോഗങ്ങൾ പിടിപ്പെടാൻ ഏറെ സാധ്യതയുള്ള കാലാവസ്‌ഥയാണിത്. അതുകൊണ്ട് പരിപൂർണ്ണമായും ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
- അതുപോലെ ശരീരത്തിൽ അണുബാധയുണ്ടാകാൻ സാധ്യതയുള്ള സമയമായതിനാൽ ആരോഗ്യപ്രദവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കാം. സ്ട്രീറ്റ് ഫുഡ്സ് പാടെ ഒഴിവാക്കാം. പുറത്ത് നിന്നും ജ്യൂസ്, ചാട്ട്, പാനിപുരി, കുൽഫി എന്നിവ കഴിക്കുന്നത് തീർത്തും ഒഴിവാക്കുക. അതോടെ കുറേയേറെ രോഗങ്ങളെയും പടി കടത്താം.
- പുറത്ത് നിന്നും ഫ്രഷ് പച്ചക്കറികളും സലാഡുകളും കഴിക്കുന്നത് ഒഴിവാക്കാം. വീട്ടിൽ തയ്യാറാക്കുന്നവ മാത്രം കഴിക്കുക.
വെള്ളം കുടിക്കുക
- മഴക്കാലമല്ലെ ദാഹം കുറവാണെന്ന് കരുതി വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്. ഇഷ്‌ടം പോലെ വെള്ളം കുടിക്കുക. ശരീരം വരളുന്നത് തടയാൻ ഇത് ഫലവത്താണ്. വെള്ളത്തിന് പകരം കാർബണേറ്റഡ് ഡ്രിങ്ക്സ്, ചായ, കാപ്പി, കൂൾഡ്രിങ്ക്സ് എന്നിവ കുടിക്കുന്നത് ഒഴിവാക്കണം.
- ഹെർബൽ ചായകൾ, ഹെൽത്ത് ഡ്രിങ്ക്സ് എന്നിവ നിത്യവും കുടിക്കുക. ആരോഗ്യവും അഴകും വർദ്ധിക്കും.
മഴയത്ത് നടക്കാൻ കൊതിയാണെങ്കിൽ
മഴ സമയത്ത് പുറത്തിറങ്ങി നടക്കാൻ കൊതിക്കുന്നവരാണ് മിക്കവരും, പ്രത്യേകിച്ചും കുട്ടികൾ. ലെപ്റ്റോസ്പിറോസിസ് പോലെയുള്ള വൈറൽ അസുഖങ്ങളും ഫംഗൽ ഇൻഫക്ഷനും ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് ഓർക്കുക. അങ്ങനെ മഴയത്ത് നടക്കേണ്ടി വന്നാൽ തന്നെ വീട്ടിലെത്തിയാലുടൻ പാദങ്ങൾ സോപ്പുപയോഗിച്ച് കഴുകി തുടച്ച് വൃത്തിയാക്കാം. ദീർഘസമയം നനഞ്ഞ സോക്സും ഷൂസും ധരിച്ച് നിൽക്കരുത്. പാദങ്ങൾക്ക് അനുയോജ്യമായ മൺസൂൺ ചെരിപ്പുകൾ ധരിക്കുക.
- പ്രമേഹ രോഗികൾ പാദപരിചരണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ചെരിപ്പിടാതെ പുറത്ത് പോകുന്നത് പല അസുഖങ്ങളേയും ക്ഷണിച്ചു വരുത്തും.
- നനഞ്ഞ വസ്ത്രത്തോടെ ഏസി മുറിയിൽ ഇരിക്കരുത്. ഉടനടി മാറ്റുക. ഓഫീസിൽ ധരിക്കാനായി എക്സ്ട്രാ വസ്‌ത്രങ്ങൾ കയ്യിൽ കരുതാം.
- ഈർപ്പ രഹിതമാകണം വീടിനകത്തളം.
- ഈർപ്പമുള്ള ചുവരുകൾ ഫംഗസ് വളർച്ചയ്ക്ക് സഹായകരമായ അന്തരീക്ഷമൊരുക്കും. ഇത് ആസ്തമാ രോഗികൾക്കും മറ്റ് ശ്വാസ സംബന്ധമായ അസുഖമുള്ളവർക്കും ദോഷകരമാണ്. അതുകൊണ്ട് വീടിനകവശം ഈർപ്പരഹിതവും അണുവിമുക്തവുമായിരിക്കാൻ ശ്രദ്ധിക്കുക.
കൊതുകു നിവാരണം
- കൊതുകുകൾ പെറ്റു പെരുകുന്നത് അസുഖങ്ങൾ ഉണ്ടാകാൻ ഏറ്റവും വലിയ കാരണമാണ്. വീടിന് ചുറ്റും വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കുകയെന്നതാണ് പ്രഥമമായി ചെയ്യേണ്ടത്.
- കൊതുകുകളെ പ്രതിരോധിക്കാൻ മോസ്കിറ്റോ റെപ്പലൻറ് ഉപയോഗിക്കുക. ചുറ്റുപാടും ഇലകൾ വീണ് ചീഞ്ഞളിയുന്നത് ഒഴിവാക്കിയാൽ അവയെ ഫലപ്രദമായി നിർമ്മാജ്ജനം ചെയ്യാം.
- മഴക്കാലത്ത് പ്രതിരോധശേഷി കുറഞ്ഞവർ പ്രതിരോധ മരുന്നുകൾ കഴിക്കുക.
രണ്ട് നേരം കുളി
- വീട്ടിൽ മടങ്ങിയെത്തിയാലുടൻ കുളിക്കുക. വിയർപ്പും അഴുക്കും മൂലമുള്ള അണുബാധ തടയാൻ ഏറ്റവും ഫലവത്തായ മാർഗ്ഗമാണിത്.
- വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ടാബ്‍ലറ്റ് കഴിക്കുക.
കണ്ണുകൾ സ്പർശിക്കരുത്
- ചെങ്കണ്ണ്, കൺകുരു, കണ്ണുകൾ വരളുക തുടങ്ങിയവ മഴക്കാലത്തുണ്ടാകുന്ന നേത്ര സംബന്ധമായ അസുഖങ്ങളാണ്.
- ശരിയായ പരിചരണവും ശുചിത്വവും അവലംബിക്കുന്നതിലൂടെ ഇത്തരം അസുഖങ്ങളെ ഫലവത്തായി ചെറുക്കാം. ഒപ്പം മരുന്നുകളും ഒഴിവാക്കാം. അഴുക്ക് പുരണ്ട കൈകൾ കൊണ്ട് കൂടെക്കൂടെ കണ്ണുകൾ സ്പർശിക്കുന്നതും തീരുമ്മുന്നതും പാടെ ഒഴിവാക്കുക. കൈകൾ ശുചിയാക്കിയ ശേഷം മാത്രമേ കണ്ണുകൾ സ്പർശിക്കാവൂ. കണ്ണുകൾക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ ശുദ്ധവെള്ളം കൊണ്ട് കണ്ണുകൾ കഴുകുക. ആവശ്യമെങ്കിൽ ഡോക്ടറെ കണ്ട് പരിഹാരം തേടാം.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और