വർഷങ്ങൾക്കു മുമ്പ് ആദ്യമായി പ്രണയത്തെക്കുറിച്ചെഴുതി തുടങ്ങുമ്പോൾ അത് ഒരു പുസ്‌തകമാകും എന്ന് പോലും കരുതിയിരുന്നതുമില്ല. റൂമിയുടെ വചനങ്ങളായിരുന്നു ജീവൻ, സൂഫിസത്തിന്‍റെ അർത്ഥം തേടി പല സോഷ്യൽ മീഡിയ പ്രൊഫൈലുകളും കയറിയിറങ്ങുമ്പോൾ സ്വാഭാവികമെന്നോണം സുഹൃത്തുക്കളും വർദ്ധിച്ചു വന്നു. പ്രണയത്തിന് വായനക്കാർ കൂടി. സ്‌ഥിരമെഴുതിക്കൊണ്ടിരുന്ന പ്രണയക്കുറിപ്പുകൾക്ക് വായനക്കാരുണ്ടായി.

മനുഷ്യന്‍റെ അടിസ്‌ഥാന വികാരങ്ങളിൽ പ്രണയവും മരണഭീതിയും ഒക്കെയുള്ളതുകൊണ്ട് അതിന്‍റെ വായനക്കാരും അതേ വൈകാരികതയെ ഉൾക്കൊള്ളുന്നവർ തന്നെയാകേണ്ടതുണ്ട്. അതിവൈകാരികതയുടെ ഉഷ്‌ണമകറ്റാൻ സോഷ്യൽ മീഡിയ സഹായിക്കുമെന്ന മിഥ്യാധാരണ കൊണ്ടോ എന്തോ ഒരുകാലത്ത് ഫെയ്‌സ് ബുക്ക്, ഓർക്കുട്ട് പോലെയുള്ള മാധ്യമങ്ങളിൽ പ്രണയത്തിനായിരുന്നു ആരാധകർ കൂടുതലും. എഴുതിത്തുടങ്ങുന്നവർ ആശ്രയിക്കുന്നതെപ്പോഴും പ്രണയവും മരണവുമൊക്കെ തന്നെയായതുകൊണ്ടും സോഷ്യൽ മീഡിയ എഴുത്തുകാർ മുളച്ച് പൊന്തുന്ന സമയമായതു കൊണ്ടും പ്രണയക്കുറിപ്പുകൾ ധാരാളവുമായിരുന്നു.

എഴുതുന്നതിന്‍റെ താഴെ വരികളുടെ മറുപടികളായി കവിത പൂക്കുന്ന മറുവരികൾ കുറിക്കുന്നവരുണ്ടായിരുന്നു. “നീയാണെന്‍റെ മീര” എന്ന് പറഞ്ഞ ഒരു എഴുത്തുകാരനെ ഞാനിപ്പോഴും ഓർക്കുന്നു. കവിതകളും മറുപടികളുമൊക്കെ ടൈം ലൈനിൽ ഒതുക്കി നിർത്താൻ ആഗ്രഹിച്ചതുകൊണ്ട് മാത്രം മീരയെന്ന പേരിനെ അദ്ദേഹത്തിന്‍റെ സങ്കൽപ്പത്തിൽ തന്നെ സൂക്ഷിച്ചു വയ്‌ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് ആ കവിയോട് വെറുപ്പുണ്ടായിട്ടല്ല. അതീവ സ്‌നേഹത്തോടെയാണ് പറഞ്ഞത്, അല്ലെങ്കിലും സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരാൾക്ക് സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വെറുപ്പുണ്ടാകാൻ പാടില്ലല്ലോ. പക്ഷേ ഒടുവിൽ സ്വകാര്യമായി ലഭിക്കാത്ത മറുകുറിപ്പുകൾ പ്രതീക്ഷിച്ചു മടുത്ത് അദ്ദേഹം എന്നെ വിട്ടിറങ്ങിപ്പോയി. പരാതിയില്ല, പരിഭവങ്ങളില്ല.

വായനകൾ വായിക്കേണ്ടയിടത്ത് നിന്നും വായിക്കുന്നതാണ് സുഖം. അതിനപ്പുറം അത് സഞ്ചരിക്കുമ്പോൾ സങ്കൽപ്പങ്ങൾ പൊടിഞ്ഞു പോയേക്കും. റൂമിയെ, വരികളെ പ്രണയിക്കുക-അദ്ദേഹത്തിന്‍റെ ജീവിതം അന്വേഷിച്ചു പോകുന്നത് സദാചാര നീതിയ്‌ക്ക് എതിരാണ്. എഴുത്ത് ഗൗരവമായി കാണുന്ന കാലമായപ്പോൾ പ്രണയവും അതിവൈകാരികതയിൽ നിന്നും ബുദ്ധിയുടെ ഇടങ്ങളിലേക്ക് സഞ്ചരിച്ചു. അവിടെ നിന്നും അക്ഷരങ്ങൾ പുറപ്പെടുകയില്ലെന്ന് ഞാനപ്പോൾ മനസ്സിലാക്കി. പ്രണയത്തിന്‍റെ യഥാർത്ഥ രസവും ഉള്ളും തിരിച്ചറിഞ്ഞ നാൾ മുതൽ, അതിന്‍റെ പൂർണത തിരിച്ചറിഞ്ഞപ്പോൾ മുതൽ അതിലെ അക്ഷരമില്ലായ്‌മ എന്നെ ആദ്യം വലച്ചു. പിന്നെ മനസ്സിലായി, ഹൃദയം നിറഞ്ഞിരിക്കുമ്പോൾ വാക്കുകൾ വരേണ്ടതില്ലെന്ന്. ഇത് ഞാനല്ല ഷേ്‌ക്‌സ്‌പിയർ പറഞ്ഞതാണ്, അദ്ദേഹത്തിന്‍റെ കിംഗ് ലിയർ എന്ന നാടകത്തിലൂടെ. പൂർണമായി നിൽക്കുന്ന ഒന്നിലേക്ക് ഒന്നും ഒതുക്കേണ്ടതില്ല, അതിൽ നിന്നും ഒന്നും പുറത്തേയ്‌ക്കും വരികയില്ല.

ഫെയ്‌സ്‌ബുക്കിൽ അനേകം പോസ്‌റ്റുകൾ എഴുതി പൂർത്തിയാക്കി പോസ്‌റ്റ് ചെയ്യാതെ മായ്‌ക്കപ്പെട്ടു പോയി. പ്രണയം എഴുതാനുള്ളതല്ലെന്നും അനുഭവിക്കാനുള്ളതാണെന്നും അവൻ പറഞ്ഞത് എത്ര സത്യമാണെന്ന് ഞാനപ്പോൾ ഓർത്തു. സോഷ്യൽ മീഡിയ അപ്പോഴേക്കും പ്രണയത്തിന്‍റെ കാര്യത്തിലും ഇരുത്തം വന്നിരുന്നുവെന്നു തോന്നുന്നു. പ്രണയത്തെ വിട്ട് രാഷ്‌ട്രീയവും ജീവിതവും അവർ സംസാരിച്ചു തുടങ്ങി. സ്‌ത്രീകൾ സ്വപ്‌നങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. ധൈര്യത്തോടെ സമരങ്ങൾക്കിറങ്ങി. എങ്കിലും പ്രണയത്തിന്‍റെ രേഖപ്പെടുത്തലുകൾ അവർക്ക് ആശ്വാസവും ധൈര്യപ്പെടുത്തലുമായി.പ്രണയത്തെക്കുറിച്ചെഴുതിയിട്ട് നാളുകളേറെയായി.

ഭയവും ആക്രമണങ്ങളും കൊലപാതകവുമൊക്കെയാണിപ്പോൾ മനസ്സ് നിറയെ, എഴുതേണ്ടത് അതിനെക്കുറിച്ചാണ്. മനുഷ്യന്‍റെ അടിസ്‌ഥാന വികാരത്തിൽ നിന്ന് പ്രണയം പതുക്കെ നിഷ്‌കാസനം ചെയ്യപ്പെടുന്നു. പകരം അവിടെ ഭയം മാത്രമായി അവശേഷിക്കുന്നു. പ്രണയത്തെപ്പോലും ഭയക്കേണ്ട മനുഷ്യരുണ്ടാകുന്നു. പുസ്‌തകമെഴുതുന്നത് പോലും അതിനെക്കുറിച്ചാണ്… എങ്കിലും ഉള്ളിലുണ്ട്, മനസ്സും ആത്മാവും ശരീരവും നിറയ്‌ക്കുന്ന ഒരു പൂർണത. അതിനെ ഞാൻ പ്രണയമെന്നു വിളിക്കുന്നു. അതുറക്കേ പറയേണ്ടതല്ലെന്നും ഞാൻ തിരിച്ചറിയുന്നു. പകരം മാനുഷികതയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും സംസാരിക്കാനാഗ്രഹിക്കുന്നു. ഭയംകൊണ്ട് വീർപ്പുമുട്ടുന്ന മനുഷ്യർക്ക് പ്രണയമല്ല, കരുതൽ കൊണ്ട് ചൂട് പിടിപ്പിക്കുന്ന കൈകളും സൗഹൃദവുമാണ് ആവശ്യം.

और कहानियां पढ़ने के लिए क्लिक करें...