മാസമുറ സമയത്ത് അടിവസ്ത്രങ്ങളിലും ബെഡ്ഷീറ്റിലുമെല്ലാം രക്‌തക്കറ പുരളുന്നത് സ്വാഭാവികമായ സംഗതിയാണ്. പക്ഷേ ഈ കറ നല്ല കടുപ്പത്തിലാണ് പതിയുന്നതെങ്കിൽ അത് നീക്കം ചെയ്യുക അത്ര എളുപ്പമാവാറില്ല. ഇത്തരം അവസ്ഥയിൽ എന്തെങ്കിലും ഉപായം കണ്ടെത്താൻ അമ്മയേയോ മുത്തശ്ശിയേയോ ഒക്കെ വിളിക്കേണ്ടിവരും. രക്‌തക്കറ പുരണ്ട ഫേവറിറ്റായ വസ്ത്രങ്ങളും ബെഡ്ഷീറ്റുമൊക്കെ ചവുറ്റുകൊട്ടയിൽ തള്ളാതിരിക്കാൻ സഹായിക്കുന്ന ചില ടിപ്സ് ഇതാ…
രക്‌തക്കറ പുരണ്ടാൽ അത് ഉണങ്ങാനായി അവസരം കൊടുക്കാതെ എത്രയും വേഗം നീക്കം ചെയ്യാൻ ശ്രമിക്കുക. കറ ഉണങ്ങി ഫേബ്രിക്കിന്‍റെ അകത്തു പറ്റിപ്പിടിച്ചാൽ അത് നീക്കം ചെയ്യുക അത്ര എളുപ്പമാവില്ല. സ്റ്റെയിൻ നീക്കം ചെയ്യാൻ സമയമില്ല എങ്കിൽ കുറഞ്ഞപക്ഷം വസ്ത്രം വെള്ളത്തിൽ മുക്കി വയ്ക്കുക.
ചൂടുവെള്ളം വേണ്ട
രക്‌തക്കറ പുരണ്ട വസ്ത്രം ചൂടുവെള്ളത്തിൽ മുക്കരുത്. കറ നീക്കുന്നതിനു പകരം നമ്മുടെ പണി വർദ്ധിപ്പിക്കുമത്. ചൂട് ചെല്ലുമ്പോൾ തുണിയിൽ പറ്റിപ്പിടിച്ച രക്‌തം കുറച്ചുകൂടി കട്ടിയായി തുണിയിലേക്ക് ആഴത്തിലിറങ്ങും. രക്‌തക്കറ അങ്ങനെ തന്നെ അവശേഷിപ്പിക്കും. ചില വസ്ത്രങ്ങൾ ചൂട് വെള്ളത്തിലിട്ടാൽ ചുരുണ്ടുപോവുകയും ചെയ്യും.
തണുത്ത ഒഴുകുന്ന വെള്ളം
ബ്ലഡ് സ്റ്റെയിൻ പോകാൻ ഏറ്റവും നല്ലത് തണുത്ത ഒഴുകുന്ന വെള്ളം തന്നെയാണ്. പൈപ്പ് തുറന്നിട്ട് അതിന്‍റെ ചുവട്ടിൽ ഇടുക. വെള്ളം എത്രമാത്രം തണുത്തതാണോ അത്രയും എളുപ്പത്തിൽ കറ നീങ്ങും. നല്ല തണുത്ത വെള്ളത്തിൽ കുറച്ചുനേരം മുക്കിവച്ചാൽ കറ വസ്ത്രത്തിൽ ആഴത്തിൽ പിടിക്കാതെ ഇളകിപ്പോകും.
സോപ്പ് നല്ലതാണ്
ഇളം നിറത്തിലാണ് കറ അവശേഷിച്ചിരുന്നതെങ്കിൽ ഒരു സോപ്പ് കൊണ്ട് ബാക്കി കാര്യം എളുപ്പമാകും. ലിക്വിഡ് സോപ്പും നല്ലതാണ്. ഇനി സോപ്പ് കിട്ടിയില്ലെങ്കിൽ നാരങ്ങാ നീരും ട്രൈ ചെയ്യാം.
ഹൈഡ്രജൻ പെറോക്സൈഡ്
ഡാർക്ക് സ്പോട്ട് ആയി സ്റ്റെയിൻ കാണപ്പെടുന്നുണ്ടെങ്കിലോ വൈകിയാണ് കണ്ടെത്തിയതു കൊണ്ടാൽ പതിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കി പ്രതിവിധി ചെയ്യണം. സോപ്പ് ഈ വേളയിൽ അത്ര ഗുണകരമാവില്ല. ഇവിടെ ഹൈഡ്രജൻ പെറോക്സൈഡ് ആണ് ഉത്തമം. ഹൈഡ്രജൻ പെറോക്സൈഡിന്‍റെ ഏതാനും തുള്ളികൾ ബ്ലഡ് സ്റ്റെയിൻ ഉള്ള ഭാഗത്ത് വീഴിക്കുക. കറ ഇളകിത്തുടങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുമ്പോൾ നിറമിളകുന്ന തുണികളുടെ നിറം കൂടി ഇളകിപ്പോകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇളം നിറമുള്ള തുണികളിലെ കറ നീക്കാൻ ആണ് ഇത് നല്ലത്.
ബേക്കിംഗ് സോഡയും ആസ്പിരിനും
ബേക്കിംഗ് സോഡയും ആസ്പിരിനും കൂടി മിക്സ് ചെയ്ത് പൗഡർ രൂപത്തിൽ വസ്ത്രത്തിൽ നേരിട്ട് ഇടുക. പേസ്റ്റ് പോലെയാക്കിയും തുണിയിൽ അപ്ലൈ ചെയ്യാം. സ്റ്റെയിൻ ഉള്ള ഭാഗത്ത് ഈ മിശ്രിതം 30 മിനിറ്റ് വച്ചശേഷം കൈകൊണ്ട് മെല്ലെ ഉരുമ്മി തണുത്ത വെള്ളത്തിൽ കഴുകുക.
ഉപ്പ് സലൈൻ സൊല്യുഷൻ
ഉപ്പും തണുത്തവെള്ളവും ബ്ലഡ് സ്റ്റെയിൻ നീക്കാൻ നല്ലൊരുപാധിയാണ്. ഉപ്പു കൊണ്ട് കറയ്ക്കു മീതെ ഉരസുക. കോണ്ടാക്ട് ലെൻസ് സൂക്ഷിക്കുന്ന സലൈൻ സൊല്യുഷനും സ്റ്റെയിൻ റിമൂവറാണ്.
സ്റ്റെയിൻ റിമൂവർ
എല്ലാ മാസവും ഇങ്ങനെ രക്‌തക്കറ പതിവായി വലയ്ക്കു ന്നുണ്ടെങ്കിൽ ഏറ്റവും എളുപ്പമായ മാർഗം മാർക്കറ്റിൽ പോയി ഒരു സ്റ്റെയിൻ റിമൂവർ വാങ്ങി സൂക്ഷിക്കുന്നതാണ്. ഇത് വളരെ എളുപ്പമായി കറനീക്കും.
സ്പോട്ട് ട്രീറ്റ്
ബെഡിലും രക്‌തക്കാറ പുരളാൻ സാദ്ധ്യത ഉണ്ട്. അങ്ങനെയെങ്കിൽ മേൽപ്പറഞ്ഞ മാർഗങ്ങൾ ഉപയോഗിക്കാം. പക്ഷെ വെള്ളം കൂടുതൽ പടരാതെ നോക്കുക. ബെഡിലെ കറ നീക്കാൻ സ്പോട്ട് ട്രീറ്റ് തന്നെയാണ് ഉത്തമം. കോട്ടൻ ബോൾ, അല്ലെങ്കിൽ തുണി കൊണ്ട് കറ ഒപ്പിയെടുക്കാം.