ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്. പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!
പരമ്പരാഗത കറി വിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ മസാല, ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ചെമ്മീൻ അരകിലോ വൃത്തിയാക്കിയത്
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ (ആവശ്യമെങ്കിൽ എരിവ് കൂട്ടാം)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചെമ്മീൻ മസാലയ്ക്ക്
സവാള മീഡിയം സൈസ് നേർത്ത തായി അരിഞ്ഞത്
ചെറിയ ഉള്ളി 10-15 എണ്ണം അരിഞ്ഞത്
ജീരകം അര ടീസ്പൂൺ
തക്കാളി ഒന്ന് ചെറുതായി അരിഞ്ഞത്
മുളകുപൊടി ഒരു ടീസ്പൂൺ
ഉപ്പ്/എണ്ണ ആവശ്യത്തിന്
അരയ്ക്കാൻ
തേങ്ങ ചിരകിയത് അര കപ്പ്
പച്ചമുളക് 6-7 എണ്ണം നെടുകെ മുറിച്ചത്
ഇഞ്ചി ചെറിയ കഷണം നുറുക്കിയത്
കുരുമുളക് അര ടീസ്പൂൺ
വെളുത്തുള്ളി 4 അല്ലി
മല്ലി ഒരു ടീസ്പൂൺ
വറ്റൽ മുളക് 2-3 എണ്ണം
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി പേസ്റ്റ് എന്നിവ ചെമ്മീനിൽ പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കാം.
പാനിൽ എണ്ണ ചൂടാക്കി അരയ്ക്കാനുള്ള എല്ലാ ചേരുവകളും ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുംവരെ വറുത്ത് എടുക്കുക. തണുത്തശേഷം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം.
ഫ്രൈയിംഗ് പാനിൽ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചെമ്മീൻ ചെറുതായി വറുത്തെടുക്കുക. അതേ എണ്ണയിൽ ജീരകം പൊട്ടിച്ച് കറിവേപ്പിലയും സവാളയും ചെറിയ ഉള്ളിയും ഇട്ട് നന്നായി വഴറ്റുക.
അതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവ ചേർത്ത് പച്ചമണം മാറുംവരെ ഇളക്കുക. ഇനി തക്കാളി ചേർക്കാം.
തുടർന്ന് അരച്ച മസാല ചേർത്ത് 8-10 മിനിറ്റ് നേരം വഴറ്റുക.
അതിൽ വറുത്ത ചെമ്മീൻ ചേർത്ത് അരപ്പ് കൊണ്ട് ഇളക്കി പൊതിഞ്ഞ് വയ്ക്കുക. കുറച്ച് വെള്ളവും ഉപ്പും ചേർക്കാം.
ലോ ഫ്ളെയിമിൽ 5 മിനിറ്റ് നേരം പാകം ചെയ്യുക. വെള്ളം വറ്റണം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ ചെമ്മീൻ മസാല സർവ്വ് ചെയ്യാം.