തന്നിലുണരുന്ന പ്രണയത്തിന്‍റെ ഉദ്യാനത്തിലേക്ക് ഉന്മാദത്തോടെ ഒരാളെ ചേർത്തുവയ്ക്കാൻ ഏതൊരാളിലും സ്വയമറിയാതെ ഒരു അന്വേഷണം ഉണ്ടാകാറുണ്ട്. അത്തരം ചിലതൊക്കെ വായനക്കാരിൽ സംഭവിപ്പിക്കാൻ എന്‍റെ കവിതകൾക്ക് കഴിയുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. “എന്‍റെ അനുരാഗി വസന്തത്തിന്‍റെ രാജകുമാരാ എന്നിൽ പ്രണയനർത്തനം ചെയ്യുന്നവനേ..” എന്ന് ഞാൻ കവിത കുറിക്കുമ്പോൾ പ്രണയി എന്‍റെ മേൽ പ്രണയത്തിന്‍റെ വർഷരാഗങ്ങൾ തൂകിക്കൊണ്ടിരുന്നു. പിന്നീട് അവൻ അതൊക്കെ വായിച്ചു കേൾപ്പിക്കുമ്പോൾ പ്രപഞ്ചമാകെ പ്രണയം നിറയും.
കവിത നൽകിയ മധുര നിമിഷങ്ങൾ. ഏതു ചഷകത്തിലാണ് നിറച്ചു വയ്ക്കേണ്ടതെന്നറിയാതെ ഉള്ളം നിറയെ പ്രണയവുമായാണ് ഓരോരുത്തരും ജീവിക്കുന്നത്.പ്രണയം തൊട്ട വദനങ്ങളിൽ നിന്ന് വായിച്ചെടുക്കാം അതിന്‍റെ ഉന്മാദവും സുഗന്ധവും മധുരവും. തീയിൽ ചവിട്ടി നിൽക്കുമ്പോഴും നിൽക്കുമ്പോഴും അതിനെക്കുറിച്ച് ഓർക്കാതെയും ആളുന്ന അഗ്നി നാമ്പുകളെ ആറ്റിത്തണുപ്പിക്കുവാനും പ്രണയത്തിനേ കഴിയൂ. പ്രണയത്തിൽ ഇല്ലാത്തതായി എന്താണുള്ളത്? ഒറ്റ കാഴ്ചയിൽ ഒരു ഞൊടിനേരം കൊണ്ട് പ്രണയത്തിലായവരായിരുന്നു ഞങ്ങൾ. എങ്ങനെയാണതും സംഭവിച്ചത്. പിൽക്കാല നേരങ്ങളിൽ ഞങ്ങൾ വിസ്മയഭരിതരാകുന്നു.
“ഈ ഭൂമിക്കു മീതെ കാറ്റിനുമീതെ ജലരാശികൾക്കു മീതെ എന്നെ കണ്ടെത്തും വരെയും അലഞ്ഞു നടന്ന ഈ പാദങ്ങളെയാണ് എനിക്കിഷ്ടം” എന്ന നെരൂദ കവിതയിലെന്ന പോലെ ഞങ്ങൾ കടന്നുവന്ന കാലങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നു. നമ്മൾ കണ്ടുമുട്ടും മുമ്പ് നമ്മളുണ്ടായിരുന്നില്ല എന്നും കണ്ടുമുട്ടിയതിനുശേഷമാണ് പ്രപഞ്ചമുണ്ടായതെന്നും കരുതി പരസ്പരം പാദങ്ങൾ പിണച്ചു വയ്ക്കുന്നു. ഏകാന്തതകളിൽ നടന്നു തീർത്ത വഴികളെക്കുറിച്ചാലോചിക്കുന്നു. ഒളിച്ചു വച്ചിരിക്കുന്ന ഇഷ്ടങ്ങളുടെ മധുരവും ചവർപ്പും കണ്ണീരുപ്പും ഓരോ ഉള്ളകങ്ങളിലുമുണ്ട്. പലരും അവരുടെ ഹൃദയബന്ധുവായി കരുതി അതൊക്കെ പങ്ക് വച്ചതും കവിതകൾ അവർക്ക് നൽകിയ അജ്‌ഞാതമായ ഏതോ ഉറപ്പുകളാണ്.
ചെറുപ്പത്തിലെ പ്രണയം അര നൂറ്റാണ്ടാകുമ്പോഴും ഇപ്പോഴും അതേപോലെ സൂക്ഷിക്കുന്ന ഗാഢാനുരാഗികളും മുന്നിൽ വന്നു. കാലത്തിനും സാഹചര്യങ്ങൾക്കും ഉള്ളിൽ പൂവിട്ട ഒന്നിനെയും ഇല്ലാതാക്കാനാവില്ല എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്നു. എന്‍റെ പ്രണയകവിതകളെ നിങ്ങളിങ്ങനെയൊക്കെയാണ് എന്നെക്കൂടി കുളിർപ്പിക്കുന്നതും തേൻ പിടിപ്പിക്കുന്നതും എന്ന് ഞാൻ ആനന്ദപ്പെട്ടു.
ഒരിക്കൽ ഒരു കവിത പുസ്തകം വായിച്ചശേഷം ഒരു കലാലയ വിദ്യാർഥിനി അറിയിച്ചു. തന്‍റെ പ്രണയത്തിന്‍റെ രാഷ്ട്രീയമാണ് ആ കവിതകളിലെങ്ങും എന്ന്. തന്‍റെ പ്രണയിയെ പ്രണയിക്കുന്നതും ആലിംഗനം ചെയ്യേണ്ടതും അവനിൽ ശയിക്കേണ്ടതും താൻ ആഗ്രഹിക്കുന്നത് ഇങ്ങനെയൊക്കെയെന്ന് ആവൾ വെളിപ്പെടുത്തുന്നു.
നാം പ്രണയിക്കും പോലെ മറ്റാർക്ക് പ്രണയിക്കാൻ കഴിയുമെന്ന്, നിന്നെ ഉള്ളിൽ കൊണ്ടുനടക്കും പോലെ മറ്റാർക്കും കഴിയില്ലെന്ന്… ഇതാണ് പ്രണയത്തിന്‍റെ ആത്മവിശ്വാസം. ഇതാണ് പ്രണയത്തിന്‍റെ കരൾ. പ്രണയം എന്‍റെ ശ്വാസമാണ്. എനിക്കുറങ്ങാൻ, ഉണരാൻ നിന്‍റെ കൈത്തണ്ടയുടെ സുരക്ഷിതത്വമെന്ന പോലെ മുഖം ചേർക്കുന്ന ഹൃദയത്തിന്‍റെ ചൂടെന്ന പോലെ, ചിലപ്പോൾ ഉത്ഭവമറിയാത്ത നദി പോലെ, ചിലപ്പോൾ ലക്ഷ്യമില്ലാത്ത ഒഴുക്ക് പോലെ, ചിലപ്പോൾ നിശ്ചല തടാകം പോലെ പ്രണയം അതിന്‍റെ ഋതുക്കൾ എന്നിൽ വർഷിക്കുന്നു. ഉള്ളിലും പുറത്തും ദൂരത്തിരുന്നും അടുപ്പം കൊണ്ട് ഞെരിഞ്ഞും അകലം കൊണ്ട് പിടഞ്ഞും പ്രണയത്തെ അറിയുന്നു. ആഘോഷിക്കുന്നു എങ്കിലും മിക്കാവറും പേർ അദ്ഭുതപ്പെടുന്നു.
ഈ പ്രണയമൊക്കെ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന്. പ്രണയമില്ലാക്കാലത്ത് ഇതേക്കുറിച്ചെഴുതുന്നതെന്തിനെന്ന്. പ്രണയമില്ലാകാലം. ആ വാക്ക് എന്നെ അമ്പരപ്പിക്കുന്നതേയില്ല. പകരം എങ്ങനെയാണ് ഭൂരിപക്ഷം മനുഷ്യരിൽ നിന്നും അത് അപ്രത്യക്ഷമായത് എന്ന് ഞാൻ ആലോചിക്കുന്നു. നശീകരണത്തിന്‍റെ ബദൽ വികാരങ്ങൾ എങ്ങനെ സ്ഥാനം പിടിക്കുന്നു. അറിയില്ല. പ്രണയത്തിന്‍റെ മറുപേര് പെട്രോളിലെരിയുക എന്ന തരത്തിലേക്ക് വികാരങ്ങളെ മാറ്റിയെഴുതിയിരിക്കുന്നു. തിരസ്കാരങ്ങൾ, ഉടൽ അധിനിവേശങ്ങൾ, ഇല്ലാതാക്കലുകൾ എന്നിങ്ങനെ കുറ്റക്യത്യങ്ങളുടെ വേഷം ധരിച്ചെത്തുമ്പോൾ തങ്ങൾക്ക് പ്രണയിക്കാനും ഭയം എന്ന് ചിന്തിച്ചുപോകുന്നതിൽ തെറ്റു പറയാനും പറ്റില്ല.
“എനിക്ക് സ്നേഹിക്കാൻ കഴിഞ്ഞവരെ ഞാൻ വേണ്ടത്ര സ്നേഹിച്ചിട്ടില്ല” എന്ന നോബൽ സമ്മാനജേതാവായ വിഖ്യാത കവിയും എഴുത്തുകാരനുമായ ഡെറക് വാൽക്കോട്ട് തന്‍റെ കവിതയിൽ കുറിക്കുംപോലെ ആരെയും വേണ്ടത്ര സ്നേഹിക്കാത്ത ഒരു സമൂഹം സ്നേഹനിരാലംബമായി അലയുന്നു. നിങ്ങൾക്ക് എന്ന കവിതയിലെപ്പോലെ സ്നേഹിച്ചു കൂടെ എന്ന ചോദ്യങ്ങൾ മനുഷ്യവംശത്തിന്‍റെ അദമ്യമായ പ്രണയ ദാഹങ്ങളായി വായിച്ചെടുക്കുന്നു.