വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്, അതും പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

ഇഞ്ചിക്കറിയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറും. തൊട്ടുകൂട്ടാൻ ഇഞ്ചിക്കറി ഇല്ലെങ്കിൽ അത് ഒരു കുറവു തന്നെയാണ്.

രുചിയിൽ മാത്രമല്ല ഗുണത്തിലും കേമൻ തന്നെ ഇഞ്ചി.

ചേരുവകൾ

ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കപ്പ്

പച്ചമുളക് 3 എണ്ണം

കറിവേപ്പില ഒരു തണ്ട്

പുളി ഒരു നാരങ്ങാ വലിപ്പത്തിൽ

മുളകുപൊടി അര ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി ഒരു നുള്ള്

കായം ഒരു നുള്ള്

ശർക്കര പൊടിച്ചത് ഒന്നര ടേബിൾ സ്പൂൺ

വെളിച്ചെണ്ണ രണ്ടര ടേബിൾ സ്പൂൺ

കടുക് അര ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. പുളി ഒന്നര കപ്പ് ചൂട് വെള്ളത്തിൽ ഇട്ട് വയ്ക്കാം. പുളിക്കകത്തെ കുരു നീക്കണം.

ഒരു ചീനച്ചട്ടിയിൽ രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

ശേഷം അരിഞ്ഞുവച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില അൽപം ഉപ്പ് എന്നിവയിട്ട് മീഡിയം തീയിൽ വഴറ്റുക.

ഇഞ്ചി ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായം എന്നിവയിട്ട് ഇളക്കുക.

പുളി പിഴിഞ്ഞ വെള്ളം അതിലേക്ക് ചേർത്ത് മീഡിയം തീയിൽ ഇളക്കി കുറുകി വരും വരെ പാകം ചെയ്യുക.

തുടർന്ന് ശർക്കര ചേർത്ത് ഇളക്കുക. ഇനി ഗ്യാസിൽ നിന്നിറക്കി തണുപ്പിക്കുക.

രുചിയിൽ കേമനായ ഇഞ്ചി ഏറെ കാലം വരെ കേട് കൂടാതെ കുപ്പിയിൽ സൂക്ഷിച്ച് വയ്ക്കാം.

और कहानियां पढ़ने के लिए क्लिक करें...