ഒരേതരം അനുഭവങ്ങൾ ആരേയും ബോറടിപ്പിക്കുമല്ലോ. വർഷങ്ങളായി ഒന്നിച്ചു താമസിക്കുമ്പോൾ, പങ്കാളിയോട് അശ്രദ്ധമായി ഇടപെട്ടുവെന്നു വരാം. പുതിയ കാലത്തെ ജീവിതസാഹചര്യവും പിരിമുറുക്കവും പരസ്‌പരമുള്ള പെരുമാറ്റത്തിൽ മുഷിപ്പുകൾ ഉണ്ടാക്കുക സ്വാഭാവികമാണ്. സോഷ്യൽ മീഡിയയുടെ വ്യാപനവും ജീവിതബന്ധങ്ങളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
പ്രത്യേകിച്ചും വിവാഹേതര ബന്ധങ്ങളിൽ. എന്തുകൊണ്ടാണ് പങ്കാളി വഞ്ചന കാട്ടുന്നത്? മറ്റു ശരീരത്തോടുള്ള ആകർഷണം കൊണ്ടാണോ അതോ വൈവിധ്യം ആഗ്രഹിക്കുന്നതു കൊണ്ടാണോ അല്ലെങ്കിൽ റൊമാൻസ് സ്വന്തം ജീവിതത്തിൽ കിട്ടാത്തതു കൊണ്ടാവുമോ? ഒളിച്ചു വയ്‌ക്കുമ്പോഴും കളവ് പറയുമ്പോഴും കിട്ടുന്ന ആത്മസുഖം ആസ്വദിക്കാനാവുമോ, അതോ ആസക്തിയാണോ ഇതിനു കാരണം? വിവാഹേതര ബന്ധത്തിന്‍റെ കാരണങ്ങൾ പരിശോധിക്കാം.
സ്ത്രീകൾ കരുതൽ ആഗ്രഹിക്കുന്നു
ഏകാന്തതയെ കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ എന്നാണ് വിവാഹ കൗൺസിലർമാർ പറയുന്നത്. ഒറ്റപ്പെടൽ ഒഴിവാക്കാനാണ് അവൾ സൗഹൃദങ്ങൾ ഉണ്ടാക്കുന്നത്. തങ്ങളെ മറ്റുള്ളവർ കേൾക്കണമെന്ന് അവരാഗ്രഹിക്കുന്നു.
വിവാഹേതര ജീവിതത്തിൽ ഭർത്താവും കുട്ടികളും അവരെ പൂർണ്ണമായി മനസ്സിലാക്കിയെന്ന് വരില്ല. ഇത് അവരുടെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നു.
അഭിനന്ദനം ആഗ്രഹിക്കുന്നു
അഭിനന്ദനങ്ങൾ ആഗ്രഹിക്കുന്ന മനസ്സ് സ്ത്രീകളുടെ പ്രത്യേകതയാണ്. പ്രശംസ കേൾക്കുമ്പോൾ സന്തോഷിക്കാത്തവർ ആരുണ്ട്. പക്ഷേ വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ പരസ്പരം അഭിനന്ദിക്കുന്ന കാര്യത്തിൽ പങ്കാളികൾ മടിയന്മാരായി തീരുന്നു. പുരുഷന്മാർ തങ്ങളുടെ ശക്‌തിയുടെയും ഭൗതിക നിലവാരത്തിന്‍റെയും പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ ജീവിതവീക്ഷണത്തിന്‍റെ പേരിൽ അല്ലെങ്കിൽ ഇന്‍റലക്ച്വൽ കപ്പാസിറ്റിയുടെ പേരിൽ അറിയപ്പെടാൻ പുരുഷന്മാർ ആഗ്രഹിക്കും. പക്ഷേ പലപ്പോഴും ആ വേവ്‍ലംഗ്ത്തിലുള്ള സംസാരം ഇരുവർക്കുമിടയിൽ നടക്കില്ല.
വ്യക്തി പ്രഭാവം
സ്ത്രീകൾ വ്യക്‌തി പ്രഭാവം നിലനിർത്താനായി മറ്റുള്ളവർ തങ്ങളെപ്പറ്റി മതിപ്പ് പറയാൻ ആഗ്രഹിക്കും. തന്‍റെ സൗന്ദര്യത്തെപ്പറ്റിയും സെക്സിലുക്കിനെപ്പറ്റിയും പുരുഷന്മാർ ശ്രദ്ധിക്കുമെന്ന് സ്ത്രീകൾ കരുതുന്നു.
ഈഗോ വർദ്ധിക്കുന്നു
എതിർ ലിംഗത്തിലുള്ളവരുമായി സമയം ചെലവഴിക്കുമ്പോൾ ഈഗോ വർദ്ധിക്കുന്നു. ഇതുവഴി മനസ്സിന് ആശ്വാസം ലഭിക്കും. തങ്ങളെപ്പറ്റി തന്നെ ഒരു മതിപ്പ് ഉള്ളിൽ ഉണ്ടാക്കുന്നതിനാൽ ആത്മവിശ്വാസം വർദ്ധിക്കുന്നു.
പങ്കാളി താങ്ങും തണലും ആകാത്തത്
വിവാഹ ശേഷം പങ്കാളികൾ പരസ്പരം വൈകാരികമായ ആവശ്യങ്ങൾ നിർവഹിക്കാൻ കൂട്ടാക്കാതിരിക്കുന്നത്, മറ്റ് സാധ്യതകൾ തുറക്കുന്നു. ഈ സ്പേസിലേക്ക് മറ്റൊരാളെ തേടാൻ മനസ്സ് വെമ്പും. തന്‍റെ വൈകാരിക മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നു. കാര്യങ്ങൾ പങ്കാളിയോട് പലരും തുറന്ന് പറയാറുമില്ല.
അസന്തുഷ്ടി
വൈവാഹിക ജീവിതത്തിൽ സന്തുഷ്ടി ലഭിക്കുന്നില്ലെങ്കിൽ പരസ്പരമുള്ള പൊരുത്തം തകിടം മറിയാൻ ഇട വരുന്നു. ഈ അസംതൃപ്തി മറ്റുള്ളവരിലേക്ക് ആകർഷിക്കപ്പെടാൻ കാരണമാകും. ഇത് വിവാഹേതരബന്ധമായി വളരുന്നു. തന്‍റെ ശക്‌തിയും ദൗർബല്യവും ഒരേപോലെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പങ്കാളിയെ ആണ് എല്ലാ മനുഷ്യരും തേടിക്കൊണ്ടിരിക്കുന്നതെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. ഇത്തരത്തിലുള്ള തന്നെ സ്വീകരിക്കുന്നവരിലേക്ക് അവർ എപ്പോഴും ആകൃഷ്ടരാവും. ഇങ്ങനെ മനസ്സിനെ ഇറക്കി വയ്‌ക്കാൻ ഒരാളെ കിട്ടുമ്പോഴാണ് അഫയർ തുടങ്ങുന്നത്. വിവാഹേതര ബന്ധത്തിലുള്ള ആൾ മുൻജന്മത്തിലെ പങ്കാളിയെപ്പോലെ അനുഭവപ്പെടുന്നത് നിങ്ങളിലെ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ഇടങ്ങൾ അവർ പൂരിപ്പിക്കുന്നതു കൊണ്ടാണ്. ഇത് ഒരു ലഹരിപോലെ നിങ്ങളെ പൊതിയുന്നു. അതിനാൽ സദാചാരത്തെപ്പറ്റിയൊന്നും നിങ്ങൾ വേവലാതിപ്പെടില്ല. ജാതി, മതം, പ്രായം ഒന്നും നിങ്ങൾക്ക് പ്രശ്നമല്ലാതായി തീരുന്നു. പങ്കാളിയുടെ തൊഴിലോ സൗന്ദര്യമോ ഒന്നും പ്രധാന ഘടകമാവുകയുമില്ല.
നിങ്ങളുടെ ജീവിത സാഹചര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ കാരണങ്ങൾ നിങ്ങളുടെ പുതിയ ബന്ധം വളരെ ശരിയാണെന്ന തോന്നലുണ്ടാക്കുന്നു. പുതിയ ബന്ധം നിങ്ങളുടെ അവകാശമാണെന്ന ധൈര്യം സ്വയം തേടുന്നു. ശാരീരികമായ ആകർഷണം കൂടിയാവുന്നതോടെ ഇത്തരം ബന്ധങ്ങൾ വളരെ ആഴത്തിൽ വേരോടുകയും ചെയ്യാം.
പങ്കാളിയ്ക്ക് മറ്റൊരാളുമായി ശാരീരികവും മാനസികവുമായ അടുപ്പം ഉണ്ടെന്ന് അറിയുന്ന മാത്രയിൽ ദാമ്പത്യം തകർന്നു പോകാം. ഈ സാഹചര്യത്തിൽ പലരും താഴെ പറയുന്ന വിധം നിലതെറ്റാം.
നിങ്ങൾ മറ്റൊരു വിധത്തിൽ പെരുമാറും
ദേഷ്യം, ദു:ഖം, നിരാശ, പക എന്നിവ മനസ്സിൽ വളരുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയിലെല്ലാം അത് പ്രതിഫലിക്കാം. എല്ലാ കാര്യങ്ങളും സംശയത്തോടെ വീക്ഷിക്കാനും തുടങ്ങും. പങ്കാളി നിങ്ങളോട് എപ്പോഴും കള്ളം പറയുന്നതായി കരുതും. മറ്റൊരാളുമായി പങ്കാളി അടുക്കാൻ കാരണമെന്താണ്? തന്നേക്കാൾ സുന്ദരിയാണോ അവൾ എന്നിങ്ങനെയൊക്കെ ചിന്തിക്കും. വിശ്വാസ വഞ്ചന കാരണം ശാരീരികമായും മാനസികമായും തകരുന്നു.
ബന്ധം പൂർണ്ണമായും വഷളാകുന്നു
ഹൃദയം തകർന്ന അവസ്‌ഥയിൽ നിന്ന് കരകയറി വരാൻ പ്രയാസം നേരിടും. ജീവിതത്തോട് പുച്ഛം തോന്നാം. പങ്കാളിയെ അവിഹിത ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് കുത്തി നോവിച്ചു കൊണ്ടിരിക്കും. കിട്ടുന്ന അവസരങ്ങളിലെല്ലാം അപമാനിക്കുകയും ചെയ്യും. എല്ലാം അവിഹിതബന്ധങ്ങളും പങ്കാളിയുമായുള്ള ബന്ധം തകർക്കണമെന്നില്ല, കുട്ടികളാണ് ഇത്തരം കേസുകളിൽ നിർണ്ണായകമാവുന്നത്. അവരുടെ ഭാവിയെ കരുതിയോ നന്മയെ കരുതിയോ പങ്കാളിയുടെ അവിഹിതബന്ധം അറിഞ്ഞ് ഒച്ചപ്പാട് ഉണ്ടായാലും ബന്ധം വേർപിരിയാനോ വേറിട്ട് താമസിക്കാനോ ഭാര്യ തയ്യാറാവില്ല. ആത്മസംഘർഷം നിറഞ്ഞ ദാമ്പത്യം കുട്ടികളെ ഓർത്ത് മാത്രം ചിലർ തുടരും.
അവിഹിതബന്ധത്തിന്‍റെ പേരിൽ മുറിച്ചു കളയണോ ബന്ധം
നിങ്ങളുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. നിങ്ങൾ രണ്ടാളും ഒന്നിച്ച് സന്തോഷത്തോടെ കഴിഞ്ഞ കാലം ഓർക്കുക. പരസ്പര പൂരകങ്ങളായി തീർന്ന നിമിഷങ്ങൾ ഓർക്കുക. വേർപിരിയാൻ ആ ഓർമ്മകൾ സമ്മതിക്കുന്നില്ലെങ്കിൽ പങ്കാളിയ്ക്ക് പറ്റിയ ചെറിയ പിഴവ് തിരുത്തി മുന്നോട്ട് നീങ്ങാനുള്ള തീരുമാനം കൈകൊള്ളുക.
ഭീഷണി വേണ്ട യാചിക്കുകയും വേണ്ട
പങ്കാളിയുടെ വിവാഹേതരബന്ധം അറിഞ്ഞാൽ കക്ഷിയെ ഭീഷണിപ്പെടുത്തരുത്. ഞാൻ നിങ്ങൾക്കെതിരെ പീഡനകേസ് കൊടുക്കും അല്ലെങ്കിൽ കത്ത് എഴുതി വച്ച് തൂങ്ങിച്ചാവും എന്നൊന്നും ഭീഷണി അരുത്. ബ്ലാക്ക് മെയിലിംഗിന്‍റെ പാതയിലേക്കും നീങ്ങരുത്. അതുപോലെ ജീവിതത്തിന്‍റെ പഴയ നല്ല കാലത്തിലേയ്ക്ക് തിരിച്ചു വരാൻ പങ്കാളിയോട് യാചിക്കുകയും അരുത്. വ്യക്‌തിത്വം കളഞ്ഞുള്ള പണി നല്ലതല്ല. സമാധാനത്തോടെ പറഞ്ഞ് മനസ്സിലാക്കാം.
വിവാഹേതര ലൈംഗികബന്ധം ദാമ്പത്യത്തിന്‍റെ അവസാനമല്ല
പഠനങ്ങൾ പറയുന്നത്, തുടക്കത്തിൽ ഇത്തരം ബന്ധങ്ങൾ നല്ലതായി തോന്നാമെങ്കിലും 3 മുതൽ 4 ശതമാനം വരെ കേസുകളിൽ മാത്രമേ വിവാഹത്തിൽ കലാശിക്കുകയുള്ളൂ എന്നാണ്. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാം. എങ്കിലും അന്യ സ്ത്രീ, പുരുഷനുമായുള്ള ബന്ധം വളരെ നാൾ തുടരില്ലത്രെ.
സമയം കണ്ടെത്താം
വിവാഹേതര ബന്ധം അറിഞ്ഞ ഉടനെ ഒരു തീരുമാനത്തിലെത്തരുത്. സമയമെടുത്ത് ധൈര്യത്തോടെ ആലോചിക്കുക. എന്തെങ്കിലും പറഞ്ഞ് തെറ്റായി തീർന്നാൽ തിരിച്ചു വരാനോ ബന്ധം തുടരാനോ കഴിയില്ല.
വിവേകത്തോടെ തീരുമാനിക്കുക
തീരുമാനം എടുക്കുന്നതിന് മുമ്പ് അതിന്‍റെ കാര്യ കാരണങ്ങൾ വിശകലനം ചെയ്യുക. ശാരീരിക അടുപ്പം മറ്റൊരാളുമായി ഉണ്ടായതിന് എന്താണ് കാരണം, അത് സ്വയം പരിശോധിക്കുക. വൈകാരികമായ അടുപ്പമില്ലായ്മ അലട്ടുന്നുണ്ടെങ്കിൽ അതു പരിഹരിക്കാൻ ശ്രമിക്കാം. സഹിക്കാനാവുന്നില്ലെങ്കിൽ മാത്രം കടുത്ത തീരുമാനം എടുക്കാം.
യാഥാർത്ഥ്യം മനസ്സിലാക്കുക
വിവാഹമോചനം നേടിയാൽ നിങ്ങൾക്ക് ഒറ്റയ്ക്ക് സമാധാനപരമായ ജീവിതം നയിക്കാനാവുമോ? സാമ്പത്തികമായ സുരക്ഷിതമാണോ? സ്വന്തം കാര്യത്തിനോ, വീട്ടുകാര്യത്തിനോ പരസ്പരം ആശ്രയിക്കാറുണ്ടോ? തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് മാത്രം തീരുമാനം എടുക്കുക.
പൊറുക്കാൻ പഠിക്കുക
പങ്കാളിയ്ക്ക് ഒരു വീഴ്ചപറ്റി അത് തിരുത്താനുള്ള അവസരം കൊടുക്കുന്നതിനൊപ്പം മാപ്പ് നൽകാനും നിങ്ങൾ പഠിക്കണം. ഇനിയൊരിക്കലും ഇങ്ങനെ ഉണ്ടാവില്ലെന്ന സത്യം ചെയ്യിക്കണം. തെറ്റ് ആർക്കും സംഭവിക്കാം. മാപ്പ് നൽകാൻ വലിയ മനസ്സുള്ളവർക്കെ പറ്റൂ. പ്രൊഫഷണലുകളുടെ സഹായം തേടാം. വിവാഹ കൗൺസിലർക്ക് ഈ കാര്യത്തിൽ ഒരു പരിഹാരം നിർദ്ദേശിക്കാൻ ആയേക്കും. അവർ പ്രൊഫഷണൽ സ്കിൽ ഉപയോഗിച്ച് ഇടപെടും. ബന്ധം തകരാതിരിക്കാൻ ഈ ഇടപെടൽ കൊണ്ട് സാധിക്കും.
നമ്മൾ എല്ലാവരും മനുഷ്യരാണ്. മനുഷ്യസ്വഭാവത്തിന്‍റെ പ്രത്യേകത വച്ച് തെറ്റുകൾ സ്വഭാവികമായും ഉണ്ടാവും. വിവാഹം പോലുള്ള ബന്ധങ്ങൾ നില നിർത്താൻ വിട്ടുവീഴ്ചകളും വേണം.വിവാഹേതര ബന്ധങ്ങൾ പിടിക്കപ്പെട്ടാൽ സഹിക്കാനും പൊറുക്കാനും പങ്കാളികൾ തയ്യാറാവുന്നത് നന്ന്. ഒരു സെക്കന്‍റ് ചാൻസ് ജീവിതത്തിനും നൽകാം. നല്ലത് സംഭവിക്കുന്നത് സ്വപ്നം കാണാം.