ശുചിത്വപരിപാലനമെന്നത് വിട്ടു വീഴ്ചയില്ലാത്ത ജീവിതചര്യയായിരിക്കുകയെന്നതാണ് കോവിഡ് 19. കോവിഡ് പടരുന്ന സാഹചര്യത്തിൽ ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം. രോഗം പകരുന്ന സാഹചര്യങ്ങൾ ഏറെക്കുറെ എല്ലാവർക്കും അറിയാം. എന്നാലും ചെറിയൊരു ജാഗ്രതക്കുറവ് വലിയൊരു പ്രതിസന്ധിയ്ക്ക് വഴി വയ്ക്കാം.

ഓരോ വ്യക്‌തിയും 100 ശതമാനം ശ്രദ്ധ പുലർത്തിയാൽ തീർച്ചയായും നല്ലൊരു അളവ് വരെ ഭീതിജനകമായ സാഹചര്യമൊഴിവാക്കാനാവും. ഹാന്‍റ് വാഷ് ഉപയോഗിച്ചുള്ള ഹാന്‍റ് വാഷിംഗും സാനിറ്റൈസിംഗും മാസ്ക് ഉപയോഗിക്കുന്നതും അതിന്‍റെ പ്രാധാന്യവും ഇന്ന് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. അതുപോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും മലയാളിക്ക് അറിയാം.

സോപ്പ്, ഹാന്‍റ്‍വാഷ് എന്നിവ ഉപയോഗിച്ച് കഴുകുന്നതിന് ചൂട്‍വെള്ളവും തണുത്തവെള്ളവും ഒരുപോലെ അണുക്കളെ നശിപ്പിക്കുന്നതിന് ഉത്തമമാണ്.

വ്യക്‌തി ശുചിത്വം പാലിക്കുന്നതിനൊപ്പം പ്രധാനമാണ് വീടും വീടിന് ചുറ്റുമുള്ള പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നുള്ളതും.

വീടും പരിസരവും

വീടിനകവശം പൂർണ്ണമായും അണുവിമുക്‌തമാക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ വീടുകളിലും അംഗങ്ങളെല്ലാം പൊതുവായി സ്പർശിക്കുകയും ഇടപഴകുകയും ചെയ്യുന്ന ഇടങ്ങളുണ്ടാകും. ഡോർ ഹാന്‍റിലുകൾ, കസേര, മേശ, കൈവരി, അടുക്കള, ടാപ്പ്, ബാത്ത്റൂം നിലം, സ്വിച്ചുകൾ, ടോയ്‍ലെറ്റുകൾ, ഇലക്‌ട്രിക് ഉപകരണങ്ങളായ മൊബൈൽ, കമ്പ്യൂട്ടർ, ടാബ്, റിമോട്ട് കൺട്രോൾ എന്നിങ്ങനെ നിരവധി വസ്തുക്കളും ഉപകരണങ്ങളും ഈ ശ്രേണിയിൽ ഉൾപ്പെടാം.

അഴുക്കുപിടിച്ച പ്രതലങ്ങളും ഫ്ളോറുമൊക്കെ സോപ്പോ ഡിറ്റർജന്‍റോ ഉപയോഗിച്ച് ആദ്യം വൃത്തിയാക്കിയശേഷം അണുനശീകരണ വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കാം. ഇത്തരം അണുനശീകരണ വസ്തുക്കൾ 70 ശതമാനം ആൽക്കഹോൾ അടങ്ങിയതായിരിക്കണം.

അണുനശീകരണം എങ്ങനെ ഉപയോഗിക്കാം

തറയിലോ മറ്റ് പ്രതലങ്ങളിലോ അണുനശീകരണം ഇട്ടയുടനെ തുടച്ച് വൃത്തിയാക്കരുത്. ചില അണുനശീകരണങ്ങൾ തറയിലും മറ്റും ഏതാനും നേരം ഇരിക്കുന്നത് നല്ലതാണ്. നിലത്തെ അണുക്കളേയും മറ്റും നശിപ്പിക്കാൻ ഇതാവശ്യമാണ്. ഓരോ അണുനശീകരണവും അവയിൽ എഴുതിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഉപയോഗിക്കാം. ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിച്ച് നനവ് പറ്റാതെ തുടച്ച് വൃത്തിയാക്കാം.

വൃത്തിയുള്ള വസ്ത്രം

വസ്ത്രങ്ങൾ ശുചിയായി സൂക്ഷിക്കുകയെന്നുള്ളതും ഈ രോഗകാലത്ത് പ്രധാനമാണ്. മുഷിഞ്ഞ വസ്ത്രങ്ങൾ വീടിനകത്ത് കൂട്ടിയിടാതെ അപ്പപ്പോൾ ഡിറ്റർജന്‍റ് ഉപയോഗിച്ച് അലക്കി ഉണക്കിയെടുക്കുക. അതുപോലെ പുറത്തുപോയി വരുമ്പോൾ കൈകൾ കൃത്യമായി കഴുകുന്നത് ശീലമാക്കുക. അതുപോലെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി ശരീരം ശുചിയാക്കി വൃത്തിയുള്ള വസ്ത്രം ധരിക്കാം.

വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ടവ്വലും മറ്റും കൃത്യമായ രീതികളിൽ വൃത്തിയാവണം. വസ്ത്രങ്ങളും മറ്റും സോപ്പും ഡിറ്റർജന്‍റും ഉപയോഗിച്ച് ചൂട്‍ വെള്ളത്തിൽ കഴുകിയെടുക്കാം. അണുക്കളെ നശിപ്പിക്കാൻ ഇത് സഹായിക്കും. വസ്ത്രങ്ങൾ പരമാവധി വീട്ടിൽ കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. കഴുകിയ വസ്ത്രങ്ങൾ വെയിലത്ത് ഇട്ട് ഉണക്കിയെടുക്കണം.

ഭക്ഷണകാര്യത്തിലും വേണം പൂർണ്ണശ്രദ്ധ

കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന പഴങ്ങളും പച്ചക്കറികളും അണുനാശിനികൾ കൊണ്ട് കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാൻ. പാക്കറ്റ് ഫുഡുകളാണെങ്കിൽ പാക്കറ്റുകൾ സാനിറ്റൈസ് ചെയ്ത് വൃത്തിയാക്കാം.

ഫുഡ് ഡെലിവറികളിലും പൂർണ്ണമായ ശുചിത്വപാലനവും ജാഗ്രതയും വേണം. വീട്ടിൽ വാങ്ങി വരുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ നീക്കം ചെയ്യാം. അവ ഭദ്രമായി ബിന്നിൽ നിക്ഷേപിക്കാം. അതുപോലെ കൺടെയ്നറുകളും ഒഴിവാക്കാം. ഫുഡ് പാക്കറ്റുകൾ അണിനാശിനികൾ കൊണ്ട് വൃത്തിയാക്കിയശേഷം മാത്രമേ തുറന്ന് ഭക്ഷ്യവസ്തു പുറത്തെടുക്കാവൂ. ഇത്തരം വസ്തുക്കൾ വൃത്തിയാക്കിയയുടൻ കൈകൾ ഹാന്‍റ് വാഷ് ഉപയോഗിച്ച് കൃത്യമായി കഴുകണം.

ഭക്ഷണം പാകം ചെയ്യും മുമ്പും കൈകൾ കഴുകി ശുചിയാക്കണം. പരമാവധി ഫ്രഷ് ഭക്ഷണം പാകം ചെയ്തു കഴിക്കുക. വീടിന്‍റെ ശുചീകരണത്തിൽ ഏറ്റവും പരമപ്രധാനമാണ് അടുക്കള ശുചിത്വം എന്നത്.

അടുക്കള കൃത്യമായി അണുനശീകരണ ലായനി കൊണ്ട് തുടച്ച് വൃത്തിയാക്കാം. പാത്രങ്ങളും ഗ്ലാസും സ്പൂണുമൊക്കെ കഴുകിയ ശേഷം ചൂട് വെള്ളത്തിലിട്ട് വയ്ക്കുന്നത് നല്ലതാണ്.

വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ പരമപ്രധാനമാണ് ഫ്രിഡ്ജ് ക്ലീനിംഗ്. നമ്മുടെ ആരോഗ്യത്തെ ഹനിക്കുന്ന ധാരാളം അണുക്കളുടെ പ്രഭവ കേന്ദ്രം ശുചിയില്ലാത്ത ഫ്രിഡ്ജാണെന്ന കാര്യം മറക്കരുതേ. പലരും ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ കാലങ്ങളോളം സൂക്ഷിച്ച് വയ്ക്കാറുണ്ട്.

ബട്ടർ, ചീസ്, ചോക്ക്ളേറ്റ്, ക്രീം, സോസ് തുടങ്ങി ബേക്കറി പലഹാരങ്ങൾ വരെയുള്ള വസ്തുക്കളുടെ വേസ്റ്റ് ബിന്നാകാറുണ്ട് ഫ്രിഡ്ജ്. അതുകൊണ്ട് പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കൾ ഫ്രഡ്ജിൽ നിന്നും നീക്കം ചെയ്യുക.

ഫ്രിഡ്ജ് ഡിറ്റർജന്‍റ് കൊണ്ട് തുടച്ച് ക്ലീൻ ചെയ്യാം. ചൂട് വെള്ളമുപയോഗിച്ച് തുടച്ച് ക്ലീനാക്കാം. ഭക്ഷണവും മറ്റും വീണ് അഴുക്ക് പിടിച്ച സ്റ്റാന്‍റുകൾ പുറത്തെടുത്ത് ചൂട് വെള്ളമുപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കിയെടുക്കുക.

ഫ്രിഡ്ജിൽ ഭക്ഷ്യവസ്തുക്കൾ ദീർഘകാലം സൂക്ഷിക്കുന്നത് ഒഴിവാക്കുക. പരമാവധി ആവശ്യമുള്ളയത്ര ഭക്ഷണം പാകം ചെയ്ത് ഭക്ഷണം ഫ്രഷായി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മിച്ചം വരുന്ന ഭക്ഷണം പിറ്റേന്ന് ഉപയോഗിക്കാമെങ്കിലും അത് കഴിഞ്ഞുള്ള ദിവസങ്ങളിലേക്ക് സൂക്ഷിച്ച് വയ്ക്കാതിരിക്കുക.

പോഷകസമ്പന്നമായ ഭക്ഷണരീതി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും ആവശ്യമാണ്. അതോടൊപ്പം ആരോഗ്യപ്രദമായ ശീലങ്ങളും വളർത്തുക. ഒപ്പം ശുചിത്വപരിപാലനത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതിരിക്കുക. തീർച്ചയായും രോഗങ്ങളെ നല്ലൊരു അളവുവരെ പടിക്ക് പുറത്തുനിർത്താൻ ഇത്തരം കാര്യങ്ങൾ സഹായിക്കും.

और कहानियां पढ़ने के लिए क्लिक करें...