മനുഷ്യന്‍റെ ആഗ്രഹങ്ങൾക്ക് ചിറകുണ്ടായിരുന്നെങ്കിൽ ആദ്യം പറന്നിറങ്ങുക ആൻഡമാൻ നിക്കോബാറിലായിരിക്കും. ഭൂമിയിലെ രണ്ടാമത്തെ സ്വർഗ്ഗം എന്നൊക്കെ പറയാം. അപ്പോൾ ഭൂമിയിലെ ഒന്നാമത്തെ സ്വർഗ്ഗമേതാണ്. അതും ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹം തന്നെ! എങ്കിൽ ആ സ്വപ്നം കാണാൻ പോകാം…

ബംഗാൾ ഉൾക്കടലിൽ മ്യാൻമാറിന്‍റെ തെക്ക് വശത്തിനും ഇന്ത്യോനേഷ്യയുടെ തെക്ക് ഭാഗത്തിനും ഇടയിലായി മുത്തുകൾ കോർത്ത മാല പോലെ സ്‌ഥിതി ചെയ്യുന്ന പ്രദേശമാണ് ആൻഡമാൻ ദ്വീപു സമൂഹം. വടക്കു മുതൽ തെക്ക് വരെ നീണ്ടു കിടക്കുന്ന ആൻഡമാൻ നിക്കോബാറിന്‍റെ സമുദ്രതീരം 1912 കിലോമീറ്ററാണ്. വിസ്തീർണ്ണം 8249 കിലോമീറ്ററും. ചെറുതും വലുതുമായ 572 ദ്വീപുകളുടെ സംഗമമാണ് ആൻഡമാൻ ദ്വീപ് സമൂഹം.

അതിൽ 37 ദ്വീപുകളിലെ മനുഷ്യവാസമുള്ളൂ. ബാക്കിയുള്ളവയെല്ലാം വനനിബിഡമായ പ്രദേശങ്ങളാണ്. ആകാശ ഉയരത്തിൽ നിന്ന് താഴേയ്‌ക്ക് നോക്കിയാൽ കടലിൽ കാട് വളർന്ന് നിൽക്കുന്ന പച്ചപ്പ് കാണാം. ഉഷ്ണ മേഖലയാണ്. വർഷം മുഴുവനും അന്തരീക്ഷത്തിൽ ചൂടു കാറ്റ് അനുഭവപ്പെടും. ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 23 ഡിഗ്രി സെൽഷ്യസുമാണ്. അന്തരീക്ഷത്തിലെ ഈർപ്പാവസ്‌ഥ 70 മുതൽ 90 വരെയാണ്. വർഷത്തിൽ 3200 മില്ലിമീറ്റർ മഴ ലഭിക്കും.

മനുഷ്യനാൽ മലിനീകരിക്കപ്പെടാത്ത പ്രകൃതിയാണ് ഈ ദ്വീപിനെ സ്വർഗ്ഗമാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തനതായ പ്രകൃതിയുടെ സൗന്ദര്യം മായമില്ലാതെ ദർശിക്കാനാവും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചാണ് ഇവിടുത്തേത്. പച്ചപുകൾ കൊണ്ടും അപൂർവ്വ ഔഷധ സസ്യങ്ങൾ കൊണ്ടും സമ്പന്നമാണ് ഇവിടം. അലോസരപ്പെടുത്താതെ തഴുകാനെത്തുന്ന കാറ്റും സൗഹാർദ്ദ മനോഭാവമുള്ള സ്‌ഥലവാസികളും ഏതൊരു ടൂറിസ്‌റ്റിനെയും ആകർഷിക്കും.

ഒക്ടോബർ മുതൽ മെയ് വരെയാണ് സന്ദർശന യോഗ്യമായ സമയം. മെയ് മുതൽ സെപ്തംബർ വരെയും നവംബർ മുതൽ ജനുവരി വരെയും മഴക്കാലമാണ്. കപ്പൽ മാർഗ്ഗവും വിമാന മാർഗ്ഗവും ആൻഡമാനിൽ എത്തിച്ചേരാനാവും. ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്ക്ക് കപ്പൽ സർവ്വീസ് ഉണ്ട്. ടിക്കറ്റിനായി അവിടുത്തെ ഫിഷിംഗ് കമ്പനി ഓഫസുമായി ബന്ധപ്പെടാവുന്നതാണ്. ഡൽഹി, കൊൽക്കൊത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് ഉണ്ട്. പോർട്ട്ബ്ലയറിൽ ഇറങ്ങി ടൂറിസം ഡിപ്പാർട്ട്മെന്‍റfന്‍റെ ഓഫീസുമായി ബന്ധപ്പെട്ടാൽ അവർ സൗകര്യങ്ങൾ ഏർപ്പെടുത്തി തരും. ആൻഡമാന്‍റെ തലസ്‌ഥാനം പോർട്ട്ബ്ലയർ ആണ്.

സന്ദർശന യോഗ്യമായ ദ്വീപ് സമൂഹത്തെ രണ്ടായി തരം തിരിയ്ക്കാം. വടക്ക് ദ്വീപ് ശൃംഖലയും തെക്ക് ദ്വീപ് ശൃംഖലയും വടക്ക് ദ്വീപ് ശൃംഖലയിൽ വടക്ക് ആൻഡമാൻ, മദ്ധ്യ ആൻഡമാൻ ദക്ഷിണ ആൻഡമാൻ എന്നിവ ഉൾപ്പെടും. ഇവയെ കടൽ തുരുത്തുകൾ വേർപ്പെടുത്തുന്ന രീതിയിലാണ് സ്‌ഥിതി ചെയ്യുന്നത്.

തെക്ക് ശൃംഖലയിൽ നിക്കോബാർ ദ്വീപ് സമൂഹമാണുള്ളത്. അതിൽ ആദ്യം വരുന്നത് കർ നിക്കോബാർ ആണ്. സന്ദർശകർക്ക് ഇവിടെ എത്തിപ്പെടാൻ പ്രയാസമാണ്. അനേകം പ്രതിബന്ധങ്ങൾ ഉള്ളതിനാൽ ഇവിടം സന്ദർശിക്കണമെങ്കിൽ സർക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. 10 ഡിഗ്രി കടലിടുക്കാണ് ഈ ദ്വീപ് ശൃംഖലകളെ വേർത്തിരിക്കുന്നത്. ഗതാഗതയോഗ്യമായ ജലപരപ്പാണിത്.

പോർട്ട്ബ്ലയറിലാണ് വിമാനത്താവളവും തുറമുഖവും സ്‌ഥിതി ചെയ്യുന്നത്. വ്യാപാര കേന്ദ്രം കൂടിയാണ്. കോടിക്കണക്കിനു രൂപയുടെ ബിസിനസ്സാണ് ഓരോ ദിവസവും ഇവിടെ നടക്കുന്നത്. ഹാവ്ലോക്ക് ദ്വീപിലെ രാധാനഗർ ഏഷ്യയിലെ ഏറ്റവും ആകർഷകമായ സമുദ്രത്തീരമാണ്. ദക്ഷിണേഷ്യയിലെ സങ്കീർണ്ണമായ അഗ്നിപർവ്വതം ബൈരൻ ദ്വീപിലാണുള്ളത്. ദക്ഷിണ ശൃംഖലയിൽ സഥിതി ചെയ്യുന്ന ഗ്രേറ്റ് നിക്കോബാറിന്‍റെ ഭരണസിരാകേന്ദ്രം കേപ്പ് ബെൽ ബേ ആണ്.

നിക്കോബാർ ദ്വീപ് സമൂഹത്തിന്‍റെ ഭരണകാര്യാലയം നിക്കോബാർ ദ്വീപിലാണ്. ഇവിടെ സർക്കാർ ഓഫീസുകൾ ധാരാളം ഉണ്ട്. 125 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ഈ ഭൂമി ആദിവാസി സമുദായത്തിന്‍റെ വാസസ്‌ഥാനമാണ്. ഇവിടുത്തെ സമുദ്രതീരം തെങ്ങുകൾ കൊണ്ട് സമ്പന്നമാണ്. സമുദ്രത്തിന്‍റെ അടിത്തട്ട് കാണാവുന്ന തരത്തിലുള്ള തെളിഞ്ഞ ജലം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

andaman

പോർട്ട്ബ്ലയറിലെ കാഴ്ചകൾ

ഇവിടെ കാലുകുത്തുമ്പോൾ തൊട്ട് രസകരമായ അനേകം കാഴ്ചകൾ സന്ദർശകനെ ആകർഷിക്കും. സഞ്ചാരികളെ സഹായിക്കാനായി ടൂറിസം വിഭാഗം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഓഫീസുമായി ബന്ധപ്പെട്ടാൽ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കും. ഇവിടെ പ്രമുഖമായത് ചാത്തം ദ്വീപാണ്. ഇതൊരു ചെറിയ ദ്വീപാണ്. ഒരു വലിയ പാലം മുഖേനയാണ് ഈ ദ്വീപിനെ പോർട്ട്ബ്ലയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 1858 മാർച്ച് 10ന് 1857 ലെ കലാപകാരികളായ 200 പേരെ ഇവിടെ കൊണ്ടു വന്നിരുന്നു. പുരാതനമായ ഒരു തുറമുഖ നഗരവും ഇവിടെയുണ്ട്. ഇവിടെയിപ്പോൾ കപ്പലുകൾ അടുക്കാറില്ല. ചാത്തം ദ്വീപിൽ പുതിയ തുറമുഖം വന്നതോടെ ഇതിന്‍റെ പ്രതാപം അവസാനിച്ചു എന്നു പറയാം.

ചാത്തം ദ്വീപിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈർച്ചമിൽ സ്‌ഥിതി ചെയ്യുന്നത്. വൻ തടികൾ നോക്കി നിൽക്കേ ഉയർന്നു രണ്ടു കഷണമാക്കുന്നതു കാണാം. ഇവിടെ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തായാണ് ഹൈടോ മിനി മൃഗശാലയുള്ളത്. അപൂർവ്വങ്ങളായ ജീവജാലങ്ങളെ ഇവിടെ കാണാൻ കഴിയും.

ശേഷം നാവികസേനയുടെ കീഴിലുള്ള സമുദ്രികാ മ്യൂസിയം സന്ദർശിച്ചില്ലെങ്കിൽ വലിയ നഷ്‌ടമാകും. കടലിന്‍റെ അടിത്തട്ടിൽ മാത്രം കാണുന്ന വർണ്ണ മത്സ്യങ്ങൾ, ചിപ്പികൾ, മുത്തുകൾ പവിഴപുറ്റുകൾ എന്നിവ ഈ മ്യൂസിയത്തിൽ കാണാം. ഈ മ്യൂസിയത്തിൽ നിന്ന് അര കിലോമീറ്റർ സഞ്ചരിച്ചാൽ മീഡിൽ പോയിന്‍റd എന്നു പേരുള്ള ഭാരതീയ മാനവ് വിജ്‌ഞാൻ മ്യൂസിയം സന്ദർശിയ്‌ക്കാം. ദ്വീപിൽ വസിച്ചിരുന്ന 5 തരം ആദിമ നിവാസികളുടെ ജീവ ചരിത്രവും അവരുടെ സംസ്കാരവും മനസ്സിലാക്കാം.

മീഡിൽ പോയിന്‍റ് എന്ന സ്‌ഥലത്ത് വ്യവസായ വകുപ്പ് ഒരുക്കിയ സാഗരിക മ്യൂസിയവും സന്ദർശിക്കാം. ഇവിടെ ധാരാളം തദ്ദേശീയമായ കരകൗശല വസ്‌തുക്കൾ കാണാം. തടി കൊണ്ടും മുള കൊണ്ടും ചിപ്പികൾ കൊണ്ടും നിർമ്മിച്ച മനോഹരമായ കലാസൃഷ്ടികളാണിവ. ചിപ്പികൾ കൊണ്ട് നിർമ്മിച്ച തോരണങ്ങളും ആഭരണങ്ങളും കുറഞ്ഞ വിലയ്‌ക്ക് വാങ്ങാം.

സെല്ലുലാർ ജയിൽ

പോർട്ട്ബ്ലയറിലെ ചരിത്രമുറങ്ങുന്ന സെല്ലുലാർ ജയിൽ സന്ദർശിക്കാതെ ആൻഡമാൻ യാത്ര പൂർണ്ണമാവില്ല. ഇന്ത്യൻ സ്വാതന്ത്യ്രസമര പോരാളികളെ പാർപ്പിച്ച സ്‌ഥലമാണ്. മൊറാർജി ദേശായി പ്രധാനമന്ത്രിയായ കാലത്ത് സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. 1886 ലാണ് നിർമ്മാണം തുടങ്ങിയത്. 1906 ൽ പൂർത്തിയായി. തുടക്കത്തിൽ ഒരു ഗോപുരത്തിൽ നിന്ന് 7 ചിറകുകൾപ്പോലെ വിരിഞ്ഞു നിൽക്കുന്ന കെട്ടിട സമുച്ചയമായിരുന്നു. അതിൽ 698 കാരാഗ്രഹങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ 7 നു പകരം 3 കെട്ടിടങ്ങളെ അവശേഷിക്കുന്നുള്ളൂ. സ്വാതന്ത്ര സമരകാലത്ത് പോരാളികളെ ഇവിടെയാണ് തുറങ്കിലടച്ചിരുന്നത്. ബ്രിട്ടീഷുകാർ വീരസമരനായകരെ ഇവിടെവച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇതിപ്പോൾ ദേശീയ സ്മാരകമായി നിലനിർത്തിയിരിക്കുകയാണ്.

ഇവിടെ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ പരിപാടിയുണ്ട്. സ്വതന്ത്രസമര സേനാനികളുടെ ജീവിതവും ജയിലിന്‍റെ ചരിത്രങ്ങളും ആസ്പദമാക്കിയുള്ള പരിപാടിയാണിത്. സന്ദർശകരെ ചരിത്രത്തിന്‍റെ ഇടനാഴികയിലേയ്‌ക്ക് കൂട്ടി കൊണ്ടുപോകുന്ന അനുഭവം ഉള്ളവാക്കുന്ന ഷോയാണിത്. ഇത് കാണാൻ പ്രത്യേക ടിക്കറ്റ് എടുക്കണം.

സെല്ലുലാർ ജയിലിൽ നിന്ന് കുറച്ചകലെയായുള്ള കടൽ തീരത്താണ്. മറീനാ പാർക്ക് സ്‌ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും മനോഹരമായ പാർക്കാണിത്. വൈകുന്നേരമാകുമ്പോഴെയ്ക്കും അവിടെ ജനത്തിരക്കേറും. കടലിൽ നിന്നുള്ള തണുത്ത കാറ്റ് ആരെയും ഉൻമേഷവാന്മാരാക്കും.

പോർട്ട്ബ്ലയറിന്‍റെ അടുത്ത് തന്നെ മറ്റൊരു ചെറിയ ദ്വീപ് ഉണ്ട്. റാസ് ഇവിടെ 1858 മുതൽ 1941 വരെ ബ്രീട്ടിഷ് സർക്കാറിന്‍റെ ഭരണ സിരാകേന്ദ്രമായിരുന്നു. ഇന്നും അതിന്‍റെ അവശേഷിപ്പുകളായ ബംഗ്ലാവുകളും, ആശുപത്രിയും, മാർക്കറ്റും ക്രിസ്ത്യൻ പള്ളികളും മന്ത്രിമന്ദിരങ്ങളും കാലപഴക്കത്തോടെ നിൽക്കുന്നുണ്ട്. ഇവിടെയെത്താനായി അബോർദിൻ ജെട്ടിയിൽ നിന്ന് ബോട്ട് സർവ്വീസ് ഉണ്ട്. ഹാവ് ലോക് ദ്വീപിലെ, എലിഫന്‍റ് ബീച്ച് സന്ദർശിക്കേണ്ടത് തന്നെയാണ്. ഇവിടുത്തെ ചിപ്പികൾ ആരെയും മനം മയക്കും. ആൻഡമാൻ ദ്വീപുപ്പോലെ തന്നെ.

और कहानियां पढ़ने के लिए क्लिक करें...