സുനയനയ്ക്ക് 5 വയസ്സുള്ളപ്പോൾ തുടങ്ങി താനൊരു സുന്ദരിക്കുട്ടിയാണെന്ന കാര്യം അറിയാമായിരുന്നു. അച്‌ഛനും അമ്മയ്ക്കുമൊപ്പം എവിടെ പോയാലും പരിചയക്കാർ അവളെ കോരിയെടുത്ത് കൊഞ്ചിക്കുമായിരുന്നു.

“മോഹൻ, ഇവളൊരു സുന്ദരിക്കുട്ടിയാണല്ലോ,” അവർ അവളെ പ്രശംസകൾ കൊണ്ട് മൂടി.

സുനയനയെക്കുറിച്ചുള്ള പ്രശംസ കേട്ട് മാതാപിതാക്കൾ ഉള്ളാലെ സന്തോഷിച്ചു. പോകുന്നയിടത്തെല്ലാം മകളെ അണിയിച്ചൊരുക്കി കൊണ്ടു പോകാൻ അവർക്ക് ഉത്സാഹമായിരുന്നു.

ഒറ്റമകളായതു കൊണ്ട് അവർ മകളെ വാത്സല്യം കൊണ്ട് മൂടി. സുനയനയും ഇതെല്ലാം ആസ്വദിച്ചു. അവളെന്ത് ചോദിച്ചാലും അച്‌ഛനുമ്മമയും ഉടൻ തന്നെയത് സാധിച്ചു കൊടുക്കുന്നു.

മറ്റുള്ളവരെ ആകർഷിച്ച് തന്‍റെ ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള നല്ലൊരു ഉപകരണമാണ് തന്‍റെ സൗന്ദര്യമെന്ന ബോധം അവളുടെ മനസിൽ ചെറുപ്പം തൊട്ടെ രൂപപ്പെട്ടു തുടങ്ങി. ഒരു പുഞ്ചിരി മാത്രം മതി ആളുകളുടെ മനം മയക്കാൻ. അവരുടെ മുഖത്തുണ്ടാകുന്ന കൗതുകം കണ്ട് സുനയന ഉള്ളിൽ കൗശല ബുദ്ധിയോടെ ചിരിച്ചു.

സ്ക്കൂളിൽ പഠിക്കുമ്പോഴും സുനയനയ്‌ക്ക് ചുറ്റിലുമായി ആൺപിള്ളേരുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. അവളുടെ സ്ക്കൂൾ ബാഗ് ചുമക്കാൻ ധാരാളം പേർ മുന്നോട്ടു വന്നു.

ചിലർ അവൾക്ക് വീട്ടിൽ നിന്നും കൊണ്ടു വരുന്ന സ്പെഷ്യൽ വിഭവങ്ങൾ നൽകി അവളുടെ ഇഷ്‌ടം പിടിച്ചു പറ്റാൻ അവർ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.

അവളുടെ ഒരു കടാക്ഷത്തിനായി ഒരു പുഞ്ചിരിക്കായി അക്ഷമയോടെ അവൾക്ക് പിന്നാലെ നടക്കുന്ന ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു. ഇതെല്ലാമറിഞ്ഞ് പുറമെ ഒന്നും അറിയാത്തമട്ടിൽ സുനയന ഉള്ളിൽ ആഹ്ലാദിച്ചു കൊണ്ടിരുന്നു.

കോളേജിൽ എത്തിയതോടെ അവൾക്ക് ധാരാളം കൂട്ടുകാരികളെ കിട്ടി. ചിലർ അവൾക്ക് ഏറ്റവും അടുപ്പമുള്ളവരായി. എല്ലാവരും തന്നെ എന്തെങ്കിലും കുസൃതികൾ ഒപ്പിക്കാൻ മിടുക്കികളായിരുന്നു. അവളുടെ ഗാങിനെ നോട്ടി ഗേൾസ് എന്ന പേരിലാണ് മറ്റ് കുട്ടികൾ വിശേഷിപ്പിച്ചിരുന്നത്.

പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ഇന്ന് ആരെ പറ്റിക്കണമെന്ന ആലോചനയിൽ അവൾ മുഴുകി. ഈ കളിയിൽ അവർ എല്ലാവരും സന്തോഷിച്ചു. ചിലപ്പോൾ ശബ്‌ദം മാറ്റി ഏതെങ്കിലും ആൺകുട്ടികളെ ഫോൺ ചെയ്‌തു. അവരെ ഏതെങ്കിലും ഹോട്ടലിലോ പാർക്കിലോ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വിഡ്‌ഡികളാക്കി. ഇതെല്ലാം മറഞ്ഞിരുന്ന് കണ്ട് സുനയനയും കൂട്ടരും പൊട്ടിചിരിച്ചു.

ഒരു ദിവസം കോളേജിൽ സുന്ദരനായ ഒരു യുവാവെത്തി. മറ്റേതോ കോളേജിൽ നിന്നും ടിസി വാങ്ങി എത്തിയതായിരുന്നു അവൻ. അവൻ കോളേജ് കാമ്പസിൽ കാലുകുത്തിയതോടെ കോളേജിലാകെ ബഹളമായി. പെൺകുട്ടികൾക്കിടയിൽ മൊത്തത്തിൽ ഒരു ഉത്സാഹം നിറഞ്ഞു.

അവൻ ഇടനാഴയിലൂടെ കടന്നു പോകുമ്പോഴൊക്കെ അവർ അവനെ ഒളികണ്ണിട്ടു നോക്കി കൊണ്ടിരുന്നു. ചിലർ അവന്‍റെ സൗന്ദര്യത്തെപ്പറ്റി അടക്കം പറഞ്ഞു. അവന്‍റെ ഒരു കടാക്ഷത്തിനു വേണ്ടി സുന്ദരികളായ പെൺകുട്ടികൾ ആകാംക്ഷയോടെ കാത്തു നിന്നു.

എല്ലാവരും അവനെ പരിചയപ്പെടുന്നതിനായി ആകാംക്ഷയോടെ കാത്തു നിന്നു. സുനയനയ്‌ക്കും അവനെ ഇഷ്ടമായി. കോളേജ് ബ്യൂട്ടിയായ അവൾ അവനെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു.

അവന്‍റെ പേര് രോഹൻ ദിവാകർ എന്നായിരുന്നു. നഗരത്തിലെ ടെക്സ്റ്റൈൽ വ്യവസായിയായ ദിവാകരന്‍റെ മകനായിരുന്നു രോഹൻ. സ്വന്തം പജേറോ കാറിലായിരുന്നു അവൻ കോളേജിൽ എത്തിയിരുന്നത്.

ബ്രാൻഡഡ് ഷർട്ടും പാന്‍റുമണിഞ്ഞ് കോളേജിൽ വിലസി നടന്നിരുന്ന അവനെ ആൺകുട്ടികൾ തെല്ലൊരു അസ്വസ്ഥതയോടെയാണ് നോക്കിയിരുന്നത്. പഠിത്ത കാര്യത്തിൽ അവൻ ശരാശരിക്കുമേലായിരുന്നു.

ക്ലാസ് കട്ട് ചെയ്‌ത് കാന്‍റീനിലോ കാമ്പസ് മരച്ചുവട്ടിലോ പോയിരുന്ന് കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കലായിരുന്നു അവന്‍റെ പ്രധാന വിനോദം. സുനയന അവനെ ഗൂഢമായി പ്രണയിച്ചു. എന്നാൽ അവൾ കൂട്ടികാർക്ക് മുന്നിൽ അതൊന്നും പുറത്തു കാട്ടാതെ അവനെ നീരസഭാവത്തോടെ നോക്കി. അവനോട് താൽപര്യമില്ലാത്ത മട്ടിൽ അവൾ പെരുമാറി കൊണ്ടിരുന്നു.

കോളേജ് ബ്യൂട്ടിയായ തന്‍റെ സൗന്ദര്യത്തെപ്പോലും അയാൾ ഇതുവരെ ശ്രദ്ധിക്കുന്നില്ലല്ലോ എന്നോർത്തവൾ നിരാശ പൂണ്ടു. പക്ഷേ എന്തൊക്കെ വന്നാലും താൻ ഒരിക്കലും തുടക്കമിടില്ലെന്ന് അവൾ മനസിലുറപ്പിച്ചു. രോഹൻ പണത്തിന്‍റെ ഹുങ്കാണ് കാട്ടിയിരുന്നതെങ്കിൽ സുനയന സ്വന്തം സൗന്ദര്യത്തിന്‍റെ പേരിലാണ് ആഹ്ലാദിച്ചിരുന്നത്.

ഒരിക്കൽ കോളേജിൽ ഒരു ഫാഷൻ ഷോ സംഘടിപ്പിക്കുകയുണ്ടായി. ഫാഷൻ ഷോയിൽ സുനയനയും അവളുടെ കൂട്ടുകാരികളും പങ്കെടുത്തു. സുനയന ഏറ്റവും അവസാനമാണ് സ്റ്റേജിൽ കയറിയത്. തിളക്കമാർന്ന സർദോസി ഗാഗ്ര ചോളിയായിരുന്നു അവളുടെ വേഷം. നെറ്റിയിൽ അണിഞ്ഞ വലിയ നെറ്റിച്ചുട്ടി അവളെ കൂടുതൽ സുന്ദരിയാക്കി.

സ്റ്റേജിൽ മന്ദംമന്ദം നടന്നു വരുന്ന സുനയന നോക്കി ആൺകുട്ടികൾ വിസിലടിച്ചു. ഹാളിൽ കരഘോഷം മുഴങ്ങി. സ്റ്റേജിൽ അരക്കെട്ട് ഇളക്കി കൊണ്ട് മന്ദം മന്ദമായുള്ള നടപ്പിനിടെ കൂട്ടുകാർക്കിടയിൽ ഇരിക്കുന്ന രോഹനെ അവൾ ഒളികണ്ണിട്ടു നോക്കി. രോഹനും ഈ സമയം അവളെ സൂക്ഷിച്ചു നോക്കുകയായിരുന്നു. സുനയനയുടെ നെഞ്ച് സന്തോഷം കൊണ്ട് മിടിച്ചു. അവസാനം ഒട്ടകം പർവ്വതത്തിന് താഴെ വന്നു എന്നോർത്തവൾ മനസിൽ പുഞ്ചിരിച്ചു.

പരിപാടി അവസാനിച്ചു. വസ്ത്രമെല്ലാം മാറ്റി ഗ്രീൻറൂമിൽ നിന്നും പുറത്ത് വന്ന സുനയനെ നോക്കി രോഹൻ പുഞ്ചിരിച്ചു.

“കൺഗ്രാറ്റ്സ്,” രോഹൻ വളരെ സൗമ്യതയോടെ പറഞ്ഞു.

“നീ നന്നായി മോഡൽ ചെയ്‌തു. എന്‍റെ അച്‌ഛൻ ടെക്സ്സ്റ്റൈൽ ബിസിനസാണ് ഞങ്ങളുടെ മില്ലിൽ തയ്യാറാക്കുന്ന സാരിക്കുവേണ്ടി മോഡൽ ചെയ്യാൻ നീ തയ്യാറാണോ? ഞാൻ അച്‌ഛനുമായി സംസാരിക്കാം. നീ ചോദിക്കുന്ന പ്രതിഫലം തരാം.” രോഹന്‍റെ അഹങ്കാരം നിറഞ്ഞ ചോദ്യത്തെ അവൾ മന്ദഹാസത്തോടെ എതിരിട്ടു. അഹങ്കാരത്തിന്‍റെ കൊമ്പൊടിച്ച് അവൻ ഇനിയും താഴെ വരട്ടെയെന്ന് അവൾ ഉള്ളാലെ പ്രതീക്ഷിച്ചു.

അങ്ങനെ പതിയെ അവർക്കിടയിൽ സൗഹൃദം തളിർക്കാൻ തുടങ്ങി. രോഹന്‍റെ ഉയർന്ന ജീവിത സാഹചര്യം അവളെ വല്ലാതെ ആകർഷിച്ചു.

അവൾ അവനൊപ്പം വിലയേറിയ ആഡംബര കാറുകളിൽ സഞ്ചരിച്ചു. ഫൈവ് സ്‌റ്റാർ ഹോട്ടലുകളിൽ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഓരോ ദിവസവും ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടി അവർ ഓരോരോ പരിപാടികൾ തയ്യാറാക്കി. ചിലപ്പോൾ അവർ തീയറ്ററിൽ പോയി പുതിയ പടങ്ങൾ കണ്ടു. എല്ലാ ശനിയാഴ്ചയും അവർ പാർക്കിൽ പോയി മണിക്കൂറുകളോളം സംസാരിച്ചു.

ദിവസങ്ങൾ കടന്നുപോയി. പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചു സുനയനയുടെ ഓരോ കൂട്ടുകാരികളുടെയും കല്യാണം കഴിഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ആ ഗാങിൽ സുനയന മാത്രം അവശേഷിച്ചു.

കല്യാണം നടക്കും വരെയുള്ള സമയം ചെലവഴിക്കാനായി അവൾ ജോലി ചെയ്യാൻ നിർബന്ധിതയായി. അവൾ ജോലി മറൈൻഡ്രൈവിലുള്ള ഒരു ഹോട്ടലിൽ റിസപ്നിസ്‌റ്റായി ജോലിയിൽ പ്രവേശിച്ചു.

അവളുടെ മാതാപിതാക്കശഅ അവളെ വിവാഹത്തിനായി നിർബന്ധിച്ചു കൊണ്ടിരുന്നു.

“മോളെ ഇനി വൈകികൂടാ,” അമ്മ എപ്പോഴും സങ്കടപ്പെട്ടു കൊണ്ടിരുന്നു. നിനക്ക് 23 വയസാകാറായി. രോഹനെ വിശ്വസിച്ച് ഇരിക്കാനാണോ നിന്‍റെ പ്ലാൻ? അവൻ നല്ല പയ്യൻ തന്നെയാ. അവനെക്കാളിലും മികച്ച ഒരു പയ്യനെ കണ്ടെത്തുക പ്രയാസം തന്നെയാ. പക്ഷേ നീ എപ്പോഴെങ്കിലും അവനെ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടോ? അവന്‍റെ മനസിലെന്താണെന്ന് ആർക്കറിയാം? നിന്‍റെ പ്രായം കൂടി വരികയാണ്. നല്ല ആലോചനകൾ കിട്ടാൻ ബുദ്ധിമുട്ടാകും.”

“ഞങ്ങൾ നിന്‍റെ നല്ലതിനു വേണ്ടിയാ പറയുന്നത്” സുനയനയുടെ അച്‌ഛനും പറഞ്ഞു.

സുനയനയുടെ ജന്മദിനമായിരുന്നു അന്ന് ജന്മദിനം ആഘോഷിക്കാനായി രോഹൻ ആവളേയും കൂട്ടി നല്ലൊരു ഫൈവ്സ്റ്റാർ റസ്റ്റോറന്‍റിൽ പോയി ഭക്ഷണം കഴിച്ചു. ഒപ്പം നല്ലൊരു ഡിസൈനർ സാരിയും സമ്മാനിച്ചു. പിരിയാൻ നേരം സുനയന പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

“ഈ ട്രീറ്റിന് ഒരുപാട് നന്ദി. ഞാൻ ഇത് എന്നും ഓർമ്മിക്കും.”

“നിന്‍റെ അടുത്ത ജന്മദിനം ഇതിലും ഗംഭീരമായിട്ട് നമുക്ക് ആഘോഷിക്കണം.”

“അടുത്ത വർഷം നമ്മൾ എവിടെയായിരിക്കുമെന്ന് ആർക്കറിയാം” അവൾ നിരാശമട്ടിൽ പറഞ്ഞു.

“എന്താ” രോഹൻ അതിശയഭാവത്തിൽ സുനയനയെ നോക്കി

“നീ എവിടെയെങ്കിലും പോകുന്നുണ്ടോ?”

“ഉടൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അച്‌ഛനും അമ്മയും എന്നെ നിർബന്ധിക്കുകയാണ്.”

“നിന്‍റെ ആഗ്രഹം എന്താണ്?”

“രോഹൻ നിനക്കെന്‍റെ മനസ് അറിയാമല്ലേ.പിന്നെ എന്തിനാ ഈ ചോദ്യം കഴിഞ്ഞ 4 വർഷമായി നമ്മൾ നല്ല അടുപ്പത്തിലാണ്. ഇക്കാര്യം നമ്മുടെ എല്ലാ കൂട്ടുകാർക്കും അറിയാം. നീ ഇല്ലാതെ എനിക്ക് പറ്റില്ല രോഹൻ.” സുനയന നിസഹായതയോടെ പറഞ്ഞു.

“എനിക്കറിയാം.” രോഹൻ അവളുടെ കൈ മൃദുവായി തടവി കൊണ്ട് ചുംബിച്ചു.

“ഞാനും നിന്‍റെ വലിയ ഫാനാ. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.”

“പക്ഷേ ഈ പ്രണയത്തിന് ഒരുഫലം വേണ്ടേ?”

“എന്നുവച്ചാൽ”

“നമുക്ക് എന്നും ഇങ്ങനെ പ്രണയിച്ചു കൊണ്ടിരുന്നാൽ മതിയോ? വിവാഹം കഴിക്കേണ്ടേ?”

“ഛെ, വിവാഹമെന്നത് വലിയ ആന കാര്യമാണോ. എന്‍റെ അഭിപ്രായമനുസരിച്ച് പ്രണയിക്കുന്നവർക്ക് ഒരിക്കലും വിവാഹം കഴിക്കാനാവില്ലായെന്നാണ്. എന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും കാര്യമെടുക്കാം. അവർ പ്രണയവിവാഹിതരായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്താ… ഒരു വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ കഴിയുന്നു. അവർ തമ്മിൽ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. രണ്ട് പേർക്കും രണ്ട് വഴി? എനിക്ക് അതു കൊണ്ട് വിവാഹമെന്ന പ്രസ്‌ഥാനത്തോട് ഒട്ടും വിശ്വാസമില്ല. ഓൾഡ് ഫാഷനാണത്.”

“ഇഷ്‌ടപ്പെട്ടവർ ഒന്നിച്ച് താമസിക്കുന്നതിൽ തെറ്റില്ല. അതിനെ വിവാഹത്തിൽ തളച്ചിടാൻ താൽപര്യമില്ല. പരസ്പരം മടുക്കുമ്പോൾ വേർപിരിയുക… സിംപിൾ” രോഹൻ നിസാരമട്ടിൽ പറഞ്ഞു.

“കുട്ടികൾ ഉണ്ടായാലോ?”

“അത് വേറെ കാര്യം. കുട്ടികൾക്കു വേണ്ടി വിവാഹം ചെയ്യേണ്ടി വരും.”

സുനയന ആകെ ആശയകുഴപ്പത്തിലായി. തലയിൽ ഭാരമേറുന്നതുപോലെ.

“നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് രണ്ടുപേർക്കും നാളെ തന്നെ ഒരുമിച്ച് താമസിക്കാം. എനിക്ക് സ്വന്തമായി ഒരു ഫളാറ്റുണ്ട്. നമുക്കവിടെ താമസിക്കാം.”

“വേണ്ട” സുനയന പെട്ടെന്ന് മറുപടി പറഞ്ഞു.“എന്‍റെ അച്‌ഛനും അമ്മയും പഴയ ആൾക്കാരാ, അവർ ഒരിക്കലും സമ്മതിക്കില്ല.”

“എങ്കിൽ ഒരു ചോയിസേ ഉള്ളൂ.”

“എന്താ അത്?”

നമുക്ക് ഒന്ന് രണ്ട് വർഷത്തേക്ക് കോൺട്രാക്‌റ്റ് മാരേജ് ചെയ്‌താലോ. അതിനു ശേഷം നമ്മുടെ ബന്ധം നല്ല രീതിയിലാണെങ്കിൽ കോൺട്രാക്റ്റ് നീട്ടാം ഇല്ലെങ്കിൽ വേർപിരിയാം.”

“വേണ്ട” സുനയനയുടെ കണ്ണുകൾ നിറഞ്ഞു.

“എനിക്കത് ഇഷ്‌ടമല്ല. അങ്ങനെയായാൽ ഒരു കാൾഗേളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാ. ഇന്ന് ഒരാൾക്കൊപ്പം നാളെ മറ്റൊരാൾക്കൊപ്പം.”

സുനയനയുടെ ഹൃദയം പിടഞ്ഞു നുറുങ്ങി. അവൾ ഏറെ പ്രതീക്ഷയോടെയാണ് രോഹനെ കാണാൻ വന്നത്. പക്ഷേ അത് വലിയൊരു വേദനയായി അവളുടെ മനസിനെ കാർന്നു തിന്നു.

കാറിൽ മടങ്ങുമ്പോൾ ഏറെ നേരം നിശ്ശബ്ദയായിരുന്ന സുനയന പറഞ്ഞു “രോഹൻ നിന്‍റെ കാഴ്ചപ്പാടിനോട് യോജിക്കാൻ എനിക്കാവില്ല. നിനക്കെന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ല. നിന്‍റെ തീരുമാനത്തിനോട് യോജിക്കാനും ആവില്ല. ഇനി നമ്മൾ എന്ത് ചെയ്യും?” രോഹൻ അവളെ ചേർത്തു പിടിച്ചു

“നീ വിഷമിക്കണ്ട. നിനക്കെന്നെ വിശ്വാസമില്ലേ? നമ്മൾ എത്രമാത്രം അടുത്തു. നമ്മൾ ഇങ്ങനെയങ്ങ് പോകുന്നതാ നല്ലത്.”

“രോഹൻ, നിനക്കത് ഈസിയായി പറയാം. പക്ഷേ എനിക്ക് വിവാഹപ്രായമെത്തിയെന്ന കാര്യം മറക്കരുത്. നിനക്ക് നഷ്‌ടപ്പെടാൻ എന്താണ് ഉള്ളത്. ഇതൊക്കെ നിനക്ക് നിസാരമല്ലേ. പക്ഷേ ഞങ്ങൾ സ്ത്രീകൾക്ക് അതത്ര ഈസിയല്ല. പേരുദോഷം കിട്ടാൻ അധിക സമയം വേണ്ടി വരില്ല.”

അന്ന് രാത്രി മുഴുവനും സുനയന കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് സ്വന്തം ഭാവി ഇരുട്ടിലായതു പോലെ തോന്നി. താൻ ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു പോയതു പോലെ അവൾക്ക് തോന്നി. അയാൾക്കൊപ്പമുള്ള ഒരു കുടുംബജീവിതമായിരുന്നു അവളുടെ മനസിൽ മുഴുവനും. പക്ഷേ ഒരൊറ്റവെട്ടിൽ അയാൾ ആ സ്വപ്നം തകർത്ത് ഛിന്നഭിന്നമാക്കി. ഇനിയെന്ത് ചെയ്യും?

രാവിലെ അമ്മ പതിവുപോലെ വിവാഹ കാര്യം എടുത്തിട്ടു. സുനയനയുടെ കരഞ്ഞുവീർത്ത മുഖം കണ്ട് അമ്മ കാര്യം ഊഹിച്ചെടുത്തു, മൗനം പാലിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് രോഹന്‍റെ ഫോൺ വന്നു, “നാളെ എന്തെങ്കിലും പരിപാടിയുണ്ടോ? ഞാൻ ബിസിനസ് സംബന്ധിച്ച് ദുബായിൽ പോവുകയാണ്. അതിനു മുമ്പ് നിന്നെ കാണനൊരു ആഗ്രഹം.”

“നാളെ ഞാൻ ഫ്രീയല്ല. എനിക്ക് ഡ്യൂട്ടിക്ക് പോകണം.”

“മൂന്നാഴ്ചത്തേക്ക് പോവുകയാ. ഇത്രയും ദിവസം നിന്നെ കാണാതെ ഞാനെങ്ങനെ ഇരിക്കും?”

സുനയനയുടെ മനസ്സലിഞ്ഞുവെങ്കിലും പെട്ടെന്നവൾ സ്വയം നിയന്ത്രിച്ചു.

“നിന്‍റെ ഡ്യൂട്ടി എപ്പോഴാ അവസാനിക്കുക?”

“രാത്രി 2 മണിക്ക്”

സുനയന നോ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ രോഹൻ പറഞ്ഞു.

“ഞാൻ നിന്നെ വിളിക്കാൻ വരാം. പുറത്ത് ഞാൻ കാത്തു നിൽപ്പുണ്ടാകും.” സുനയന ഒന്നും പറയാതെ ഫോൺ താഴെ വച്ചു.

“അങ്ങനെയൊന്നുമില്ല,” സുനയന വ്യക്‌തിമാക്കി. “ഇന്ന് വല്ലാത്ത ക്ഷീണം. എനിക്ക് വീട്ടിലെത്തണം.

“നമുക്കിന്ന് കുറച്ച് നേരം എന്‍റെ ഫളാറ്റിൽ സ്പെൻഡ് ചെയ്യാം.”

ഫളാറ്റിലെത്തിയ രോഹൻ സോഫയിലേക്ക് വീണു, എന്നിട്ട് സുനയനയെ പിടിച്ച് വലിച്ച് മടിയിൽ ഇരുത്തി. അയാൾ അവളെ ഇറുകെ പുണർന്നു. “നിനക്ക് സമ്മതമാണെങ്കിൽ ഇത് നമ്മുടെ വീടാക്കാം. ലവ്നെസ്റ്റ് നമുക്കിവിടെ ഒരു ആൺപ്രാവായും പെൺപ്രാവായും ജീവിക്കാം.”

സുനയന അയാളുടെ കയ്യിൽ നിന്നും സ്വയം മോചിതയാകാൻ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും രോഹൻ അവളെ ഇറുകെ പുണരാൻ തുടങ്ങി.

“നിനക്ക് എന്‍റെയൊപ്പം ദുബായിൽ വന്നുകൂടെ…. അവിടെ നമുക്ക് ഹണിമൂൺ ആഘോഷിക്കാം.”

“വിവാഹം കഴിക്കാതെ ഹണിമൂണോ?”

“വീണ്ടും… വിവാഹം… നിനക്ക് ആ വിചാരമേയുള്ളോ? ഞാനത് കേട്ട് മടുത്തു.”

“രോഹൻ നിന്നോട് ഞാൻ കാര്യങ്ങൾ പറഞ്ഞതാണല്ലോ. ഞാനൊരു മിഡിൽ ക്ലാസ് കുടുംബത്തിലെ പെൺകുട്ടിയാണ് എനിക്ക് എന്‍റേതായ ചില കാഴ്ചപ്പാടുകളുണ്ട്. ആ കാഴ്ചപ്പാടിൽ നിന്നും വിട്ട് ഞാനൊന്നും ചെയ്യില്ല.”

“ഓഹോ… അപ്പോൾ നിനക്ക് എന്നേക്കാൾ മറ്റുള്ളവരെയാ ഇഷ്‌ടം അല്ലേ.”

“അത് നിന്‍റെ തെറ്റിദ്ധാരണയാണ്. നിനക്കറിയാം…. ഞാൻ നിന്നെ എന്‍റെ ജീവനായി കണ്ടാണ് സ്നേഹിച്ചത്.

“സത്യമാണോ?”

“പറഞ്ഞല്ലോ. ഞാനെങ്ങനെ നിന്നെ വിശ്വസിപ്പിക്കും. വേണമെങ്കിൽ ഞാൻ എന്‍റെ ഹൃദയം തുറന്ന് കാണിക്കാം. അതുമല്ലെങ്കിൽ ഇത്രയും ഉയരത്തിലുള്ള നിന്‍റെ ഫളാറ്റിൽ നിന്ന് താഴേക്ക് ചാടാം.”

“നോ… നീ ജീവൻ വെടിഞ്ഞാൽ പിന്നെ ഞാനെന്ത് ചെയ്യും?”

“നീ എന്‍റെ ശരീരത്തെയല്ലേ ആഗ്രഹിക്കുന്നത്? ഇന്ന് നിന്‍റെ ആഗ്രഹം സാധിച്ചു തരാം.”

“അയ്യോ…” രോഹൻ കുടിലമായ ചിരിചിരിച്ചു.

“ഒരു സ്ത്രീയുടെ ത്യാഗമാണത്. അവളുടെ വിശുദ്ധിയാണ് അവളുടെ ഏറ്റവും വലിയ സ്വത്ത്. വിവാഹശേഷം അവളത് സ്വന്തം ഭർത്താവിന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. അത് വിവാഹിതരായ രണ്ട് പേർക്കിടയിലെ പ്രണയമാണ്. പക്ഷേ ഇന്ന് ഞാൻ എന്‍റെ ആദർശങ്ങളെ മറക്കുകയാണ് ഒരു താലി പോലുമില്ലാതെ ഞാൻ നിനക്ക് കീഴടങ്ങാം.”

സുനയനയുടെ ഭാവമാറ്റം കണ്ട് രോഹൻ ഒരു നിമിഷം പകച്ചു നിന്നു.

“സുനയന നീ എന്താണ് പറയുന്നത്?”

“എന്‍റെ തീരുമാനമാണിത്. വാ, നിന്‍റെ ബെഡ്റൂം എവിടെയാണ്. അങ്ങോട് പോകാം.” എന്നു പറഞ്ഞു കൊണ്ട് സുനയന എഴുന്നേറ്റു നിന്നു അയാളുടെ കൈപിടിച്ചു.

“സുനയന ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ സെക്‌സിനു വേണ്ടി കൊതിച്ച നടക്കുന്ന ആളല്ല. അക്കാര്യത്തിന് ഞാനൊന്ന് വിരൽ ഞൊടിച്ചാൽ മതി ധാരാളം പേരെ കിട്ടും. പക്ഷേ നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം.”

“എന്താണ് ചെയ്യേണ്ടത്?” സുനയന നിസ്സംഗതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“പറയുന്നത് ചെയ്യാമോ?”

“പറഞ്ഞ് നോക്കൂ.”

“ങ്ഹും ഞാൻ ഒന്ന് ആലോചിക്കട്ടെ. ങ്ഹാ… നീ എന്‍റെ കൂട്ടുകാരനൊപ്പം ഒരു രാത്രി ചെലവഴിക്കാമോ?”

അയാളുടെ ആവശ്യമറിഞ്ഞ് സുനയന ഒരു നിമിഷം സ്തംഭിച്ചു നിന്നു. അവൾക്ക് അന്ന് ആദ്യമായി അയാളോട് വെറുപ്പു തോന്നി.

“രോഹൻ ഇതെന്ത് തമാശയാ?” അവൾ നിസ്സഹായതയോടെ ചോദിച്ചു.

“തമാശയല്ല കുട്ടി സീരിയസാണ്.”

“പക്ഷേ ഈ ഡിമാന്‍റ് വിചിത്രമാണല്ലോ. ഞാൻ നിന്‍റെ ഗേൾഫ്രണ്ടല്ലേ. ആ നീ തന്നെ എന്നെ… നിനക്കതിൽ ഒരു കുറ്റബോധവും തോന്നുന്നില്ലേ?”

“ഇല്ല, കാരണം എന്‍റെ സമ്മതത്തോടെയാണ് ഇത്.”

“അതിനുശേഷം നീയെന്നെ സ്വീകരിക്കുമോ?”

“തീർച്ചയായും.”

സുനയനയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. താൻ ഇത്രയും നാൾ ഒഴുക്കിയ സ്നേഹത്തിന് പകരം കിട്ടിയ പ്രതിഫലമോർത്ത് അവൾക്ക് അപ്പോൾ ചിരിക്കാനാണ് തോന്നിയത്.

“ഏയ് കമോൺ സുനയന. ഈ കാലത്തല്ലേ ജീവിക്കുന്നത്. ഇക്കാലത്ത് ചാരിത്യ്രം, പവിത്രത എന്നൊക്കെ ചിന്തിക്കുന്നത് ചീപ്പ് കാര്യങ്ങളാ… നമ്മൾ കാലത്തിനൊത്ത് സഞ്ചരിക്കണം.” രോഹൻ പൊട്ടിചിരിച്ചു. ആ ചിരിയിലെ അർത്ഥം ശൂന്യതയിൽ അവൾ സ്വയം ഇല്ലാതാകാൻ മോഹിച്ചു. എങ്കിലും അവൾ രണ്ടും കൽപിച്ചു ചോദിച്ചു.

“ഓകെ… നീ കൂട്ടുകാരന്‍റെ പേര് പറയൂ.”

“ഓഹോ…” അയാൾ അതിശയഭാവം നടിച്ചു കൊണ്ട് അവളെ നോക്കി.

“അവന്‍റെ പേര് മോഹിത്. നിനക്കവനെ അറിയാം. നമ്മുടെ കോളേജിലാ അവൻ പഠിച്ചത്. മറൈൻഡ്രൈവിലാ അവൻ താമസിക്കുന്നത്. ഇൻകംടാക്സ് ഡിപ്പാർട്ടുമെന്‍റിലാ ജോലി. അടുത്തയാഴ്ച അവന്‍റെ ബർത്ത്ഡേയാണ്. അവനുള്ള എന്‍റെ ബർത്ത്ഡേ ഗിഫ്റ്റായി നിനക്ക് പോകാൻ പറ്റുമോ.”

“ഗിഫ്‌റ്റ്?” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാനും ജീവനില്ലാത്ത ഒരു വസ്‌തുവും തമ്മിൽ നിനക്കൊരു വ്യത്യാസവും തോന്നുന്നില്ലേ. എന്‍റെ മുന്നിൽ നീയെത്ര ചെറുതായി… ഐ പിറ്റി യൂ… എന്നെ ഇങ്ങനെ പരീക്ഷിക്കരുത്.” എന്നു പറഞ്ഞു കൊണ്ട് സുനയന പൊട്ടിക്കരഞ്ഞുവെങ്കിലും അയാളുടെ മനസ്സിനെയത് ഒട്ടും സ്പർശിച്ചതേയില്ല.

തകർന്ന മനസ്സോടെ വീട്ടിലെത്തിയ സുനയന മുറിയിൽ വാതിലടച്ചിരുന്ന് ഏറെ നേരം കരഞ്ഞു. അയാൾ തന്നെ ധർമ്മ സങ്കടത്തിലകപ്പെടുത്തിയതോർത്ത് അവൾക്ക് ശ്വാസം മുട്ടി. രോഹൻ പറയുന്നത് അനുസരിക്കണോ? അവൾക്ക് രോഹനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വിവാഹമെന്നത് രണ്ട്പേർ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ്. ഇപ്പോൾ രോഹൻ ഒരു സൗഹൃദത്തിന്‍റെ പേരിലാണ് തന്നെ കൈകളിൽ ചേർത്തു നിർത്തുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്‌തശേഷം കൂട്ടുകാരനൊപ്പം സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടാലോ? അപ്പോൾ എന്ത് ചെയ്യും?

അവൾ ഓരോന്ന് ആലോചിച്ച് മറൈൻ ഡ്രൈവിൽ നിൽക്കവെ ഒരു കാർ അവൾക്കരികിൽ വന്ന് നിന്നു.

“ഹായ് സുനയന?” നീ ഇവിടെ?” മോഹിത് കാറിൽ നിന്നും പുറത്തേക്ക് തല നീട്ടികൊണ്ട് അദ്ഭുതത്തോടെ ചോദിച്ചു.

“ഇവിടെ ഒരാവശ്യത്തിന് വന്നതാ. പെട്ടെന്ന് മഴ തുടങ്ങി. ഒറ്റ ഓട്ടോപോലും കാണുന്നില്ല.”

“എങ്കിൽ പന്നെന്തിനാ നനയുന്നത്? എന്‍റെ വീട് ഇവിടെ അടുത്താണ്. വീട്ടിൽ കുറച്ചുനേരം ഇരിക്കാം. മഴ മാറിയിട്ട് പോയാൽ മതി.” മോഹിത് വിടർന്ന ചിരിയോടെ അവളെ സ്വാഗതം ചെയ്‌തു.

മോഹിതിനൊപ്പം വീട്ടിൽ ചെന്ന സുനയനയെ അയാളുടെ അമ്മ സ്വാഗതം ചെയ്‌തു. സ്വീകരണ മുറിയിൽ അടുത്തിരുത്തി മോഹിതിന്‍റെ അമ്മ അവളോട് കുശലാന്വേഷണം നടത്തി. അതിനു ശേഷം അവൾ അടുക്കളയിൽ പോയി അവർക്ക് രണ്ടുപേർക്കുമായി ചായയും പലഹാരവുമായെത്തി.

“ആന്‍റി, ഒന്നും വേണ്ടായിരുന്നു?” സുനയന തെല്ലൊരു ജാള്യതയോടെ പറഞ്ഞു.

“മോള് ആദ്യമായി വരികയല്ലേ… എന്തെങ്കിലും കഴിക്കണം.” മോഹിതിന്‍റെ അമ്മയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് അവർ തന്‍റെ ആരെല്ലാമോ ആയപോലെ അവൾക്ക് തോന്നി.

“എന്‍റെ അമ്മ ഉഗ്രൻ പാചകക്കാരിയാ.” മോഹിത് അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് കൊഞ്ചി.

“ങ്ഹാ, ഈ സാറ്റർഡേ എന്‍റെ ബർത്ത്ഡേയാ, സുനയന നീ തീർച്ചയായും വരണം.” മോഹിത് അവളെ മുൻക്കൂട്ടി ക്ഷണിച്ചു.

“വരാമല്ലോ,” സുനയന പാതിമനസ്സോടെ പറഞ്ഞു.

“മോഹിത് ഇനി ഞാൻ പോകട്ടെ,” സുനയന മോഹിതിനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. അപ്പോഴേക്കും മഴ തോർന്ന് അന്തരീക്ഷം തെളിഞ്ഞിരുന്നു.

ബർത്ത്ഡേ ദിവസം മോഹിതിന്‍റെ അമ്മ വിഭവസമൃദ്ധമായ സദ്യ തന്നെയൊരുക്കി. അവർ പലഹാരങ്ങളും ഭക്ഷണവുമെല്ലാം തീൻമേശയിൽ സജ്‌ജീകരിച്ച് വച്ചശേഷം മോഹിതിനോടും കൂട്ടുകാരോടുമായി പറഞ്ഞു.

“ഇനി നിങ്ങൾ കുട്ടികൾ എൻജോയ് ചെയ്യുക.”

മോഹിതിന്‍റെ കൂട്ടുകാരെല്ലാവരും ചേർന്ന് പാട്ടുപാടിയും ഡാൻസ് ചെയ്‌തും മോഹിതിന്‍റെ ബർത്ത്ഡേ ആഘോഷത്തിന് തുടക്കമിട്ടു.

“ഇന്ന് ഞാനെന്‍റെ ഫേവറൈറ്റ് ഫ്രണ്ടിനെ മിസ് ചെയ്യുന്നു. ങ്ഹാ, അവനെനിക്ക് ഒരു ഗിഫ്റ്റ് അയക്കുമെന്ന് പറഞ്ഞിരുന്നു. ഒരു സർപ്രൈസ് ഗിഫ്‌റ്റ്.”

മോഹിത് പറയുന്നത് കേട്ട് സുനയനയുടെ മുഖം വിളറി വെളുത്തു.

“അവൻ മറന്നു പോയെന്നാ തോന്നുന്നത്. ആ കള്ളൻ വരട്ടെ. അവന്‍റെ കയ്യിൽ നിന്നും ഗിഫ്റ്റ് മേടിച്ചിട്ടേയുള്ളൂ ബാക്കി കാര്യം.” മോഹിത് ആവേശത്തോടെ പറഞ്ഞു.

ഒരു ദിവസം മോഹിത് സുനയനയെ കാണാൻ ഹോട്ടലിലെത്തി. അവർ ഒരുമിച്ചിരുന്ന് ചായ കുടിച്ചു. സുനയനയുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ അവർ രണ്ടുപേരും കൂടി മറൈൻ ഡ്രൈവിലൂടെ ഓരോരോ വിശേഷങ്ങൾ പങ്കുവച്ച് നടന്നു. ഒരു മരത്തണലിലിരുന്ന് അവർ കുറേ സംസാരിച്ചു. സംസാരത്തിനിടെ മോഹിത് അവളെ കോളേജ് കാലം തുടങ്ങി സ്നേഹിച്ചിരുന്ന കാര്യമറിയിച്ചു.

“ഇന്നും എനിക്ക് ആ ദിവസം ഓർമ്മയുണ്ട്. നീ റാമ്പ് ഷോ ചെയ്‌ത ദിവസം. ഞങ്ങൾ 4 കൂട്ടുകാരാണ് നിന്നെ മോഹിച്ചിരുന്നത്. പക്ഷേ രോഹൻ പറഞ്ഞു, “ഇവൾ എനിക്കുള്ളതാണ്.” അതോടെ ഞങ്ങൾ പിന്മാറി. കാരണം അവനെ എതിരിടുകയെന്നത് അത്രയെളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.”

സുനയന മൃദുവായി പുഞ്ചിരിച്ചു.

രോഹന്‍റെ പ്രണയ കുരുക്കിൽപ്പെട്ട് താൻ ഇരുട്ടിൽ തപ്പുകയാണെന്ന കാര്യം മോഹിതിനോട് തുറന്നു പറയാൻ അവളാഗ്രഹിച്ചുവെങ്കിലും ഒന്നും പറയാതെ നിശബ്ദയായിരുന്നു.

ദുബായിൽ നിന്നും 3-4 തവണ രോഹന്‍റെ ഇ-മെയിൽ വന്നു.

തനിക്കിവടെ 3 മാസം കൂടി തങ്ങേണ്ടി വരുമെന്നായിരുന്നു രോഹന്‍റെ ഒരു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

അയാൾ ദുബായിൽ നിന്നും മടങ്ങിയെത്തിയ ശേഷം സുനയനയ്‌ക്ക് ഫോൺ ചെയ്‌തു.

“നമ്മൾ എന്നാ കാണുക? എനിക്ക് നിന്നെ കാണാഞ്ഞിട്ട് വയ്യാ? ഈ സൺഡേ ഫ്രീയല്ലേ?”

“അല്ല സൺഡേ ഫ്രീയല്ല.”

“എന്താ കാര്യം?”

“അന്നെന്‍റെ വിവാഹനിശ്ചയമാണ്.”

“എന്ത്?” രോഹൻ ഒരു നിമിഷം സ്തബ്ധനായി നിന്നു” നീയെന്താ പറയുന്നത്. നീ എന്‍റേതാണ്. നീ മറ്റൊരാളുടേത് ആകാൻ ഞാൻ സമ്മതിക്കില്ല,” അയാൾ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷേ, രോഹൻ നിനക്ക് എന്നെ സ്വന്തമാക്കാൻ ആഗ്രഹമില്ലല്ലോ.” നീയുമായി എന്‍റെ വിവാഹം നടക്കുകയില്ലെന്ന് മനസ്സിലായതോടെ അച്‌ഛനും അമ്മയും എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. ഞാനും സമ്മതിച്ചു.”

“ആരാണ് അയാൾ?”

“ഒരു പുരുഷൻ. അതൊക്കെ അറിഞ്ഞിട്ട് എന്ത് വേണം?” അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

“അങ്ങനെയൊരിക്കലും സംഭവിക്കരുത്. ഞാൻ ഇപ്പോൾ തന്നെ നിന്നെ കാണാൻ ഓഫീസിലെത്താം. ”

“പക്ഷേ രോഹൻ, ഹോട്ടലിലെ ജോലി ഞാൻ ഉക്ഷേിച്ചു.”

“പിന്നെ വീട്ടിലോ?”

“ഇല്ല ഞാനെവിടെയാണെന്ന് നിന്നോട് പറയില്ല. നീ അവിടെ വന്ന് പ്രശ്നമുണ്ടാക്കുമെന്ന് എനിക്കറിയാം. ഇനി ഒരിക്കലും എന്നെ വിളിക്കുകയോ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്. ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല.” എന്നു പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്‌തു.

അൽപസമയം കഴിഞ്ഞ് മോഹിതിന്‍റെ ഫോൺ മുഴങ്ങി.

“എടാ ഞാനാ രോഹൻ.”

“പറയടാ എന്താവിശേഷം? നീ എന്നാ ദുബായിൽ നിന്നും വന്നത്?”

“ഇന്നലെയെത്തി, ങ്ഹാ, നിന്‍റെ ബർത്ത്ഡേയ്ക്ക് വരാൻ പറ്റിയില്ല.”

“ബർത്ത്ഡേ ഗ്രാന്‍റ് ആയിരുന്നു. പക്ഷ നീ കൂടി വേണമായിരുന്നു.” മോഹിത് ആവേശത്തോടെ പറഞ്ഞു.

“ഞാൻ അയച്ച ഗിഫ്റ്റ് എങ്ങനെയുണ്ടായിരുന്നു?”

“ഗിഫ്റ്റോ? ഉഗ്രൻ ഗിഫ്റ്റായിരുന്നുവത്. എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു.”

“സത്യമാണോ? അതുല്യമായ സമ്മാനമാണത്?”

“അതെ, എനിക്ക് ഒരു മിനിറ്റ് പോലും അതിനെ മാറ്റിവയ്‌ക്കാൻ തോന്നില്ല.”

“നീ എന്താ പറയുന്നത്?”

“സത്യമാണ് പറയുന്നത്. ഇത്രയും മനോഹരമായ റിസ്‌റ്റ് വാച്ച് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.”

“ഓ…” രോഹൻ പൊട്ടിചിരിച്ചു.

“ഞാൻ മറ്റെന്തോ വിചാരിച്ചു.

“നീയെന്താ വിചാരിച്ചത്?”

“അത് കള”

“എങ്ങനെയുണ്ട് ദുബായ്?”

“ഓ… ദുബായ് ബോറിങാ എന്നാൽ അവിടുത്തെ പെണ്ണുങ്ങൾ… ഒന്നിനൊന്ന് മെച്ചം . ഇവിടുത്തെ പെമ്പിള്ളേർ അതിന്‍റെ ഏഴയലത്ത് വരില്ല.”

“ആണോ…”

“ങ്ഹാ… ഞാനൊരുണ്ണത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവൾ ഇവിടെ വരും. നീ അറിഞ്ഞോ, സുനയന കല്യാണം കഴിക്കാൻ പോകുവാണ്?”

“ആണോ, നീ അവളുമായി നല്ല അടുപ്പത്തിലായിരുന്നില്ലേ?”

“അതൊക്കെ അവസാനിച്ചു. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് അവളെന്‍റെ പിറകെ നടക്കുകയായിരുന്നു. അപ്പോഴെ അവളെ ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. നിനക്കറിയാമല്ലോ ഐ ജസ്‌റ്റ് ലവ് ഫൺ. അല്ലാതെ കല്യാണം കഴിച്ച് കെട്ടിയിട്ട് ജീവിക്കാൻ എനിക്കിഷ്ടമല്ല. ഒരു സുനയന പോയാലെന്ത്? ഈ കുളത്തിൽ ഇനിയും മത്സ്യങ്ങളുണ്ടല്ലോ. അവള് പോകട്ടെ…ങ്ഹാ…. ഈ സൺഡേ നിന്‍റെ പ്ലാനെന്താ, നമുക്കൊന്ന് കൂടിയാല്ലോ?”

“ഈ സണഡേ ഞാൻ ഫ്രിയല്ലല്ലോ.”

“എന്താ കാര്യം?”

“അന്ന് എന്‍റെ എൻഗേജ്മെന്‍റാണ്”

“എൻഗേജ്മെന്‍റോ? ഇതെന്താ ആരെ വിളിച്ചാലും ഈയൊരു കാര്യം കേൾക്കാനേയുള്ളൂ. ഇതെന്താ ഇങ്ങനെ? ഏതാ പെണ്ണ്?”

“ഉണ്ട്… ഒരു സുന്ദരി.”

“ഇനി… സുനയന മറ്റോ ആണോ?” രോഹൻ സംശയത്തോടെ ചോദിച്ചു.

“അതെ അവൾ തന്നെ”

ഫോണിന്‍റെ മറുതലയ്‌ക്കൽ കനത്ത നിശ്ശബ്‌ദത… ഒടുക്കം രോഹൻ ഉച്ചത്തിൽ മോഹിതിനെ തെറി വിളിച്ച ശേഷം ഫോണ ശബ്ദത്തോടെ കട്ട് ചെയ്‌തു. മോഹിത് പുഞ്ചിരിച്ചു.

और कहानियां पढ़ने के लिए क्लिक करें...