ലോകം മൊത്തം കോവിഡ് പ്രതിസന്ധിയിൽ ഉഴറി നിൽക്കെ, കേരളം (ഇന്ത്യയും) രണ്ടു മാസത്തോളം ലോക്ക്ഡൗണിൽ ആയിരിക്കെ, കഴിഞ്ഞ മെയ് 2020 മുതൽ ആണ് ഗൃഹശോഭയിൽ ഞാൻ ആനന്ദം എഴുതിത്തുടങ്ങിയത്. ഇത് പതിമൂന്നാമത്തെ ലേഖനമാണ്. (പതിമൂന്നു ഒരു അശുഭ സംഖ്യയാണത്രെ! ആപ്പിൾ ഐ ഫോൺ 12 കഴിഞ്ഞു അടുത്ത മോഡലിന് എന്ത് പേരിടും എന്ന ആലോചനയിലാണ്) കഴിഞ്ഞ 12 ലക്കങ്ങളിലും മുടങ്ങാതെ എഴുതിയ 12 ലേഖനങ്ങൾക്കും അകമഴിഞ്ഞ പിന്തുണ നൽകുകയും കത്തുകൾ എഴുതിയും സന്ദേശമയച്ചും കൂടെ നിന്ന എല്ലാ വായനക്കാർക്കും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.

എന്താണ് ആനന്ദം? എന്തിനാണ് ആനന്ദം?

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്‍റെ ഒരു ലേഖനം പഠിക്കാനുണ്ടായിരുന്നു. പേരിപ്പോൾ ഓർക്കുന്നില്ല. എന്നാൽ അതിൽ അദ്ദേഹം ചർച്ച ചെയ്‌തത് നെഗറ്റിവിറ്റിയോടുള്ള നമ്മുടെ ഭ്രമത്തെക്കുറിച്ചാണ്. കുറ്റം പറയാൻ വ്യഗ്രത കാണിക്കുന്ന നമ്മൾ ആ താൽപര്യം നല്ലത് പറയാൻ കാണിക്കുന്നില്ല എന്നദ്ദേഹം പരിഭവിച്ചു. പാശ്ചാത്യ മാധ്യമങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ നമ്മുടെ മാധ്യമങ്ങൾ ദുരന്ത വാർത്തകൾ ആദ്യ പേജിൽ കൊടുക്കുകയും പ്രശംസനീയമായ വാർത്തകൾ ഉൾപ്പേജിൽ ഒതുക്കുകയും ചെയ്യുന്നു. ഇത് മാറണം എന്നും അദ്ദേഹം എഴുതി. അത് കുറേനാൾ ഇങ്ങനെ മനസ്സിൽ കിടന്നു.

വർഷങ്ങൾ കടന്നു പോയി. മഹാരാജാസ് കോളേജിൽ പഠിക്കവേ ഫിലിം ക്ലബ് ഒരു ഷോർട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. അന്നത്തെ വിധികർത്താക്കളിലൊരാൾ “ഇപ്പോൾ ഇറങ്ങുന്ന ഹ്രസ്വ ചിത്രങ്ങളൊക്കെ മനം മടുപ്പിക്കുന്നതാണെന്നും, പോസിറ്റീവ് ആയൊരു തീം എന്ത് കൊണ്ടാണ് ആരും ചെയ്യാൻ ധൈര്യപ്പെടാത്തതെന്നും” ചോദിച്ചു. മയക്കുമരുന്ന്, കൊട്ടേഷൻ, ഗുണ്ടായിസം, പീഡനം, പൈങ്കിളി പ്രേമം- പ്രേമനൈരാശ്യം, ആത്മഹത്യ എന്നിങ്ങനെയുള്ള പ്രമേയങ്ങൾക്ക് ചുറ്റും വട്ടം കറങ്ങുന്ന ഒരു കാലമായിരുന്നു അത്. (സുഹൃത്തു കൂടിയായ) ശ്രാവൺ രാജ് ഏതാനും വർഷങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് മൈൻഡ് എന്ന ചിത്രം അത്തരത്തിൽ നോക്കിയാൽ ഒരു പോസിറ്റീവ് ചിത്രമാണ്.

ജന്മനാ വിക്കനായ ഒരാൾ, അയാൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, ഒടുവിൽ ഒരു ഇന്‍റർവ്യൂവർ അയാളോട് സ്വീകരിക്കുന്ന തുറന്ന സമീപനം, അത് അയാളിൽ വരുത്തുന്ന മാറ്റം. ക്ലൈമാക്സ് രംഗത്തെ ഉണ്ണി ശിവപാലിന്‍റെ ഒരൊറ്റ ചിരിയിൽ ശ്രാവൺ ആ പടത്തിന്‍റെ പോസിറ്റിവിറ്റി വെളിവാക്കുന്നു. “തിരിച്ചു നല്കാനാവാത്ത ഒരു സഹായം സഹജീവിക്ക് നിങ്ങൾ ഈ ദിവസം ചെയ്‌തിട്ടില്ലെങ്കിൽ നിങ്ങൾ ഈ ദിവസം ജീവിച്ചിട്ടില്ല.” എന്ന് ശ്രാവൺ കുറിച്ചിടുന്നു. ആ സഹായം കേവലം സാമ്പത്തികമല്ല, പലപ്പോഴും സഹജീവിയെ മനസിലാക്കുന്നതും മാന്യമായി പെരുമാറുന്നതും പോലും സഹായം തന്നെയാണ്.)

പിന്നീട് അധ്യാപകനായപ്പോഴും പലപ്പോഴും തോന്നിയിട്ടുണ്ട് “ആരും ഒന്നിലും സന്തുഷ്ടരല്ല” എന്ന്. മിക്ക ഡിപ്പാർട്മെന്‍റിലും മൂന്ന് ഗ്രൂപ്പുകൾ കാണും. വകുപ്പ് മേധാവിയെ ചുറ്റിപറ്റി ഒരു ഉപജാപക സംഘം, അതിൽ അരിശവും (കുശുമ്പും) ഉള്ള ഒരു എതിർ സംഘം, ഇതിലൊന്നും പെടാനാവാതെ ചെകുത്താനും കടലിനും നടുവിൽ നിൽക്കുന്ന രണ്ടോ മൂന്നോ ചെറുപ്പക്കാരും. (അതുമല്ലെങ്കിൽ ഇടതെന്നും വലതെന്നും അരാഷ്ട്രീയരെന്നും ആവാം.) ഇതിനു പുറമെ ഡിപ്പാർട്മെന്‍റുകൾ തമ്മിലുള്ള വഴക്കുകൾ… അങ്ങനെയങ്ങനെ സംഭവ ബഹുലമാണ് എല്ലായിടത്തും. എന്നാൽ മിക്ക വഴക്കുകൾക്കും വലിയ കാര്യമൊന്നും ഉണ്ടാവില്ല താനും. ഈഗോ, തെറ്റിദ്ധാരണകൾ (സ്വയമുള്ളതും കൂടെയുള്ളവർ ഉണ്ടാക്കുന്നതും), എടുത്തു ചാട്ടം, ക്ഷിപ്ര കോപം, പിടിവാശി എന്നിങ്ങനെ പലപല കാരണങ്ങൾ ഇവയെ പരിപോഷിപ്പിക്കുന്നു.

anandam may

അവനു ഇവനെ ഇഷ്ടമല്ല, ഇവന് അവനെ ഇഷ്ടമല്ല, അവള് ശരിയല്ല. അവന്മാരൊക്കെ എനിക്കെതിരെ ഗൂഢാലോചനയാണ്. എന്നിങ്ങനെ പോകും ആക്ഷേപങ്ങൾ. ഇതിനു പുറമെയാണ് രോഗങ്ങൾ, പട്ടിണി, ദാരിദ്യ്രം എന്നിങ്ങനെ അനേകായിരം കാരണങ്ങളാൽ വീർപ്പുമുട്ടുന്ന അനേകായിരങ്ങൾ.

അപ്പോൾ പറഞ്ഞു വന്നത് ഈ ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ചാണ്. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല, ഒരുപാട് നാളായുള്ള ആഗ്രഹമായിരുന്നു, സംഘർഷഭരിതമായ ദൈനംദിന ജീവിതത്തിനിടയ്ക്ക് ആശ്വസിക്കാനും ആനന്ദിക്കാനും പ്രചോദിതരാവാനും ഉതകുന്ന കുറെ ലേഖനങ്ങളെഴുതണം എന്ന്. പംക്തിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആനന്ദം ലഭിക്കുന്ന ലേഖനങ്ങൾ.

പ്രഹസനം, അപ്രായോഗികം, നടക്കാത്ത കാര്യങ്ങൾ

ആനന്ദത്തിന്‍റെ ചില ലേഖനങ്ങൾ വായിച്ചിട്ട് (പ്രത്യേകിച്ചു ദാനത്തെക്കുറിച്ചുള്ള ലേഖനം, താന്താങ്കളേക്കാൾ താഴ്ന്നവരോടും സ്നേഹത്തോടെ പെരുമാറേണ്ടതിനെക്കുറിച്ചുള്ള ലേഖനം) പലരും ഇൻബോക്സിൽ മേൽപറഞ്ഞ വാക്കുകളുമായി വരാറുണ്ട്. മൂന്നാമത്തെ ലേഖനം വായിച്ചിട്ട് അറിയപ്പെടുന്ന ഒരു ജേർണലിസ്റ്റ് കൂടിയായ ഒരു സുഹൃത്ത് മെസ്സേജയച്ചു.“ഇത് വല്ലോം നടക്കണ കാര്യമാണോ?! ചുമ്മാ പ്രഹസനമല്ലേ മാഷേ! ഈ നന്മമരമൊക്കെ വായിക്കാൻ കൊള്ളാം എന്നല്ലാതെ…”

പലപ്പോഴും ക്ലാസ്സിൽ കുട്ടികളോട് പറയാറുള്ള ഒരു നിരീക്ഷണം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം. “നിങ്ങൾ ഏറ്റവും മോശമായ എന്തിനെക്കുറിച്ചും ആലോചിച്ചു നോക്കൂ. ഒരു ബൈക്ക് ആക്സിഡന്‍റ്, ഒരു കൊലപാതകം, മോഷണം, ഗാർഹിക പീഡനം, തമ്മിൽത്തല്ല്- ആലോചിക്കുന്ന മാത്രയിൽ നിങ്ങളുടെ മുഖം കോടിയിരിക്കും. എന്നാൽ നേരെ മറിച്ചു നിങ്ങൾ ഇങ്ങനെ ആലോചിച്ചു നോക്കൂ. “ഒരു കുട്ടി, സ്ത്രീ, ഭിക്ഷു വിശന്നു വലഞ്ഞിരിക്കുന്നു. നിങ്ങൾ അപ്പോൾ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നു.” നിങ്ങളുടെ മുഖത്തു ഇപ്പോൾ ഒരു പുഞ്ചിരി വിടർന്നിട്ടുണ്ടാകും. ആ ആൾ കൃതജ്ഞതയോടെ ചിരിച്ച അതെ ചിരി. നന്മ ഇത്രമാത്രം ലളിതമാണ്. നിങ്ങൾ തിന്മയെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ചുറ്റും നെഗറ്റീവ് വൈബ്ബ് രൂപപ്പെടുന്നു. നമ്മുടെ ചുറ്റുമുള്ള മാധ്യമങ്ങൾ, വാർത്തകൾ, സിനിമകൾ ഒക്കെ മിക്കപ്പോഴും ഇത്തരം നെഗറ്റിവിറ്റിയിലേക്ക് മാത്രം നമ്മെ കൊണ്ടു ചെല്ലുന്നു.

മിക്കപ്പോഴും ആനന്ദമെഴുതുമ്പോൾ ഇത് മനസ്സിലുണ്ടാവാറുണ്ട്. നന്മ എപ്പോഴും കൂടുതൽ നന്മയിലേക്ക് നയിക്കുന്നു. തിന്മ ആരാലും ന്യായീകരിക്കാനാവാത്തതു തന്നെ ആണ്. പലരേയും  വിഷമിപ്പിക്കുന്നതും. സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണ സമയത്ത് ഡിപ്രഷനെക്കുറിച്ച് പംക്തി എഴുതിയപ്പോൾ എഡിറ്റോറിയൽ ടീമിനോട് പ്രത്യേകം ആവശ്യപ്പെട്ടു. “തലയിൽ കയ്യും വച്ചിരിക്കുന്ന, ബ്ലാക്ക് ആൻഡ് വൈറ്റ് ടെംപ്ലേറ്റിൽ ഉള്ള, കണ്ടാൽ തന്നെ ഡിപ്രഷൻ അടിപ്പിക്കുന്ന പടങ്ങളൊന്നും കൊടുക്കരുതെന്ന്.” ആദ്യ ലക്കം മുതൽക്കേ അത്തരത്തിൽ എന്‍റെ പംക്തിയിൽ വരുന്ന ചിത്രം പോലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം എഡിറ്റോറിയൽ ടീം നൽകിപ്പോന്നിട്ടുള്ളത് കൊണ്ട് കൂടിയാണ് നിങ്ങൾക്ക് അവ ആനന്ദം നൽകുന്നത്. എത്ര വിഷമമുള്ള ഘട്ടത്തെയും കുറ്റപ്പെടുത്തുന്നതിനു പകരം പ്രശ്ന പരിഹാര മാർഗ്ഗങ്ങളിലേക്കുള്ള ഒരു സമീപനമാണ് സ്വീകരിച്ചു പോരാൻ ശ്രമിച്ചിട്ടുള്ളത്. അത് തന്നെയാണ് ആനന്ദത്തിന്‍റെ പോസിറ്റിവിറ്റി.

അധ്യാപനം, സാഹിത്യം, സിനിമ, ഫിലോസഫി… ഒന്ന് മാറ്റി പിടിച്ചു കൂടെ

ആംഗലേയ ബിരുദാനന്തര ബിരുദധാരിയാണ്. പഠനകാലത്ത് തന്നെ ഐഎഫ്എഫ്കെയുടെ മാഗസിനിൽ സബ് എഡിറ്റർ ആയിരുന്നു. ഹ്രസ്വ ചിത്രങ്ങൾ ചെയ്യുകയും അവാർഡുകൾ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. ആംഗലേയ അധ്യാപകനാണ്. പലപ്പോഴും ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടങ്ങളെയും തരണം ചെയ്യാൻ സഹായിച്ചിട്ടുള്ളത് ഇവയൊക്കെയാണ്. ദസ്താവിസ്കിയും, ടോൾസ്റ്റോയും, വിർജീനിയ വൂൾഫും, ഷേക്സ്പിയറും ഒക്കെ പല പല ജീവിതനേർ കാഴ്ചകളാൽ നമ്മെ വിസ്മയിപ്പിക്കും. ഏതാനും ലക്കങ്ങൾക്ക് ശേഷം വായനക്കാരും പലരും പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും എഴുതാമോ എന്ന് ചോദിച്ചു  തുടങ്ങി. അങ്ങനെയാണ് അവയുടെ ആധിക്യം പ്രകടമാകുന്നത്.

ചിലതൊക്കെ അൽപ്പം കടന്നു പോകുന്നില്ലേ

വിവാഹ സ്പെഷ്യൽ (ഡിസംബർ) ഗൃഹശോഭയിൽ എഴുതിയ ലേഖനം എല്ലാവർക്കും ദഹിച്ചേക്കില്ല എന്ന ധാരണയിൽ തന്നെയാണ് എഴുതിയത്. എന്നിരിക്കലും പറയത്തക്ക അസഹിഷ്ണുതയോ വിവാദമോ ആരും ആക്കിയില്ല. ഒരുപാട് പോസിറ്റീവ് റെസ്പോൻസുകൾ വന്നു. പ്രത്യേകിച്ചും ഭിന്നലിംഗക്കാരും. ലിവിങ് ടുഗെദറിൽ ഉള്ളവരും, ബ്രോക്കൻ മാരിയേജിൽ ഉള്ളവരും ഒക്കെ. കാലത്തിനു അനുയോജ്യമായ മാറ്റങ്ങളെക്കുറിച്ചു എഴുതേണ്ടതും നമ്മുടെ കടമയാണല്ലോ. മാസികയുടെ ഒരു പോളിസിയുടെ ഭാഗമായി രാഷ്ട്രീയ വിഷയങ്ങൾ എടുക്കാറില്ല. ഇല്ലെങ്കിൽ പല നേതാക്കന്മാരും അവരുടെ അഴിമതികളും കെടുകാര്യസ്ഥതയും ഈ പേനയ്ക്ക് ഇരയായേനെ. എന്‍റെ സാമൂഹ്യ മാധ്യമ പോസ്റ്റുകൾ പിന്തുടരുന്നവർ സമ്മതിക്കും. അത്തരം പൊളിറ്റിക്കൽ പോസ്റ്റുകൾ കടന്നു പോകുന്നത്രയൊന്നും എന്തായാലും ആനന്ദത്തിൽ സംഭവിക്കാറില്ല.

സത്യത്തിൽ എന്താണ് ഹേ ആനന്ദം

വീണ്ടും ഒരു കുട്ടി കഥ പറയാം. മുമ്പൊരു ലക്കത്തിൽ മഹാരാജാസിൽ 2 വർഷം താത്ക്കാലിക അധ്യാപകനായി ജോലി നോക്കിയ കാര്യം പറഞ്ഞിരുന്നല്ലോ. എന്‍റെ അധ്യാപക ജീവിതത്തിൽ അതൊരു നല്ല പാഠശാലയായിരുന്നു. എന്നിരിക്കിലും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലഘട്ടം കൂടി ആയിരുന്നു അത്. 2 കൊല്ലം അവിടെ പഠിപ്പിച്ചെങ്കിലും സർക്കാർ സ്‌ഥാപനമായിരുന്നതിനാൽ പിന്നെയും ഒരു ഒന്നര കൊല്ലം കൂടി അവിടെ കേറിയിറങ്ങേണ്ടി വന്നു ശബളം മൊത്തം ലഭിക്കാൻ. അവിടത്തെ ഓഫീസ് സ്റ്റാഫിന്‍റെ ഗുണം കൊണ്ടാണ് കേട്ടോ! അവർ നടത്തി തരാം എന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. ജോലി ചെയ്‌തിരുന്ന സമയത്ത് ഇടയ്ക്കിടെ ഓഫീസിൽ പോയി മിതമായ ശബ്ദത്തിൽ അവരോട് ശമ്പളത്തിന്‍റെ പുരോഗതി അന്വേഷിക്കുമായിരുന്നു. ഓരോ തവണയും ഓരോ മുട്ടാപോക്ക് പറഞ്ഞു വിടും. എന്‍റെ ഒരു സഹപ്രവർത്തകയോട് “ഞങ്ങടെ വീട്ടിന് നോട്ടു അച്ചടിക്കുന്ന മെഷീൻ ഒന്നും ഇവിടെ കൊണ്ട് വന്നു വച്ചിട്ടില്ല” എന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചിട്ടുണ്ട്. ഒരു ദിവസം ഞാൻ ഇത്തരത്തിൽ ചെന്നപ്പോൾ സെക്ഷൻ ക്ലാർക്കിനു ജലദോഷമായിരുന്നു. അടഞ്ഞ ശബ്ദത്തിൽ എന്നെ നോക്കി കൈ കൂപ്പിയിട്ട് അവർ ഉറക്കെ പറഞ്ഞു. “നിങ്ങളോട് സംസാരിച്ചു സംസാരിച്ചു എന്‍റെ തൊണ്ട വരെ അടഞ്ഞു. ദയവു ചെയ്‌ത എന്നെ കൊണ്ട് ഇനീം സംസാരിപ്പിക്കരുത്” ചുറ്റും ഉള്ളവർ എന്നെ നോക്കുന്നു. ചെയ്യാത്ത കുറ്റത്തിന്‍റെ അപമാന ഭാരത്താൽ ശിരസ്സു കുനിച്ച് വിതുമ്പി കൊണ്ടു ഞാൻ നടക്കുന്നു. അത് കഴിഞ്ഞും പലവുരു അവർ പിന്നെയും നടത്തി തന്നു. അവരുടെ പേര് ജീവിതം, ജീവിക്കുക എന്നർത്ഥമുള്ള ഒരു ഹിന്ദി വാക്കായിരുന്നു. പക്ഷേ എനിക്കവർ എന്നെ മരണത്തിന്‍റെ വക്കോളം, പട്ടിണിയുടെയും ദാരിദ്യ്രത്തിന്‍റെയും വക്കോളം എത്തിച്ചവരായിരുന്നു. ഒടുവിൽ അരിയർ ആയി എനിക്ക് ശമ്പളത്തുക കിട്ടിയപ്പോൾ അവർ പറഞ്ഞു “ഞാൻ ട്രഷറിയിൽ ചെന്ന് കയ്യും കാലും പിടിച്ചിട്ടാണ് കിട്ടിയതെന്ന്.”

anandam may

ജീവിതത്തിൽ ഞാൻ ഒരിക്കലും ആ സ്ത്രീയെ മറക്കില്ല. അത് പോലെ എത്രയോ പേർ- വേദനിപ്പിച്ചവർ, വിഷമിപ്പിച്ചവർ, കുത്തുവാക്ക് പറഞ്ഞവർ, അപവാദം പറഞ്ഞവർ… ഈ കഥയിൽ ആനന്ദമില്ലല്ലോ എന്നല്ലേ നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത്? അത് തന്നെയാണ് ഞാനും പറയുന്നത്. പ്രതിസന്ധികളിലും തളരാതെ പൊരുതുക. നിങ്ങളുടെ ആത്യന്തിക ആനന്ദം നിങ്ങളുടെ കയ്യിൽ തന്നെയാണ്. എനിക്ക് വേണമെങ്കിൽ ആ വിഷമകാലം ഓർത്തു ഓർത്തു കരഞ്ഞു കൊണ്ടിരിക്കാം. ആ സ്ത്രീയെ കുറ്റപ്പെടുത്താം. അവരെയും അവരുടെ സന്തതി പരമ്പരകളെയും പ്രാകാം. പക്ഷേ അതൊന്നും ഞാൻ അനുഭവിച്ചതിനു പകരമാവില്ല. ആ അനുഭവങ്ങൾ എനിക്ക് നൽകിയ ഒരുപാട് നല്ല പാഠങ്ങളുണ്ട്. അത്കൊണ്ട് തന്നെ അവരോട് മനസ്സാ ക്ഷമിച്ചു കൊണ്ട് ആ ഓർമ്മകളെ വിസ്മൃതിയിലായതുമാണ് ആനന്ദം.

ഈ മേൽപ്പറഞ്ഞ കഥയിൽ ഞാൻ എപ്പോഴും പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിലാണ്. നിങ്ങൾക്കായി നിങ്ങൾ സ്വയം നിലകൊള്ളുക. രണ്ട്, എല്ലാവരോടും കനിവോടെ പെരുമാറുക. ഉപകാരം ചെയ്‌തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. ഇന്നത്തെ ലോകത്ത് അത് ഒരു വലിയ ഗുണം തന്നെയാണ്. എന്‍റെ ശമ്പളം വൈകിപ്പിച്ചതിനേക്കാൾ വേദന അവരുടെ വാക്കുകളാലും പ്രവർത്തിയാലും അവർ എനിക്ക് ഉണ്ടാക്കി. മൂന്ന്, അങ്ങനെയുള്ള മനുഷ്യർ ലോകത്ത് ഒരുപാടുണ്ട്. അവരെ കാര്യമായിട്ടെടുക്കാതിരിക്കുക. സ്കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കവേ ഒരു കുട്ടി എന്നോട് പറഞ്ഞു. എട്ടാം ക്ലാസ്സിലായെ പിന്നെ ആ ക്ലാസ്സിലെ ടീച്ചർ എപ്പോഴും ഇവരോട് “നീയൊന്നും എട്ടാം ക്ലാസ്സ് പാസ്സാവൂല” എന്ന് പറഞ്ഞു കൊണ്ടേയിരിക്കും എന്ന്. ആ ടീച്ചർ അങ്ങനെ ചെയ്യുന്നത് അവരുടെ ജീവിതത്തിലെ ഫ്രസ്ട്രേഷൻ പിള്ളേരോട് തീർക്കുന്നതാവാം. അല്ലെങ്കിൽ കുട്ടികളോട് വിവേചനം കാണിക്കുന്നതാവാം, ചിലപ്പോൾ സ്ട്രിക്ട് ആവുന്നതുമാവാം. എന്തായാലും ഞാൻ കുട്ടിയോട് പറഞ്ഞു “അങ്ങനെയൊന്നുമില്ല, മോള് സുഖായിട്ട് പാസ്സാവും, ഇപ്പോ ഒമ്പതാം ക്ലാസ്സിൽ ഇരിക്കുന്ന ചേട്ടന്മാരൊക്കെ എട്ട് പാസ്സായിട്ടു പോയവരല്ലേ” എന്ന്! ആ വാചകം ആ കുട്ടിയിൽ ഉണ്ടാക്കിയ പോസിറ്റീവ് മാറ്റം ചില്ലറയല്ല!

“നല്ല” വാക്കുകളും “നല്ല” പ്രവൃത്തിയും തീർച്ചയായും “നല്ല” ഫലങ്ങൾ നൽകുക തന്നെ ചെയ്യും. അതിനിനി നന്മമരം എന്ന് വിളിച്ചു കളിയാക്കിയാലും സാരമില്ല. സത്യത്തിൽ ഇക്കാലത്തു നന്മമരങ്ങൾ വളരെ കുറവാണു കേട്ടോ. അതുകൊണ്ട് കണ്ടുകിട്ടിയാൽ പൊന്നു പോലെ സൂക്ഷിച്ചു വെക്കുക. ആഘോഷിക്കുക. ഒരു നേർത്ത പുഞ്ചിരി, കുശലാന്വേഷണം, തോളിൽ ഒരു തട്ട്, മനസ്സ് തുറന്ന നന്ദി പ്രകടനം… ഇതൊക്കെ തന്നെ ധാരാളമാണ് മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്താൻ. പ്രകാശം പരക്കട്ടെ, ആനന്ദം നിറയട്ടെ! നന്ദി, നീണ്ട ഒരു വർഷത്തെ വായനയ്ക്ക്, പ്രോത്സാഹനങ്ങൾക്ക്, സ്നേഹത്തിനും.

ആനന്ദം ഭവിക്കട്ടെ!

और कहानियां पढ़ने के लिए क्लिक करें...