ഗർഭിണിയ്ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ ഗർഭാവസ്ഥയിലോ പ്രസവവേളയിലൊ ശിശുവിലേക്ക് ഈ രോഗം വ്യാപിക്കുന്നതിനെ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമായിട്ടില്ല. കാരണം അമ്നിയോട്ടിക് ഫ്ളൂയിഡ്, ബ്രസ്റ്റ് മിൽക്ക് അല്ലെങ്കിൽ മറ്റ് മെറ്റേണൽ ഫ്ളൂയിഡുകളുടെ സാമ്പിളുകളിൽ വൈറസുകളെയൊന്നും കണ്ടെത്തിയിട്ടില്ല.
കൊറോണ വൈറസ് ഒരു ലോക മഹാമാരിയായി രൂപമെടുത്തിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഈ സ്ഥിതി വിശേഷത്തെ ഗ്ലോബൽ എമർജൻസിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിർന്നവരെയും നേരത്തെ മുതൽ രോഗബാധയുള്ളവരെയേും മാത്രമല്ല മറിച്ച് യുവജനങ്ങളെയും കുട്ടികളെയും കൊറോണ അതിവേഗം ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന പുറത്തിറക്കിയ കണക്കുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും സംബന്ധിച്ച് കോവിഡ് 19 എത്രമാത്രം അപകടകരമായിരിക്കുമെന്നത് ഗൗരവമർഹിക്കുന്ന കാര്യമാണ്.
ഗർഭകാലത്ത് സ്ത്രീകളുടെ ശരീരം പല മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ട്, മാത്രവുമല്ല വളരെ സംവേദന ക്ഷമതയേറിയ രോഗപ്രതിരോധശേഷിയുമായിരിക്കും അവർക്ക് ഈ ഘട്ടത്തിൽ. അതിനാൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ഗർഭിണികളെ സംബന്ധിച്ച് കോവിഡ് 19 എത്രമാത്രം അപകടകാരിയാണെന്ന് അറിയാം. അതുപോലെ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്ക് രോഗബാധയുണ്ടാകാനുള്ള ആശങ്ക എത്രമാത്രമാണ്? അമ്മയേയും കുഞ്ഞിനെയും സുരക്ഷിതരാക്കാൻ എന്തെല്ലാം ചുവടുവയ്പ്പാണ് സ്വീകരിക്കേണ്ടത്?
കോവിഡ് 19 ഉം ഗർഭിണികളും
കോവിഡ് 19 അണുബാധ ഗർഭിണികളെ എത്രമാത്രം സ്വാധീനിക്കുന്നതിനെപ്പറ്റി ലോകാരോഗ്യസംഘടന പഠനം നടത്തി വരികയാണ്. എന്നാൽ സാധാരണക്കാരെ അപേക്ഷിച്ച് ഗർഭിണികൾക്ക് ഇത് വലിയ അപകടകാരിയാകുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.
ഗർഭകാലത്ത് ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകുന്നു. തൽഫലമായി ശ്വസനവ്യവസ്ഥയിൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. അതായത് കൊറോണ വൈറസ് ശ്വസന വ്യവസ്ഥയെയാണ് പ്രധാനമായും ആക്രമിക്കുന്നത്. അതുകൊണ്ട് ഗർഭകാലത്ത് കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയെ തള്ളിക്കളയാനാവില്ല.
കോവിഡ് 19 രോഗവ്യാപനത്തിൽ നിന്നും ഗർഭിണികളെ സംരക്ഷിക്കുകയെന്നത് പ്രധാനമാണ്. അതിനായി ചില അത്യാവശ്യ മുൻകരുതലുകൾ സ്വീകരിക്കാം. പനി, ചുമ, ജലദോഷം, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള ലക്ഷണങ്ങളെ ഗൗരവമായി കാണുക.
സുരക്ഷാ ഉപായങ്ങൾ
ഗർഭിണികളായ സ്ത്രീകൾ കോവിഡ് ബാധയിൽ നിന്നും സ്വയം സംരക്ഷിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ഉപായങ്ങൾ സ്വീകരിക്കാം.
- ദിനചര്യയുടെ ഭാഗമായി വീട്ടിൽ നിന്നും പുറത്തുപോകുന്നത് ഒഴിവാക്കുക. അടിയന്തിര സാഹചര്യത്തിൽ മാത്രം പുറത്തുപോകുക.
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക അല്ലെങ്കിൽ കൈകൾ വൃത്തിയായിരിക്കാൻ സാനിറ്റൈസർ ഉപയോഗിക്കുക.
- ആളുകളിൽ നിന്നും അകലം പാലിക്കുക. അറിയാത്ത ആരുടെയെങ്കിലും അടുത്ത് പോയാൽ ഉടൻ അകലം പാലിക്കാൻ ശ്രമിക്കുക.
- തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ കർചീഫിന് പകരം ടിഷ്യുപേപ്പർ ഉപയോഗിക്കാം. ഉപയോഗിച്ച ടിഷ്യുപേപ്പർ ചുരുട്ടി ഉടനടി ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കുക.
- സ്വന്തം കണ്ണുകൾ, മൂക്ക്, മുഖം എന്നിവിടങ്ങളിൽ അടിക്കടി കൈ കൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കുക.
- രോഗികളിൽ നിന്നും അകലം പാലിക്കുക.
- എന്തെങ്കിലും പ്രശ്നമുണ്ടാകുന്ന സാഹചര്യത്തിൽ ഡോക്ടറെ ബന്ധപ്പെടുക.
ഏറ്റവും അത്യാവശ്യമുണ്ടെങ്കിൽ മാത്രം ഡോക്ടറുടെ അടുത്ത് പോകാം. വീഡിയോ കോൾ വഴിയും ഡോക്ടറെ കൺസൾട്ട് ചെയ്യാം.
ജാഗ്രത പാലിക്കുക
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒന്നോ അതിലധികമോ ലക്ഷണമുണ്ടെങ്കിൽ ഉടനടി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ഗർഭിണിയെ കൊണ്ടുപോകുക. അല്ലെങ്കിൽ സർക്കാർ ലഭ്യമാക്കിയിരിക്കുന്ന എമർജൻസി നമ്പറുമായി ബന്ധപ്പെടുക.
- ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
- ഉത്സാഹക്കുറവ് അനുഭവപ്പെടുക. തളർച്ചയുണ്ടാവുക.
- കടുത്ത പനി
- ദിവസങ്ങളായി ചുമ നീണ്ട് നിൽക്കുക.
- മണംപിടിക്കാനും സ്വാദറിയാനുമുള്ള ക്ഷമത കുറയുക.
ഗർഭസ്ഥശിശുവിന് ഇത് അപകടകരമാവുമോ?
സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ സിഡിസി അനുസരിച്ച് ഇതുവരെ ഇത് സംബന്ധിച്ചുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല, അതായത് ഗർഭിണിയ്ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ ഗർഭാവസ്ഥയിലോ പ്രസവവേളയിലൊ ശിശുവിലേക്ക് ഈ രോഗം വ്യാപിക്കുന്നതിനെ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമായിട്ടില്ല. കാരണം അമ്നിയോട്ടിക് ഫ്ളൂയിഡ്, ബ്രസ്റ്റ് മിൽക്ക് അല്ലെങ്കിൽ മറ്റ് മെറ്റേണൽ ഫ്ളൂയിഡുകളുടെ സാമ്പിളുകളിൽ വൈറസുകളെയൊന്നും കണ്ടെത്തിയിട്ടില്ല.
കോവിഡ് ബാധിച്ചിട്ടുള്ള ഗർഭിണികൾക്കും അല്ലെങ്കിൽ സാദ്ധ്യതയുണ്ടെന്ന് സംശയിക്കുന്ന ഗർഭിണികൾക്കും ഗർഭകാലത്തും പ്രസവസമയത്തും അത് കഴിഞ്ഞും പ്രത്യേക ശ്രദ്ധയും പരിചരണവും അത്യന്താപേക്ഷിതമാണ്. കോവിഡ് ബാധിച്ച സ്ത്രീകൾക്ക് മുലപ്പാലൂട്ടുവാൻ സാധിക്കുമോ?
കോവിഡ് 19 ബാധിച്ചിട്ടുള്ള സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ മുലപ്പാലൂട്ടാം. എന്നാൽ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- റെസ്പിറേറ്ററി ഹൈജീൻ കാര്യത്തിൽ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ മുലപ്പാലൂട്ടുന്ന വേളയിൽ മാസ്ക് നിർബന്ധമായും ധരിക്കുക.
- കുഞ്ഞുങ്ങളെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും സ്വന്തം കൈകൾ കഴുകി വൃത്തിയാക്കുക.
- കുഞ്ഞുങ്ങളിൽ നിന്നും അകലം പാലിക്കുക. മുലപ്പാലൂട്ടുന്ന വേളയിലോ കുഞ്ഞിന് ഏറ്റവും ആവശ്യമായി വരുന്ന വേളയിലോ മാത്രം സമ്പർക്കം പുലർത്താം.
- മുറി വൃത്തിയുള്ളതായി സൂക്ഷിക്കുക.
ആരോഗ്യകരമായ ഗർഭകാലത്തിനുള്ള ടിപ്സുകൾ
- സന്തുലിതവും പോഷകസമ്പന്നവുമായി ഭക്ഷണം കഴിക്കുക. കുഞ്ഞിന്‍റെ വളർച്ചയ്ക്കും അമ്മയുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾക്കുമുള്ള തയ്യാറെടുപ്പുകൾക്ക് ഇവ ആവശ്യമാണ്.
- ഗർഭകാലത്ത് കാത്സ്യം, ഫോളേറ്റ്, അയൺ എന്നിവയുടെ ആവശ്യകത പൂർത്തീകരിക്കാൻ ദിവസവും സപ്ലിമെന്‍റുകൾ കഴിക്കുക.
- രാത്രിയിൽ കുറഞ്ഞത് 8 മണിക്കൂറും പകൽ 2 മണിക്കൂറും ഗർഭിണികൾക്ക് ഉറക്കമാവശ്യമാണ്. ഉറക്കമില്ലായ്മ മൂലം ശരീരത്തിന്‍റെ താളക്രമം തെറ്റാം.
- ഗർഭകാലത്ത് സാധാരണരീതിയിലുള്ള ദിനചര്യ പുലർത്തണം. വീട്ടുജോലികൾ ചെയ്യാം. എന്നും അര മണിക്കൂർ നടക്കുക.
പുകവലി മദ്യപാനം അരുത്
കാപ്പി, ചായ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാം. മാനസികാരോഗ്യത്തിന് വേണ്ട ശ്രദ്ധ നൽകുക. ഗർഭകാലത്തുണ്ടാകുന്ന മൂഡ് സ്വിംഗിൽ നിന്നും മോചനം നേടുന്നതിനും മനശാന്തിക്കും ദിവസവും 15-20 മിനിറ്റ് ധ്യാനം ചെയ്യാം
കൊറോണ വ്യാപനം നടക്കുന്ന ഈ സമയത്ത് അത്തരം സാഹചര്യങ്ങളിൽ നിന്നും രക്ഷ പ്രാപിക്കാനുള്ള ഉപായം സ്വീകരിക്കാം. എന്നുവച്ച് അനാവശ്യ മാനസികപിരിമുറുക്കത്തിന് അടിമപ്പെടരുത്.