മേക്കപ്പ് ആ വാക്കിൽ തന്നെയുണ്ടല്ലോ അതിന്‍റെ അർത്ഥം. ഒരു വ്യക്തിയെ കൂടുതൽ ഭംഗിയാക്കാൻ അയാളിലുള്ള കുറവുകൾ നികത്തുക. ഒരോ അവസരങ്ങൾക്ക് യോജിച്ച മേക്കപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.. ഓരോരുത്തരിലുമുള്ള പോസിറ്റീവുകളെ ഹൈ ലൈറ്റ് ചെയ്തും ഡിഫക്ടുകളെ മറച്ചും ഏറ്റവും മികച്ച ലുക്ക് നൽകാൻ നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റിന് കഴിയും. ഫോട്ടോ സെഷനിലായാലും ഗെറ്റ് ടുഗദറിലായാലും ഗുഡ് ലുക്ക് ലഭിക്കാൻ സഹായിക്കുന്ന ചില ടെക്നിക്കുകൾ വെളിപ്പെടുത്തുകയാണ്. സിനിമ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റും ഹെയർസ്റ്റെലിസ്റ്റുമായ സബിത.

ഇപ്പോൾ പ്രധാനമായും മൂന്നു തരം മേക്കപ്പുകളാണ് ഉപയോഗിക്കപ്പെടുന്നത്. സിംഗിൾ ടോൺ മേക്കപ്പ്, കറക്ടീവ് മേക്കപ്പ്, കാരക്ടർ മേക്കപ്പ്, ഓരോ അവസരത്തിനും യോജിച്ച മേക്കപ്പ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

സിംഗിൾ ടോൺ

സാധാരണ ചടങ്ങുകൾക്കും പാർട്ടികൾക്കുമൊക്കെ പങ്കെടുക്കാൻ ഏറ്റവും നല്ലത് സിംഗിൾ ടോൺ മേക്കപ്പാണ്. ചർമ്മത്തിന്‍റെ നിറം അൽപം വർദ്ധിപ്പിക്കുക, പാടുകളുണ്ടെങ്കിൽ അത് മറയ്ക്കുക. അതാണ് സിംഗിൾ ടോൺ മേക്കപ്പിന്‍റെ ലക്ഷ്യം. ഇതു ചെയ്യാൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ സഹായം കൂടിയേ തീരു എന്നില്ല. അൽപം ബ്യൂട്ടി സെൻസുള്ള ആർക്കും സ്വയം ചെയ്യാം. പേഴ്സണൽ ഫംഗ്ഷന് തയ്യാറാവുമ്പോൾ ലിക്വിഡ് മേക്കപ്പ് ഐറ്റങ്ങൾ ഉപയോഗിക്കാം. കറുത്ത പാടുകൾ മറയ്ക്കാൻ സ്കിൻ ടോണിനു ചേർന്ന കൺസീലറും ഫൗണ്ടേഷനും കരുതുക. നിങ്ങൾ അൽപം ഡാർക്ക് ആണെങ്കിൽ സ്കിൻ ടോൺ ഒരു സ്റ്റെപ്പ് ലൈറ്റ് ചെയ്യാനുതകുന്ന സിംഗിൾ ടോൺ മേക്കപ്പ് മതിയാകും. ഒഫീഷ്യൽ ആവശ്യങ്ങൾക്ക് ഒരുങ്ങുമ്പോൾ മാറ്റ് ഇഫക്ടുള്ള ഐഷാഡോ മാത്രം ഉപയോഗിക്കുക. പാർട്ടി, ഗെറ്റ് ടുഗതറുകൾക്ക് ഗ്ലോസി ഇഫക്ട് നൽകാം.

കറക്ടീവ് മേക്കപ്പ്

ഒരു മുഖം സുന്ദരമാക്കാൻ ചില ഇല്യൂഷൻസ് നമുക്ക് സൃഷ്ടിക്കാം. കറക്ടീവ് ടെക്നിക്ക് ഉപയോഗിച്ചാൽ മതി. പോർട്ട്ഫോളിയോ, ബ്രൈഡൽ ആവശ്യങ്ങൾക്ക് കറക്ടീവ് മേക്കപ്പാണ് വേണ്ടത്. മുഖത്തിന്‍റെയും ചർമ്മത്തിന്‍റെയും ഡിഫക്ടുകൾ എല്ലാം കറക്ട‌് ചെയ്‌തുകൊണ്ടുള്ള മേക്കപ്പാണ് കറക്ടീവ് മേക്കപ്പ്. മികച്ച ഫീച്ചർ ഹൈലൈറ്റ് ചെയ്തും കുറവുകൾ മറച്ചും ആണിത് ചെയ്യുക. ഉദാ: തൂങ്ങിയ കീഴ്‌താടിക്ക് നല്ല ഷേയ്പ്പ് നൽകാം, പരന്ന മുക്കിന് നീളമുള്ളതായി തോന്നിപ്പിക്കാം. ഹൈലൈറ്റിംഗ് എന്നാൽ ലൈറ്റ് ഷേയ്ഡിലുള്ള ഫൗണ്ടേഷൻ, ആവശ്യമുള്ള ഭാഗത്ത് ഉപയോഗിച്ച് എടുത്തുകാട്ടുന്നതാണ്. അതേസമയം ഡാർക്കർ ഷേയ്‌ഡിലുള്ള ഫൗണ്ടേഷൻ ഉപയോഗിച്ചാണ് കുറവുകളുള്ള ഭാഗത്തെ ഹൈഡ് ചെയ്യുന്നത്.

കറക്ടീവ് മേക്കപ്പ് ടെക്നിക്ക്

ചിലരുടെ പ്ലസ്പോയിന്‍റ് അവരുടെ വിടർന്നു മനോഹരമായ കണ്ണാണെങ്കിൽ മറ്റു ചിലർക്കുള്ള അപാകത അവരുടെ ചെറിയ കണ്ണായിരിക്കും. ചെറിയ കണ്ണുള്ളവർക്ക് മിഴിവ് കൂടുതൽ തോന്നാനുള്ള മേക്കപ്പാണ് വേണ്ടത്. ആദ്യം കണ്ണിന്‍റെ ഉള്ളിൽ വൈറ്റ് പെൻസിൽ കൊണ്ട് എഴുതുക. കൺപോള ഐ ലൈനർ കൊണ്ട് വീതിയിൽ വരയ്ക്കുക. കൃഷ്‌ണമണിയുടെ മുകളിലുള്ള ഭാഗത്ത് വീതി കൂടുതലും രണ്ട് എൻഡിലും വീതി കുറച്ചും വേണം വരയ്ക്കാൻ. തുടർന്ന് ബ്ലാക്ക് പെൻസിൽ കൊണ്ട് കോർണറിൽ വരച്ച് സ്മെഡ്ജ് ചെയ്യുക. വിടർന്ന കണ്ണുകൾ സ്വന്തമായി!

മൂക്ക് നീളം കൂടിയതും പാലം ഇടുങ്ങിയതുമാണെന്നിരിക്കട്ടെ. മുക്കിന്‍റെ ഇരു വശങ്ങളിലും ബേസിക്ക് ഷേഡിനേക്കാളും അൽപം ഡാർക്ക് ആയ ഷേഡ് നൽകുക. തുടർന്ന് ഒരു ലെവൽ കൂടിയ ലൈറ്റ് ടോൺ മുക്കിന്‍റെ മിഡിൽ പോർഷനിൽ അപ്ലൈ ചെയ്യുക. മുക്കിന്‍റെ പാലം പതിഞ്ഞിരിക്കുന്നുണ്ടെങ്കിൽ തുമ്പിൽ അൽപം ഡാർക്ക് ഷെയ്ഡ് ഉപയോഗിച്ചാൽ അഭംഗി മാറിക്കിട്ടും.

ഇനി കവിൾ കൂടുതലുണ്ടെങ്കിൽ താടിയെല്ലുകൾക്കും മീതെ ഡാർക്ക് ഷേയ്‌ഡ് ചെയ്ത‌്‌ ഓവൽ ഷേയ്പ്പ് പകരാം. ഏറ്റവും ക്യാമറാ ഫ്രണ്ട്‌ലിയായ മുഖം ഓവൽഷേപ്പാണ്. നെറ്റി കൂടുതലായ ഒരു വ്യക്തിയ്ക്ക് നെറ്റി കട്ട് ചെയ്യാനും മേക്കപ്പ് സഹായിക്കും.

ക്യാരക്ടർ മേക്കപ്പ്

സിനിമാസീരിയൽ ആവശ്യങ്ങൾക്ക് വേണ്ടത് ക്യാരക്ട‌ർ മേക്കപ്പാണ്. ഒരു വ്യക്തിയെ കഥാപാത്രമായി മാറ്റുന്നത് അങ്ങനെയാണ്. സ്ക്രിപ്പ്റ്റിനനുസരിച്ച് യോജിച്ച സ്റ്റൈൽ വരച്ച് കണ്ടെത്തി, നടീനടന്മാർക്ക് വേണ്ട മേക്കപ്പ് ചെയ്യുകയാണ് രീതി. ക്യാരക്‌ടർ മേക്കപ്പിനും സ്കിൻ ടാൺ ബുസ്‌റ്റപ്പ് ചെയ്യുന്ന മേക്കപ്പാണ് പിന്തുടരുന്നത്. സ്വാഭാവികത തോന്നുകയാണ് പ്രധാനം. എന്നാൽ പോർട്ട്ഫോളിയോക്ക് ഷാർപ്പായ കറക്ടീവ് മേക്കപ്പ് ഉപയോഗിക്കുന്നത് പരമാവധി മികച്ച ലുക്ക് ലഭിക്കാൻ വേണ്ടിയാണ്. ബ്രൈഡിനുള്ള കറക്ട‌ീവ് മേക്കപ്പ് പോലും സോഫ്ട് ആയി ചെയ്യേണ്ട കാര്യമേയുള്ളു.

और कहानियां पढ़ने के लिए क्लिक करें...