അന്തരീക്ഷത്തിൽ ഒഴുകിയെത്തുന്ന സുഗന്ധം ആരുടെ മനസ്സിനെയാണ് മോഹിപ്പിക്കാത്തത്. ആ നിലയ്ക്ക് സുഗന്ധം പൊഴിക്കുന്ന വീടിനെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ…. ഗൃഹനാഥയുടെ സൗന്ദര്യ ബോധത്തെയാവും അത് സൂചിപ്പിക്കുക. മനോഹരമായ ഇന്‍റീരിയറിനൊപ്പം ഹൃദ്യമായ സുഗന്ധവും ഇഴുകിച്ചേരുമ്പോഴാണ് ഏത് വീടും സമ്പൂർണ്ണമാകുന്നത്.

ചില വീടുകളിൽ കയറി ചെല്ലുമ്പോഴെ സ്വാഗതം ചെയ്യുന്നത് അടുക്കളയിൽ വറുത്തു പൊരിയുന്ന മീനിന്‍റെയും ചിക്കൻ കറിയുടെമൊക്കെ മണമായിരിക്കും. വരുന്നയാൾ വെജിറ്റേറിയനാണെങ്കിൽ ആ വീട്ടിൽ നിന്നും പച്ചവെള്ളം പോലും കുടിക്കാൻ ഇഷ്‌ടപ്പെടില്ല. ഇത്തരമൊരവസ്‌ഥ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

യഥാർത്ഥത്തിൽ ഓരോ വീടിനും ഓരോ മണമായിരിക്കും. ആ ഗന്ധം ഹൃദ്യമായ സുഗന്ധമാണെങ്കിൽ തീർച്ചയായും വീട്ടിലെത്തുന്ന അതിഥയെ സന്തോഷവാനും ഫ്രഷുമാക്കും. എന്നാൽ ദുർഗന്ധപൂരിതമാണെങ്കിൽ ഉള്ളി മണം, ഈർപ്പം, നനഞ്ഞ തുണിയുടെ ഗന്ധം എന്നിങ്ങനെ വന്ന അതിഥി അധികനേരം വീട്ടിൽ നിന്നെന്നു വരില്ല. എത്രയും വേഗം സ്ഥലം വിടാനാവും അതിഥി വിചാരിക്കുക.

വീടിനെ സുഗന്ധപൂരിതമാക്കുന്ന രീതി വളരെ പണ്ടു തൊട്ടെയുണ്ട്. വീടിനകത്ത് ഉണ്ടാകുന്ന അന്യതരത്തിലുള്ള ഗന്ധങ്ങളെ കുറയ്‌ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പണ്ടു കാലങ്ങളിൽ വീടിന് പരിസരത്തും മുറ്റത്തുമൊക്കെ നിശാഗന്ധിയും മുല്ലച്ചെടിയും ചെമ്പകവുമൊക്കെ നട്ടുപിടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ഇത്തരം ചെടികളും വൃക്ഷങ്ങളുമൊക്കെ സദാ മണം പൊഴിച്ചിരുന്നതു കൊണ്ട് വീടിനകത്തും ഹൃദ്യമായ അന്തരീക്ഷം നിലനിന്നിരുന്നു. എന്നാൽ സ്‌ഥലപരിമിതയും ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും ഈ രീതിക്ക് മാറ്റം വരുത്തി. അതോടെയാണ് കൃത്രിമ സുഗന്ധങ്ങൾ ഉപയോഗിക്കുന്ന രീതിക്ക് തുടക്കമായത്.

പലയിനം ഹോം ഫ്രഷ്നറുകൾ

വീടിനകത്തളങ്ങളിൽ സുഗന്ധം നിറയ്ക്കാൻ ഇന്ന് ധാരാളം തരം ഹോം ഫ്രഷ്നറുകൾ ലഭിക്കുന്നുണ്ട്. സ്വന്തമിഷ്‌ടമനുസരിച്ചുള്ള സുഗന്ധം തെരഞ്ഞെടുക്കാം.

ചന്ദനത്തിരി

വീടിനകത്ത് സുഗന്ധം നിറയ്‌ക്കാൻ ചന്ദനത്തിരി കത്തിച്ചു വയ്‌ക്കുന്ന രീതി പണ്ടുതൊട്ടെയുള്ളതാണ്. എന്നാലിപ്പോൾ പലതരം സുഗന്ധമുള്ള വെറൈറ്റി ചന്ദനത്തിരികൾ വിപണിയിൽ സുലഭമായിട്ടുണ്ട്. മികച്ച ഹോം ഫ്രാഗ്രൻസ് എന്ന രൂപത്തിലും ചന്ദനത്തിരികൾ കിട്ടുന്നുണ്ട്. ജാസ്മിൻ, ചന്ദനം, റോസ്, ദേവദാരു, ചെമ്പകം തുടങ്ങിയ പലതരം നാച്ചുറൽ ഫ്രാഗ്രൻസിലുളള ചന്ദനത്തിരികളുമുണ്ട്.

വിപണിയിൽ 2 തരം ചന്ദനത്തിരികൾ ലഭ്യമാണ്. ആവശ്യവും സൗകര്യവും അനുസരിച്ച് ഉപയോഗിക്കാവുന്നവയാണത്. ആദ്യത്തേത് ഡയറക്‌റ്റ് ബേൺ. നേരിട്ട് കത്തിക്കാവുന്ന ചന്ദനത്തിരി സ്‌റ്റിക്കുകളാണിവ. രണ്ടാമത്തേത് ഇൻഡയറക്‌റ്റ് ബേൺ. മേറ്റലിന്‍റെ ഹോട്ട് പ്ലെയിറ്റിലോ തീയിലോ വയ്ക്കാവുന്ന ഫ്രാഗ്രൻസ് മെറ്റീരിയലാണിത്. വീടിനെ മൊത്തത്തിൽ സുഗന്ധപൂരിതമാകുമെന്ന് മാത്രമല്ല കൊതുകുകളേയും പ്രാണികളേയും തുരത്തിയോടിക്കും.

ഫ്രാഗ്രൻസ് കാൻഡിൽസ്

വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്നവയാണിവ. വീടിനകത്തളങ്ങളിൽ സുഗന്ധം നിറയ്‌ക്കുന്നതിനൊപ്പം റൊമാന്‍റിക്കായ അന്തരീക്ഷവും സൃഷ്‌ടിക്കും ഫ്രാഗ്രൻസ് കാൻഡിലുകൾ. വർണ്ണ വൈവിധ്യമാർന്ന സെന്‍റഡ് കാൻഡിലുകൾ ഇപ്പോൾ ആകർഷകമായി ഡിസൈനുകളിലും മണത്തിലും ലഭ്യമാണ്. മെഴുകുതിരി കത്തിച്ച് വീടിനകത്ത് സുഗന്ധം നിറയ്‌ക്കുന്നതിനൊപ്പം പച്ചക്കറിയുടേയും മറ്റ് ഭക്ഷ്യവസ്‌തുക്കളടേയും മണത്തെ അകറ്റുകയും ചെയ്യാം. കാൻഡിലുകളിൽ വാമേഴ്സും ഉൾപ്പെടുന്നുണ്ട്. ഉരുകുന്ന മെഴുകുതിരിയിൽ നിന്നും സുഗന്ധം പൊഴിഞ്ഞ് വീടിനകത്തളങ്ങളിൽ ഹൃദ്യത പകരുന്നവ. കത്തിക്കാതെ വീടിനകം സുഗന്ധപൂരിതമാക്കുന്നതിനുള്ള ബെസ്‌റ്റ് ചോയിസാണ് സെന്‍റഡ് കാൻഡിലുകൾ.

എയർ ഫ്രഷ്നേഴ്സ്

വീടിനകത്തളം സുഗന്ധ പൂരിതമാക്കാൻ എയർ ഫ്രഷനറുകളും ഉപയോഗിക്കാവുന്നതാണ്. മനോഹരമായ കാനുകളിൽ ലഭിക്കുന്ന എയർ ഫ്രഷനറുകൾ ചുവരിൽ തൂക്കിയിട്ട് ബട്ടൻ ഓൺ ചെയ്‌താൽ വീടിനുള്ളിൽ സുഗന്ധം നിറയും.

ഫ്രാഗ്രൻസ് പോട്ട്പുരി

ഡ്രൈഫ്‍ളവർ, സുഗന്ധ വസ്‌തുക്കൾ നിറച്ച അട്രാക്ടീവ് പായ്ക്കിംഗുകളാണ് ഫ്രാഗ്രൻസ് പോട്ട്പൗരി. ഇത്തരം പാക്കറ്റുകളിൽ നിന്നും വരുന്ന സുഗന്ധം വീടിനുള്ളിൽ ഹൃദ്യമായ അന്തരീക്ഷം ഒരുക്കും. ഒപ്പം റൊമാന്‍റിക്ക് മൂഡ് ഉണർത്തും.

റീഡ് ഡിഫ്യൂസർ

അനേകതരം സുഗന്ധങ്ങൾ അടങ്ങിയ സെന്‍റഡ് ഓയിൽ, റീഡ്സ് എന്നീ രൂപത്തിൽ വീടിനകത്തളത്തിൽ സുഗന്ധം വിരിയിക്കാം. റീഡ് ഡിഫ്യൂസർ അടുക്കളയിലോ ലിവിംഗ് റൂമിലോ ബെഡ്റൂമിലോ ബാത്ത്റൂമിലോ എവിടെ വേണമെങ്കിലും വയ്‌ക്കാം. റെഡിമെയ്‌ഡ് ഹോം ഫ്രാഗ്രൻസിന് പുറമെ വീട്ടിൽ സ്വന്തമായും ഹോം ഫ്രാഗ്രൻസ് തയ്യാറാക്കാം. ലളിതമായ രീതികളിലൂടെ വീടിനകത്തളം സുഗന്ധ പൂരിതമാക്കുന്നതെങ്ങിനെയെന്ന് നോക്കാം.

  • വീടിന്‍റെ ജനാലകൾ രാവിലേയും വൈകുന്നേരവും തുറന്നിടുക. വീടിനകത്ത് ശുദ്ധവായു കടക്കും.
  • വീട്ടുമുറ്റത്തും പരിസരത്തും സുഗന്ധം പൊഴിക്കുന്ന ചെടികൾ നട്ടുപിടിപ്പിക്കാം. ഒപ്പം ഗ്ലാസ് ബൗളിൽ വെള്ളം നിറച്ച് അതിൽ പൂവിതളുകൾ ഇട്ടു വച്ച് മുറിക്ക് നടുവിൽ വയ്‌ക്കാം. കാറ്റടിച്ച് മുറിക്കുളളിൽ ഹൃദ്യമായ സുഗന്ധം നിറയും.
  • ഒരു കപ്പ് വെളളത്തിൽ എസ്സൻഷ്യൽ ഓയിൽ ചേർത്ത് സ്പ്രേ ബോട്ടിലിൽ നിറച്ച് എയർ ഫ്രഷ്നറായി ഉപയോഗിക്കാം.
  • വാഷ്ബേസിനിൽ കളർഫുൾ നാഫ്തലീൻ ബോളുകൾ (പാറ്റഗുളിക) ഇടുക.
  • തുണിയലമാരക്കുള്ളിൽ നാഫ്തലീൻ ബോൾസ് ഇട്ടുവച്ചാൽ നല്ല സുഗന്ധമുണ്ടാവും.
  • അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ. ചിമ്മിനി പിടിപ്പിക്കാം.
  • വീടിനകത്തെ കാർപ്പറ്റ്, കർട്ടനുകൾ ഇടയ്ക്കിടയ്‌ക്ക് കഴുകി വൃത്തിയാക്കുക. വീട് ഡസ്റ്റ് ഫ്രീയാക്കുക.

സുഗന്ധമുള്ള വീട് – പ്രയോജനങ്ങൾ

  • സുഗന്ധമുള്ള വീട്ടിൽ താമസിക്കുന്നവർക്ക് മാനസിക പിരിമുറക്കം കുറയുന്നതിനൊപ്പം റിലാക്‌സിംഗ് ഫീലിംഗും ഉണ്ടാകും.
  • സുഗന്ധമുള്ള വീട്ടിലേക്ക് കടന്നു വരുന്നവരുടെ മൂഡ് ഫ്രഷാകും. ഒപ്പം പോസിറ്റീവ് എനർജിയുള്ളവരാകും.
  • അസ്വസ്ഥതയുള്ളവാക്കുന്ന അന്തരീക്ഷം ബന്ധങ്ങളിൽ കയ്പ് പടർത്തും. എന്നാൽ സുഗന്ധപൂരിതമായ അന്തരീക്ഷം ഊഷ്മളമാക്കുന്നു. ദിവസം മുഴുവനുമുള്ള അലച്ചിലിനും തിരക്കിനുമൊടുവിൽ വീടണയുമ്പോൾ വീടിനകത്തെ മനം മയക്കുന്ന സുഗന്ധം എല്ലാ ക്ഷീണത്തേയും അലിയിച്ചു കളയും. വീടിനകത്ത് ഒരു റൊമാന്‍റിക്ക് അന്തരീക്ഷം അനുഭവപ്പെടും. ഭാര്യാഭർതൃബന്ധത്തിൽ അടുപ്പവും സ്നേഹവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

എങ്കിൽ ഇന്നു തന്നെ നിങ്ങളുടെ വീടിനെ സുഗന്ധമുള്ള ഒരു കൊച്ചു സ്വർഗ്ഗമാക്കി നോക്കൂ… പുതിയൊരു ഊർജ്‌ജവും ഉണർവും ശരീരത്തിലും മനസ്സിലും നിറയുന്നത് തീർച്ചയായും നിങ്ങൾ അനുഭവിച്ചറിയും.

और कहानियां पढ़ने के लिए क्लिक करें...