തണുത്ത കാലാവസ്‌ഥ ചർമ്മത്തിലെ സ്വഭാവിക ഈർപ്പത്തെ വലിച്ചെടുത്ത് വരണ്ടതാക്കുമെന്നതാണ് പ്രധാന പ്രശ്നം. ചിലരിൽ ഇത് അമിതമായ രീതിയിലുമാകാം. അതിനാൽ മഞ്ഞുകാല ചർമ്മ പരിചരണത്തിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അറിയാം.

മഞ്ഞ് കാലമാവുന്നതോടെ രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിക്കുകയെന്നത് പലർക്കും മടിയായിരിക്കും. ഈ സമയത്ത് ചൂട് വെള്ളത്തിൽ കുളിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. അങ്ങനെയുള്ള സാഹചര്യത്തിൽ ഏറ്റവും ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. നല്ല ചൂട് വെള്ളത്തിൽ കുളിച്ചാൽ ചർമ്മം വരണ്ടുപോകുമെന്ന് മാത്രമല്ല പൊട്ടുകയും ചെയ്യും. മികച്ച ഗുണനിലവാരമുള്ള മോയിസ്ച്ചുറൈസറോ വെളിച്ചണ്ണയോ ചർമ്മത്തിൽ അപ്ലൈ ചെയ്യുന്നത് വരൾച്ചയെ തടയും.

സൗന്ദര്യ ഉൽപ്പന്നങ്ങൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കാം

വീര്യം കുറഞ്ഞ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് ഈ സമയത്ത് അനുയോജ്യം. മോയിസ്ച്ചുറൈസർ അടങ്ങിയ ക്ലൻസറുകൾ ഉപയോഗിക്കുന്നത് മുഖത്തെ സ്വഭാവിക ഈർപ്പത്തെ നിലനിർത്താൻ സഹായിക്കും. മാസ്കുകളും പീലുകളും ആസ്ട്രിജന്‍റ് ലോഷനുകളും ഉപയോഗിക്കുന്നത് ചർമ്മം കൂടുതൽ വരളാൻ ഇടയാക്കും. അതിനാൽ ഈ ഉൽപ്പന്നങ്ങൾ ഒഴിവാക്കാം.

സൗന്ദര്യ സംരക്ഷണം ശ്രദ്ധയോടെ

ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് ചർമ്മോപരിതലത്തിലെ മൃദുചർമ്മത്തെ നീക്കാൻ സഹായിക്കും. എന്നാൽ മഞ്ഞുകാലത്ത് ആഴ്ചയിലൊരിക്കൽ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതാണ് ഉചിതം. ആഴ്ചയിൽ രണ്ടും മൂന്നും തവണ എക്സ്ഫോളിയേറ്റ് ചെയ്താൽ ചർമ്മം കൂടുതൽ വരളാനും നിർജ്ജീവമാകാനും ഇടയാക്കും. ആഴ്ചയിൽ ഒരിക്കൽ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്താൽ ചർമ്മത്തിന് നല്ല തിളക്കവും കാന്തിയും ലഭിക്കും ഒപ്പം രക്‌തയോട്ടം വർദ്ധിക്കുകയും ചെയ്യും. അമിതമായ ഡ്രൈ സ്കിൻ ഉള്ളവർ വളരെ മൃദുവായി മാത്രമേ എക്സ്ഫോളിയേറ്റ് ചെയ്യാവൂ. കോമ്പിനേഷൻ,  ഓയിലി സ്കിൻ ഉള്ളവർ ആഴ്ചയിലൊരു തവണ എക്സ്ഫോളിയേറ്റ് ചെയ്യാം.

കൈകളുടെ സംരക്ഷണവും പ്രധാനം

ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൈകളിലെ ചർമ്മത്തിൽ വളരെക്കുറച്ച് എണ്ണ ഗ്രന്ഥികളുള്ളൂ. അതുകൊണ്ട് ഈർപ്പം അധികനേരം നിലനിൽക്കണമെന്നില്ല. ഇക്കാരണം കൊണ്ട് ചർമ്മം വളരെ വേഗം വരണ്ടു പൊട്ടുകയും ചെയ്യും. അതിനാൽ വീട്ടിനകത്തും പുറത്തു പോകുമ്പോഴും കൈകൾ മോയിസ്ച്ചുറൈസ് ചെയ്യുക. വെർജിൻ കോക്കനട്ട് ഓയിൽ, ബദാം ഓയിൽ, മോയിസ്ച്ചുറൈസർ ക്രീം എന്നിവ ഉപയോഗിക്കാം.

പാദങ്ങളുടെ സംരക്ഷണം

മഞ്ഞുകാലം പാദങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുക സ്വഭാവികമാണ്. ഉപ്പൂറ്റി വീണ്ടുകീറൽ, ചർമ്മ വരൾച്ച, ത്വക്കിനുണ്ടാവുന്ന നിറ വ്യത്യാസം എന്നിവയാണ് ഈ സമയത്തുണ്ടാവുന്ന പൊതുവായ പ്രശ്നങ്ങൾ. ആഴ്ചയിൽ രണ്ട് തവണയെങ്കിലും പാദങ്ങൾ എക്സ്ഫോളിയേറ്റ് ചെയ്യാൻ മറക്കരുത്. മുഖസംരക്ഷണം പോലെ തന്നെ പ്രധാനമാണ് പാദങ്ങളുടെ സംരക്ഷണവും. പാദങ്ങൾക്ക് ഗ്ലിസറിൻ അടങ്ങിയ ക്രീം ഉപയോഗിക്കാം. രാത്രിയിൽ കിടക്കാൻ നേരത്ത് വെർജിൻ കോക്കനട്ട് ഓയിൽ പാദങ്ങളിൽ പുരട്ടി കിടക്കാം. അതുപോലെ പെട്രോളിയം ജെല്ലി ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്‌ത് കിടക്കുന്നത് നല്ലതാണ്. ഇടയ്ക്ക് തൈര് ചേർത്തുള്ള മാസ്ക് ഇടുന്നത് ചർമ്മത്തിലെ നിറം ഒരുപോലെയാകാൻ സഹായിക്കും.

ദിവസവും ചർമ്മ പരിരക്ഷ ആവശ്യം

വളരെ ലളിതമായ ചർമ്മ സംരക്ഷണ രീതികൾ മഞ്ഞുകാലത്ത് അവംലബിക്കാം. ദിവസവും ഒന്നോ രണ്ടോ തവണ മുഖം വൃത്തിയാക്കാം. പ്രത്യേകിച്ചും രാവിലെയും രാത്രിയും. കിടക്കുന്നതിന് മുമ്പായി മുഖം കഴുകിയ ശേഷം മോയിസ്ച്ചുറൈസർ ലൈറ്റായി അപ്ലൈ ചെയ്യാം. രാത്രിയിൽ അൽപ്പം വീര്യം കൂടിയ മോയിസ്ച്ചുറൈസർ ഉപയോഗിക്കാം. മുഖത്ത് ഈർപ്പം നിലനിർത്തി കൊണ്ട് വേണം ക്രീം പുരട്ടാൻ.

ഭക്ഷണം, വെള്ളം

മഞ്ഞുകാലത്ത് സീസൺ പച്ചക്കറികളും പഴങ്ങളും കഴിക്കാം. മുന്തിരി, ഞാവൽ, ചെറി, സ്ട്രോബറി എന്നിവയിൽ ലഭ്യമായത് കഴിക്കുക. ഇവയിൽ നിറയെ പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ചീര, കുക്കുംബർ മറ്റ് പച്ചക്കറികൾ എന്നിവ കഴിക്കാം. കറിയായും സലാഡായും കഴിക്കുന്നത് മൊത്തം ശരീരാരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്. സൂപ്പ്, ജ്യൂസ്, മോര് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. അതുപോലെ ഏറ്റവും പ്രധാനമായ കാര്യം ധാരാളം വെള്ളം കുടിക്കുകയെന്നതാണ്. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ചർമ്മാരോഗ്യത്തിനും ചർമ്മം ഹൈഡ്രേറ്റായിരിക്കാനും ഇത് സഹായിക്കും.

ഡയറ്റ്

ബാഹ്യമായ സൗന്ദര്യ പരിചരണം കൊണ്ട് മാത്രമല്ല ആന്തരികമായ പരിചരണം കൊണ്ടും മാത്രമേ സൗന്ദര്യവും ആരോഗ്യവും ഈ സമയത്തും നിലനിർത്താനാവൂ. നമ്മൾ കഴിക്കുന്നതെന്താണോ അതായിരിക്കും പുറമെ പ്രതിഫലിക്കുക. അതിനാൽ മികച്ച ഡയറ്റ് തെരഞ്ഞെടുക്കുക. പ്രോട്ടീനുകളുടെ സ്രോതസാണ് ധാന്യങ്ങൾ. ആഴ്ചയിൽ 3-4 ദിവസങ്ങളിൽ ഏതെങ്കിലും ധാന്യം കഴിക്കുന്നത് മികച്ച ആരോഗ്യം പ്രദാനം ചെയ്യും. മുളപ്പിച്ച ചെറുപയർ, വൻപയർ, മുതിര, സോയാബീൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം. അതിനായി സ്വന്തമിഷ്ടമനുസരിച്ച് ഡയറ്റ് ചാർട്ട് തയ്യാറാക്കി അതനുസരിച്ച് ഭക്ഷണം കഴിക്കുക. ഡയറ്റിൽ നിന്നും വറുത്ത് പൊരിച്ച ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, ബ്രഡ്, പഞ്ചസാര എന്നിവ കർശനമായും ഒഴിവാക്കുക. പഞ്ചസാര ഒഴിവാക്കാനാവില്ലെങ്കിൽ അളവ് കുറച്ച് ഉപയോഗിക്കുക. എരിവും പുളിയും മസാലയുമൊക്കെ മിതമായ രീതിയിലായിരിക്കുന്നതാണ് നല്ലത്. ദിവസത്തിൽ ഏതെങ്കിലും സമയത്ത് ഏതെങ്കിലുമൊരു പഴം കഴിക്കുക.

വ്യായാമം

ഡയറ്റു പോലെ പ്രധാനമാണ് വ്യായാമം. വ്യായാമവും കൂടി ചേർന്നാൽ മാത്രമേ മികച്ച ആരോഗ്യവും അഴകും വർദ്ധിക്കൂ. ശരീരാരോഗ്യത്തിനെന്ന പോലെ തന്നെ അഴകു വർദ്ധിക്കാനും വ്യായാമം മികച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. അതുപോലെ ബോഡി മികച്ച ഷെയ്പിൽ നിലനിർത്താൻ വ്യായാമം അനിവാര്യമാണ്. നടക്കാൻ സൗകര്യമുള്ളവർ ദിവസവും 30 മിനിറ്റെങ്കിലും നടക്കുന്നത് മികച്ച ഫലം ചെയ്യും. വീട്ടിൽ വ്യായാമം ചെയ്യാനാണ് താൽപര്യമെങ്കിൽ യോഗയോ എയറോബിക്സോ കാർഡിയോ വർക്കൗട്ടോ യോഗയോ വ്യായാമങ്ങളോ വോക്കിംഗ് എക്സർസൈസോ ചെയ്യാം. മുടങ്ങാതെ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക വഴി ശരീരത്തിനും മനസിനും പുത്തനുണർവും ഓജസും ഉണ്ടാകും. അതിനായി അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം. സ്കിൻ ടൈറ്റനിംഗിനും ശരീരത്തിൽ രക്‌തയോട്ടം മികച്ച രീതിയിലാക്കാനും വ്യായാമത്തിനോളം മറ്റൊന്നിനുമാവില്ല. അതിനാൽ ഏത് കാലാവസ്‌ഥയിലെന്ന പോലെ തന്നെ മഞ്ഞുകാലത്തും വ്യായാമം ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...