“ഇപ്പോൾ മനസ്സിലായില്ലെ?…. ഗോതമ്പു പാടങ്ങൾ നിറഞ്ഞ നിങ്ങളുടെ നാടിനെക്കാൾ എത്ര മനോഹരമാണ് ഞങ്ങളുടെ നാടെന്ന്…”

ഹിന്ദിയിൽ അവൾ പറഞ്ഞതു കേട്ട് ദേവാനന്ദ് തല കുലുക്കി. എന്നിട്ടയാൾ ഹിന്ദിയിൽ തന്നെ ഉത്തരവും നൽകി.

“അതെ, ഞാൻ നിന്‍റെ മുമ്പിൽ തോറ്റു തന്നിരിക്കുന്നു. ഇവിടം ഇത്രയേറെ ഭംഗിയേറിയതാണെന്ന് ഞാൻ വിചാരിച്ചില്ല. പക്ഷേ ഞങ്ങളുടെ നാടിനും അതിന്‍റേതായ ഭംഗിയുണ്ട് കേട്ടോ…”

ദേവാനന്ദ് സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനബോധത്തോടെ പറഞ്ഞു, അതുകേട്ട് കൃഷ്ണ മുഖം വീർപ്പിച്ചു.

“എന്ത് പറഞ്ഞാലും ദേവേട്ടന് സ്വന്തം നാട്. സ്വന്തം ആൾക്കാർ എന്നെയും എന്‍റെ നാടിനേയും വീട്ടുകാരെയും ദേവേട്ടൻ സ്വമനസ്സാലെ അംഗീകരിക്കുന്നില്ല എന്നല്ലെ അതിനർത്ഥം…”

“എന്ന് ഞാൻ പറഞ്ഞില്ലല്ലോ കൃഷ്ണ… നീയെന്തിനാണ് ഇല്ലാത്ത അർത്ഥം കണ്ടെത്തുന്നത്. എല്ലാവർക്കും സ്വന്തം നാടിനോടും വീട്ടുകാരോടും അൽപം മമത കൂടുതലുണ്ടാകും. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. ”

അവരുടെ വഴക്കു കേട്ട് നരേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“നിങ്ങൾ ഇക്കാര്യം പറഞ്ഞ് വഴക്കിടേണ്ട… നമ്മൾ പല നാടുകളിലും സംസ്കാരത്തിലും ജനിച്ചു വളർന്നവരാണെങ്കിലും നാമെല്ലാം ഭാരതീയർ തന്നെയാണ്. ഒരമ്മ പെറ്റമക്കളെപ്പോലെ. അതുനാമെപ്പോഴും ഓർക്കണം. നമ്മുടെ കുഞ്ഞുമക്കളേയും അതു മനസ്സിലാക്കി കൊടുത്ത് തന്നെ വളർത്തണം.” നരേട്ടന്‍റെ ഉപദേശം ചെവിക്കൊണ്ടതു പോലെ അവർ പിന്നീട് മിണ്ടാതിരുന്നു.

അപ്പോൾ ഞാനോർക്കുകയായിരുന്നു. ഇവർ പ്രേമിച്ചിരുന്നപ്പോൾ ആലോചിക്കാതിരുന്ന കാര്യങ്ങളാണല്ലോ കുടുംബ ജീവിതത്തിൽ പ്രവേശിച്ചപ്പോൾ പ്രശ്നമാക്കുന്നതെന്ന്… ഇത്തരം ചിന്തകൾ അവരുടെ കുടുംബ ജീവിത ഭദ്രത തന്നെ തകർത്തേക്കാം… ഞാനോർത്തു.

മൂന്നു നാലു മണിക്കൂർ പിന്നിട്ടപ്പോൾ ഞങ്ങളുടെ വണ്ടി ഗുരുവായൂരെത്തിച്ചേർന്നു. ഇടയ്ക്ക് പല സ്‌ഥലങ്ങളിലും ദേവാനന്ദ് ഫോട്ടോകൾ എടുക്കാനായി വണ്ടി നിർത്തിച്ചിരുന്നു. പിന്നെ ആഹാരം കഴിയ്ക്കാനായി അരമുക്കാൽ മണിക്കൂർ പാഴായിപ്പോയിരുന്നു. പക്ഷേ അവയൊന്നും വെയിസ്റ്റല്ല എന്നായിരുന്നു ദേവാനന്ദിന്‍റെ അഭിപ്രായം. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാനായി ഉതകുന്ന നിമിഷങ്ങൾ.

ജീവിതത്തിന്‍റെ ഏടുകളിൽ വർണ്ണപ്പകിട്ടോടെ കുറിച്ചു വയ്ക്കാനാവുന്നവയാണ് അവയെന്ന് ഞങ്ങൾക്കും തോന്നിയിരുന്നു. വിഷാദത്തിന്‍റെ പൂവിതളുകൾ മാത്രം വിരിഞ്ഞിരുന്ന ഞങ്ങളുടെ തോട്ടത്തിലും അത് നിറപ്പകിട്ടാർന്ന ഒരു വസന്തം വിരിയ്ക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.

ഉറുമ്പുകൾ വരിയിടുമ്പോലെ ഒരറ്റത്തു നിന്നും മറ്റേഅറ്റം വരെ നീണ്ടു കിടക്കുന്ന ക്യൂ കണ്ടപ്പോൾ ഇന്നിനി ദർശനം സാദ്ധ്യമല്ലെന്ന് മനസ്സിലായി. പിറ്റേന്ന് രാവിലെ മോന് ചോറും കൊടുത്ത് മടങ്ങാമെന്ന് ഞങ്ങളുറച്ചു. ഇന്ന് രാത്രിയിൽ തങ്ങുവാനായി പലയിടത്തും മുറിയന്വേഷിച്ചു. എന്നാൽ സീസണായതിനാൽ റൂം എല്ലായിടത്തും ബുക്കു ചെയ്‌തു കഴിഞ്ഞിരുന്നു. ഒടുവിൽ അൽപം ദൂരെ ഒരു സത്രത്തിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അവിടേയ്ക്കു തിരിച്ചു. എന്നാൽ വൃത്തിഹീനമായ ആ പരിസരം കണ്ടപ്പോൾ തന്നെ കൃഷ്ണമോൾ പറഞ്ഞു. “അയ്യോ… വേണ്ട… ഇവിടെ താമസിയ്ക്കാൻ ഞാനില്ല…” പൊട്ടിയൊലിച്ച കാനകളും ദുർഗ്ഗന്ധപൂരിതമായ ആ അന്തരീക്ഷവും വിട്ട് ഞങ്ങൾ എത്രയും വേഗം തന്നെ മടങ്ങിപ്പോന്നു. വീണ്ടുമൊരാൾ പറഞ്ഞ് അൽപമകലെ വാടകയ്ക്ക് കൊടുക്കാനിട്ടിരിക്കുന്ന ഒരു അപാർട്ട്മെന്‍റിൽ മുറി ഒഴിവുണ്ടെന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് തിരിച്ചു. ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്‍റായിരുന്നു അത്. എങ്കിലും വൃത്തിയുള്ള ആ അന്തരീക്ഷവും ഒരു ദിവസം തങ്ങാനുള്ള താമസസൗകര്യവും ഉള്ള അവിടെത്തന്നെ തങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.

കൃഷ്ണമോളുടെ മുഖം വിടർന്നത് അപ്പോൾ മാത്രമാണ്. അവൾ സ്വസ്ഥതയോടെ ഒരൊഴിഞ്ഞ മൂലയിലിരുന്ന്, അപ്പോഴെയ്ക്കും വിശന്നു കരഞ്ഞു തുടങ്ങിയിരുന്ന ടുട്ടുമോനെയെടുത്ത് പാലു കൊടുത്തു. കൂടിയ നിരക്കു കൊടുത്തിട്ടാണെങ്കിലും അങ്ങനെയൊരപ്പാർട്ട്മെന്‍റ് താമസിക്കാൻ കിട്ടിയതിൽ ഞങ്ങളെല്ലാം സംതൃപ്തരായിരുന്നു.

ഞാനും, നരേട്ടനും ആ അപ്പാർട്ടമെന്‍റിലെ ഡ്രോയിംഗ് റൂമിലെ സെറ്റിയിലിരുന്നു. പുറത്തേയ്ക്ക് എന്തിനോ പോയിരുന്ന ദേവാനന്ദ് അപ്പോഴേയ്ക്കും തിരിച്ചെത്തി അറിയിച്ചു.

“അൽപം നേരത്തേ എത്തിയിരുന്നുനെങ്കിൽ അമ്മയ്ക്കുമച്ഛനും വേണമെങ്കിൽ സീനിയർ സിറ്റിസൺസിനുള്ള ക്യൂവിലൂടെ അകത്തേയ്ക്ക് കയറാമായിരുന്നു. പിന്നെ അസുഖബാധിതർക്കും പ്രത്യേക ക്യൂ ഉണ്ട്. പക്ഷേ അതിന്‍റെ സമയവും കഴിഞ്ഞു. ഇനിയിപ്പോൾ പൊതുവായി എല്ലാവർക്കുമുള്ള ക്യൂവിൽ നിന്ന് കാൽ കഴയ്ക്കുക മാത്രമാവും മിച്ചം.”

ദേവാനന്ദ് മറ്റൊന്നു കൂടി പറഞ്ഞു. “കനത്ത കൈമടക്കു കൊടുക്കാമെങ്കിൽ ഒരു പക്ഷേ അധികം നിൽക്കാതെ ക്യൂവിൽക്കൂടി കയറിപറ്റാമായിരുന്നു. അതിനു സഹായിക്കുന്ന ചിലർ ആൾക്കൂട്ടത്തിലുണ്ട്.” ഹിന്ദിയിലാണ് ദേവാനന്ദ് അതെല്ലാം അറിയിച്ചത്. ഈശ്വരന്‍റെ തിരുമുമ്പിൽ നടക്കുന്ന അഴിമതിയെക്കുറിച്ചോർത്ത് അയാൾ വ്യസനിക്കുന്നുണ്ടായിരുന്നു.

ഈശ്വരനെക്കാൾ പണത്തിന് പ്രാധാന്യം നൽകുന്ന മനുഷ്യരാണല്ലോ നമ്മുടെ ചുറ്റിനും എന്ന് ദുഃഖത്തോടെ ഓർത്തു പോയി.

“വിദ്യാഭ്യാസവും, മറ്റു പലതും കച്ചവടച്ചരക്കായതു പോലെ ഭക്‌തിയും…” നരേട്ടൻ പറഞ്ഞു.

“അതെ… ഇന്നിപ്പോൾ മനുഷ്യനും ഒരു കച്ചവടച്ചരക്കാണല്ലോ… മനുഷ്യക്കടത്തിലൂടെയും അവയവ ദാനത്തിലൂടെയും മറ്റും കള്ളനാണയങ്ങൾ എവിടെയുമുണ്ടെന്ന് നാമോർക്കണം.” ദേവാനന്ദ് പറഞ്ഞു നിർത്തി.

“അതെ നല്ലവരേയും, ചീത്ത മനുഷ്യരേയും തിരിച്ചറിയാൻ നാം പഠിക്കണം. അങ്ങനെ തന്നെ സ്‌ഥാപനങ്ങളുടെ കാര്യത്തിലും… അൽപം നിർത്തി നരേട്ടൻ തുടർന്നു. പക്ഷേ ഒരിയ്ക്കൽ ഈ സമ്പാദിച്ചു കൂട്ടുന്ന പണത്തെക്കാളെല്ലാം വലുത് മറ്റ് പലതുമൈണെന്നുള്ള ആത്മബോധം ഈ മനുഷ്യർക്കുണ്ടാവും. പക്ഷേ അപ്പോഴേയ്ക്കും ദുരന്തപൂർണ്ണമായ ജീവിതാവസാനമായി കഴിഞ്ഞിരിക്കും. പ്രത്യേകിച്ച് പണത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെപ്പോലും തള്ളിപ്പറയുന്ന മക്കളുള്ള ഇക്കാലത്ത്.”

“അതെ നരേട്ടാ… അന്യായമായ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്നവർ ഒടുവിൽ കുണ്ഠിതപ്പെടേണ്ടി വരിക തന്നെ ചെയ്യും. ബന്ധവും, സ്വന്തവും മറന്ന് അവർ പരക്കം പാഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നോർത്ത്” ഞാനും നരേട്ടനെ പിന്താങ്ങി.

ഞങ്ങളുടെ വേദാന്ത ചിന്തകൾ അകത്തിരുന്ന് കേട്ടു കൊണ്ടിരുന്ന കൃഷ്ണമോളിൽ അത് വിമ്മിഷ്ടമുളവാക്കി എന്നു തോന്നി. അവൾ വിളിച്ചു പറഞ്ഞു.

“പപ്പയും മമ്മിയും ഇങ്ങനെ വേദാന്തവും പറഞ്ഞോണ്ടിരുന്നോ. നാളെ വെളുപ്പിനെ എഴുന്നേറ്റ് പോകേണ്ടതാ അതു കഴിഞ്ഞ് മോന് ചോറു കൊടുക്കാനും…”

“ശരിയാണ് നമുക്ക് പുറത്തു പോയി വേഗം ആഹാരം കഴിച്ചു വന്ന് കിടക്കാൻ നോക്കാം… അല്ലെങ്കിൽ വെളുപ്പിനെ എഴുന്നേല്‍ക്കാൻ പറ്റുകയില്ല…”

ദേവാനന്ദും ധൃതികൂട്ടി പുറത്തേയ്ക്കിറങ്ങിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ മുറിപൂട്ടി ദേവാനന്ദിനോടൊപ്പം നടക്കാൻ തുടങ്ങി. നടവഴിയിലെ കച്ചവട സ്‌ഥാപങ്ങൾ കണ്ട് കൃഷ്ണമോൾ പറഞ്ഞു. “ഇവിടെ എന്തെല്ലാം കൗതുക വസ്തുക്കളാണ് നിരത്തി വച്ചിരിക്കുന്നത്. എനിക്ക് ഓഫീസിലുള്ളവർക്കു സമ്മാനിക്കാൻ ചിലതു വാങ്ങണം.”

ദേവാനന്ദും കൃഷ്ണമോളും അടുത്തുള്ള കൗതുക വിൽപനശാലയിലേയ്ക്കു കയറിപ്പോയപ്പോൾ ഞങ്ങൾ നടവഴിയിൽ കാഴ്ചകൾ കണ്ടു നിന്നു. അപ്പോൾ നരേട്ടന്‍റെ കണ്ണ് അടുത്തുള്ള ഒരു കളിപ്പാട്ടക്കടയിലേയ്ക്ക് നീണ്ടു ചെന്നു. അവിടെക്കണ്ട എന്തോ ഒന്ന് അദ്ദേഹത്തെ ആകർഷിച്ചുവെന്ന് തോന്നി.

ടുട്ടുമോനു വേണ്ടി എന്തു വാങ്ങിക്കൊടുക്കുന്നതിലും ഒരു പ്രത്യേക ആനന്ദം തന്നെ നരേട്ടനുണ്ടായിരുന്നു. അവനെ കളിപ്പിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം കിട്ടിയ പ്രതീതിയാണെന്നു തോന്നിയിട്ടുണ്ട്. അപ്പോൾ അദ്ദേഹം സ്വയം മറക്കുന്നതായും എല്ലാ വേദനകളും അവന്‍റെ കളിചിരികളിൽ ലയിപ്പിച്ച് അദ്ദേഹം ആനന്ദിച്ചിരിക്കുന്നതും എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു. അല്ലെങ്കിൽ തന്നെ വാർദ്ധക്യം നമ്മെ പുറകോട്ടു നടത്തിക്കുകയും കുട്ടികളെപ്പോലെയാക്കിത്തീർക്കുകയും അങ്ങനെ അവരുടെ ലോകത്തിൽ നമ്മെക്കൊണ്ടെത്തിക്കുകയും ചെയ്യാറുണ്ടല്ലോ? ഞാനോർത്തു പോയി.

“നമുക്ക് ടുട്ടുമോനു വേണ്ടി എന്തെങ്കിലും വാങ്ങണ്ടേ… വരൂ ആ കളിപ്പാട്ടക്കടയിലേയ്ക്കു പോകാം…” നരേട്ടൻ മുന്നേ നടന്നു കൊണ്ടു പറഞ്ഞു. ഞാൻ വഴിവക്കിലെ പൂക്കടയിൽ നിന്നും പൂക്കൾ വാങ്ങി പുറകേ നടന്നെത്തുമ്പോഴെയ്ക്കും നരേട്ടൻ ചില കളിപ്പാട്ടങ്ങൾ സെലക്ടു ചെയ്‌തു കഴിഞ്ഞിരുന്നു.

ആയിടെ പുറത്തിറങ്ങിയ പുതിയ മോഡൽ കാറുകളുടെ ചെറുരൂപങ്ങൾ, പിന്നെ ചെറുതോക്കുകൾ ചെറുബോളുകൾ അങ്ങിനെ നിരവധി കളിപ്പാട്ടങ്ങൾ നരേട്ടൻ വാരിക്കൂട്ടി.

“ഇതെല്ലാം അവൻ കളിക്കാറാകുന്നതല്ലേയുള്ളൂ നരേട്ടാ… ഇപ്പോഴെ വാങ്ങിക്കൊടുക്കേണ്ട ആവശ്യം ഉണ്ടോ?” ഞാൻ തിരക്കി.

അവൻ സ്വയം കളിച്ചില്ലെങ്കിലും നമുക്ക് അവനെ കളിപ്പിക്കാമല്ലോ… നരേട്ടൻ എന്നെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.

പിന്നെ അവയെല്ലാം വാങ്ങി പുറത്തിറങ്ങുമ്പോഴേയ്ക്കും കൃഷ്ണമോളും, ദേവാനന്ദും ടുട്ടുമോനേയും കൊണ്ട് ഞങ്ങളുടെ അടുത്തെത്തി.

“പപ്പാ എന്തൊക്കെയാ വാങ്ങിക്കൂട്ടിയിരിക്കുന്നത്? ഇതെല്ലാം ടുട്ടുമോനു വേണ്ടിയാണോ?” കൃഷ്ണമോൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു.

“അതെ മോളെ… എല്ലാം അവനു വേണ്ടിയാണ്. പക്ഷേ അമ്മ പറയുന്നു ഇതൊന്നും അവൻ കളിയ്ക്കാറായിട്ടില്ലെന്ന്. എങ്കിൽ സൂക്ഷിച്ചു വച്ചോളൂ… കുറച്ചു കൂടി വളരുമ്പോൾ കൊടുക്കാം.”

“എന്തിനാ പപ്പാ വെറുതെ കാശുകളയുന്നത്. എല്ലാം അവൻ കുറച്ചു കൂടി വളരുമ്പോൾ വാങ്ങിയാൽ പ്പോരേ…”

“അന്ന് എനിക്കതിനു പറ്റിയില്ലെങ്കിലോ മോളെ… മനുഷ്യന്‍റെ കാര്യമല്ലെ. നാളെ എന്താണ് സംഭവിക്കുകയെന്ന് ആർക്കറിയാം.”

നരേട്ടന്‍റെ ആ വാക്കുകൾ അറംപറ്റിയതു പോലെയായിരുന്നു. പിന്നീടുള്ള സംഭവവികാസങ്ങൾ. അന്ന് നരേട്ടൻ ആ വാക്കുകൾ ഉരുവിടുമ്പോൾ ഞാൻ നരേട്ടനെ സ്നേഹപൂർവ്വം ശാസിച്ചു കൊണ്ടു പറഞ്ഞു. “എന്തിനാ ഇപ്പോഴിങ്ങനെയൊക്കെ പറയുന്നത്? കുട്ടികൾക്കെന്തു തോന്നും?”

നരേട്ടൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ടു നടന്നു. ഞാൻ അറിയാതെ ഒരു ഉൾക്കിടിലം എന്നിലുണ്ടായി കഴിഞ്ഞിരുന്നു.

ഫ്ളാറ്റിൽ മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം എനിക്കത് ബോദ്ധ്യമാക്കിത്തന്നിരുന്നു.

അന്ന് പിന്നെ അടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് ഞങ്ങൾ മടങ്ങി. നരേട്ടൻ ഏറെ ശാന്തചിത്തനും, അതേ സമയം ആഹ്ലാദവാനുമായിരുന്നു. താൻ വാങ്ങിയ കളിപ്പാട്ടങ്ങളുമായി ടുട്ടുമോനെ കളിപ്പിച്ചു കൊണ്ട് അദ്ദേഹം അവന്‍റെ അടുത്തിരുന്നു.

അവൻ അവന്‍റേതായ ഭാഷയിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മുത്തച്ഛന്‍റെ മടിയിലിരുന്നു. ആ കളിപ്പാട്ടങ്ങൾ അവനെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അവന്‍റെ സന്തോഷ പ്രകടനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. മുത്തച്ഛനും അവനും മാത്രമായ ആ ലോകത്തിൽ മറ്റാർക്കും പ്രവേശനമില്ലെന്നു തോന്നി. ഞങ്ങൾ നേരത്തെ ബെഡിൽക്കയറിക്കിടന്ന് ഉറക്കത്തെ പുൽകി.

നരേട്ടൻ സ്വയം മറന്ന് കൊച്ചു മകനുമായി കളികളിൽ മുഴുകി, രാത്രി ഏറെ വൈകും വരെ ഇരുന്നു. അർദ്ധരാത്രിയോടടുത്ത് അവൻ ഉറങ്ങിക്കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു നരേട്ടൻ അവനേയും കൊണ്ട് ബെഡ്‌ഡിൽ വന്നു കിടന്നു. അവനെ പിരിയാനാവാത്തവിധം അദ്ദേഹം അവനെ തന്നോടു ചേർത്ത് ഇറുകെപ്പുണർന്നു കിടന്നു. ഉറക്കത്തിൽ എപ്പോഴൊ നരേട്ടൻ ടുട്ടുമോനെ പുൽകിക്കൊണ്ട് രാഹുൽമോനെ എന്ന് അസ്പഷ്ടമായി വിളിക്കുന്നുണ്ടായിരുന്നു. രാവിലും പകലിലും ടുട്ടുമോനിൽ അദ്ദേഹം കാണുന്നത് ഞങ്ങളുടെ രാഹുൽ മോനെയാണെന്ന് അതോടെ എനിക്കുറപ്പായി.

പുലരിയുടെ തുടിപ്പുകൾ കിഴക്ക് പൊട്ടിവിടരാൻ തുടങ്ങുന്നതിനു മുമ്പു തന്നെ ഞങ്ങൾ എഴുന്നേറ്റ് കുളിച്ച് ദേഹ ശുദ്ധിവരുത്തി. ഞാനും കൃഷ്ണമോളും സെറ്റുമുണ്ടുടുത്ത് രൂപവതികളായി അണിഞ്ഞൊരുങ്ങുന്നതു കണ്ടപ്പോൾ നരേട്ടൻ ഒരു ചെറു ചിരിയോടെ കളിയാക്കി…“എന്താ അമ്മയും മോളും കൃഷ്ണന്‍റെ ഗോപികമാരാകാനുള്ള ഭാവമാണെന്നു തോന്നുന്നു.” തുടർന്ന് ഒരു കള്ളച്ചിരിയോടെ നരേട്ടൻ തുടർന്നു.

“അല്ല… കൃഷ്ണമോൾ ചെറുപ്പമായതു കൊണ്ട് ഈ അണിഞ്ഞോരുങ്ങൽ…. പക്ഷേ താനീ വയസ്സുകാലത്ത്…”

നരേട്ടൻ അർദ്ധോക്തിയിൽ നിർത്തി പുഞ്ചിരി തൂകി നിന്നപ്പോൾ ഞാൻ കൃത്രിമ കോപം നടിച്ച് പറഞ്ഞു.

“ഞാൻ അങ്ങിനെ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയിട്ടൊന്നുമില്ല. അല്ലെങ്കിലും നരേട്ടന് അസൂയയാ… ഞാൻ സുന്ദരിയായി നിൽക്കാൻ പാടില്ല. ഇങ്ങനെയൊരു സ്വാർത്ഥൻ…”

അതുകേട്ട് നരേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു. “താൻ മനഃപൂർവ്വം അണിഞ്ഞൊരുങ്ങിയതല്ലായിരിക്കാം. പക്ഷേ ഈ സെറ്റുടുത്തു കാണുമ്പോൾ തനിക്ക് ഒരു പ്രത്യേക ഭംഗിയാണെടോ.”

പെട്ടെന്ന് നരേട്ടന്‍റെ മുഖത്ത് ഒരു ചെറുഗൗരവം നിറഞ്ഞു.

“അതേടോ… ഞാൻ തന്നെ വിട്ടു കൊടുക്കുകയില്ല. തന്‍റെ കാര്യത്തിൽ ഞാൻ അത്രയ്ക്കു സ്വാർത്ഥനാണെടോ…”

നരേട്ടന്‍റെ ആ വാക്കുകൾ പൂർണ്ണമായും സത്യമാണെന്ന് എനിക്കറിയാമായിരുന്നു. വിവാഹം കഴിഞ്ഞ നാളുകൾ തൊട്ട് ഞാനതറിയുന്നതാണ്. ഫഹദ് സാറിന്‍റെ കാര്യത്തിൽ ആ സ്വാർത്ഥത ഞാൻ കുറെയൊക്കെ തൊട്ടറിഞ്ഞതാണ്. ഹൃദയം പറിച്ചെറിയുന്ന വേദനയോടെയല്ലാതെ അദ്ദേഹത്തിന് എന്നെ വേർപെടുത്താനാവുകയില്ലെന്ന്. എന്നിട്ടും ചിലപ്പോഴൊക്കെ ഞങ്ങളുടെ കോളേജ് പ്രേമത്തിന്‍റെ അഗാധത മനസ്സിലാക്കി അദ്ദേഹം എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം മരണത്തോടടുത്തപ്പോൾ, എപ്പോഴെങ്കിലും ഫഹദ്സാറിനെ കണ്ടുമുട്ടിയാൽ ഒന്നിയ്ക്കാനുള്ള പ്രേരണയും അദ്ദേഹം നൽകി. അതിവിശാല മനസ്സിന്‍റെ പ്രത്യേകതയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നരേട്ടൻ സ്വന്തം സ്വാർത്ഥത വെളുപ്പെടുത്തിയപ്പോൾ ഞാൻ പരിഭവം നടിച്ച് പറഞ്ഞു.

“അല്ലെങ്കിലും ഭഗവാന് എല്ലാ സ്ത്രീകളും ഒരുപോലെയാണ്. കളങ്കമില്ലാത്ത ഭക്തിയിലാണ് അദ്ദേഹം പ്രേമം കാണുന്നത്…”

എന്‍റെ പരിഭവം തുടിക്കുന്ന വാക്കുകൾ കേട്ട് നരേട്ടൻ എന്നെ സമാശ്വസിപ്പിക്കാനായി പറഞ്ഞു. “ഭഗവാനു പോലും ഇഷ്ടം തോന്നുന്ന വിധത്തിൽ താൻ ഇപ്പോഴും അതിസുന്ദരിയാണെടോ അതാണെനിക്ക് പേടി. പിന്നെ തന്‍റെ ഭക്‌തിയും സാക്ഷാൽ ഭക്‌തമീരയെപ്പോലും തോൽപ്പിക്കുന്നതാണല്ലോ…”

“ഒന്നു പോ നരേട്ടാ… ഈ വയസ്സു കാലത്തല്ലെ ഇത്തരം പേടികൾ മനസ്സിൽ വച്ചോണ്ടിരിക്കുന്നത്. ഒന്നുമറക്കണ്ട. നമ്മൾ അപ്പൂപ്പനും അമ്മൂമ്മയുമായി കഴിഞ്ഞു.”

“ഓ… ശരിയാണ്, അത് ഞാൻ മറന്നു പോയി. അപ്പോൾ പിന്നെ താൻ പറഞ്ഞതു പോലെ പേടിയ്ക്കേണ്ട ആവശ്യമില്ല. അല്ല… നമ്മുടെ ടുട്ടുമോനെവിടെ?… അവനെ ഞാൻ കണ്ടില്ലല്ലോ… “അദ്ദേഹം ടുട്ടുമോനെ തിരഞ്ഞു പോയപ്പോൾ സത്യത്തിൽ ഞാൻ ഏറെ ആഹ്ലാദവതിയായിരുന്നു. ജീവിതത്തിൽ മനസ്സറിഞ്ഞു സന്തോഷിച്ച നിമിഷങ്ങളായിരുന്നു അവ. നരേട്ടന്‍റെ മുമ്പിൽ പരിഭവം നടിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ കളിവാക്കുകൾ മനസ്സിൽ കുളിർമഴ പെയ്യിച്ചിരുന്നു.

ഫഹദ്സാറിനെ പൂർണ്ണമായും മനസ്സിൽ നിന്ന് തുടച്ചു കളഞ്ഞ ആ നാളുകളിൽ നരേട്ടനു മാത്രമായിരുന്നു മനസ്സിൽ സ്‌ഥാനം. നരേട്ടുമൊത്തുള്ള ജീവിതത്തിൽ ഏറെ സന്തോഷിച്ച കാലഘട്ടം. പക്ഷേ ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നത്? തെളിഞ്ഞു നിന്ന ഞങ്ങളുടെ ജീവിതത്തിന്‍റെ ആകാശ നീലിമയ്ക്കപ്പുറത്ത് കാറുകൾ വന്നു നിറയുന്നത് ഞങ്ങളാരും കണ്ടിരുന്നില്ല. ഒരു തുലാവർഷത്തിനുള്ള ഒരുക്കങ്ങളുമായി ആ മേഘക്കീറുകൾ വെൺമേഘങ്ങൾക്കപ്പുറത്ത് ഒളിഞ്ഞു നിന്നു.

നരേട്ടൻ ടുട്ടുമോനെ കണ്ടെത്തുമ്പോൾ അവൻ അണിഞ്ഞൊരുങ്ങിയിരുന്നു. അവനെ അണിയിച്ചൊരുക്കിക്കൊണ്ട് കൃഷ്ണമോൾ പറഞ്ഞു.

“കണ്ടോ പപ്പാ… നമ്മുടെ ടുട്ടുമോൻ മറ്റൊരു ഉണ്ണിക്കണ്ണനായില്ലേ? ഒരു ഓടക്കുഴലും കൂടി കിട്ടിയാൽ മതി, അവൻ സാക്ഷാൽ ഉണ്ണിക്കണ്ണൻ. ആ നിഷ്കളങ്കത തുളുമ്പി നിൽക്കുന്ന സന്തോഷപ്പുഞ്ചിരിയിൽ മതിമറന്ന് നരേട്ടൻ പറഞ്ഞു.

“അതെ, കൃഷ്ണമോളെ…” ആ പൂപ്പുഞ്ചിരിയിൽ മതി മറന്ന് അവന്‍റെ ഇരുകവിളുകളിലും ഞങ്ങൾ മാറി മാറി മുത്തം നൽകി.

പിന്നെ അവനേയുമെടുത്ത് നരേട്ടൻ മുന്നേ നടന്നു. നടയിലെത്തിയപ്പോൾ ചോറൂണിനുള്ള റസീപ്റ്റ് കൗണ്ടറിൽ നിന്നുമെടുത്ത് ദേവാനന്ദ് ഞങ്ങളുടെ സമീപമെത്തി നിന്നു.

“നമുക്ക് മാമുണ്ണണ്ടേ മോനേ…” കൃഷ്ണമോൾ മോനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. അവിടെ ഞങ്ങളെക്കൂടാതെ ഏതാനും പേർ കൂടി കുഞ്ഞുങ്ങൾക്ക് ചോറൂണു നൽകാനായി ഉണ്ടായിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ഒരു ഇലക്കീറിൽ ചോറും എത്തി. നരേട്ടൻ മോനെ മടിയിൽ വച്ച് ആ ചോറിൽ അൽപമെടുത്ത് ആ കുഞ്ഞിളം വായിൽ വച്ചു കൊടുത്തു. ഒരു പുതിയ സ്വാദിന്‍റെ എരിവും മധുരവും പുളിയും നുണഞ്ഞിറക്കി അവനിരുന്നു. അവയോരോന്നും ആസ്വദിക്കുന്നതനുസരിച്ച് അവന്‍റെ കുഞ്ഞുമുഖവും ചുളിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൻ അസ്വസ്ഥതയോടെ പുളയുകയും ചെയ്‌തു കൊണ്ടിരുന്നു.

കയ്പും, മധുരവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ കാൽ വയ്പായിരുന്നു അവനത്. അവന്‍റെ ഭാവഹാവാദികൾ കണ്ട് പുഞ്ചിരിയോടെ ഞങ്ങളോരുത്തരായി ആ പിഞ്ചിളം വദനത്തിലേയ്ക്ക് കുറേശേയായി ചോറുരുള വച്ചു കൊടുത്തു. ഒടുവിൽ അസഹ്യത തോന്നി അവൻ കരയുമെന്നായപ്പോൾ നരേട്ടൻ പറഞ്ഞു. “മതി… മതി ഇനിയും കൊടുത്താൻ ചിലപ്പോൾ അവനതിഷ്ടപ്പെടുകയില്ല. മാത്രമല്ല കുഞ്ഞിനു വയറിനു വല്ല അസുഖവും വന്നുവെന്നു വരും.”

നരേട്ടന്‍റെ വിലക്കിനെ മാനിച്ച് ഞങ്ങൾ അവന് ചോറു വാരിക്കൊടുക്കുന്നത് നിർത്തി.

നിങ്ങൾക്കാർക്കെങ്കിലും ക്യൂവിൽ നിൽക്കാനാവാത്ത അസുഖമുണ്ടെങ്കിൽ ദേവസ്വം ഓഫീസിൽ പറഞ്ഞാൽ മതി പാസ്സ് ലഭിക്കും. എല്ലാ വേദനകളും, വ്യഥകളും ആ തിരുമുമ്പിലിറക്കി വച്ച് പ്രാർത്ഥിക്കുമ്പോൾ എന്തുകൊണ്ടോ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഒപ്പം നരേട്ടന്‍റേയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

നിറഞ്ഞ മനസ്സോടെ പിന്തിരിഞ്ഞു നടക്കുമ്പോൾ ഒരു ദീർഘനിശ്വാസം നരേട്ടനിൽ നിന്നും അടർന്നു വീഴുന്നതും ഒപ്പം സംതൃപ്തി നിറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കുകളും ഞാൻ കേട്ടു.

“അങ്ങനെ അതു സാധിച്ചു. അവസാനമായി ഈയൊരു ആഗ്രഹമെ ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് നരേട്ടന്‍റെ വായ് പൊത്തിപിടിച്ച് ഞാൻ വിലക്കി “അരുത് നരേട്ടാ – ഇങ്ങനെ അറം പറ്റുന്ന വാക്കുകൾ പറയരുത്.”

നിറയുന്ന എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി നരേട്ടൻ ഒരു വിഷാദസ്മിതം തൂകിക്കൊണ്ട് പ്രതിവചിച്ചു.

“എന്തുകൊണ്ടോ ഇനി അധികകാലമില്ല എന്നൊരു തോന്നൽ എന്നിൽ ശക്തമാവുകയാണ്. ഇവിടെ വന്ന് ഭഗവാനെ കണ്ടു കഴിഞ്ഞപ്പോൾ ആരോ എന്‍റെ മനസ്സിലിരുന്ന് അതു തന്നെ മന്ത്രിക്കുന്നു.”

ഒരു പക്ഷേ നിഷ്ക്കന്മഷം നിറഞ്ഞ നരേട്ടന്‍റെ മനസ്സിലിരുന്ന് ഭഗവാൻ തന്നെ മന്ത്രിച്ചതാകാം അത്. എന്നാൽ ആ വാക്കുകൾ എന്നെ ഒട്ടൊന്നുമല്ല ദുഃഖിപ്പിച്ചത്. നരേട്ടന്‍റെ വായ്പൊത്തിപ്പിടിച്ച് ഞാൻ പറഞ്ഞു.

“നരേട്ടൻ ഇനി ഇത്തരം വാക്കുകൾ പറയരുത്. അതെന്നെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് നരേട്ടനറിയില്ല. ഒരു പക്ഷേ നരേട്ടനെക്കാൾ മുമ്പേ ഞാനായിരിക്കും കടന്നു പോവുന്നത്. നരേട്ടൻ ഇനിയും ഇതാവർത്തിച്ചാൽ അതായിരിക്കും സംഭവിക്കുക.”

എന്‍റെ വാക്കുകൾ നരേട്ടന്‍റെ ഹൃദയത്തിൽ തറച്ചുവെന്നു തോന്നി. അദ്ദേഹം പിന്നെ ഏതോ ചിന്തയിൽ ലയിച്ച് മൂകനായി നടന്നു നീങ്ങി. തിരികെ ഫ്ളാറ്റിലെത്തുമ്പോൾ എല്ലാവരും മ്ലാനവദനരായിരുന്നു. ടുട്ടുമോൻ മാത്രം അവ്യക്തമായി എന്തോ ശബ്ദിച്ച് ആഹ്ലാദസ്വരം പുറപ്പെടുവിച്ചു കൊണ്ടിരുന്നു.

എറണാകുളത്തേയ്ക്ക് പിന്നീടുള്ള യാത്രയിൽ എല്ലാവരും മൂകരായിരുന്നു. അശുഭ സൂചകമായ അവ്യക്തമായ ഏതോ ഒന്നിന്‍റെ നിഴൽ ഞങ്ങളെ പൊതിയുന്നതു പോലെ തോന്നി.

കാലവും, സമയവും ഒരു പ്രവാചകനെപ്പോലെ ഞങ്ങൾക്കുമന്നേ നടന്നു, ഏതോ ദുരന്തത്തിന്‍റെ ഭാണ്ഡവും പേറി. എന്നാൽ കാലത്തിന്‍റെ ആ പ്രവചനങ്ങളും ഉദ്ഘോഷങ്ങളും നരേട്ടൻ മാത്രം തിരിച്ചറിഞ്ഞിരുന്നു എന്നു തോന്നി. ആറാമിന്ദ്രിയം പ്രവർത്തിച്ചാലെന്ന പോലെ താൻ നടന്നടുക്കുന്നത്. എങ്ങോട്ടാണെന്ന് ഏതോ അജ്ഞാത ശക്തി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതാണദ്ദേഹം അമ്പലനടയിൽ വച്ച് സ്വയമറിയാതെ ഉരുവിട്ടത്. എന്നാൽ ഈ വാക്കുകളെ ഉൾക്കൊള്ളാനാവാതെ എന്‍റെ ഹൃദയം മാത്രം ആ യാത്രയിലുടനീളം വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഒടുവിൽ ഓടിത്തളർന്ന സമയഖണ്ഡങ്ങളെ തിരിച്ചറിയാനാവാതെ, ഒരു മന്ദബുദ്ധിയെപ്പോലെ ടാക്സി കാറിൽ നിന്നുമിറങ്ങുമ്പോൾ കൃഷ്ണമോൾ പറയുന്നതു കേട്ടു.

“മമ്മീ… നമ്മൾ കൊച്ചിയിലെത്തി. ഇനി എന്താണ് പ്ലാൻ? പപ്പാ… മമ്മിയുടെ തറവാട്ടിലേയ്ക്ക് പോകുന്നുണ്ടോ? ഇനിയിപ്പോൾ അങ്ങോട്ടു പോയില്ലെങ്കിൽ അതുമതി മമ്മി മൂഢിയായിട്ടിരിയ്ക്കാൻ…”

കൃഷ്ണമോളുടെ കുറ്റപ്പെടുത്തുന്ന വാക്കുകൾ കേട്ട് ഏതോ ഭൂതകാലത്തിൽ നിന്നെന്നപ്പോലെ ഞാൻ ഞെട്ടി ഉണർന്നു. വേരുകൾ ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വൻ വൃക്ഷം കണക്കെ ഞാൻ അനക്കമറ്റിരുന്നു. ഇവിടെ എന്നെ പുറകോട്ടു പിടിച്ചു വലിയ്ക്കുന്ന ഏതോ ശക്തിയുടെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ജന്മാന്തരങ്ങളിലും അലയടിക്കുന്ന ആത്മബന്ധങ്ങളുടെ നേർത്ത കാറ്റ് എന്നെ വലയം ചെയ്യുന്നുണ്ടോ? കടന്നു പോയ ഏതാനും മണിക്കൂറുകൾ ഏതോ ഉഷ്ണപ്രവാഹത്തിലെന്ന പോലെ ഞാൻ ഞെളിപിരിക്കൊള്ളുകയായിരുന്നു എന്നാലിപ്പോൾ ഇവിടെ… എന്‍റെ വേരുകൾ ആഴ്ന്നിറങ്ങിയ ഈ മണ്ണിൽ കാലുകുത്തുമ്പോൾ ഉള്ളിൽ സ്നേഹ പ്രവാഹം ഒളിപ്പിച്ചു വച്ച് ജീവിച്ചിരിക്കുന്ന ഏതാനും ആത്മാക്കളുടെ സാന്നിദ്ധ്യം ഞാനറിയുന്നു. എല്ലാമെല്ലാം എന്‍റെ കാലുകളെ അങ്ങോട്ടു തന്നെ നയിക്കുന്നു.

“മിയ്ക്കവാറും അമ്മ തറവാട്ടിലുണ്ടാകും. അല്ലെങ്കിൽ നമുക്കൊന്നു ഫോൺ വിളിച്ചു നോക്കാം… എന്നിട്ടു പോകാം.” ഞാൻ ഉത്സാഹത്തോടെ പറഞ്ഞു. കൈയ്യിൽ ആയിടെ പുറത്തിറങ്ങിയ പുതിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. അതിലൂടെ അമ്മയുടെ ഫോണിലേയ്ക്ക് വിളിച്ചു. അപ്പുറത്തു നിന്നും അമ്മയുടെ നേർത്ത ശബ്ദം ഒഴുകിയെത്തി. ആരാ വിളിക്കുന്നത്?

“ഞാനാണമ്മേ മീര… ഞങ്ങൾ അങ്ങോട്ടു വരികയാണ്. അമ്മയെ ക്കാണാൻ. അമ്മ തറവാട്ടിൽ തന്നെ ഉണ്ടല്ലോ… അപ്പുറത്തു നിന്നും തളർന്നതെങ്കിലും ഉത്സാഹം നിറഞ്ഞ അമ്മയുടെ ശബ്ദം ഒഴുകിയെത്തി.

“മീര മോളെ…. മരിക്കും മുമ്പ് നിന്നെ ഒന്നു കാണാണമെന്നുണ്ടായിരുന്നു. വേഗം വരൂ കുട്ടീ… ഞാൻ നിന്നെ കാത്തിരിയ്ക്കുകയാണ്

“അമ്മേ… അമ്മയ്ക്കെന്തുപറ്റി?”

“എല്ലാം ഇവിടെ വന്നിട്ടു പറയാം കുട്ടീ… ആദ്യം നിന്നെയൊന്നു കാണട്ടെ ഞാൻ…” തളർന്നതെങ്കിലും അമ്മയുടെ തിടുക്കം പൂണ്ട വാക്കുകൾ കേട്ടപ്പോൾ എന്തോ പന്തികേടു തോന്നി. അമ്മ ശയ്യാവലംബിയായിത്തീർന്നുവെന്നോ?? ഒരു പക്ഷേ ഒന്നുമറിയാതെ ഞാൻ ഇത്രനാളും കുടുംബമെന്ന വൃക്ഷത്തണലിൽ കുളിർന്നു നിന്നപ്പോൾ പെറ്റവയറിനെ ഞാൻ മറക്കുകയായിരുന്നുവോ?… ഒരു പക്ഷേ എന്നെ ഒന്നുമറിയിക്കേണ്ടെന്ന് അമ്മയും കരുതിക്കാണും. മനസ്സിന്‍റെ തിടുക്കം കാലുകളുടെ വേഗം കൂട്ടി. മുന്നേ പോയ ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തി അതിൽ കയറുമ്പോൾ ആരൊക്കെ പിന്നാലെയുണ്ടെന്ന് ഞാൻ നോക്കിയില്ല. എന്നാൽ നരേട്ടൻ എന്നോടൊപ്പം ഓടിയെത്തി ഓട്ടോയിൽ കയറിക്കഴിഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ഓട്ടോയിൽ കൃഷ്ണമോളും, ദേവാനന്ദും കുഞ്ഞിനേയും കൊണ്ട് വരുന്നുണ്ടായിരുന്നു.

“മുല്ലശേരിയിൽ തറവാട്ടിലേയ്ക്ക്…” ഓട്ടോക്കാരന് നിർദ്ദേശം നൽകുമ്പോൾ മനസ്സ് കൂടുപേക്ഷിച്ചു പോകേണ്ടി വന്ന കുഞ്ഞിക്കിളിയുടെ വേപഥുവാൽ പിടഞ്ഞിരുന്നു. തള്ളക്കിളിയുടെ സാന്നിദ്ധ്യത്തിനായി പിടയുന്ന കുഞ്ഞിക്കിളിയുടെ മനസ്സോടെ ഞാൻ ഓട്ടോയിലിരുന്നു. ഓടുന്ന വണ്ടിയ്ക്ക് വേഗത പോരാ എന്നു തോന്നിയ നിമിഷങ്ങൾ. മനസ്സ് അമ്മയുടെ സമീപമെത്താൻ വെമ്പൽ പൂണ്ടു. ആയുസ്സിന്‍റെ കണക്കു പുസ്തകത്തിലെ അവസാന ദിനങ്ങളെണ്ണിക്കഴിയുകയായിരിക്കുമോ അമ്മ? ജന്മം നൽകിയ മക്കളെ ഒരു നോക്കു കാണുവാനുള്ള ദാഹവും വെമ്പലുമല്ലേ ആ വാക്കുകളിൽ തുടിച്ചു നിന്നത്?

വണ്ടി മുല്ലശേരി തറവാടിന്‍റെ മുറ്റത്തെത്തി നിന്നപ്പോൾ ഹൃദയം അഗാധമായി മിടിയ്ക്കുന്നുണ്ടായിരുന്നു. പൊക്കിൾക്കൊടിയുടെ ആത്മബന്ധം ഒരു ശക്തിയ്ക്കും അറുത്തു മാറ്റാനാവുന്നതല്ലല്ലോ? അതല്ലേ കൃത്യ സമയത്തു തന്നെ ഇവിടെ എത്തിച്ചേരാൻ തനിക്കു കഴിഞ്ഞത്.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...