നല്ല പെരുമാറ്റവും സ്നേഹവും പ്രകടിപ്പിക്കുന്നവരെ ആർക്കും ഇഷ്‌ടപ്പെടും. ഇത്തരക്കാർക്ക് തങ്ങളുടെ നിലപാടിലേയ്‌ക്ക് മറ്റുള്ളവരെ കൊണ്ടു വരാനും സാധിക്കും. എന്നാലും ചെറിയ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരും തന്നെ കാണുകയില്ല. ചെറിയ ചെറിയ കാര്യങ്ങളിൽപ്പോലും വഴക്കുണ്ടാവാറില്ലേ? എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാവുന്നതെയുള്ളൂ.
ഇത് നമ്മുടെ എല്ലാവരുടെയും പ്രശ്നമാണ്. പഠിപ്പുണ്ടായാലും ശരി, ദേഷ്യത്തിന് ഒരു കൺട്രോളും കാണില്ല. അറിഞ്ഞോ അറിയാതെയോ വാക്ക് കൊണ്ട് മുറിവേൽപ്പിച്ചുകളയും. മനസ്സിൽ ഒന്നുമില്ലെങ്കിലും ചിലപ്പോൾ വാക്കുകൾ ക്രൂരമായി പോകും. ഇത്തരം സ്വഭാവം ബന്ധങ്ങളിൽ അസ്വസ്ഥത നിറയ്‌ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇങ്ങനെ മുറിപ്പെടുത്തുന്ന വാക്കുകൾ പറഞ്ഞാൽ അത് കൈവിട്ട കല്ലുപോലെയാണ്. തിരിച്ചെടുക്കാൻ കഴിയില്ല.
കല്ല്യാണം കഴിഞ്ഞ് മൂന്ന് മാസംപോലും ആകാത്ത പങ്കാളികൾ വേർപിരിയാൻ തീരുമാനിച്ച ഒരു സംഭവം പറയാം. സൗന്ദര്യ പിണക്കം ശീതയുദ്ധമായത് രണ്ടുപേരും പരസ്‌പരം പ്രയോഗിച്ച വാക്കുകൾ കാരണമാണ്. വഴക്കിനു ശേഷം ഒരാഴ്ച രണ്ടാളും പരസ്‌പരം സംസാരിക്കുകയോ നോക്കുകയോ ചെയ്‌തില്ല. രക്ഷിതാക്കൾ അറിഞ്ഞ് ഇടപെട്ടപ്പോഴേക്കും ഇരുവരും വേർപിരിയാൻ മനസ്സ് കൊണ്ട് തീരുമാനിച്ചിരുന്നു. വഴക്കടിച്ചപ്പോൾ ഉപയോഗിച്ച വാക്കുകളാണ് മുറിവ് ആഴത്തിലാക്കിയത്. അത് ഉണക്കാൻ അവസാനം ഫാമിലി കൗൺസിലറുടെ സഹായവും തേടേണ്ടി വന്നു.
ദേഷ്യം വരുമ്പോൾ പ്രയോഗിക്കുന്ന വാക്കുകൾ വെറുപ്പുളവാക്കുന്നതായിരിക്കും. അതിനാൽ ദേഷ്യം വരുമ്പോൾ പുറത്തേയ്‌ക്ക് ഇറങ്ങി പോകുന്നതാണ് നല്ലത്.
നോക്കിയും കണ്ടും സംസാരിക്കാം
എടുത്തു ചാടി എന്തെങ്കിലുമൊക്കെ പറയുന്നതാണ് അപകടം. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കാനുള്ള മനസ്സാന്നിദ്ധ്യം എപ്പോഴും കാത്ത് സൂക്ഷിക്കണം. ഭാര്യഭർത്താക്കന്മാർക്കിടയിൽ ചെറിയ അസ്വാരസ്യങ്ങൾ സ്വഭാവികമാണ്. ബന്ധം സ്നേഹം നിറഞ്ഞതാവണമെങ്കിൽ പങ്കാളികൾക്കിടയിൽ കളി തമാശകൾ വേണം. ഇങ്ങനെയുള്ളവർ തമ്മിൽ വഴക്കിട്ടാലും അത് പരിധിവിടുകയില്ല. മാത്രമല്ല സൗന്ദര്യ പിണക്കം ബന്ധം ദൃഢമാക്കുകയേയുള്ളൂ.
എന്തു കൊണ്ടാണ് വഴക്കുണ്ടാവുന്നതെന്ന് ആലോചിക്കാറുണ്ടോ? അതിന്‍റെ കാരണം പരിശോധിക്കാൻ തയ്യാറാവണം. ചിലപ്പോൾ എന്തിനാണ് തങ്ങൾ വഴക്കടിച്ചതെന്ന്പോലും ദമ്പതികൾക്ക് മനസ്സിലാക്കാൻ പറ്റുകയില്ല. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങി വെറുതെ കത്തി കയറിയതാവും. ഇങ്ങനെ ഓർക്കാപ്പുറത്ത് എന്തെങ്കിലും പറഞ്ഞുപോയാൽ ബന്ധം ഉലയാനുള്ള വഴി മരുന്നാവും. അതു നിയന്ത്രിച്ചേ മതിയാവൂ. മിണ്ടാതിരിക്കുന്നതാണ് ദാമ്പത്യത്തിനു നല്ലത് എന്ന് തമാശ പറയാറുണ്ടല്ലോ. അതിൽ കുറച്ച് പതിരില്ലാതില്ല. കാരണം ശരീരത്തിനേൽക്കുന്ന മുറിവുകളേക്കാൾ വേദന മനസ്സിനേൽപ്പിക്കുന്ന മുറിവുകൾക്കാണ്. ബന്ധങ്ങളിൽ നീരസം ഉണ്ടാവാൻ ഇടയാക്കരുത്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയോ കണ്ണടക്കുകയോ ചെയ്യേണ്ടതായി വരാം. അത്തരം കാര്യങ്ങൾ അറിയാം.
എന്‍റെ ബോയ്ഫ്രണ്ട് എന്‍റെ ഗേൾഫ്രണ്ട്
പഴയ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അത്ര നല്ലതല്ല. വീഴുപ്പലക്കൽ പോലെയാവുമത്. നിങ്ങൾ ഭർത്താവിന്‍റെ ഹൃദയത്തിൽ കഴിയുന്നവളാവും അല്ലെങ്കിൽ ഭർത്താവ് നിങ്ങളുടെ ഹൃദയത്തിലുണ്ടാവും ഈ സ്ഥിതിയ്‌ക്ക് ഭാര്യയുടെ മുൻ കാമുകനെപ്പറ്റി ഭർത്താവും, ഭർത്താവിന്‍റെ മുൻ കാമുകിയെപ്പറ്റി ഭാര്യയും സംസാരിച്ച് വഴക്കടിക്കുന്നതിൽ അർത്ഥമില്ല. അകൽച്ച വർദ്ധിപ്പിക്കാനേ ഇത്തരം കലഹം ഇടയാക്കുകയുള്ളൂ. ഭർത്താവിനെ മുൻ കാമുകനുമായി താരതമ്യം ചെയ്യുന്നത് ദാമ്പത്യ ബന്ധത്തിൽ വിശ്വസിക്കുന്നവർ ഒരിക്കലും ചെയ്യരുത്. അതുപോലെ ഭാര്യയെ മുൻകാമുകിയുമായി താരതമ്യം ചെയ്യുന്നതും ദാമ്പത്യബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കും. അതിനാൽ ദമ്പതികൾ പൂർവ്വകാല ജീവിതം വിവാഹ ശേഷം ചികയാതിരിക്കുന്നതാണ് അഭികാമ്യം.
അദ്ഭുത വാക്കുകൾ
ഐ ലൗ യൂ. ഈ വാചകത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. സ്നേഹവും അടുപ്പവും ആരാധനയും ബഹുമാനവും എല്ലാം ഒരാളോട് സ്നേഹം തോന്നാത്ത അവസരത്തിൽപ്പോലും ഇങ്ങനെ പറയാൻ കഴിഞ്ഞാൽ അതുണ്ടാക്കുന്ന പോസിറ്റീവായ മാറ്റം അനുഭവിച്ചറിയാൻ സാധിക്കും.
ഭാര്യയോട് നിങ്ങൾ 5 മണിക്കെത്തുമെന്ന് പറഞ്ഞിട്ടും നിങ്ങൾ 8 മണിക്കാണ് എത്തിയതെങ്കിൽ പിന്നെ വീട്ടിൽ നടക്കാൻ പോകുന്ന പൂരം എന്തായിരിക്കുമെന്ന് അധികം പറയേണ്ടതില്ലല്ലോ. ഈ അവസരത്തിൽ ഒരു മെസേജ് അയച്ച് സാഹചര്യം തണുപ്പിക്കാം. എന്നിട്ട് നേരിൽ കണ്ട ഉടനെ ഐ ലൗ യൂവ എന്ന് പറഞ്ഞു നോക്കൂ. കക്ഷി കൂൾ ആവും. വാക്കുകളുടെ ശക്തിയാണിത്. ഇങ്ങനെ ഭാര്യയുടെ ഹൃദയം കവരാനായി മാജിക് വാക്കുകൾ പറഞ്ഞാൽ ഭാര്യ ഉടനെ നിങ്ങളോട് ഫളർട്ട് ചെയ്യാൻ തുടങ്ങിയെന്നും വരും. അവർ ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായി നിൽക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ പഴയ മൂഡിലേയ്ക്ക് വഴുതി വീഴാൻ അധിക നേരം വേണ്ടി വരില്ല.
ഭക്ഷണം ആസ്വദിക്കാം
സ്ത്രീകൾ ഭർത്താവിനൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കാൻ അതീവ താൽപര്യം കാണിക്കുന്നവരായിരിക്കും. ഹോട്ടലിൽ ചെന്നയുടനെ മെനു ആദ്യം നോക്കുന്നതും സ്ത്രീകളാവും. പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ എപ്പോഴും ആഗ്രഹിക്കുന്ന അവർ ചടപടാന്ന് എല്ലാത്തിനും ഓർഡർ നൽകിയെന്നുമിരിക്കും. ഇതെല്ലാം കണ്ട് നിങ്ങൾ ഞെട്ടുകയും എന്താ ഇതു മുഴുവൻ നീ കഴിക്കുമോ? എന്നോ മറ്റോ ചോദിച്ചാൽ പിന്നെ തീർന്നു. ഔട്ടിംഗ് വെള്ളത്തിൽ ആകുമെന്ന് തീർച്ച. അതിനാൽ ഭാര്യ ഓർഡർ ചെയ്‌ത സാധനങ്ങൾ നല്ലതാണെന്ന് അങ്ങ് പറഞ്ഞേക്കണം. കാരണം ഭക്ഷണത്തിന്‍റെ കാര്യത്തിൽ സ്ത്രീകൾ വളരെ ഇമോഷണൽ ആണ്. ഭക്ഷണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ ബന്ധങ്ങളിൽ മെല്ലെ മെല്ലെ അസ്വസ്ഥത തീർക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുപോലെ ഭാര്യ വച്ചുണ്ടാക്കുന്ന വിഭവങ്ങളുടെ കുറ്റവും കുറവും പറയുന്നതിനു മുമ്പ് അഭിനന്ദനങ്ങൾ പറയാൻ ശ്രമിക്കണം. ഹോട്ടലിൽ ചെന്നാലും ഭാര്യയുടെ അധിക ഓർഡറിനെ ചൊല്ലി അധികം സംസാരിക്കാതിരിക്കുക.
അത് നിന്‍റെ ശീലമായിപ്പോയി
ഈ ഡയലോഗ് ഒരിക്കലും ഗുണം ചെയ്യില്ല. ചെയ്യുന്ന ജോലി നിങ്ങളുടെ ഇഷ്‌ടത്തിനൊത്ത് വന്നില്ലെങ്കില്ലോ അല്ലെങ്കിൽ നിങ്ങൾ പറഞ്ഞപോലെ ആയിട്ടില്ലെങ്കിലോ ആവും ഭാര്യയോട് മേൽപറഞ്ഞ ഡയലോഗ് കാച്ചുക. അത് ശരിയല്ല ഭാര്യ പൊറുക്കാനും പോകുന്നില്ല. എപ്പോഴും കുറ്റപ്പെടുത്തുന്നത് നല്ല കാര്യമല്ല. ഭാര്യ എപ്പോഴും തെറ്റാണ്, അല്ലെങ്കിൽ ശരിയല്ല എന്ന് സ്‌ഥാപിക്കാൻ വ്യഗ്രത കാണിക്കുന്നതെന്തിനാണ്? ചെറിയ കാര്യങ്ങളെ ചൊല്ലി ചൊറിയുന്ന വർത്തമാനം വേണ്ട.
അമ്മയെപ്പോലെയല്ല, പെങ്ങളെപ്പോലെയും
ഭാര്യയുടെ സ്വഭാവത്തെ അമ്മയുടെയും പെങ്ങളുടെയും രീതികളുമായി ഒരിക്കലും താരതമ്യപ്പെടുത്തി സംസാരിക്കരുത്. നിങ്ങൾ അമ്മയെ മനസ്സിലാക്കിയ പോലെയാവില്ല ഭാര്യ മനസ്സിലാക്കിയിരിക്കുക. ഭാര്യയുടെ ശീലങ്ങൾ തെറ്റാണെന്ന് സ്‌ഥാപിക്കാനായി വീട്ടിലുള്ള മറ്റുള്ളവരുടെ രീതികളുമായി താരതമ്യം ചെയ്‌ത് കുറ്റപ്പെടുത്തുന്നത് വൃത്തികെട്ട ശീലമാണ് എന്ന് അറിയുക. ഓരോരുത്തരും തിളങ്ങുന്ന വ്യത്യസ്‌തമായ വ്യക്‌തിത്വമാണ്. അത് അംഗീകരിക്കാൻ പങ്കാളികൾക്ക് കഴിയണം.
ആത്മ പരിശോധന അനിവാര്യം
വഴക്ക് പറഞ്ഞിട്ടോ മറ്റുള്ളവരുടെ ഇടയിൽ വച്ച് അപമാനിച്ചോ ഒരാളെയും മാറ്റാൻ കഴിയുകയില്ല. അതിനേക്കാൾ ബഹുമാനം ലഭിക്കുന്ന കാര്യം സ്വയം സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയും സ്വയം മാറുകയും ചെയ്യുന്നതാണ്. മറ്റുള്ളവരുടെ ഹൃദയത്തിൽ സ്‌ഥാനം പിടിക്കാനായി നിങ്ങൾക്ക് കഴിയുമെങ്കിൽ എന്തുകൊണ്ട് പങ്കാളിയുടെ ഇഷ്ടത്തിനൊത്ത് മാറാൻ കുറച്ചെങ്കെിലും ശ്രമിച്ചു കൂടാ. കുറവുകൾ ഇല്ലാത്ത മനുഷ്യരുണ്ടോ? പങ്കാളിയുടെ ന്യൂനതപോലെ തന്നെ നിങ്ങളിലും കുറ്റവും കുറവും കാണില്ലേ? ശരിയായി ചിന്തിച്ച് ശരിയായ നിലപാടിലെത്തുക. അപ്പോൾ കാര്യങ്ങൾ എളുപ്പമാവും. ജീവിതം അനായാസവും സന്തോഷം നിറഞ്ഞതായി തീരും. അങ്ങനെയാവുമ്പോൾ പരാതികൾ ഇല്ലാതെ കഴിയാനാവും.