കല്യാണം സ്വർഗത്തിൽ നടക്കുന്നു. ഈ സ്വർഗം ഭൂമിയിൽ തീർക്കാൻ സാധിച്ചാലോ. അതേ യംഗ് ജനറേഷൻ കല്യാണങ്ങൾ മൊത്തം പഴയ ചിട്ടവട്ടങ്ങളൊക്കെ പൊളിച്ചുമാറ്റി കുറച്ചു കൂടി തകർപ്പനായിരിക്കുന്നു. കല്യാണവേദിയിൽ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത് നടത്തിച്ചിരുന്ന അമ്മാവന്മാരും കാർന്നോന്മാരുമൊക്കെ ഇന്ന് കല്യാണ സദ്യ ഉണ്ണാൻ മാത്രം മണ്ഡപത്തിലെത്തിയാൽ മതിയെന്നായി. കാരണം കല്യാണ വേദികൾ ഇന്ന് ചെക്കനെയും പെണ്ണിനേയും പോലെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു വ്യക്‌തി കയ്യടക്കിയിരിക്കുന്നു. വേറെയാരുമല്ല. തീം വെഡ്ഡിംഗ് ഡിസൈനർമാർ. കല്യാണം കൂടാൻ എത്തുന്നവരെയെല്ലാം വിസ്മയിപ്പിച്ചു കൊണ്ട് അവർ ഒരു കല്യാണം ഡിസൈൻ ചെയ്യുന്നു.

ആകാശത്തും കടലിലും അന്‍റാർട്ടിക്കയിൽ പോലും ഇന്ന് വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകൾ ഇവർ ഒരുക്കിക്കളയും. അതിൽ നിറങ്ങളും പൂമ്പാറ്റകളും മയിലുകളുംമൊക്കെ പാറി നടക്കും. ലേസർഷോയുടെ പകിട്ട് കൂടി ഇപ്പോൾ തീം വെഡ്ഡിംഗുകൾക്ക് മുമ്പെങ്ങുമില്ലാത്തത്ര ആകർഷകത്വം കൈവന്നിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഒരു കളർഫുൾ ബോളിവുഡ് ഫിലിം കണ്ടിരിക്കുന്ന പ്രതീതിയാണ് കാണികൾക്ക്. പലരും കല്യാണ ഹാളുകളുടെ മോടിയിലും അവിടെ നടക്കുന്ന വിസ്മയക്കാഴ്ചകളിലും മയങ്ങി പെണ്ണിനേയും ചെക്കനേയും എന്തിന് കല്യാണസദ്യ വരെ മറന്നുപോയ സംഭവങ്ങളുമുണ്ടത്രേ!.

പണ്ടെങ്ങുമില്ലാത്ത വിധം ഒരു ബിസിനസ് കേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് തീം വെഡ്ഡിംഗ് ഹാളുകൾ. സ്വപ്നം പോലെ ഒരു കല്യാണം കഴിക്കാൻ ഏതു പെണ്ണും ചെക്കനുമാണ് ആഗ്രഹിക്കാത്തത്. ഇന്ന് തീം വെഡ്ഡിംഗുകൾ ഒരു കല്യാണ ഹാളിൽ മാത്രം ഒതുങ്ങുന്നില്ല. വലിയ ഹോട്ടലുകൾ മൊത്തമായും വാടകയ്ക്കെടുത്തു പോലും ഇന്ന് തീം വെഡ്ഡിംഗ് എന്ന ആശയം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

ക്ഷണിക്കപ്പെട്ട അതിഥികൾക്കെല്ലാം ഇതേ ഹോട്ടലുകളിൽ താമസ സൗകര്യമൊരുക്കുകയും ചെയ്യുന്നു. പണ്ടുകാലങ്ങളിലെ പോലെ ഇന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കല്യാണ ആഘോഷങ്ങൾ ചെറിയ തോതിൽ തിരിച്ചുകൊണ്ടു വരാൻ തീം വെഡ്ഡിംഗുകൾക്ക് കഴിഞ്ഞിട്ടുണ്ട്. തീം വെഡ്ഡിംഗുകൾ ചെയ്യുമ്പോൾ മികച്ച വീഡിയോഗ്രാഫി കൂടി ഇതോടൊപ്പം ചേർക്കാറുണ്ട്. ശരിക്കും ഹൈ ഡെഫെനിഷൻ സിനിമ ചെയ്യുന്നതു പോലെ തന്നെ ഒരു പ്രത്യേക സെറ്റൊരുക്കി വിവാഹച്ചടങ്ങുകൾ നടത്തുകയാണ് രീതി.

കല്യാണത്തലേന്നുള്ള പരിപാടികൾ സംഗീതവിരുന്നുകളും ഡാൻസും സദ്യയും കൊണ്ട് കല്യാണ ദിവസത്തേക്കാൾ മികച്ചു നിൽക്കുന്നു. ഇതുമാത്രമല്ല കല്യാണത്തിന്‍റെ ആഫ്റ്റർ സെഷനുകൾ ഗംഭീരമാക്കാൻ കോറിയോഗ്രാഫേഴ്സ് ഡാൻസ് ഒരുക്കാറുണ്ട്. കളർഫുൾ ലൈറ്റും മ്യൂസിക്കും അകമ്പടിയായി എത്തിയാൽ ഡാൻസിന്‍റെ എബിസിഡി അറിയാത്ത ചെക്കനായാലും പെണ്ണായാലും നൃത്തച്ചുവടുകൾ വച്ച് കാണികളെ വിസ്മയിപ്പിക്കും.

കാശ് ഇത്തിരി പൊടിച്ചായാലും കല്യാണമല്ലേ. അതങ്ങ് വെടിപ്പാകണം എല്ലാവർക്കും. എന്തായാലും ഡുംഡുംഡും പെപെപ്പെയ്ക്ക് സമയമായെങ്കിൽ ഒരുങ്ങിക്കോളൂ നിങ്ങളുടെ സ്വന്തം തീം വെഡ്ഡിംഗിന്!

  • സുഗന്ധവാഹികളായ ടുലിപ് പോലുള്ള ഇംപോർട്ടഡ് ഇറ്റാലിയൻ പുഷ്പങ്ങൾ ഉപയോഗിച്ച് അലങ്കരിച്ചാൽ ഭംഗി മാത്രമല്ല സുഗന്ധവും പരത്തും.
  • വിവാഹവേദി അലങ്കരിക്കുകയെന്നാൽ വെറുതെ വേദി മാത്രമല്ല ഗേറ്റ് മുതൽ തുടങ്ങട്ടെ അലങ്കാരത്തിന്‍റെ ആദ്യപടി.
  • ടൂറ് പോലെ വിവാഹം പ്ലാൻ ചെയ്യുന്നവരെ കാത്ത് കായൽത്തീരങ്ങൾ തുടങ്ങി ഹൗസ്ബോട്ടുകൾ വരെ ഇന്ന് ഉണ്ട്. പക്ഷേ ഇത്തരത്തിൽ ബീച്ച് വെഡ്ഡിംഗുകൾ പ്ലാൻ ചെയ്താൽ നിറങ്ങളുടേയും അലങ്കാരത്തിന്‍റെ അഡംബരം കുറച്ച് കുറയ്ക്കുന്നത് നന്ന്.
और कहानियां पढ़ने के लिए क्लिक करें...