ആകുലതകളും ആശയക്കുഴപ്പങ്ങളും അവസാനിക്കാത്ത മഹാമാരിക്കാലം. നോക്കിയിരിക്കെയാണ് ലോകജനതയുടെ ജീവിതരീതികൾ സമീപകാലത്തൊന്നുമില്ലാത്തവിധം മാറിപ്പോയത്. മാറിയ ലോകത്തിലാവട്ടെ മുഴുവൻ ജനതയുടെയും ലക്ഷ്യം കൊറോണ വൈറസിനെ ചെറുത്തുതോൽപ്പിക്കുക എന്ന ഒറ്റ കാര്യത്തിലേക്ക് ചുരുങ്ങി പോയിരിക്കുന്നു.
കോവിഡ് ബാധയിൽ നിന്നും സംരക്ഷിക്കുവാനായി കുറച്ചധികം കരുതൽ നടപടികൾ നാം നിത്യജീവിതത്തിന്‍റെ ഭാഗമാക്കി. വൈറസിനെതിരെ ഫലപ്രദമായ ഒരു മരുന്നോ വാക്സിനോ ലഭ്യമായിട്ടില്ലാത്തതിനാൽ രോഗബാധയിൽ നിന്ന് രക്ഷ നേടാനായി നമുക്കാകെ ചെയ്യനാവുക ഇത്തരം കരുതൽ നടപടികൾ മാത്രമാണ്. ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകളും ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും ദിനംപ്രതി നമ്മെ ഇക്കാര്യം ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കോവിഡിന്‍റെ വ്യാപനം വർദ്ധിച്ചതോടെ ആദ്യകാലങ്ങളിലെ വൈമനസ്യങ്ങളെല്ലാം വെടിഞ്ഞ് ജനങ്ങൾ ആരോഗ്യ രക്ഷാനിർദ്ദേശങ്ങളെല്ലാം പാലിച്ചു തുടങ്ങിയിരിക്കുന്നു. എത്രവേഗമാണ് ശുചിത്വം, കൈകഴുകൽ, സാമൂഹിക അകലം തുടങ്ങിയ ചിട്ടകളെല്ലാം നമ്മുടെ ശീലങ്ങളായി മാറിയത്!
മാസ്കുകളും ഗ്ലൗസുകളും ഹാന്‍റ്‍വാഷും സാനിറ്റൈസറുമെല്ലാം നമ്മുടെ നിത്യജീവതത്തിന്‍റെ ഭാഗമായിട്ടിപ്പോൾ മാസങ്ങളായി. അതിനാൽ തന്നെ വൈറസിനെ പ്രതിരോധിക്കാനായി നാം ഉപയോഗിച്ചു പോരുന്ന ഇത്തരം ഉൽപന്നങ്ങളിൽ നിന്നുണ്ടാകുന്ന മാലിന്യം നമ്മുടെ മുന്നിലെ പുതിയൊരു പ്രശ്നമായി വളർന്നു തുടങ്ങിയിരിക്കുന്നു. പലരും തങ്ങളുടെ അറിവില്ലായ്മ മൂലമോ അലസത മൂലമോ ഉപയോഗം കഴിഞ്ഞ മാസ്കുകൾ, സാനിറ്റൈസർ ബോട്ടിലുകൾ, ഗ്ലൗസുകൾ തുടങ്ങിയവ സാധാരണ വേസ്റ്റ്ബിന്നുകളിലോ പുറത്തെവിടെയെങ്കിലുമൊ അലക്ഷ്യമായി ഉപേക്ഷിക്കാനുള്ള സാദ്ധ്യത ഈ അവസരത്തിൽ തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാൽ ജനസംഖ്യയിൽ വളരെ മുന്നിട്ടുനിൽക്കുന്ന നമ്മുടെ രാജ്യത്ത് അവഗണിക്കാനാവാത്ത അളവിൽ ഇത്തരം കോവിഡ് ജന്യമാലിന്യങ്ങളുടെ നിക്ഷേപമുണ്ടാവാം. അങ്ങനെയുണ്ടായാൽ അവയിൽ നിന്നുമുണ്ടാ വുന്ന ആരോഗ്യപ്രശ്നങ്ങളും ചെറുതാവില്ല.
മാർക്കറ്റിൽ എത്തിയേക്കാവുന്ന ഇത്തരം ഉൽപന്നങ്ങളുടെ വ്യാജപ്പതിപ്പുകളാണ് മറ്റൊരു ഭീഷണി. നാം അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കൾ ഒറിജിനലിനെ വെല്ലുന്ന പകർപ്പുകളായി നമ്മളിലേക്ക് തന്നെ തിരിച്ചെത്തുന്ന അനുഭവങ്ങൾ നമുക്ക് അപരിചിതമല്ലല്ലോ. ആ രീതിയിൽ കാലിയായ ഒറിജിനൽ സാനിറ്റൈസർ ബോട്ടിലിൽ നിറച്ച സാധാരണ സോപ്പുവെള്ളമോ മറ്റോ പുതിയ സനൈിറ്റൈസർ രൂപത്തിലോ നമ്മളിലേക്കുതന്നെ തിരിച്ചെത്തില്ല എന്ന് ഉറപ്പിക്കാനാവില്ല. അവക്കൊരിക്കലും വൈറസിനെ ചെറുക്കാനാവില്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ നമുക്കാലോചിക്കാൻ പോലുമാവാത്ത സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഇത്തരം വ്യാജപ്പതിപ്പുകളുടെ ഉപയോഗം കാരണമായിത്തീരും.
മഹാമാരിയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകരും അധികാരപ്പെട്ടവരും ജനങ്ങളും അഹോരാത്രം പ്രയത്നിക്കുന്ന ഈ സമയത്ത് മാലിന്യം കൈകാര്യം ചെയ്യുന്നതിൽ വരുത്തുന്ന ഇത്തരം അശ്രദ്ധ വലിയ വിപത്തിന് കാരണമായേക്കും. അതിനാൽ തന്നെ ഇത്തരം അപകടകരമായ മാലിന്യങ്ങളുടെ നിർമ്മാർജ്‌ജനം സുരക്ഷിതമായി നടക്കുന്നുണ്ടോ എന്നതിലേക്കു കൂടി അടിയന്തിര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.
ഈയൊരു വിപത്ത് ഒഴിവാക്കാൻ പൊതുജനങ്ങൾക്കും ചിലതെല്ലാം ചെയ്യാൻ കഴിയും. ഉപയോഗശേഷം മാസ്കുകൾ, ഗ്ലൗസുകൾ എന്നിവ രണ്ടായി മുറിച്ച് ഏതെങ്കിലും അണുനാശിനി തളിച്ച് അണുവിമുക്‌തമാക്കിയ ശേഷം നിർദ്ദിഷ്ടമായ രീതിയിൽ മാത്രം ഉപേക്ഷിക്കുക. സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ ബോട്ടിലുകൾ പരമാവധി റീഫിൽ ചെയ്ത് ഉപയോഗിക്കുക. കളയേണ്ടി വരുമ്പോൾ അവ അലക്ഷ്യമായി ഇടാതെ നോബും ബോട്ടിലും വേറെ വേറെയാക്കിയും മുറിച്ചും ഉപയോഗ ശൂന്യമാക്കിയ ശേഷം പഴയ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിൽ എത്തിക്കുക. കാലിയായ റീഫിൽ പാക്കുകളും ഇതുപോലെ ഉപയോഗ ശൂന്യമാക്കി മാത്രം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിക്കുക. ഇത്തരം ചെറിയ വലിയ കരുതലുകളിലൂടെ രോഗവ്യാപന സാദ്ധ്യതകൾ ഇല്ലാതാവുന്നതിനോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഫലപ്രദമായി റീസൈക്ലിംഗും നടക്കുന്നു.
നമുക്ക് ചെയ്യാനാവുന്ന മറ്റൊരു കാര്യം. ഇത്തരം ആരോഗ്യസുരക്ഷാ ഉൽപന്നങ്ങൾ അംഗീകൃതകച്ചവട കേന്ദ്രങ്ങളിൽ നിന്നും മാത്രം വാങ്ങുക എന്നതാണ്. കാഴ്ചയിൽ ഗുണമേന്മയുള്ളതും ഒറിജനലുമായി തോന്നിയാലും വഴിയോര കച്ചവടക്കാരിൽ നിന്നും മറ്റും ഇത്തരം സാധനങ്ങൾ വാങ്ങിക്കുന്നത് ഒഴിവാക്കുക.
പുതിയ സാമൂഹിക ചുറ്റുപാടിൽ മാസ്കുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ തുടങ്ങിയവയുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി വരുന്നതുപോലെ തന്നെ ഉപയോഗ ശേഷം അവയെ എങ്ങനെ നീക്കം ചെയ്യണം എന്നതിനെപ്പറ്റിയുമുള്ള കൃത്യമായ നിർദ്ദേശങ്ങളും തുടരെ തുടരെ നൽകുക.
ഓരോ ഹൗസിംഗും കോളിനികളേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരുമിച്ചു ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക. ആരോഗ്യരക്ഷാ ഉൽപന്നങ്ങളുടെ വഴിയോര കച്ചവടം നിയന്ത്രിക്കുക, ഇത്തരം ഉൽപന്നങ്ങളുടെ വ്യാജപകർപ്പുകൾ മാർക്കറ്റിൽ എത്താതിരിക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക എന്നിവയിലൂടെ പ്രാദേശിക ഭരണ കേന്ദ്രങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും മറ്റു ഉന്നതാധികാരികൾക്കും സമൂഹത്തെ ഒരളവോളം സുരക്ഷിതരാക്കാം.