വേനൽക്കാലമാകുന്നതോടെ ചർമ്മത്തിന്‍റെ ഈർപ്പം നഷ്‌ടപ്പെടുന്നത് സാധാരണമാണ്. വെയിൽ, പൊടി, ചൂട് കാറ്റ്, അന്തരീക്ഷ മലനീകരണം, വിയർപ്പ് എന്നിവയൊക്കെ ഇതിന് കാരണമാണ്. ചർമ്മത്തിന്‍റെ ഈർപ്പം നഷ്‌ടപ്പെടുന്നതിനാൽ ചർമ്മം വരണ്ടതും നിർജീവവുമാകും. ഈ സാഹചര്യത്തിൽ ശരിയായ അളവിൽ വെള്ളവും സന്തുലിതമായ ഭക്ഷണവും കഴിക്കുന്നതിലൂടെയും സൺസ്ക്രീൻ ഉപയോഗിക്കുന്നതിലൂടെയും ചർമ്മം സംരക്ഷിക്കാനാവും. ഒപ്പം വെയിൽ കൊള്ളുന്നത് ഒഴിവാക്കുകയും വേണം.
വേനൽക്കാലത്ത് ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. അല്ലെങ്കിൽ ചർമ്മത്തിൽ തടിച്ച പാടുകളും, ചുവപ്പ് നിറവും അലർജിയും ഉണ്ടാകാനുള്ള സാധ്യത ഏറെയായിരിക്കുമെന്നാണ് ബ്യൂട്ടി എക്സ്പെർട്ട് ആകൃതി കൊച്ചർ പറയുന്നത്. അതുപോലെ മികച്ച കമ്പനിയുടെ സൺസ്ക്രീനും മോയിസ്ച്ചുറൈസറും തെരഞ്ഞെടുക്കണം. പുറത്ത് ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പ് സൺസ്ക്രീൻ പുരട്ടാം. കുറഞ്ഞത് 15 എസ്പിഎഫ് ഉള്ള സൺസ്ക്രീൻ ചർമ്മത്തിന് അനുയോജ്യമായിരിക്കും.
ശരിയായ അളവിലുള്ള എസ്പിഎഫ് ചർമ്മത്തിൽ ഉപയോഗിച്ചില്ലായെങ്കിൽ ചർമ്മത്തിന്‍റെ നൈസർഗ്ഗിക സൗന്ദര്യം അതിവേഗം നഷ്ടപ്പെടാം. അതിനാൽ ഇക്കാര്യത്തിൽ ഒരു എക്സപെർട്ടിന്‍റെ സഹായം തേടുന്നത് ഉചിതമാണ്.
വേനൽക്കാലത്ത് ചർമ്മ പരിപാലനത്തിന് സെലിബ്രിറ്റീസുകൾ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ എല്ലാവർക്കും താൽപര്യമുണ്ടാകാം. കാരണം വെയിലിലും പൊടിയിലും മറ്റും ഷൂട്ടിംഗിന്‍റെ ഭാഗമായി അവർ ഏറെ സമയം ചെലവഴിക്കാറുണ്ടല്ലോ.
ശ്രദ്ധാ കപൂർ
ശ്രദ്ധാ കപൂർ ചർമ്മ പരിപാലനത്തെ സംബന്ധിച്ച് എന്താണ് പറയുന്നതെന്ന് അറിയാം, “വേനൽക്കാലത്ത് വളരെ സാധാരണമായ ദിനചര്യയാണ് ഞാൻ ഫോളോ ചെയ്യുക. ആ സമയത്ത് ഞാൻ ധാരാളം വെള്ളം കുടിക്കും. ഇതിന് പുറമെ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ധാരാളമായി ഉൾപ്പെടുത്തും. ദിവസം പല തവണ മുഖം കഴുകും.”
“പുറത്ത് പോകുന്ന അവസരങ്ങളിൽ സൺപ്രൊട്ടക്ഷൻ ക്രീം പുരട്ടുക. ഷൂട്ടിംഗ് വേളകളിലും ഇക്കാര്യമൊക്കെ ചെയ്യാറുണ്ട്. എന്നാൽ മേക്കപ്പ് വളരെ കുറച്ച് മാത്രമേ ചെയ്യൂ.”
കരീന കപൂർ ഖാൻ
കരീനയുടെ മൃദുലവും സ്നിഗ്ദ്ധവുമായ ചർമ്മം പെൺകുട്ടികൾ കൊതിക്കുന്ന ഒന്നാണ്. ചർമ്മം ഈർപ്പമുള്ളതാക്കാൻ കരീന എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കും. സൂപ്പ്, ജ്യൂസ് മുതലായവയും ഉൾപ്പെടുത്തും. കരീനയുടെ വാക്കുകളിലൂടെ “ഞാൻ നന്നായി ഭക്ഷണം കഴിക്കാറുണ്ട്. പഞ്ചാബി കുടുംബമായതിനാലാവാം അത്. ഇപ്പോഴെനിക്ക് എന്‍റെ സീറോ ഫിഗറിൽ വലിയ താൽപര്യമൊന്നുമില്ല. അതുപോലെ സ്വീം സ്യൂട്ട് അണിയണമെന്ന താൽപര്യവുമില്ല. അതൊക്കെ സിനിമയ്‌ക്കു വേണ്ടിയായിരുന്നു. നല്ലവണ്ണം ഭക്ഷണം കഴിച്ച് സന്തുഷ്ടയായിരിക്കാനാണ് എനിക്കിപ്പോൾ താൽപര്യം. പുറത്ത് പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ നിർബന്ധമായും പുരട്ടും. രാത്രി കിടക്കാൻ നേരത്ത് മോയിസ്ച്ചുറൈസർ പുരട്ടാറുണ്ട്. ഭക്ഷണത്തിൽ സീസൺ അനുസരിച്ചുള്ള ഫലങ്ങളും പച്ചക്കറികളും നിർബന്ധമായും ഉൾപ്പെടുത്താറുണ്ട്. പുറത്ത് പോകുന്ന അവസരങ്ങളിൽ പേഴ്സിൽ കാജലും മോയിസ്ച്ചുറൈസും കരുതാറുണ്ട്.
നർഗീസ് ഫാഖ്രി
ചർമ്മത്തിന് നല്ല ഈർപ്പവും തിളക്കവും പകരാൻ നറിഷിംഗ്, ക്ലൻസിംഗ്, ഫേഷ്യൽ, സ്ക്രബ്ബ്, മാസ്ക് എന്നിവയ്‌ക്ക് നർഗീസ് പ്രാധാന്യം നൽകാറുണ്ട്. പുറത്ത് ഷൂട്ടുള്ള അവസരങ്ങളിൽ വാൽനട്ട് സ്ക്രബ്ബ് ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യാറുണ്ട്. രോമസുഷിരങ്ങളിൽ അടിഞ്ഞു കൂടിയ മേക്കപ്പ് അവശിഷ്ടങ്ങളും അഴുക്കും നീക്കം ചെയ്യാൻ സ്ക്രബ്ബിംഗ് നല്ലതാണ്. സ്ക്രബ്ബ് ചെയ്യുന്നത് മുഖത്ത് രക്‌തയോട്ടം വർദ്ധിപ്പിക്കും. രാത്രി കിടക്കാൻ നേരത്ത് മോയിസ്ച്ചുറൈസർ പുരട്ടാനും നർഗീസ് മറക്കാറില്ല.
“എനിക്ക് യോജിച്ച പ്രൊഡക്റ്റ് മാത്രമേ ഞാൻ ഉപയോഗിക്കാറുള്ളൂ. മേക്കപ്പിനോട് വലിയ താൽപര്യമില്ല. വെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. സന്തുലിതമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എല്ലാതരം പച്ചക്കറികളും പഴങ്ങളും ഞാൻ കഴിക്കാറുണ്ട്. ഫ്രഷ് പഴങ്ങൾ ഉപയോഗിച്ച് സൗന്ദര്യ കൂട്ടുകളുണ്ടാക്കി ചർമ്മത്തിൽ പുരട്ടാറുണ്ട്. അതുപോലെ പതിവായി വ്യായാമവും ചെയ്യാറുണ്ട്. സുംബ വർക്കൗട്ടാണ് എന്‍റെ ഫേവറൈറ്റ്. വ്യായാമം ആസ്വദിച്ച് ചെയ്യുക. ശരീരത്തിന് അത് നല്ല ഫലമുളവാകും ഒപ്പം സൗന്ദര്യം കൂട്ടുകയും ചെയ്യും. കേശ സംരക്ഷണത്തിനായി ഹോട്ട് ഓയിൽ മസാജ് ചെയ്യാറുണ്ട്. പഞ്ചസാര വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. അതുപോലെ നല്ലവണ്ണം ഉറങ്ങുകയും ചെയ്യുന്നു.” നർഗീസ് തന്‍റെ സൗന്ദര്യ രഹസ്യം വ്യക്‌തമാക്കുന്നു.
ദീപികാ പദുക്കോൺ
വേനൽക്കാലത്ത് ചർമ്മ പരിപാലന കാര്യങ്ങളിൽ ദീപിക പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ദീപിക അത് സ്വന്തം വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു. “രാത്രി കിടക്കാൻ നേരത്ത് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്‌ത് ഹൈഡ്രേറ്റിംഗ് ക്രീം പുരട്ടും. ഇതിന് പുറമെ ധാരാളം വെള്ളം കുടിക്കും. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കും. പതിവായി വർക്കൗട്ടും ചെയ്യാറുണ്ട്. ഉറക്കം പ്രധാനമാണ്. അതുകൊണ്ട് നന്നായി ഉറങ്ങും. ആഴ്ചയിലൊരിക്കൽ ടെഡർ കോക്ക്നട്ട് ഓയിൽ ഉപയോഗിച്ച് മുടി മസാജ് ചെയ്യാറുണ്ട്. ഇത് എനിക്ക് ഏറ്റവും ഗുണം ചെയ്യാറുണ്ട്. മുടിയ്ക്ക് നല്ല കരുത്തും തിളക്കവും കിട്ടും.
“എനിക്ക് മേക്കപ്പ് ചെയ്യുന്നതിനോട് വലിയ താൽപര്യമില്ല. എന്നാൽ ബേബി ക്രീം പുരട്ടാറുണ്ട്. ചുവന്ന ലിപ്സ്റ്റിക്ക് ഇടുന്നത് ഇഷ്‌ടമാണ്.”