പേരയ്ക്ക തിന്നാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പേരയ്ക്ക പോഷകങ്ങളുടെ ഒരു കലവറയാണ്. വിറ്റാമിൻ സി ധാരാളമായി പേരയ്ക്കയിലുണ്ട്. അതുപോലെ ലൈകോപിൻ, ചർമ്മത്തിന് ഗുണകരമായ മറ്റ് ആന്‍റി ഓക്സിഡന്‍റുകളുമൊക്കെ പേരയ്ക്കയിൽ യഥേഷ്ടം അടങ്ങിയിരിക്കുന്നു. മറ്റ് പോഷകങ്ങളെ സ്വാംശീകരിക്കാൻ ശരീരത്തെ സഹായിക്കുന്ന മാംഗനീസും ഇതിൽ നിറയെയുണ്ട്. ഫോളേറ്റ്, പൊട്ടാസ്യം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
ഇമ്മ്യൂണിറ്റി ബൂസ്റ്റർ
വിറ്റാമിൻ സി യുടെ കലവറയാണ് പേരയ്ക്ക. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയെക്കാളിലും 4 ഇരട്ടി വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് വിറ്റാമിൻ സി അനിവാര്യമാണ്. കണ്ണിന്‍റെ ആരോഗ്യവും അത് നിലനിർത്തും.
കാൻസർ സാധ്യത കുറയ്ക്കുക
ലൈകോപിൻ, ക്വർസലിൻ, വിറ്റാമിൻ സി മറ്റ് പോളിഫിനോൾസ് എന്നിവയെല്ലാം ആന്‍റി ഓക്സിഡന്‍റുകളായി പ്രവർത്തിച്ച് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ചെറുക്കും, അങ്ങനെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയും. പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കാൻ പേരയ്ക്ക മികച്ചതാണ്.
ഹൃദയാരോഗ്യം
ശരീരത്തിലെ സോഡിയം- പൊട്ടാസ്യം ബാലൻസ് മെച്ചപ്പെടുത്താൻ പേരയ്ക്ക സഹായിക്കും. ട്രൈഗ്ലിസറൈഡ് നില കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേരയ്ക്ക മികച്ചതാണ്. അതുപോലെ എച്ച്ഡിഎൽ കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും പേരയ്ക്ക നല്ലതാണ്.
കാഴ്ചശക്‌തി മെച്ചപ്പെടുത്തും
വിറ്റാമിൻ എ ഉള്ളതിനാൽ പേരയ്ക്ക കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഉത്തമമാണ്. കാറ്ററാക്റ്റ് ഉണ്ടാകുന്നതിനെ മന്ദഗതിയിലാക്കും.
പേരയ്ക്ക ഗർഭിണികൾക്ക്
പേരയ്ക്കയിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി- 9 ഉള്ളതിനാൽ ഗർഭിണികൾ പേരയ്ക്ക ആവശ്യം കഴിച്ചിരിക്കണം. ഗർഭസ്‌ഥ ശിശുവിന്‍റെ ആരോഗ്യകരമായ വളർച്ചയ്ക്കും ന്യൂറോളജിക്കൽ തകരാറുകൾ ഇല്ലാതാക്കാനും സഹായിക്കും.
പേരയ്ക്ക മികച്ച സ്ട്രസ്സ് ബസ്റ്റർ
പേരയ്ക്കയിലുള്ള മഗ്നീഷ്യം ശരീരത്തിലെ മസിലുകളെയും നാഡികളെയും റിലാക്സ് ചെയ്യാൻ സഹായിക്കുന്ന ഘടകമാണ്. ഹാർഡ് വർക്കൗട്ട് അല്ലെങ്കിൽ ഓഫീസിലെ തിരക്കു പിടിച്ച ജോലിയ്ക്ക് ശേഷം പേരയ്ക്ക കഴിക്കുന്നത് ശരീരത്തിന് റിലാക്സേഷൻ പകരും. സ്ട്രസ്സിനെ കുറച്ച് എനർജി ബൂസ്റ്റ് ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പേരയ്ക്ക അതിന് മികച്ചതാണ്. പേരയ്ക്ക മെറ്റബോളിസം നിരക്ക് ത്വരിതപ്പെടുത്തി ശരീരഭാരം കുറയ്ക്കും. വിശക്കുമ്പോൾ സ്നാക്കായും പേരയ്ക്ക കഴിക്കാം. വയറു നിറഞ്ഞ ഫീൽ അത് സൃഷ്ടിക്കും. ആപ്പിൾ, ഓറഞ്ച്, മുന്തിരി അതുപോലെ മറ്റ് പഴങ്ങൾ എന്നിവയിലുള്ളതിനേക്കാൾ വളരെ കുറച്ച് പഞ്ചസാര മാത്രമെ പച്ച പേരയ്ക്കായിൽ ഉള്ളുവെന്നതും പ്രത്യേകതയാണ്.
ചുമയ്ക്കും ജലദോഷത്തിനും
ഉയർന്ന അളവിൽ വിറ്റാമിൻ സി, അയൺ എന്നിവ അടങ്ങിയിരിക്കുന്ന പഴങ്ങളിലൊന്നാണ് പേരയ്ക്ക. പേരയ്ക്കയിലുള്ള ഈ പോഷകങ്ങൾ പനിക്കും വൈറൽ അണുബാധയ്ക്കും മികച്ചതാണ്. പച്ച പേരയ്ക്കയുടെ ജ്യൂസ് അല്ലെങ്കിൽ പേരയിലയിട്ട് തിളപ്പിച്ച വെള്ളം എന്നിവ കഴിക്കുന്നത് ചുമ, ജലദോഷം എന്നിവയിൽ നിന്നും ഉടനടി ആശ്വാസം നൽകും. കഫക്കെട്ടിനെ തടയും. തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിലെ അണുബാധയെ ചെറുക്കും.
ആന്‍റി ഏജിംഗ് മൂലികകൾ
പേരയ്ക്കയിലുള്ള വിറ്റാമിൻ എ, സി, കരോട്ടിൻ, ലൈറ്റോപിൻ എന്നിങ്ങനെയുള്ള പോഷകങ്ങൾ ചർമ്മാരോഗ്യത്തിന് മികച്ചതാണ്. ചുളിവുകളെ അത് അകറ്റും.