സെൻട്രൽ മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിയിലെ ചുവരിൽ ആണിയിൽ തൂങ്ങിക്കിടക്കുന്ന മഹാത്മാജിയുടെ ചിത്രത്തിലേക്ക് നോക്കി രാമാനുജൻ പതിവു പോലെ കൈകൂപ്പി. കാണുന്നവർക്ക് തോന്നും ഇത്രയും ദേശഭക്തിയുള്ള പോലീസുകാരനോ, അൽപം കൂടി സൂക്ഷിച്ചു നോക്കിയാൽ ഗാന്ധിജിയുടെ ഫോട്ടോയോട് ചേർന്ന് താഴെ മൂലയിൽ വച്ച ഒരു ചെറിയ ചിത്രം, രാമാനുജൻ കടുത്ത വൈഷ്ണവാരാധകനാണ്.

കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ഈ വ്യായാമം ഇന്നും അയാൾ നിർവ്വഹിച്ചു. പ്രാർത്ഥിക്കുമ്പോൾ ചുണ്ടുകൾ മെല്ലെ അനക്കും. പക്ഷേ ശബ്ദം പുറത്തേക്കു വരില്ല. സെൻട്രൽ മാർക്കറ്റ് സ്റ്റേഷനിൽ നിന്ന് ഒരിക്കലും സ്‌ഥലം മാറ്റം ഉണ്ടാവരുതല്ലോ. അതിനും കൂടിയാണ് ഈ കൈമണി.

രാമാനുജന്‍റെ വീട് സെൻട്രൽ മാർക്കറ്റ് റോഡിലാണ്. വീട്ടിൽ നിന്ന് അമ്പത് അടി നടന്നാൽ സ്റ്റേഷനായി. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ജീവിക്കുന്നത് ഈ തിരക്കു പിടിച്ച ചന്തത്തെരുവിലാണ്. ഇവിടെത്തന്നെയായിരുന്നു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കവും ഇവിടെ മതിയെന്ന് ചിന്തിക്കാതിരിക്കാൻ ഒരു കാരണവുമില്ല രാമാനുജന്.

സ്റ്റേഷനിലെ ഏറ്റവും ഇടുങ്ങിയ മുറിയാണ് റെക്കോർഡ് റൂം. അക്കാലമത്രയും ഉള്ള കേസുകൾ ഫയലുകളായി ശ്വാസം മുട്ടിക്കിടക്കുകയാണ് അവിടെ. പക്ഷേ ഏതു ഫയലും എപ്പോൾ ചോദിച്ചാലും രാമാനുജന് കൃത്യമായറിയാം. രാവിലെ 8 മണിക്കു വന്നാൽ രാത്രി 8 മണി വരെ രാമാനുജന്‍റെ സേവനം അവിടെയുണ്ട്.

ഗാന്ധി ചിത്രത്തിനു താഴെ നിന്ന് ചന്ദനത്തിരി കത്തിച്ചു വച്ച് ഒരു മിനിറ്റ് കണ്ണടച്ചു നിന്നിട്ട് രാമാനുജൻ തന്‍റെ കസേരയിൽ വന്നിരുന്നു. അതേ സമയം തന്നെ രണ്ട് സുന്ദരികൾ അവിടേക്ക് വന്നു. രണ്ടുപേർക്കും ശരാശരിയിലധികം ഉയരമുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് യാതൊരു സങ്കോചവുമില്ലാതെ അവർ കടന്നു വന്നു. വളരെ ഭംഗിയായ വസ്ത്രധാരണം ചെയ്‌ത ആ സ്ത്രീകൾ എഫ്ഐആർ നൽകുവാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ പാറാവു നിൽക്കുന്ന കോൺസ്റ്റബിൾ കൗതുകത്തോടെ അവരെ നോക്കിക്കൊണ്ട് റെക്കോർഡ് റൂമിലേക്ക് കൈചൂണ്ടി.

വാതിലിനു പുറംതിരിഞ്ഞാണ് രാമാനുജന്‍റെ ഇരിപ്പ്. താളാത്മകമായി ചെരുപ്പുകൾ നിലത്തുരയുന്ന ശബ്ദവും അവിടമാകെ മദിപ്പിക്കുന്ന സുഗന്ധവും രാമാനുജന് അപരിചിതമായി തോന്നി. അയാൾ പുറം തിരിഞ്ഞു നോക്കി. യുവതികളെ കണ്ട് തെല്ല് അമ്പരന്നെങ്കിലും അയാൾ തന്‍റെ പതിവു ചോദ്യം മറന്നില്ല.

“എന്താ വേണ്ടത്?”

“പരാതി നൽകാനുണ്ട്” തെല്ലും സങ്കോചമില്ലാതെ അവർ പറഞ്ഞു. അവർ രണ്ടുപേരും സുന്ദരികളാണ്. എന്തെങ്കിലും അതിക്രമത്തിന് ഇരകളാണെന്ന് തോന്നുന്നില്ല. മനസിലെ സംശയം മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അയാൾ വളരെ പ്രയാസപ്പെട്ടു.

“ഇൻസ്പെകടർ അകത്തുണ്ട്. അദ്ദേഹത്തെ കണ്ടാൽ, പരാതി എഴുതാതെ ചിലപ്പോൾ നിങ്ങളുടെ പ്രശ്നം പരിഹരിക്കും. വളരെ മിടുക്കനാണ്.”

കേസും കൂട്ടവും വന്നാലുള്ള നൂലാമാലകൾ കണ്ടു തഴമ്പിച്ച രാമാനുജന്‍റെ കണ്ണുകൾ ആ യുവതികളെ സംശയത്തോടെ ചൂഴ്ന്നു നോക്കി. അയാളുടെ മുന്നറിയിപ്പ് അവർക്ക് അത്ര ഇഷ്‌ടമായില്ലെന്ന് തോന്നിയെങ്കിലും നീരസം പുറത്തു കാണിക്കാതെ ഒരു സുന്ദരി രാമാനുജനെ വീണ്ടു ഞെട്ടിച്ചു.

“അദ്ദേഹം മിടുക്കനായിരിക്കാം. പക്ഷേ ഞങ്ങൾക്ക് ഈ പരാതി ബോധ്യപ്പെടുത്തണം, രസീതും വേണം.”

രാമാനുജൻ ഫയലുകൾക്കിടയിൽ നിന്ന് പച്ചപുറം ചട്ടയുള്ള ഫയൽ വലിച്ചെടുത്തു സാവകാശം നിവർത്തി. പറഞ്ഞോളൂ എന്ന മട്ടിൽ അയാൾ പേനയുടെ ക്യാപ് ഊരി മേശമേൽ വച്ച് തയ്യാറായി. പരാതിക്കാരികൾക്ക് അൽപം മടിയുണ്ടെന്ന് രാമാനുജന് മനസ്സിലായത് അപ്പോഴാണ്.

“അൽപം കാത്തിരിക്കാൻ തയ്യാറാണെങ്കിൽ എഫ്ഐആർ രേഖപ്പെടുത്താൻ ലേഡി കോൺസ്റ്റബിളിനെ വിളിക്കാം.”രാമാനുജൻ പറഞ്ഞു.

നിമിഷങ്ങളുടെ ഇടവേളയിൽ അവരിലൊരാൾ മറുപടി നൽകി.

“യഥാർത്ഥത്തിൽ, ഇതൊരു ചെറിയ വിഷയമാണ്. ഐ മീൻ, അൽപം വ്യത്യസ്തമായത്. പക്ഷേ ഒരു വനിതാ പോലീസിന്‍റെ ആവശ്യമില്ല.”

അപ്പോഴേക്കും, മറ്റേ യുവതി കാര്യങ്ങൾ വിവരിക്കാൻ ആരംഭിച്ചു.

“ഞങ്ങൾ സുഹൃത്തുക്കളാണ്. കഴിഞ്ഞ 6 മാസമായി വാടക വീട്ടിലാണ് താമസം. ഇവൾ പഞ്ചാബിയാണ്. ഞാൻ ആസ്സാംകാരിയും. ഞങ്ങൾ ഒരേ ലക്ഷ്യത്തിലാണ് ഈ ഫാഷൻ നഗരത്തിൽ വന്നത്. മോഡലിംഗ് താരങ്ങളാവണമെന്നാണ് ആഗ്രഹം. ഇപ്പോൾ ചില്ലറ കരാറുകൾ കിട്ടിത്തുടങ്ങി. അത്ര വലിയ ഓഫറുകളല്ല, കുഴപ്പമില്ലാതെ ജീവിക്കാം. അത്രയേയുള്ളൂ.” അവൾ പറഞ്ഞതിന്‍റെ ബാക്കി മറ്റേ യുവതി ഏറ്റെടുത്തു.

“അടുത്തയിടെ, ഫാഷൻ ഹൗസിൽ നിന്ന് ഞങ്ങൾക്ക് മോഡൽ അസൈന്‍റ്മെന്‍റ് കിട്ടി. ചെറിയ കാലയളവുകൊണ്ട് ഉയർന്നു വന്ന സ്‌ഥാപനമാണ്. സ്ത്രീകൾക്കു വേണ്ടി എക്സ്ക്ലൂസീവായ അടിവസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌ത് നിർമ്മിക്കുന്നു. ഇന്നലെ 10 സെറ്റ് വസ്ത്രങ്ങൾക്ക് ഞങ്ങൾ മോഡൽ ചെയ്‌തിരുന്നു.” ഇത്രയും പറഞ്ഞിട്ട് ആ യുവതികൾ പരസ്പരം നോക്കി.

“അടി വസ്ത്രങ്ങളുടെ മോഡലിംഗ്?”

രാമാനുജൻ ആകാംക്ഷയും അമ്പരപ്പും മുറ്റി നിൽക്കുന്ന ഭാവത്തോടെ അവരെ നോക്കി. തൊട്ടടുത്ത നിമിഷം തന്നെ അതിലെ വശപ്പിശക് മനസ്സിലാക്കി അയാൾ നിസംഗതയോടെ ചോദിച്ചു.

“എന്നിട്ടെന്നു സംഭവിച്ചു?”

“സർ, മോഡലിംഗിനു ശേഷം അടിവസ്ത്രങ്ങൾ കമ്പനിക്ക് തിരിച്ചു കൊടുക്കണമായിരുന്നു. അവിടെ അതുമായിച്ചെന്നപ്പോഴാണ് ഒരു സെറ്റ് കാണാനില്ലെന്നറിയുന്നത്. എല്ലായിടവും അരിച്ചു പെറുക്കി. ഫോട്ടോഷൂട്ട് നടന്ന സഥലവും സ്റ്റുഡിയോ കോർണറും ടോയ്‍ലെറ്റുമെല്ലാം. ചെറി റെഡ് നിറത്തിലുള്ള ഒന്നാണ് നഷ്ടമായത്.”

രാമാനുജൻ അന്തംവിട്ടു. ഛെ! എന്തു കഷ്ടം… തന്‍റെ മുപ്പത് വർഷത്തെ സർവ്വീസിൽ ഇതാദ്യത്തെ സംഭവമാണ്. അടി വസ്ത്രം നഷ്ടപ്പെട്ടുവെന്ന് പോലീസിൽ പരാതി ലഭിക്കുക. അത് എഴുതി വാങ്ങിക്കുക. അയാൾ തന്‍റെ പേന മേശപ്പുറത്ത് വച്ചു. “ഒരു ജോഡി അടിവസ്‌ത്രം നഷ്ടപ്പെട്ടാലെന്ത്? അതങ്ങ് പോയി എന്നു കരുതിയാൽ പോരേ… പോലീസിന്‍റെ സമയം മെനക്കെടുത്തുന്നതെന്തിന്?” രാമാനുജൻ ചിന്തിച്ചത് ഇങ്ങനെയാണെങ്കിലും പറഞ്ഞത് മറ്റൊന്നാണ്.

“നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. പുറത്തു പറയാനാവാത്ത സംഗതി പോലും കളവുപോയി എന്ന് പരാതിപ്പെട്ടല്ലോ. നിങ്ങൾ എവിടെയോ മറന്നിട്ട അടിവസ്‌ത്രം കണ്ടുപിടിക്കുക എന്ന ജോലി പോലീസിന് കൊടുക്കുന്നതെന്തിനാണ് മാഡം?”

രാമാനുജന്‍റെ ഇഷ്ടക്കേട് അവർക്ക് മനസ്സിലായി. പഞ്ചാബിക്കാരിയായ യുവതി പെട്ടെന്ന് പറഞ്ഞു.

“സർ, ആ അടിവസ്ത്രങ്ങൾ സാധാരണ വസ്ത്രങ്ങളല്ല. അതൊരു ഡിസൈനർ പീസ് ആണ്. അതിൽ വജ്രം പതിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ വില വരുമതിന്! അവ നഷ്ടപ്പെട്ടതിനാൽ ഞങ്ങൾക്ക് പ്രതിഫലം കിട്ടിയിട്ടില്ല. ഞങ്ങൾക്കെതിരെ കേസും ഉണ്ടാകും. കാരണം അതു മോഷ്ടിച്ചത് ഞങ്ങളാണെന്ന് കമ്പനി തെറ്റിദ്ധരിച്ചിരിക്കുന്നു.”

ഇപ്പോൾ രാമാനുജൻ വീണ്ടും ഞെട്ടി. സംഗതി നിസ്സാരമല്ല…

“ഡയമണ്ട്! അടിവസ്ത്രങ്ങളിൽ ഡയമണ്ട് പിടിപ്പിച്ച് ഇറക്കുക. കൊള്ളാം, ഏതു കമ്പനിയാണത്? രാമാനുജനും പൊട്ടിത്തെറിക്കും പോലെയാണ് പ്രതികരിച്ചത്. അയാൾ ഞെട്ടിത്തെറിച്ച് ചുമരിലെ ഗാന്ധി പ്രതിമയുടെ മൂലയിലുള്ള ഫോട്ടോയിലേക്ക് നോക്കി.

“അമ്പമ്പോ എന്തൊക്കെയാണീ കേൾക്കുന്നത്?”

പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമോ എന്ന സംശയത്തിൽ യുവതികൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതി കൊടുത്താലേ, തങ്ങളുടെ നിരപരാധിത്വം വിശ്വസിക്കൂ എന്ന് അവർ കരുതുന്നുണ്ട്. അല്ലെങ്കിൽ ഫാഷൻ ഹൗസ് ഉടമകൾ വെറുതെയിരിക്കുമോ? അധികാര സ്‌ഥാനങ്ങളിലുള്ള പുരുഷന്മാർ ഇതൊരവരസമായി കണ്ട് പല മോഹവുമായി വരുമെന്നും അവർക്കറിയാം. അല്ലെങ്കിലും അവസരം ചോദിച്ചു ചെന്ന വേളയിൽ ചിലർ പറഞ്ഞ വാചകങ്ങളിലെ അർത്ഥം ശരിക്കും മനസ്സിലാക്കിയതാണ്.

“ഇൻഡസ്ട്രിയിൽ നഷ്ടങ്ങളുണ്ടായാൽ അതു മറ്റു രീതിയിൽ നികത്താൻ മോഡലുകൾ ബാധ്യസ്‌ഥരാണത്രേ.”

ഒരു സീനിയർ മോഡലിന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. “ആളുകൾക്ക് ഉൽപന്നവും അതിന്‍റെ ബ്രാന്‍ഡ് അംബാസിഡറും വിൽപന വസ്തുക്കളാണ്. ഇവിടെ പ്രൊഫഷനിൽ ദയയ്ക്ക് യാതൊരു സ്‌ഥാനവുമില്ല.”

രാമാനുജൻ പേനയെടുത്ത് രജിസ്റ്ററിൽ എഴുതാനാരംഭിച്ചു. അഞ്ച് മിനിറ്റോളം നീണ്ടു എഴുത്ത്. അയാൾ ഒരു രസീതും എഴുതി മോഡലുകൾക്ക് കൊടുത്തു.

“ഇപ്പോൾ നിങ്ങൾക്കു പോകാം. ഇൻസ്പെക്ടർ കാണാൻ വരും. അപ്പോൾ കൂടുതൽ വിവരങ്ങൾ നൽകിയാൽ മതി.”

അയാൾ ദീർഘ നിശ്വാസത്തോടെ കസേരയിൽ നിവർന്നിരുന്നു. പക്ഷേ അടുത്ത രണ്ടാഴ്ചകൾ രാമാനുജനെ സംബന്ധിച്ച് തികച്ചും തലവേദനയായി. രാമാനുജനു മാത്രമല്ല പോലീസ് സ്റ്റേഷനിലാകെ കോലാഹലം. സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇത്തരം 6 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അടി വസ്ത്രങ്ങൾ മാത്രമാണ് നഷ്ടമാകുന്നത്. ഓരോ പരാതിയിലും അവ വളരെ വിലപിടിപ്പുള്ളതാണെന്ന പരാമർശവും ഉണ്ട്.

പ്രമുഖ ഡിസൈനർ ആയ മിസിസ് ഉമാപിള്ളയുടെ ബാഗിൽ കഴിഞ്ഞ രണ്ടുമാസമായി സൂക്ഷിച്ചിരുന്ന ഡിസൈനർ പീസ് നഷ്ടപ്പെട്ടതായി അവർ അറിഞ്ഞത് ഒരാഴ്ച മുമ്പ് വിമാനത്താവളത്തിൽ വച്ചാണ്. ബാൽക്കണിയിലെ ഓപ്പൺ ഏരിയയിലെ അയയിൽ ഉണക്കാനിട്ട അടിവസ്‌ത്രം കാറ്റത്തു നഷ്ടപ്പെട്ടു എന്നൊരു പരാതിയും ലഭിച്ചു. സിനിമാരംഗത്ത് തുടക്കക്കാരിയായ മായ എന്ന സുന്ദരിക്ക് വിദേശയാത്ര കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് സമ്മാനിച്ച വിലയേറിയ ഡിസൈനർ ലിംഗറിയാണ് നഷ്ടമായത്.

പുതിയ മോഷണ പരമ്പര പോലീസിനെ ശരിക്കും വെട്ടിലാക്കി. സ്ത്രീകളുടെ അടിവസ്ത്രം മാത്രമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തിന്‍റെ പുതുമ കൊണ്ട് മോഷണം ജനശ്രദ്ധ നേടാൻ തുടങ്ങിയതും പോലീസിനെ പ്രതിസന്ധിയിലാക്കി.

ഊഹാപോഹങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മോഷണം നടത്തുന്നത് ഒരേ കള്ളനാണെന്നായിരുന്നു അതിൽ പ്രധാനം. സ്ത്രീകളുടെ അടിവസ്ത്രങ്ങളോടു തോന്നിയ ആകർഷണം. അങ്ങനെയും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ. വിലപിടിപ്പുള്ളവ ധരിക്കാൻ ആഗ്രഹിക്കുന്ന കള്ളികളുമാവാം. ഇതു ചെയ്തതെന്നാണ് മറ്റൊരാഖ്യാനം.

കേസുകളുടെ എണ്ണം കൂടിയതോടെ സംഗതി പോലീസിന്‍റെ കൈവിട്ടു പോകുമോ എന്നായി ഭയം. പോലീസിന്‍റെ നിഷ്ക്രിയത്വം വിമർശിക്കപ്പെട്ടു. പത്രങ്ങളും ചാനലുകളും അടിവസ്ത്ര മോഷണ വാർത്ത ആഘോഷപൂർവ്വം കൊണ്ടാടി. പരിപാടികൾക്കിടയിലും ടിവി സ്ക്രീനിന്‍റെ ഏറ്റവും താഴെ അടിവസ്ത്ര മോഷണ വാർത്ത അപഡേറ്റ് ചെയ്യപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ അടിവസ്ത്രങ്ങൾ ദേശീയതലത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന ഒരു കൊടുങ്കാറ്റായി. പാർക്കുകളിൽ, ജോലി സ്‌ഥലങ്ങളിൽ തെരുവുകളിൽ എല്ലാം ഇതു തന്നെ ചർച്ച. ആരാണ് ഈ ബിക്കിനി കള്ളൻ? അടിവസ്ത്രം മോഷ്ടിച്ച് ആ കള്ളൻ എന്താണ് ലക്ഷ്യമിടുന്നത്.

അത്താഴം പോലും ഉപേക്ഷിച്ച് ചാനൽ ഡിബേറ്റുകൾ കാണാൻ ജനം മെനക്കെട്ടു. അടിവസ്ത്ര നിർമ്മാതാക്കൾ ഈ അവസരം ശരിക്കും ഉപയോഗിച്ചു. പരിപാടികൾ സ്പോൺസർ ചെയ്യാൻ കിട്ടിയ മികച്ച അവസരം ആരും പാഴാക്കിയില്ല. ചാനൽ ചർച്ചകളിൽ എല്ലാ വിഭാഗങ്ങളിലുള്ളവരും പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

“ബിക്കിനികൾ പോലും ഈ നാട്ടിൽ സുരക്ഷിതമല്ലാതായിരിക്കുന്നു. അപ്പോൾ അതു ധരിക്കുന്ന സ്ത്രീകളോ? ഒരു പ്രമുഖ ചാനലിൽ പ്രശസ്തനായ അവതാരകന്‍റെ നേരെ നോക്കി. സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകൻ നിശീതമായി വാദിച്ചു.

“അതൊരു മണ്ടൻ വാദമാണ്. വിദേശ രാജ്യങ്ങളിൽ ആർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ബിക്കിനി ധരിച്ചും നടക്കാം. അവിടെ ആരും അതേച്ചൊല്ലി വിലപിക്കാറില്ല. സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ.” മറ്റൊരു പാനലിസ്റ്റ്, അയാൾ ഒരു സാമ്പത്തിക വിദഗ്ദ്ധനും പാശ്ചാത്യാനുകൂലിയുമാണെന്ന് തോന്നുന്നു. തന്‍റെ കണ്ണട സ്റ്റൈലായി തലയ്ക്കുമുകളിൽ വച്ച് ഗമയോടെ ചാഞ്ഞിരുന്നു.

“നമ്മുടെ നാട്ടിലെ ജനങ്ങൾ മൂന്ന് കാര്യത്തിലാണ് ദുഃഖിക്കാറുള്ളത്. വീട്, ഭക്ഷണം, വസ്ത്രം. ഇപ്പോൾ അവർക്ക് അടിവസ്‌ത്രത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.”

താടി വളർത്തി നിരാശ ഭാവത്തിലിരിക്കുന്ന ഇടതു ചിന്തകന്‍റെ വാക്കുകൾ കേട്ടപ്പോൾ പലരും അതേയെന്ന മട്ടിൽ തലകുലുക്കി.

“നമ്മൾ വിഷയത്തിൽ നിന്നകന്നു. ഇവിടെ ചർച്ച ചെയ്യുന്നത് മോഷണത്തെക്കുറിച്ചാണ്. അതിലേക്ക് സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും കൊണ്ടു വന്നതെന്തിനാണ്? ഒരു ബിക്കിനി കള്ളൻ, അതല്ലെങ്കിൽ ഒരു പറ്റം കള്ളന്മാർ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ല സ്ത്രീ ജീവിതം.” ചർച്ചയുടെ ഗതി മാറുന്നതിൽ പ്രതിഷേധിച്ച് മുൻപോലീസ് ഓഫീസർ മുഷ്ടി ചുരുട്ടി ശൂന്യതയിൽ പ്രഹരിച്ചു.

“എന്നിട്ടെന്താ? പോലീസിപ്പോ എന്നാ ചെയ്യുവാ? കണ്ടില്ലേ, ഒന്നിന്നും കൊള്ളാത്തവരാണെന്ന് പിന്നേം പിന്നേം തെളിയിക്കല്യോ…” ഒരു പോലീസ് വിരോധി പരിഹസിച്ചു. അവതാരകൻ ഇടപെട്ടു.

“പക്ഷേ, പ്രിയ സുഹൃത്തുക്കളെ, ഈ പ്രശ്നത്തിന് എന്താണ് പരിഹാരം. അതാണ് ഞാനും എന്‍റെ പ്രേക്ഷകരും നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്നത്.” വളരെ സ്ഫുടമായ ഭാഷാശൈലിയായിരുന്നു അയാളുടേത്. താരത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

“തെരുവിൽ അടിവസ്ത്രം ധരിക്കാതെ കുട്ടികൾ ഭിക്ഷ യാചിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാട്ടിൽ സ്ത്രീകളെങ്ങനെ അടിവസ്ത്രമില്ലാതെ ജീവിക്കും? ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത് എക്സ്ക്ലൂസീവ് അടിവസ്ത്രങ്ങളാണ്. അടിവസ്‌ത്രം നഷ്ടപ്പെട്ടവർ, ഇനി നഷ്ടപ്പെടാനുള്ളവർ എല്ലാവരും ഉൾപ്പെട്ട നമ്മുടെ പ്രേക്ഷകർ അതീവ പ്രതീക്ഷയോടെയാണ് ഈ ചാനൽ പരിപാടി കണ്ടു കൊണ്ടിരിക്കുന്നത്. നിങ്ങൾ അത് മറക്കരുത്” അവതാരകൻ പറഞ്ഞു കൊണ്ടിരുന്നു.

“യഥാർത്ഥത്തിൽ ഈ ബിക്കിനി കള്ളൻ ഒരു ഗുണം സമൂഹത്തിന് ചെയ്യുന്നുണ്ട്. അയാളുടെ രീതി സ്വീകാര്യമല്ലെങ്കിൽ കൂടി ഒരു കള്ളനിൽ നിന്ന് ഇതല്ലാതെ എന്തോന്ന് പ്രതീക്ഷിക്കാനാണ്? നമുക്ക് ബി യുടേയും പി യുടേയും കെട്ടുപാടുകൾ ഒഴിവാക്കുകയുമാവാല്ലോ. പിന്നെ മോഷണത്തെ ഭയക്കണോ?” ഒരു സാമ്പത്തിക വിദഗ്ദ്ധന്‍റെ അഭിപ്രായം കേട്ടപ്പോൾ അവതാരകൻ ഒന്നു ഞെട്ടി. പക്ഷേ അയാൾ പറഞ്ഞതിന്‍റെ അർത്ഥം ശരിക്കും മനസ്സിലായിട്ടില്ല.

“അതായത്, ഞാൻ നിങ്ങൾക്ക് ഒരു ക്ലൂ തരാം, ബി എന്നാൽ ബ്രേസിയർ, മനസ്സിലായോ?” എന്നിട്ടും കാര്യം അത്രയൊന്നും വ്യക്തമായിട്ടില്ലെന്ന മട്ടിൽ അവതാരകൻ lല കുലുക്കി.

“സാംസ്കാരികമായും പാരമ്പര്യമായും ഒരു നാണക്കേട് നാം വളർത്തിയെടുത്തിരിക്കുകയാണ്. അടി വസ്ത്രമില്ലാതെ പുറത്തിറങ്ങുക എന്ന കാര്യം നമുക്കാലോചിക്കാൻ പോലും വയ്യ. നിങ്ങൾ അത് ധരിച്ചിട്ടുണ്ടോ ഇല്ലല്ലോ എന്ന കാര്യം മറ്റുള്ളവരെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അത് ഒരാളുടെ ഇഷ്ടമാണ്. താങ്ങാവുന്ന ബജറ്റിലുള്ളതു ഉപയോഗിക്കുന്നു അത്ര തന്നെ. അടിവസ്ത്രം ഉപേക്ഷിക്കാനുള്ള ആർജ്ജവവും നമ്മൾ കാട്ടണം. എന്നാൽ പൊതുജനത്തിന്‍റെ നാണക്കേട് എന്ന ഫോബിയ വളർത്തിയെടുക്കുന്നത് മറ്റൊരു സാമ്പത്തിക തന്ത്രം. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല.” അയാൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു തീർന്നപ്പോൾ അവതാരകൻ പെട്ടെന്ന് ഇടപെട്ടു.

“മോഷണമെന്ന പ്രധാന വിഷയത്തെക്കുറിച്ചുള്ള ചർച്ച പല ദിശയിലേക്ക് പോയിക്കൂടാ. സ്ത്രീകൾക്ക് ഒട്ടും ഒഴിച്ചു കൂടാനാവാത്ത ഒരു സംഗതിയാണ് ആരോ നിഷേധിക്കാൻ ശ്രമിക്കുന്നത്. ഇവയ്ക്ക് ഒരു പരിഹാരം കാണണം. ഇന്നു രാത്രി തന്നെ ഐ മീൻ ആഫ്റ്റർ എ വെരി ഷോർട്ട് കൊമേഴ്സ്യൽ ബ്രേക്ക്!”

മോഷണത്തിനിരയായ അടിവസ്ത്രത്തിന്‍റെ ഉടമകളായ ഫാഷൻ ഹൗസ് ആണ് ചാറ്റ്ഷോയുടെ സ്പോൺസർ. സ്ക്രീനിൽ ഫാഷൻ ഹൗസിന്‍റെ പരസ്യം മിന്നിമറയുമ്പോൾ പാനലിസ്റ്റുകൾ സഹതാപത്തോടെ നോക്കിയിരുന്നു. ലോകോത്തര നിലവാരമുള്ള അടിവസ്ത്രങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കിയ വലിയൊരു സ്‌ഥാപനം. അതിന്‍റെ ഭാവി തുലാസിലാണ്. അവതാരകൻ വീണ്ടും വന്നു. ചോദ്യം ആവർത്തിച്ചു.

“നമുക്കൊരു പരിഹാരമാണ് വേണ്ടത്. അത് ഇന്നു തന്നെ ലഭിക്കണം.”

അപ്പോൾ പാനലിസ്റ്റായ മുൻ പോലീസുകാരൻ തന്‍റെ പോലീസ് ബുദ്ധി പുറത്തെടുത്തു. “എല്ലാ മോഷണവും ഒരു പ്രത്യേക രീതിയിലാണ് പ്ലാൻ ചെയ്‌തതെങ്കിൽ, അയാളൊരു മനോവൈകല്യമുള്ള കള്ളനാണെന്ന് കരുതാം. പക്ഷേ ഇവിടെ അങ്ങനെയല്ല. കള്ളൻ ഒരു സാധാരണ വ്യക്‌തി തന്നെ. അയാളുടെ ലക്ഷ്യം വ്യക്‌തമാവുന്നില്ല.”

“ചിലപ്പോൾ മോഷണം നടത്തിയത് ഒരു പെണ്ണാകാനും സാധ്യതയുണ്ട്. കള്ളൻ എന്ന് പറഞ്ഞ് പുരുഷബിംബീകരിക്കുന്നതെന്തിന്?”

പ്രതിപക്ഷ പാർട്ടിയെ പ്രതിനിധീകരിക്കുന്ന വളർന്നു വരുന്ന യുവ നേതാവ് രോഷത്തോടെ ചോദ്യ ശരമെറിഞ്ഞു. അപ്പോൾ അയാളുടെ നോട്ടം ഭരണ കക്ഷിയുടെ പ്രതിനിധിക്കും നേരെയായിരുന്നു. ഇതുവരെയും മൗനം വിദ്വാനുഭൂഷണം എന്ന മട്ടിൽ വാദപ്രതിവാദം കേട്ടു രസിച്ചിരുന്നു ഭരണകക്ഷി പ്രതിനിധി, വായ് തുറക്കാൻ ശ്രമിച്ചതും അവതാരകൻ വീണ്ടും ഇടപെട്ടു.

“ദയവായി, പരസ്പരം വെല്ലുവിളിക്കുന്നത് ഒഴിവാക്കൂ. ക്രിയാത്മകമായ ഒരു പരിഹാര നിർദ്ദേശമാണിവിടെ ആവശ്യം. നമ്മുടെ തലയ്ക്കു മീതെ കത്തുന്ന ഒരു വിഷയമല്ലേ ഇത്.”

“ഇതത്രയ്ക്കു പരിഭ്രമിക്കാനുള്ള സാഹചര്യമൊന്നുമല്ല. കോളനി വാഴ്ചയുടെ സ്വാധീനത്തിൽ നിന്ന് തുറന്ന സമൂഹത്തിന്‍റെ സ്വാതന്ത്യ്രത്തിലേക്കുള്ള യാത്രയിൽ ഇതുപോലെ പലതും നേരിടേണ്ടി വരും. എനിക്ക് തോന്നുന്നത് ആ കള്ളന് എന്തോ മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നാണ്.”

“മോഷണം എന്തായാലും മോഷണം തന്നെ. അതിനെ അങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റില്ല. ചെറുപ്പത്തിലേ മുതൽ നമ്മൾ കേൾക്കുന്നതാണ്, മോഷണം മോശം ശീലമാണ്.

“ഓഹോ! അങ്ങനെയെങ്കിൽ ഭൗതികവാദവും നമ്മുടെ ചെറുപ്പത്തിൽ മോശം കാര്യമായിരുന്നു. ഇപ്പോഴോ?”

“യഥാർത്ഥത്തിൽ ഈ ചർച്ചയിൽ ഒരു വനിതയെയെങ്കിലും ഉൾപ്പെടുത്തേണ്ടതായിരുന്നു.” ഇടതു ചിന്തകൾ ഇതു പറഞ്ഞപ്പോൾ തെല്ലിട മൗനം പരന്നു. പങ്കെടുക്കാമെന്നറിയിച്ച വനിത അവസാന നിമിഷം പിൻവാങ്ങിയതായി ചാനൽ അവതാരകൻ പറഞ്ഞു. ഇത്തരം ചർച്ചയിൽ പങ്കെടുക്കാൻ അവർക്കു താൽപര്യമില്ല എന്നാണ് പറഞ്ഞത്.

“അതിൽ അതിശയിക്കാനൊന്നുമില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റ്വോ? അടിവസ്ത്രം മോഷ്ടാക്കളല്ലേ വിലസുന്നത്. എന്തായാലും പുരുഷന്മാരെ അവർ വെറുതെ വിട്ടത് നന്നായി.” ചർച്ച നാളെ തുടരുമെന്ന പ്രഖ്യാപനത്തോടെ അവതാരകൻ സിനിമാസ്റ്റൈലിൽ സൈൻ ഓഫ് ചെയ്‌തു.

സ്ക്രീനിനു മുന്നിൽ കുത്തിയിരുന്നവരോട് നാളെ വരെ ക്ഷമിക്കൂ എന്നാണ് അപേക്ഷ. തുടർ ചർച്ചകളിലും അവതാരകൻ ആവശ്യപ്പെട്ട പോലെ പരിഹാരം ഉണ്ടായില്ല.

പ്രാദേശിക ചാനലുകളിലെ ചർച്ചകളെല്ലാം പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. കേവലം ഒരു ഷഡ്ഡി മോഷണം കണ്ടുപിടിക്കാൻ കഴിയാത്ത പോലീസ് എങ്ങനെ സ്ഫോടനങ്ങൾക്ക് തടയിടും? രാജ്യം വലിയ സുരക്ഷ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. ആ തരത്തിൽ ചിന്തിച്ചാൽ ചാനൽ ചർച്ചകൾക്ക് ഫലമുണ്ടായി.

സംഭവം ആഭ്യന്തര മന്ത്രിയുടെ തലയിൽ മുൾക്കീരിടം വയ്പിച്ചുവല്ലോ, സ്‌ഥാനം തെറിക്കുമെന്ന ഭയത്തിൽ മന്ത്രി അടിയന്തിരയോഗം ചേർന്നു. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വായ് തുറന്നാൽ അബദ്ധം മാത്രം പറയുന്ന ആഭ്യന്തര മന്ത്രി പക്ഷേ ഇതിനായി ഒരു തന്ത്രം തന്നെ ഉപദേശിച്ചു.

ഒരു ലിംഗറി ഫെയർ നടത്തുക. “ഈ അവസരം കള്ളൻ നഷ്ടപ്പെടുത്താനിടയില്ല. അവൻ വരും, മോഷ്ടിക്കും, അപ്പോൾ കയ്യോടെ പോലീസ് പിടികുടണം.”

ലിംഗറി ഷോ സ്പോൺസർ ചെയ്യാൻ മോഷണത്തിന്‍റെ ഇരയായ ഫാഷൻ ഹൗസ് തന്നെ തയ്യാറായി. അതിനുള്ള പ്രത്യുപകാരമെന്നോണം, കമ്പനിയുടെ പുതിയ ശാഖയ്ക്ക് കുറഞ്ഞ നിരക്കിൽ സ്ഥലം നൽകും. അക്കാര്യം മന്ത്രി ചർച്ചയിൽ വച്ചു തന്നെ ഉറപ്പു നൽകി.

ലിംഗറി ഷോ പെട്ടെന്നുള്ള പരിപാടി ആയതു കൊണ്ട് എട്ടു ബ്രാൻഡുകളേ പങ്കെടുത്തുള്ളൂ. അവർ തങ്ങളുടെ ഉൽപന്നങ്ങൾ ഭംഗിയായി പ്രദർശിപ്പിച്ചു. ഷോ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് കനത്ത പോലീസ് ബന്തവസ്സോടെയായിരുന്നു. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഘടിപ്പിച്ച പ്രദർശന നഗരിയിൽ ധാരാളം സന്ദർശകർ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങൾ കാണാൻ പുരുഷന്മാർ കൂടുതൽ വരുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. അതുതന്നെയാണ് ശരിയായ ട്രെന്‍റ് എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ വിശകലനം. ഇന്നാട്ടിലെ ജനത ശരിയായ വഴിക്കാണ് ചിന്തിക്കുന്നത്.

സന്ദർശകരിൽ ഭൂരിഭാഗം പേർക്കും, പ്രദർശിപ്പിച്ച വസ്തുക്കൾ ആകാശ നക്ഷത്രങ്ങൾ മാത്രം. ആകർഷകമാണ്. പക്ഷേ അടുക്കാൻ വയ്യ. അത്രയ്ക്കു വിലപിടിപ്പുള്ള അടിവസ്ത്രങ്ങൾ ഒന്നു കാണാൻ പറ്റുക എന്നതു പോലും ഭാഗ്യമല്ലേ എന്നു കരുതി വന്നവരും ധാരാളം ഇങ്ങനെ ഒന്നും വാങ്ങാതെ ചുറ്റിക്കറങ്ങി നടക്കുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു.

ഷോ അവസാനിക്കാറായ സമയത്താണ് അത് സംഭവിച്ചത്. ഏതാനും കമ്പനികൾ തങ്ങളുടെ ഷഡ്ഡികൾ കാണാനില്ല എന്ന പരാതിയുമായെത്തി. ഡിസൈനർ ഇനങ്ങൾ തന്നെയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ കള്ളന് ഇത്രയും കഴിവോ? വിദേശ ബ്രാൻഡുകളുടെ പ്രതിനിധികൾ അവിശ്വസനീയതയോടെ പ്രതികരിച്ചു.

ഏറ്റവും മികച്ചതാണ് നഷ്ടമായിരിക്കുന്നത്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഒന്നും സംസാരിച്ചതുമില്ല. ഒരേ പീസിനു വേണ്ടി രണ്ട് കസ്റ്റമറുകൾ കലഹിക്കുന്നത് അടിവസ്ത്രങ്ങളുടെ ഫാൻറസി ലോകത്ത്, കുഞ്ഞുങ്ങളെ മറന്നു പോയ അമ്മമാർ. ഇങ്ങനെ ഏതാനും കേസുകൾ വന്നുപെട്ടതല്ലാതെ മോഷണത്തിന്‍റെ യാതൊരു സാധ്യതകളും പോലീസിനു മുന്നിൽ ഉണ്ടായിരുന്നില്ല. അർദ്ധരാത്രിയിൽ പോലീസ് നേതൃത്വം ആഭ്യന്ത മന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നു. തങ്ങൾക്ക് പറ്റിയ പിഴവ് എവിടെയാണെന്നറിയാതെ അവർ നാണം കെട്ടു.

“നിങ്ങളുടെ മൂക്കിനടിയിൽ നിന്നല്ലേ ഇത്രയേറെ അടിവസ്‌ത്രങ്ങൾ മോഷണം പോയത്? എന്നിട്ടും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു വന്നാൽ?” ആഭ്യന്തര മന്ത്രി ദേഷ്യത്തോടെ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു.

“ഡ്യൂട്ടിയിൽ ഉറങ്ങുന്ന സ്വഭാവമുണ്ടോ നിങ്ങൾക്ക്? എനിക്ക് മറുപടി വേണം പോലീസ് മേധാവി?”

മുഖം ഉയർത്തിയാണിരിക്കുന്നതെങ്കിലും പോലീസ് മേധാവിക്ക് ഒളിക്കണമെന്നു തോന്നിക്കാണും. അദ്ദേഹം എന്തു മറുപടി നൽകാനാണ്. അതും നേരിട്ട് ഏറ്റെടുക്കാത്ത ഒരു കാര്യത്തെക്കുറിച്ച്. എങ്കിലും തൊട്ടടുത്ത റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ മറുപടി നൽകി. “ഞങ്ങൾ വൈകിട്ട് പരിപാടി തീരും വരെ വളരെ അലർട്ടായിരുന്നു സർ, കണ്ണിലെണ്ണയൊഴിച്ചാണ് ഞങ്ങൾ കാവലിരുന്നത്.”

മന്ത്രിയുടെ പൊട്ടിത്തെറിയും ശകാരവും കുറേ സമയം നീണ്ടു, കൂടുതലൊന്നും പറയാനില്ലാത്തതിനാൽ യോഗം അരമണിക്കൂർ മാത്രം നീണ്ടു.

പ്രദർശനത്തിൽ പങ്കെടുത്തവരുടെ പേരു വിവരവും അവർ പ്രദർശിപ്പിച്ച അടിവസ്ത്ര ശ്രേണികളും രാമാനുജൻ വീണ്ടും വീണ്ടും പരിശോധിച്ചു. പ്രദർശനത്തിനു മുമ്പ്, പിൻപ് എന്ന രീതിയിലാണ് കണക്ക് ഇത് ഇൻസ്പെക്ടർ കൈമാറിയത്. ഫയൽ റെക്കോർഡ് ചെയ്യാനാണ്. സാധാരണ പേപ്പറിൽ രണ്ട് തുള ഇട്ട് തടിച്ച ക്ലിപ് ബോർഡിലേക്ക് ഇടുക മാത്രമാണ് രാമാനുജന്‍റെ ഡ്യൂട്ടി. എന്നാൽ ഇത്തവണ അതുമാത്രം ചെയ്‌ത് കണ്ണടയ്ക്കാൻ രാമാനുജന് തോന്നിയില്ല.

അയാൾ ആ കടലാസിലെ വിവരങ്ങളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിച്ചു. നരവീണ പുരികങ്ങൾക്കിടയിലെ അയാളുടെ കണ്ണുകൾ എന്തോ കണ്ടുപിടിച്ച സൂചനയിൽ വജ്രം പോലെ തിളങ്ങി. അസ്‌ഥികൾ തെളിഞ്ഞു നിൽക്കുന്ന മെലിഞ്ഞ കൈവിരലുകൾ കൊണ്ട് അയാൾ തലയുടെ ഇരുപുറവും അമർത്തി.

അയാളുടെ മനസിൽ ചില ഗുണനങ്ങളും ഹരണങ്ങളും നടക്കുന്നതിന്‍റെ സൂചന ആയിരുന്നു അത്. ഷോ സ്പോൺസർ ചെയ്ത കമ്പനിയുടേതൊഴികെ പങ്കെടുത്ത ബാക്കി എല്ലാ കമ്പനികളുടേയും അടിവസ്ത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

“നാളെ ഈ കേസിന് ഒരു പുതിയ ഫയൽ തുറക്കേണ്ടി വരും.” രാമാനുജൻ ആലോചനയോടെ തന്‍റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. ചുമരിലെ ഗാന്ധി ചിത്രത്തിലേക്ക് നോക്കിയിട്ട് അയാൾ തല കുനിച്ചു. മെല്ലെ ഇടറുന്ന കാൽപാദങ്ങളോടെ അയാൾ പുറത്തേക്കു നടന്നു. ഇന്ന് വളരെ വൈകി. രാത്രി 10.30 ആയിരിക്കുന്നു. പതിവായി രാമാനുജൻ പോകുന്ന സമയം 8 മണിയാണ്.

ഇൻസ്പെക്ടർ ജീപ്പിലിരിപ്പുണ്ട്. വണ്ടി സ്റ്റാർട്ടാക്കി അദ്ദേഹം രാമാനുജനെ വിളിച്ചു. “വളരെ വൈകിയിരിക്കുന്നു. ജീപ്പിൽ കയറിക്കോ ഞാൻ വീടിനു മുന്നിലിറക്കാം.”

രാമാനുജൻ ജീപ്പിന്‍റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു. അയാൾ വരണ്ട തൊണ്ടയിലേക്ക് ഉമിനീര് ഇറക്കാൻ പ്രയാസപ്പെട്ടു. എങ്കിലും മുരടനക്കി ധൈര്യം സംഭരിച്ചു. രാമാനുജന് ആ ചോദ്യം ചോദിക്കാതിരിക്കാനായില്ല. “സർ. നമുക്ക് കള്ളനെ പിടിച്ചു കൂടെ? ഫാഷൻ ഹൗസിനെ തന്നെ ചോദ്യം ചെയ്‌താൽ മതിയെന്ന് എനിക്കൊരു തോന്നൽ!”

ഇൻസ്പെക്ടർ ഡ്രൈവറുടെ സമീപമാണ് ഇരിക്കുന്നത്. ഇരുട്ടിൽ മുഖഭാവം വ്യക്‌തമല്ല. എങ്കിലും ഒരു നേർത്ത ചിരി ഇൻസ്പെക്ടറുടെ മുഖത്ത് തെളിഞ്ഞു. പുറത്തു മഞ്ഞിൽ പുതഞ്ഞ കുളിർമയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു.

ശ്വാസം നന്നായൊന്നു വലിച്ച് കൈകൾ മുകളിലേക്ക് ഉയർത്തി. പുഞ്ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ പിന്നിലേക്ക് തിരിഞ്ഞ് രാമാനുജനെ നോക്കി.

“രാമാനുജാ, ഇതൊരു മോഷണക്കേസു തന്നെ. പക്ഷേ മോഷണം ഇവിടെയൊരു വിഷയമേയല്ല…”

രാമാനുജന് അതു കേട്ടിട്ട് ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷേ അയാൾക്ക് പെട്ടെന്ന് ഒരു സുഗന്ധം ഓർമ്മ വന്നു. തൊട്ടു പിന്നാലെ മനോഹരമായ വിരലുകളും.

“അപ്പോൾ ആ മോഡലുകളുടെ പരാതി?”

“സത്യം അവരും താമസിയാതെ അറിയും.”

രാത്രിയിൽ പതുങ്ങി വരുന്ന കള്ളനെ പോലെ ജീപ്പ് ശബ്ദമുണ്ടാക്കാതെ നിരത്തോരത്ത് വീടിനോട് ചേർന്ന് നിന്നു. രാമാനുജൻ വളരെ സാവകാശം ജീപ്പിൽ നിന്നിറങ്ങി. വീട്ടിലേക്കുള്ള വഴി ഒരു കള്ളനെപ്പോലെ പതുങ്ങി നിൽപ്പുണ്ടായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...