എല്ലാ രംഗത്തും കേരളം ഇന്ത്യയിൽ മുൻപന്തിയിലാണ്. ആരോഗ്യരംഗത്താവട്ടെ പ്രത്യേകിച്ചും. എന്നാൽ സ്ത്രീകളുടെ ആരോഗ്യ വിഷയത്തിലാണ് പ്രശ്നം. ഒരു കുടുംബത്തിന്‍റെ ആരോഗ്യം നന്നായി നിലനിർത്തുന്നതിൽ വളരെ ഊന്നൽ നൽകുന്ന ഒരു സ്ത്രീ തന്‍റെ ആരോഗ്യകാര്യത്തിൽ ഒട്ടും തന്നെ ശ്രദ്ധിക്കാറില്ല.
ഏതു രോഗത്തിന്‍റെയും ആരംഭത്തിലെ രോഗ ലക്ഷണങ്ങളെ പാടെ അവഗണിച്ച് പിന്നീടത് ഗുരുതരാവസ്ഥയിലേക്കെത്തുന്നു.തിരിച്ച് ആരോഗ്യത്തിലേക്കെത്തിക്കുവാൻ സമയവും ധനവും അതിലേറെ മറ്റു ബുദ്ധിമുട്ടുകളും ഏറ്റുവാങ്ങേണ്ടി വരുന്നു. തെറ്റായ ഭക്ഷണക്രമങ്ങളും ജീവിത രീതികളും, കുടുംബത്തിലെയും ജോലി സ്ഥലത്തെയും സമ്മർദ്ദങ്ങളും അവഗണിക്കപ്പെടുന്ന സ്വന്തം കാര്യങ്ങളും എല്ലാം ചേർന്ന് സ്ത്രീയുടെ ആരോഗ്യ താളത്തെ ക്രമം തെറ്റിക്കുന്നു.
സ്ത്രീകളുടെ ജീവിതകാലം ഘട്ടങ്ങളായി തരം തിരിച്ചാൽ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ ആയിരിക്കുമല്ലോ. ആ കാലഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടുന്ന ഓരോ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും. അതാണീ ലേഖനം പ്രതിപാദിക്കുന്നത്.
ബാല്യം
ബാല്യത്തിൽ ഓരോ പെൺകുഞ്ഞും വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. അമ്മയാവുക എന്ന പ്രകൃതിയുടെ മഹാദൗത്യത്തിന്‍റെ ഒരുക്കങ്ങൾ ഒരു പെൺകുഞ്ഞു ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ നടക്കുന്നുണ്ട്. ഉറക്കക്കുറവ്, പഠനഭാരം, വേണ്ടത്ര വ്യായാമമില്ലായ്മ, വിശ്രമമില്ലായ്മ, ക്ഷീണം തുടങ്ങിയവയും ഇതിനെയെല്ലാം തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ അവസ്ഥയുമെല്ലാം തന്നെ ഇപ്പോഴത്തെ പെൺകുഞ്ഞുങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്.
8-9 വയസ്സാവുമ്പോഴേക്കും ആർത്തവ കാലമാകുന്നതും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും മാനസിക പിരിമുറുക്കങ്ങളും ബാല്യത്തിന്‍റെ ദൈർഘ്യം പെൺകുഞ്ഞുങ്ങളിൽ കുറയ്ക്കുന്നു. ഇതെല്ലാം അവരുടെ ശാരീരിക മാനസിക സം തുലനത്തെ സാരമായി ബാധിക്കുന്നു. നാം ആരും തന്നെ ഇതിനേക്കുറിച്ച് ബോധവാന്മാരാകുന്നില്ലെങ്കിലും ആർത്തവത്തുടക്കവും സമൂഹവും കുടുംബപരിസ്ഥിതികളിലെ അനാവശ്യ വേലിക്കെട്ടുകളും കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് അവരറിയാതെ എന്തൊക്കെയോ ആഘാതമേൽപ്പിക്കുമ്പോൾ പിന്നീടത് ശരീരത്തെയും ബാധിക്കുന്നു.
മാധ്യമങ്ങളേൽപ്പിക്കുന്ന പല മിഥ്യാധാരണകളും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. കുറച്ചുമുമ്പ് വരെ കാലത്തിന്‍റെ നന്മകൾ പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് വല്ലാത്തൊരു ഗൗരവവും സംഘർഷവും നൽകിയിരുന്നില്ല.
ചിട്ടയോടെയുള്ള ജീവിതശൈലി, രുചിക്ക് മാത്രമല്ല ഭക്ഷണം ആരോഗ്യത്തിനുമാണെന്നുമുള്ള അവബോധത്തോടെ നല്ല ഭക്ഷണക്രമം, മിതമായ വ്യായാമമുറകൾ, മതാപിതാക്കളുടെ പരിചരണവും സ്നേഹമസൃണമായ ശാസനകളും കുഞ്ഞുങ്ങളുടെ പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് നിറമേകും. ഓരോന്നും വിശദമായി നോക്കാം.
ജീവിതശൈലി
ചിട്ടയോടുള്ള ജീവിതശൈലിയിൽ രാത്രി വൈകിയുള്ള ഉറക്കവും പകലുറക്കവും ഉപേക്ഷിക്കണം. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. പഠനത്തിന്‍റെ അധികഭാരവും അനാവശ്യ പിരിമുറുക്കവും ഒഴിവാക്കാനായി ചിട്ടയോടെയുള്ള പഠനക്രമങ്ങൾ ശീലിക്കണം. ധ്യാനം കുട്ടിക്കാലത്ത് പരിശീലിക്കുന്നത് അനാവശ്യ കാര്യങ്ങളിൽ അനുഭവിക്കുന്ന സംഘർഷങ്ങളെ ഒഴിവാക്കാനും അനാവശ്യവും അധികവുമായ ചിന്തകളെ കയ്യിലൊതുക്കാനും ഏകാഗ്രത, ഓർമ്മശക്‌തി ഇവയെല്ലാം കൂട്ടാനും വളരെയധികം സഹായിക്കും.
ഭക്ഷണക്രമം
പോഷകങ്ങൾ നിറഞ്ഞ ആഹാരക്രമം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. എല്ലാത്തരം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പശുവിൻ നെയ്, വെണ്ണ, മോര്, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ നിത്യേന മാറി മാറി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മൈദ ചേർന്ന ബ്രഡ്, ബിസ്ക്കറ്റുകൾ, എണ്ണയിൽ വറുത്തുപൊരിച്ച ബേക്കറി വിഭവങ്ങൾ എന്നിവ ഒഴിവാക്കണം.
മത്സ്യം, മാംസം, മുട്ട എന്നിവ ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നത് ബുദ്ധിപരമായ കാര്യങ്ങൾക്ക് സഹായിക്കുന്ന തലച്ചോറിലേക്കുള്ള രക്‌തപ്രവാഹത്തെ കുറയ്ക്കുന്നതിനാൽ അളവ് കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ആരോഗ്യത്തിന് നന്നാവുക. കൂടാതെ ഇവയിൽ നാരുകളുടെ അഭാവമുള്ളതിനാൽ ദഹനവ്യവസ്ഥയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
രാത്രി വൈകിയുള്ള ആഹാരവും പ്രധാനഭക്ഷണ സമയങ്ങൾക്കിടക്ക് പിന്നെയും ഭക്ഷണം കൊടുക്കുന്നതോ, ശീലിപ്പിക്കുന്നതോ നല്ലതല്ല. ചായ, കാപ്പി എന്നിവയുടെ ഉപയോഗമോ അമിതോപയോഗമോ ശീലിപ്പിക്കുന്നതിനേക്കാൾ ഗ്രീൻടീ പരിശീലിപ്പിക്കുന്നതാവും നന്നാവുക. സാധാരണ ഉപ്പിനുപകരം ഇന്തുപ്പ് പാചകത്തിനുപയോഗിക്കുന്നത് ആരോഗ്യനിലവാരത്തെ ഇനിയും മെച്ചപ്പെടുത്തും.
വ്യായാമം
മിതമായ വ്യായാമമുറകൾ എന്നുദ്ദേശിച്ചത് ലഘുവായ പ്രാണായാമങ്ങൾ ഉൾപ്പെട്ട ശ്വസനപ്രക്രിയകളും ലളിതമായ യോഗാസനങ്ങളുമാണ്. സൂര്യനമസ്ക്കാരം, വജ്രാസനം തുടങ്ങിയവയും കുഞ്ഞുങ്ങൾക്ക് പരിശീലിക്കാവുന്ന ലളിതവും മനോഹരവുമായ യോഗാസനങ്ങളാണ്. എന്നാൽ ആർത്തവ കാലഘട്ടത്തിൽ എല്ലാത്തരത്തിലുള്ള വ്യായാമമുറകളും എണ്ണതേച്ചുകുളിയും ഒഴിവാക്കണ്ടേതാണ്.
കാഴ്ചപ്പാട്
മാതാപിതാക്കൾ വാത്സല്യവും സ്നേഹവും അവർക്ക് നൽകുന്നതോടൊപ്പം മൂല്യാധിഷ്ഠിതമായ ഒരു ജീവിതകാഴ്ചപ്പാടിന്‍റെ ആവശ്യകത കുഞ്ഞുങ്ങളെ ബോദ്ധ്യപ്പെടുത്തുകയും വേണം. ഇന്‍റർനെറ്റിന്‍റെയും കമ്പ്യൂട്ടർ ഗെയിംസ്, ടിവി തുടങ്ങിയവയുടെയും അമിതോപയോഗം കുഞ്ഞുങ്ങളുടെ സർഗ്ഗശേഷിയേയും ഭാവനാശേഷിയേയും നശിപ്പിക്കും. കൂടാതെ ധീഷണാ വൈകല്യങ്ങൾക്കും ഓർമ്മക്കുറവിനും കാരണമാകും. പകരം ഓടിക്കളിച്ചു വളരാൻ കുഞ്ഞുങ്ങളെ അനുവദിച്ചേ തീരു.
ആർത്തവ സമയത്തല്ലാത്ത ദിവസങ്ങളിൽ ശരീരത്തിൽ എണ്ണതേച്ചു കുളി ശീലിപ്പിക്കണം. നല്ലനിറം ലഭിക്കാൻ മാത്രമല്ല ശരീരത്തിന്‍റെ ആകാരവടിവിനും സ്നിഗ്ദ്ധതക്കും ഇത് ആവശ്യമാണ്. ഒരു വയസ്സ് വരെ ലാക്ഷാദി വെളിച്ചെണ്ണ, ഏലാദി വെളിച്ചെണ്ണ ഇവ ഉപയോഗിച്ച് തേച്ചുകുളിക്കുന്നത് നല്ലതാവും.
കൗമാരം
ഹോർമോൺ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന സമയമായതിനാൽ ഏറ്റവും വേഗത്തിൽ ശാരീരികമായും മാനസികമായും മാറ്റങ്ങൾ വരുത്തുന്ന പ്രായമാണ് കൗമാരം. പഠനരംഗം വളരെയധികം മത്സരബുദ്ധിയോടെ കാണുന്ന ഈ കാലത്തു തന്നെയാണ് പെട്ടെന്നുണ്ടാകുന്ന ശാരീരിക വളർച്ചയും പ്രായപൂർത്തിയാകലും സംഭവിക്കുന്നത്.
ഈസ്ട്രജന്‍റെയും പ്രൊജസ്ട്രോണിന്‍റെയും തോത് കുറയ്ക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ വിഷാദമുണ്ടാകാൻ ഇടയാക്കും. ഗർഭാശയ പേശികൾ ആർത്തവ സമയത്ത് സങ്കോചവികാസങ്ങളിലൂടെയാണ് ആർത്തവ രക്‌തത്തെ പുറന്തള്ളിക്കളയുന്നത്. പേശികളുടെ ഈ പ്രവർത്തനങ്ങൾ ശരിയായി നടന്നില്ലെങ്കിലാണ് ആർത്തവ സമയത്ത് കഠിനവേദന അനുഭവിക്കേണ്ടി വരുന്നത്. ഇത് ആർത്തവം തുടങ്ങുമ്പോഴുള്ള കാരണമാണ്. എന്നാൽ കുറച്ചുകൂടി പ്രായം കഴിഞ്ഞവരിൽ കാണുന്ന വേദന ഗർഭാശയത്തിലോ അനുബന്ധാവയങ്ങളിലോ ഉള്ള വിവിധരോഗങ്ങളാണ്. അതിനും കൃത്യമായി വൈദ്യസഹായം തേടുകയും വേണം.
ഗർഭാശയ മുഴകളോ ഗർഭശയത്തിലെയും അണ്ഡവാഹിനിക്കുഴലിലെയും നീർക്കെട്ടോ അണ്ഡാശയമുഴകളോ മൂലമുണ്ടാകുന്ന ഇത്തരം വേദനകൾ ഉണ്ടാകാതിരിക്കാൻ കൗമാര കാലഘട്ടത്തിൽ തന്നെ ശ്രദ്ധിച്ചാൽ മതിയാവും. കൗമാരപ്രായക്കാരിൽ വ്യായാമത്തിന്‍റെ അഭാവം, മലമൂത്രാദി ശാരീരികവേഗങ്ങളെ ശരിയായി പുറംന്തള്ളാതിരിക്കൽ, വറുത്തതും ദഹിക്കാൻ പ്രയാസമുള്ളതും അധികം തണുപ്പിച്ചതും തൈര് പഞ്ചസാര തുടങ്ങിയവയുടെ അമിതോപയോഗവും ഗർഭാശയത്തിൽ തീവ്രവേദന ഉണ്ടാകാനിടയുള്ള വേദനാകാരികളായ ഘടകങ്ങളുടെ ഉൽപാദനം കൂടും.
ആർത്തവ വേദനയും അധിക രക്‌തസ്രാവവും ആർത്തവ വേദനയ്ക്കൊപ്പം അമിതമായി രക്‌തസ്രാവമുണ്ടാകുന്നവർക്ക് ഇതിനു രണ്ടിനും ചേർന്നുള്ള ഔഷധങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം കഴിക്കണം. ആയുർവ്വേദ മരുന്നുകൾ ഏതും എങ്ങനെയും കഴിക്കാം എന്ന മലയാളികളുടെ അജ്‌ഞത ഒരിക്കലും ഗുണകരമാവില്ല. ആവശ്യം വേണ്ടുന്ന സ്കാനിംഗ്, ഹോർമോൺ ടെസ്റ്റുകൾ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകൾ വൈദ്യ നിർദ്ദേശപ്രകാരം നടത്തി രോഗനിർണയത്തിനു ശേഷം അവസ്ഥാനുസരേണ വൈദ്യന്‍റെ നിർദ്ദേശപ്രകാരം ഉപയോഗിക്കണം.
അനുഭവസ്ഥരിൽ നിന്നുള്ള കേട്ടറിവുകൾ സ്വയം ഉപയോഗിക്കുന്നത് പിന്നീട് അപകടമായേക്കും. ഉദാഹരണമായി കൂടിക്കൂടി വരുന്ന ഗർഭാശയ അണ്ഡാശയ മുഴകളിൽ അനിയന്ത്രിത വളർച്ചയുള്ള മുഴകൾ ജീവാപയം തന്നെ ഉണ്ടാക്കിയേക്കും. വൃക്കകൾ, മൂത്രനാളികൾ, വൻകുടൽ തുടങ്ങിയ അവയവങ്ങളുടെ മേൽ സമ്മർദ്ദമേൽപിച്ച് അവയുടെ പ്രവർത്തനങ്ങളേയും താളം തെറ്റിച്ചേക്കാം. ഗർഭാശയ പേശികളെയും ഘടനാപരവും പ്രവർത്തനപരവുമായ കർമ്മങ്ങളെ സ്വാധീനിക്കാനും കഴിയുന്ന മരുന്നുകൾ രോഗതീവ്രതയനുസരിച്ച് പൂർണ്ണമായി മാറ്റാൻ കഴിയുന്നവ ആയുർവ്വേദ ഔഷധ സമൂഹത്തിലുണ്ട്.
ദീർഘകാലാനുബന്ധിയായ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ, എന്‍റോമെട്രിയോസിസ്, അഡിനോമയോസിസ്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്, അമിത രോമവളർച്ച, മുഖക്കുരു, അമിതവണ്ണം, ഉയർന്ന ഇൻസുലിൻ പ്രതിരോധം, വന്ധ്യത തുടങ്ങിയവയെല്ലാം തന്നെ ആയുർവ്വേദ ശാസ്ത്രത്തിൽ പ്രത്യേകം ചിട്ടപ്പെടുത്തിയ ചികിത്സാപദ്ധതികളിലൂടെ പൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയും.
പഞ്ചകർമ്മ ചികിത്സകളിൽ പ്രധാനമായ ഉദരവസ്തി, വിരേചനം തുടങ്ങിയ ചികിത്സാമുറകൾ രോഗം മാറ്റുക മാത്രമല്ല ഇനിയൊരിക്കലും വരാതിരിക്കാനും സഹായിക്കും.
സ്ത്രീസംബന്ധരോഗങ്ങൾ നിലവിൽ സാധാരണ കാണപ്പെടുന്നവയായി വേറെയും ഉണ്ട് വെള്ളപോക്ക്, ആർത്തവം തുടങ്ങുന്നതിനു മുന്നോടിയായി ശാരീരികവും മാനസികവുമായി അനുഭവപ്പെടുന്ന വൈഷമ്യങ്ങൾ, ഒപ്പം തലവേദന, തലകറക്കം, സന്ധിവേദന, ആർത്തവ വിരാമം, ഗർഭാശയ അണ്ഡാശയ അർബുദം, ഗർഭപാത്രം ഇറങ്ങിവരുന്നത് തുടങ്ങിയ സ്ത്രീസംബന്ധ രോഗങ്ങൾ എല്ലാം തന്നെ ശരിയായി രോഗ നിർണ്ണയം നടത്തി ചികിത്സിച്ചു മാറ്റാവുന്നവ തന്നെയാണ്.
യൗവനം
മുമ്പ് കൗമാരകാലത്ത് പ്രതിപാദിച്ചത് ഈ കാലഘട്ടത്തിലും ബാധകമാണ്. വ്യത്യസ്തമായി ധന്വന്തരം തൈലം ഈ കാലഘട്ടത്തിൽ ശരീരത്തിൽ തേച്ച് കുളിക്കുന്നത് നല്ലതാണ്. മനസ്സിനും സുഖം പകരും.
ഈ സമയത്ത് സ്ത്രീകളിൽ ആർത്തവം എന്ന പ്രക്രിയ നടക്കുന്ന സമയമാണ്. സ്ത്രീ ശരീരത്തിലും മനസ്സിലും ഹോർമോൺ വ്യതിയാനങ്ങൾ സൃഷ്ടിച്ചേക്കും. കൂടാതെ യൗവന കാലഘട്ടത്തിലാണ് ഒരു സ്ത്രീ അമ്മയാകാൻ ഒരുങ്ങുന്നത്. ആയുർവേദ ശാസ്ത്രം ഈ കാലഘട്ടത്തെ വളരെ പ്രധാനമായി കാണുകയും മുന്നൊരുക്കങ്ങൾക്കായി ഒരുപാടറിവുകൾ പകർന്നു വച്ചിട്ടുണ്ട്. ഒപ്പം ഗർഭിണിയാവുമ്പോഴും പ്രസവ ശേഷമുള്ള സമയവും എങ്ങനെയൊക്കെ ശരീരം സംരക്ഷിക്കണമെന്ന് ആയുർവ്വേദം നമ്മെ പഠിപ്പിക്കുന്നു.
ഗർഭകാലഘട്ടം കൂടുതൽ വെല്ലുവിളിയും സങ്കീർണതയും നിറഞ്ഞതാണെങ്കിലും അത് സ്വാഭാവിക പ്രക്രിയ ആണെന്നും അതിനെ സ്വാഭാവികതയോടെ തന്നെ കൈകാര്യം ചെയ്യാനാവുമെന്നും ആയുർവ്വേദ ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗർഭിണിയാവാൻ ഉള്ള തയ്യാറെടുപ്പുകൾ, ഗർഭിണി ചര്യ, പ്രസവാനന്തര ചര്യകൾ തുടങ്ങി ദീർഘ വിശദീകരണങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇലക്കറികൾ, കഞ്ഞിപ്പുല്ല് കുറുക്കിയത്, മോര് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫ്ളാക്സീഡ്, പീനട്ട്സ്, കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം, ബദാം, ഉണങ്ങിയ പയറുവർഗ്ഗങ്ങൾ, ഈത്തപ്പഴം തുടങ്ങിയവയെല്ലാം ആർത്തവ വിരാമ സമയത്തും ആർത്തവ കാലത്തും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
വാർദ്ധക്യം
ഈ സമയത്തു പോഷകആഹാരം മിതമായി കഴിക്കണം ആർത്തവ വിരാമത്തോടനുബന്ധിച്ച് ശരീരത്തിൽ തേച്ചുകുളിക്കാൻ ക്ഷീര ബലതൈലമോ സഹചരാദി തൈലമോ ആവാം. ശാരീരകമായും മാനസികമായും സ്ത്രീ എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് സ്വയം മറന്നാണ് അവൾ ഒരു കുടുംബത്തിന്‍റെ ഏറ്റവും പ്രധാന കണ്ണിയായി നിലനിൽക്കുന്നത്. കുറച്ചു കൂടി കൂടുതൽ പരിഗണനയും സ്നേഹ വും സംരക്ഷണവും അവളർഹിക്കുന്നുവെന്നും അത് പകർന്നുകൊടുക്കേണ്ടത് ഓരോ കുടുംബത്തിലെയും മറ്റംഗങ്ങൾ കൂടിയാണെന്നും നാം എല്ലാവരും ഓർത്തിരിക്കേണ്ടതു മാത്രമല്ല നടപ്പാക്കേണ്ടത് തന്നെയാണ്.
ഡോ. ദീപ്തി, ഡയറക്ടർ, സാത്വിക് ആയുർവേദിക് സൊല്യൂഷൻസ് തൃശൂർ