അട പ്രഥമൻ മലയാളികളുടെ തീൻമേശയിലെ ഒരു വികാരമാണ്. സദ്യയിലെ പ്രധാന വിഭവമാണ് അട പ്രഥമൻ. ഉണ്ടാക്കുന്ന വിധം മനസിലാക്കാം.
ചേരുവകൾ
പച്ചരി ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
തേങ്ങ രണ്ട് ശർക്കര അര കിലോ
കശുവണ്ടിപ്പരിപ്പ് കാൽ കപ്പ്
ചുക്ക് ഒരു കഷണം പൊടിച്ചത്
ഏലയ്ക്ക 6 എണ്ണം
നെയ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടപ്രഥമൻ തയാറാക്കാൻ ആദ്യം അട ഉണ്ടാക്കണം. കടയിൽ നിന്നു റെഡിമയ്ഡ് അട വാങ്ങിയും തയ്യാറാക്കാം. എന്നാൽ അട വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
പച്ചരി അല്ലെങ്കിൽ ഉണക്കലരി ഒരു മണിക്കൂർ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വെള്ളം വാർത്തുകളയുക.
ശേഷം നന്നായി പൊടിച്ച് അരിപ്പയിൽ ഇടഞ്ഞ് നൈസ് പൊടിയെടുക്കാം.
ഈ പൊടിയിൽ 2 സ്പൂൺ ഉരുക്കിയ നെയ്, 2 ടീസ്പൂൺ പഞ്ചസാര ചേർത്ത് ചൂട് വെള്ളമൊഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക.
ഇനി കുഴച്ച വച്ച മാവ് വാട്ടിയ വാഴയിലയിൽ ഓരോന്നിലും നേർത്തതായി പരത്തി ഇഡലി ചെമ്പിൽ വെള്ളം തിളപ്പിച്ചതിൽ ഇട്ട് പാകം ചെയ്യുക. ഇങ്ങനെയല്ലാതെ ഇഡലി ചെമ്പിൽ പുഴുങ്ങിയും എടുക്കാം.
ഇനി വാഴയിലയിൽ നിന്നും അട എടുത്ത ശേഷം തണുത്ത വെള്ളത്തിൽ ഇടുക. ഈ വെള്ളം മൂന്നാല് പ്രാവശ്യം ഊറ്റികളഞ്ഞ് തണുത്തവെള്ളം ഒഴിക്കാം. ശേഷം അട ചെറിയ പീസുകളാക്കാം.
അട പ്രഥമൻ തയ്യാറാക്കാൻ
തേങ്ങ ചിരകി കാൽ കപ്പ് ഒന്നാം പാലും ഒന്നര കപ്പ് രണ്ടാം പാലും 2 കപ്പ് മൂന്നാം പാലും തയ്യറാക്കുക.
ചുവട് കട്ടിയുള്ള പാത്രം ചൂടാക്കി കാൽ കപ്പ് നെയ് ചൂടാക്കി അതിൽ അടയിട്ട് ഫ്രൈ ചെയ്യുക. തുടർന്ന് 3-ാം പാൽ ചേർക്കാം.
ശർക്കരയും പഞ്ചസാരയും ചേർത്ത് മീഡിയം തീയിൽ 10 മിനിറ്റ് നേരം പാകം ചെയ്യുക.
ഇനി രണ്ടാം പാൽ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.
ഒടുവിലായി ഒന്നാം പാൽ ചേർത്ത് സ്റ്റൗവിൽ നിന്നിറക്കി ഇളക്കുക.
തുടർന്ന് ഏലയ്ക്ക പൊടിച്ചതും ചുക്ക് പൊടിച്ചതും നെയിൽ വറുത്ത കശുവണ്ടിയും കിസ്മിസും ചേർക്കാം.
നല്ല ടേസ്റ്റി അടപ്രഥമൻ റെഡി!!