വീടിന്‍റെ ഭംഗി അതിന്‍റെ രൂപത്തിൽ മാത്രമല്ല എന്നറിയാമല്ലോ. വർഷാവർഷം പെയിന്‍റ് അടിച്ചു കൊടുത്താൽ ഏതു വീടിനും ഉണ്ടാകും അതിന്‍റെ ഭംഗിയും പുതുമയും. പെയിന്‍റ് ഏതു നിറം വേണമെന്നതു പോലെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് ഇഷ്‌ടപ്പെട്ട നിറവുമായി മാച്ച് ചെയ്യുന്ന മറ്റു നിറങ്ങളുടെ തെരഞ്ഞെടുപ്പും. പെയിന്‍റിലെ വിവിധ നിറങ്ങൾ, ചേരുന്നതു നോക്കി എങ്ങനെ കണ്ടെത്താമെന്നറിയാം.

കളർ ബാലൻസ്

പല തരത്തിലുള്ള പെയിന്‍റുകളുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുറികളുടെ നിറവും പെയിന്‍റിംഗും എങ്ങനെ ചെയ്യണമെന്നതു തന്നെയാണ്. മുറിയിൽ ഏതു ക്വാളിറ്റിയിലുള്ള പെയിന്‍റ് വേണം എന്നതു മുതൽ ഏതു നിറം ഉപയോഗിക്കണമെന്നു വരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മുറിയിലെ നിറം ഏതു വേണമെന്നത് തികച്ചും വ്യക്തിപരമായ ഇഷ്‌ടമാണ്. എന്നിരിക്കിലും ഡിസൈനർമാർ അതു ചോദിച്ചു മനസ്സിലാക്കുകയും അതിൽ ചെറിയ വകഭേദങ്ങളൊക്കെ നിർദ്ദേശിക്കുകയും ചെയ്‌തു കാണാറുണ്ട്. ഒരു ബ്രൈറ്റ് കളർ ഉപയോഗിച്ചാൽ അതിന്‍റെ തീവ്രത കുറയ്ക്കാനായി മറ്റൊരു നിറം ഉപയോഗിക്കേണ്ടി വരും. ഈ നിറത്തെ കൂടി പരിഗണിച്ചു വേണം പ്രധാനപ്പെട്ട നിറം സെലക്ട് ചെയ്യാൻ.

കടും നിറങ്ങൾ ഉപയോഗിച്ചാൽ മുറിയുടെ വലിപ്പം കുറവായി തോന്നും. വളരെ ലൈറ്റായ നിറം ഉപയോഗിച്ചാൽ ഭംഗിയുള്ള ലുക്ക് ലഭിക്കുകയുമില്ല. ഡാർക്ക് – ലൈറ്റ് കളറുകൾ പ്രയോഗിക്കുമ്പോൾ അവയുടെ അനുപാതം 30-70 എന്ന ക്രമത്തിലായിരിക്കണം. ഇനി ഒരു നിറം പ്രത്യേകിച്ച് തെരഞ്ഞെടുത്തിട്ടുണ്ട് എങ്കിൽ എല്ലാ ചുമരുകൾക്കും അതേ നിറം തന്നെ മുഴുവനായി നൽകണമെന്നില്ല. വെള്ളനിറം മാത്രമാണ് ഇങ്ങനെ മുഴുവനും ഒരു നിറം എന്ന കൺസെപ്റ്റിൽ അനുയോജ്യമായിട്ടുള്ളത്.

നിറം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുമ്പോൾ  വാൾപേപ്പർ ഡിസൈനുകളിലൂടെ മുറിയുടെ ലുക്ക് മനസ്സിലാക്കാൻ ശ്രമിക്കുക. കൃത്യമായി നിറം തെരഞ്ഞെടുത്തില്ലെങ്കിൽ, അതു പിന്നീട് ബുദ്ധിമുട്ടാകും. കാരണം നിറങ്ങൾ നിങ്ങളുടെ മൂഡിനെ പോലും സ്വാധീനിക്കും.

സീലിംഗ്

സീലിംഗ് എപ്പോഴും പ്ലെയിൻ ആയിരിക്കുന്നതാണ് ഉചിതം. ഇളം നിറങ്ങൾ സ്ട്രസ് കുറയ്ക്കും. വെള്ള, ക്രീം, ഈ നിറങ്ങൾ സീലിംഗിന് വളരെ നല്ലതാണ്.

ഫോക്കൽ പോയിന്‍റഡ് ടെക്സ്ചർ

വ്യത്യസ്തമായ പാറ്റേണുകൾ ലഭിക്കണമെന്നുണ്ടെങ്കിൽ ഫോക്കൽ പോയിന്‍റഡ് ടെക്സ്ചർ പെയിന്‍റ് ഉപയോഗിക്കാവുന്നതാണ്. ടെക്സ്ചർ വലുതാക്കാം, വാൾപേപ്പറും ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ സവിശേഷത. ഇവിടെയും ഏതു കളർ കൂടുതൽ വരണമെന്നുള്ളത് വ്യക്‌തിപരമായി ചോയിസാണ്. ടെക്സചറിൽ 50-50 അനുപാതത്തിൽ നിറങ്ങൾ പ്രയോഗിക്കാം. വൈബ്രന്‍റ് കളർ പാറ്റേണുകൾ ആഗ്രഹിക്കുമ്പോൾ നിറങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധിച്ചു വേണം. ചെറിയ പ്രതലങ്ങളിൽ ടെക്സ്ചർ പെയിന്‍റ് നൽകാം. വൈബ്രന്‍റ് കളറിന്‍റെ തീവ്രത കുറയ്‌ക്കാൻ ഇതു സഹായിക്കും. ടെക്സ്ചർ പെയിന്‍റായാലും സാധാരണ പെയിന്‍റായാലും അതിനു മുന്നേ ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുകയോ പുട്ടി അടിക്കുകയോ ചെയ്തിരിക്കണം. 3-4 കോട്ടിംഗ് പെയിന്‍റ് വേണ്ടി വരും. ഒരു ലെയർ ഉണങ്ങിയ ശേഷം അടുത്ത കോട്ടിംഗ് അടിക്കുക. ഉണങ്ങും മുമ്പ് അടിച്ചാൽ ഭിത്തികളിൽ പാടുകൾ വീഴാനിടയുണ്ട്.

പ്ലാസ്റ്റിക് പെയിന്‍റ്

വീടുകൾക്ക് പ്ലാസ്റ്റിക് പെയിന്‍റാണ് നല്ലത്. അഴുക്കായാലും വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ പറ്റും. സാറ്റിൻ ഫിനിഷ് മുതൽ റോയൽ പെയിന്‍റ് വരെ ഈ കാറ്റഗറിയിൽ ലഭിക്കും.

അൽപം ശ്രദ്ധ

പെയിന്‍റ് ചെയ്യാൻ തുടങ്ങുന്ന വേളയിൽ അവയുടെ കണ്ടെയ്നറുകൾ നിങ്ങളുടെ സാന്നിദ്ധ്യത്തിൽ തുറക്കാൻ ശ്രമിക്കുക. പറഞ്ഞ പെയിന്‍റാണോ കൊണ്ടു വന്ന് അടിക്കുന്നതെന്ന് ശ്രദ്ധിക്കണം. വില കൂടിയ പെയിന്‍റിന്‍റെ പണം വാങ്ങുകയും നിലവാരം കുറഞ്ഞ പെയിന്‍റ് അടിക്കുകയും ചെയ്‌താൽ കാശ് നഷ്‌ടമാകും. പെയിന്‍റ് പെട്ടെന്ന് മങ്ങി നിറം പോവുകയും ചെയ്യും. പെയിന്‍റിംഗിന് ഏൽപ്പിച്ചതല്ലേ, അവർ ചെയ്യട്ടെ എന്ന അലംഭാവം പാടില്ല.

और कहानियां पढ़ने के लिए क्लिक करें...