ഞാനിന്ന് മുത്തിനെ കാണാൻ പോവുകയാണ്. തിരക്കിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ മനസ്സിൽ വേറൊന്നും ഉണ്ടായിരുന്നില്ല. യാദൃശ്ചികമായിട്ടാണ് ലിജോയുടെ മമ്മിയെ കണ്ടത്. പരശുറാം പിടിക്കാനായി പ്ലാറ്റ്ഫോമിലൂടെ തിരക്കിട്ട് നടക്കുമ്പോൾ എതിരേവന്ന ആ മുഖം എവിടെയോവച്ച് കണ്ട് മറന്ന പോലെ പെട്ടെന്ന് മനസ്സിൽ മിന്നിത്തെളിഞ്ഞു. പണ്ടത്തെ പ്രസരിപ്പില്ല. പ്രായത്തിന്‍റെ ക്ഷീണം മുഖത്തേയും കഴുത്തിലേയും പേശികളിൽ നേരിയ ഉലച്ചിൽ വീഴ്ത്തിയിട്ടുണ്ട്.

“മമ്മീ എന്നെ ഓർമ്മയുണ്ടോ?” ഓടിച്ചെന്ന് ആ കൈകൾ ചേർത്ത് പിടിച്ചു. ഒരു നിമിഷം മുഖമുയർത്തി എന്നെ നോക്കിയ കണ്ണുകളിൽ ഈറൻ നനവിന്‍റെ തിളക്കത്തിലും ചുണ്ടിൽ വി രിഞ്ഞ ചിരിയിൽ ഉള്ളിലെ പൊള്ളൽ, വിങ്ങൽ എനിക്കറിയാൻ പറ്റി. “മമ്മിക്ക് സുഖമാണോ? എനിക്ക് പിന്നെ വരാൻ കഴിഞ്ഞില്ല. ബന്ധപ്പെടാൻ ഒരു വഴിയും ഉണ്ടായില്ല.” ക്ഷമാപണത്തോടെ പറയുമ്പോഴും മുത്തിനെക്കുറിച്ച് അറിയാൻ തിടുക്കമായി.

“മോൾ എന്തുചെയ്യണു… അവളിപ്പോ വലിയ കുട്ടി ആയില്ലേ?” ഒരുകൂട്ടം ചോദ്യങ്ങൾ മനസ്സിലേക്ക് തിരക്ക്കൂട്ടിയെത്തി. എത്ര ആഴത്തിൽ മുറിഞ്ഞാലും പിന്നീട് ആ മുറിപ്പാട് എങ്ങും പോയി മറയില്ലാലോ. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയത്തിലും കാണാം അത്തരം മുറിപ്പാട്.

ചെറിയൊരു മൗനം. അതെന്നെ പരിഭ്രമപ്പെടുത്തി.

“എന്തേ മമ്മീ..”

ഞാൻ വീണ്ടും വിളിച്ചപ്പോൾ പെട്ടെന്ന് ഏതോ ആലോചനയിൽ നിന്നുണർന്നപോലെ എന്‍റെ മുഖം വായിച്ചിട്ട് “ഇല്ലാ മോളെ അവൾ സുഖമായിരിക്കുന്നു. അവളിപ്പോ അവളുടെ ഡാഡിയുടെ കൂടെയാണ്. കുറച്ചുനാളെ ഞങ്ങളുടെ കൂടെയുണ്ടായുള്ളൂ. അതിനുള്ള ഭാഗ്യവും ഈശ്വരൻ ഞങ്ങൾക്ക് അനുവദിച്ചില്ല.”

പിന്നിൽ നിന്ന ലിജോയുടെ ഡാഡി പോകാൻ തിരക്ക് കൂട്ടി മുന്നിൽ കടന്നു പോയ സുരേഷും മക്കളും തിരിഞ്ഞു നിന്നു വേഗം വരൂ എന്ന് തിടുക്കം കൂട്ടുന്നു. പെട്ടെന്ന് മമ്മിയുടെ കൈയ്യിൽ നിന്ന് മൊബൈൽ നമ്പർ വാങ്ങി. ഓടി വന്ന് വണ്ടിയിൽ കയറി. മുന്നിലെ കാഴ്ചകൾ പിന്നോട്ട് തള്ളി യാത്ര ചെയ്യുമ്പോൾ ഞാനെന്‍റെ പ്രീഡിഗ്രി കാലത്തേക്ക് പോയി.

ഒരു ഹർത്താൽ ദിനത്തിലാണ് ഞാൻ ആദ്യമായി അവളുടെ വീട്ടിൽ പോയത്. എക്സാം മാറ്റിവയ്ക്കുമെന്ന് കരുതി ഭക്ഷണം കൊണ്ടുപോയിരുന്നില്ല. ഭക്ഷണം കഴിക്കാതെ ഉച്ചയ്ക്ക് പരീക്ഷയ്ക്കിരിക്കുന്നത് പരീക്ഷണം ആവുമല്ലോ ഈശ്വരാ എന്ന് വിഷമിക്കുമ്പോൾ അവളാണ് നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എങ്കിലും മമ്മി വിളമ്പിത്തന്ന മത്തങ്ങ എരിശ്ശേരിയും തൈരും പാവയ്ക്ക മെഴുക്കുപുരട്ടിയും എന്തുകൊണ്ടും എനിക്ക് പ്രിയപ്പെട്ട വിഭവങ്ങളായിരുന്നു. വളരെ കുസൃതികൾ നിറഞ്ഞ മിടുക്കി. ഹൈസ്‌കൂളും പ്രീഡിഗ്രിയും കഴിയുംവരെ ഞങ്ങൾ ഒരുമിച്ചായിരുന്നു. എൻട്രൻസ് എഴുതി പിന്നെ അവൾ തൃശൂരേക്കും ഞാൻ കൊല്ലത്തേക്കും പോയി. പിന്നീട് നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ടൗണിൽ വച്ചോ ബസ്സ്റ്റാൻഡിൽ വച്ചോ ഒക്കെ മാത്രമായിരുന്നു കൂടിക്കാഴ്ച‌കൾ. ഫോൺ സർവസാധാരണം ആയിട്ടില്ല. എങ്കിലും ഇടവേളകളിൽ വരുന്ന കത്തുകളും എല്ലാവർഷവും മുടങ്ങാതെ കിട്ടുന്ന ക്രിസ്‌തുമസ് ഗ്രീറ്റിങ്‌സ് കാർഡുകളും ഞങ്ങളുടെ ബന്ധത്തെ മുറിയാതെ കെട്ടിയിട്ടു.

4 വർഷത്തെ പഠനം കഴിഞ്ഞയുടൻ അവളുടെ വിവാഹമായി. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തവിധം ഞാൻ വിദേശത്തും ആയി. ലീവിന് നാട്ടിൽ എത്തി. അവളെ പോയി കാണണം. ഡെലിവറി കഴിഞ്ഞ് വീട്ടിൽ ഉണ്ടെന്ന് കേട്ടു. മുൻകൂട്ടി അറിയിക്കുകയൊന്നും വേണ്ട. സർപ്രൈസ് ആക്കണം. അതെപ്പോഴും അവൾക്കൊരു ത്രിൽ ആണ്. നാട്ടിൽ എത്തിയ വിവരം അറിയിക്കുകയേ വേണ്ട. പൊതുവെ തടിച്ചി ഇപ്പൊ നല്ല ഉരുണ്ട് ഹിഡുംബി ആയിട്ടുണ്ടാവും.

എനിക്കാണെങ്കിൽ ഇവിടെ പെണ്ണുകാണാൻ വരുന്നവരെയൊഴിഞ്ഞിട്ട് സ്വസ്ഥമായി ഒരു ദിവസം കിട്ടുന്നില്ല. വൈകാതെ തന്നെ പോവണം. അവളെയും കുഞ്ഞിനേയും കാണണം. മനസ്സിൽ ഉറപ്പിച്ചു. അന്നൊരുദിനം പതിവുപോലെ പത്രം എടുത്ത് മുൻപിൻ പേജുകളൊക്കെ കഴിഞ്ഞ് ചരമ കോളത്തിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി മടക്കിവയ്ക്കാൻ തുടങ്ങുമ്പോളാണ് വാഹനാപകടത്തിൽ… എന്ന ഹെഡിംഗിൽ പെട്ടെന്ന് കണ്ണുടക്കിയത്. ഏതോ ഒരു ഭാര്യയും ഭർത്താവും കുഞ്ഞിനേയും കൊണ്ടുള്ള ബൈക്ക് യാത്രയിൽ അപകടത്തിൽ യുവതി മരിച്ചു. ഒരു ചെറുവിഷമത്തോടെ വായിച്ചുവിടുമ്പോൾ വായിച്ചുവിട്ട വരികളിൽ പേര്, വീട്ടുപേര് സ്‌ഥലം എവിടെയോ മനസ്സിൽ ഉടക്കി.

ലിജോ സിറിയക് തോമസ്, ഇടച്ചേരിൽ വീട്ടിൽ, ആവണിശ്ശേരി.

എന്‍റെ നെഞ്ചിടിപ്പ് കൂടി. പരിഭ്രമം കാരണം എനിക്കൊന്നും മനസ്സിലാവുന്നില്ല. വീണ്ടും വീണ്ടും വാക്കുകൾ എടുത്തെടുത്ത് ഓർത്തു. സിറിയക് തോമസ് അവളുടെ ഭർത്താവിന്‍റെ പേരല്ലേ? സ്‌ഥലം ആവണിശ്ശേരി മുകളിൽ കൊടുത്തിരുന്ന ചിത്രത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ. ഒരു കരച്ചിൽ അപശബ്ദം പോലെ വായിൽ നിന്നും പുറത്തേക്ക് ചാടി. ദേഹം തളരുന്നു. വിറച്ച് വിറച്ച് അവിടിരുന്നു. എന്തുണ്ടായേ എന്ന്ചോദച്ചു അമ്മയും അനിയത്തിയും ചുറ്റും കൂടി. പോകണോ വേണ്ടയോ? അമ്മയും അനിയത്തിയും ചോദിക്കുന്നതൊന്നും മനസ്സിലാവുന്നില്ല. എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. അതു സത്യമാവില്ല. എനിക്കവളെ കാണണം. പക്ഷേ പത്രത്തിൽ വന്നതല്ലേ. സത്യമാകണം എന്നുണ്ടോ? വേറെ ആരെങ്കിലും എന്തെങ്കിലും തെറ്റ്പറ്റിയതാണെങ്കിലോ. പ്രിയപ്പെട്ടവരുടെ വേർപാടുകളെ അങ്ങനെയല്ലാതെ കാണാൻ കഴിയുമോ. ഞങ്ങളന്ന് വീട്ടിൽ ചെന്നപ്പോൾ എല്ലാം കഴിഞ്ഞ്. പള്ളിയിൽ നിന്ന് അവരെല്ലാം മടങ്ങി വീട്ടിലെത്തി.

പേരുപറഞ്ഞപ്പോൾ അവളുടെ ഭർത്താവ് എന്നെ തിരിച്ചറിഞ്ഞു. ആദ്യമായി കാണുകയായിരുന്നു ഞങ്ങൾ. എനിക്കത്ഭുതം തോന്നി. പക്ഷേ തന്‍റെ സുഹൃത്തുക്കളെയൊക്കെ അവൾ ഭർത്താവിനോട് പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അപ്പോഴും മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ തോളിൽ മുലപ്പാല് കിട്ടാതെ കരഞ്ഞുതളർന്ന ഒരു കുഞ്ഞ് പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായി. ഒരു പൊൻമുത്ത് തന്നെ. ഒരു ജീവച്ഛ‌വം പോലെ ഞാനും ഒന്നും മിണ്ടാനാവാതെ നിറഞ്ഞുതൂവിയ കണ്ണുകളുമായി മടങ്ങി.

മരിച്ചുപോയവർ ആണോ നക്ഷത്രങ്ങൾ ആയി വരുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ക്രിസ്‌തുമസ് കാലത്താണ് അവൾ എനിക്ക് തിരുപ്പിറവിയുടെ കഥ പറഞ്ഞുതന്നത്. മാലാഖമാരുടെ പ്രവചനം കേട്ട് യാത്രയാവുന്ന ഒരു പറ്റം ആട്ടിടയന്മാർ. അവർക്ക് മുന്നിൽ മുകളി ലെ നക്ഷത്രകൂട്ടം പെട്ടെന്ന് അതിലൊന്ന് അത്യുജ്‌ജലമായ പ്രകാശം ജ്വലിപ്പിച്ച് വഴികാട്ടിയായി. ആ നക്ഷത്രത്തിളക്കത്തെക്കുറിച്ചുള്ള അവളുടെ വർണ്ണനകേട്ട് അന്നാ നട്ടുച്ചനേരത്തും സ്‌കൂൾ മൈതാനത്ത് നിന്ന ഞാൻ അറിയാതെ മുകളിലേക്ക് നോക്കിപ്പോയി. ഇന്ന് ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളെ കാണുമ്പേമ്പോൾ ഞാനവളെ ഓർമ്മിക്കുന്നു. എവിടെയായിരിക്കും അവളുടെ കുഞ്ഞ്.

താൻ എന്താടോ കുറേനേരമായല്ലോ ഗാഢമായ ചിന്തയിൽ?

ഭർത്താവിന്‍റെ ചോദ്യമാണ് ഉണർത്തിയത്. ഇറങ്ങുന്നില്ലേ? സമയം പോയതറിഞ്ഞില്ല. മണിക്കൂറുകൾ കഴിഞ്ഞു. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഓർമ്മകൾക്ക് ഒരു മങ്ങലും ഏറ്റിട്ടില്ല. ഇതൊരു ക്രിസ്തുമസ് കാലം ആണ്. എന്തായാലും ആ കുഞ്ഞിനെ കണ്ട് പിടിക്കണം. മടങ്ങിപ്പോവും മുമ്പ് കാണണം. മുൻപൊന്നും ഇല്ലാത്തവിധം മനസ്സ് പിടച്ചു. മമ്മിയെ വിളിച്ച് വിവരങ്ങൾ തിരക്കി. കുട്ടി തിരുവനന്തപുരത്ത് ആണ്. മെഡിസിന് പഠിക്കുന്നു. ഒന്ന്‌രണ്ട് കൂട്ടുകാർ ഒരുമിച്ച് ഒരു വീട്ടിൽ പെയിങ് ഗസ്‌റ്റ് ആയിട്ടാണ് താമസിക്കുന്നത്, കുമാരപുരത്ത്. ഇവിടന്ന് അധികം ദൂരമില്ല അവിടേക്ക്. സൗകര്യമായി. ഞാൻ പോകും മമ്മി. എന്ന് പറഞ്ഞ് അഡ്രസ്സും നമ്പറും വാങ്ങി. ഞാൻ ചെല്ലുന്ന വിവരമൊന്നും മോളെ അറിയിക്കേണ്ടട്ടൊ മമ്മീ. എന്തോ അങ്ങനെ പറയാൻ തോന്നി. വല്യമ്മച്ചിയേയും അപ്പച്ചനേയും കണ്ടാൽ കുഞ്ഞിന് വല്ലാത്ത സങ്കടം ആണെന്നാണ് ലിജോയുടെ മമ്മിയും പറഞ്ഞത്. ആ സ്ഥിതിക്ക് മനസ്സിൽ വല്ലാത്തൊരു വിങ്ങൽ. ഒരു പക്ഷേ അമ്മയെന്ന ഓർമ്മയെ തട്ടിയുണർത്തിയാൽ അത് വീണ്ടും വേദനിക്കുന്ന അനുഭവം ആവുമോ. പോകും മുമ്പ് മോളെ ഒന്ന് വിളിക്കണമോ. വല്ലാത്ത ആശങ്ക. വിളിച്ചാൽ എന്തു പറയണം. എന്തിനാണ് ഇനി ആ കുട്ടിയെ കണ്ടിട്ട് അമ്മയെക്കണ്ട ഓർമ്മ പോലും ആ കുട്ടിക്കില്ല. ഇനി അവൾക്ക് അങ്ങനെയൊരു അമ്മ ഉണ്ടായിരുന്നു എന്നുപോലും അവളോർത്തിരിക്കുണ്ടാവുമോ? പക്ഷേ എനിക്കവളെ കാണണം. മനസ്സ് അതിയായി ആഗ്രഹിക്കുന്നുണ്ട്.

രണ്ടും കൽപ്പിച്ചു വിളിച്ചു

വളരെ സ്വീറ്റ് ആയിട്ടൊരു ശബ്ദം ഫോണിന് മറുതലയ്ക്കൽ എന്‍റെ ഹൃദയം വല്ലാതെ മിടിച്ചു. ഓർമ്മകൾ കടന്നൽക്കൂട് പൊളിച്ചുവന്നു. എന്‍റെ കാതോരം ചിലച്ചു കലപില കൂട്ടിയിരുന്നവൾ. നിന്നെയും കുഞ്ഞിനെയും വന്നുകാണാൻ കൊതിച്ചിരുന്ന എനിക്ക് നീ കാത്തുവച്ച സർപ്രൈസ് ഇതായിരുന്നോ? നാട്ടിൽ വരുമ്പോൾ നിന്നെ പിടിച്ചുകെട്ടിച്ചേ ഇനി പറഞ്ഞുവിടൂ എന്നൊക്കെ വലിയ വല്യേച്ചി ചമഞ്ഞവൾ. മറുപുറത്തുനിന്നും വീണ്ടും ഹെലോ.. ഹെലോ കേൾക്കുന്നുണ്ട്. വയ്യ. എനിക്കൊന്നും മിണ്ടാൻ ആവുന്നില്ല. ഫോൺ കട്ട് ചെയ്‌തു. എന്നിട്ടും ദിവസങ്ങളോളം മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. കാണണം. എനിക്കാ കുഞ്ഞിനെ ഒന്നു കാണണം. അമ്മയുടെ ചൂടേറ്റ് വളരാത്ത കുട്ടി സുഖമാണോ സന്തോഷമാണോ അമ്മയെപോലെ മുഖം നിറയെ പ്രസരിപ്പും കുസൃതിയുമുള്ള കുട്ടിയാണോ? അവൾ കാഴ്‌ചയിൽ എങ്ങനെയുണ്ടായിരിക്കും. മടങ്ങിപ്പോകാൻ ഏതാനും ദിവസങ്ങൾ ബാക്കിയുള്ളൂ. ആകെ തിരക്കോട് തിരക്ക്. പെട്ടെന്നൊരു ദിവസം ഇറങ്ങിത്തിരിച്ചു.

നിറയെ നിരന്ന വില്ലകൾ. സെക്യൂരിറ്റിയോട് ചോദിച്ചു ഗ്രേസ് വില്ല എന്ന് ബോർഡ് വച്ച വീട് കണ്ടുപിടിച്ചു. ബെല്ലടിച്ചു പ്രായമായ ഒരു സ്ത്രീ വന്നു. ചോദിച്ചപ്പോൾ മുകളിലേക്ക് സ്‌റ്റെയർ കേസ് ചൂണ്ടിക്കാട്ടി മുകളിലെ വാതിൽ തുറന്ന് ബാൽക്കണിയിൽ ഒരു പെൺകുട്ടി.വെളുവെളുത്ത് ഉയരംകൂടി മെലിഞ്ഞൊരു കുട്ടി. ഇവളല്ല. മനസ്സ് മന്ത്രിച്ചു എന്താ? ആരാ? കുട്ടി ചോദിച്ചു കൊണ്ടിരിക്കുമ്പോൾ എന്‍റെ കണ്ണ് ചുറ്റും പരതുകയായിരുന്നു. വാതിലിനപ്പുറത്ത് നല്ല ചുരുണ്ടമുടിയുള്ള തീരെ പൊക്കം കുഞ്ഞ ഒരു പെൺകുട്ടി നടന്നുനീങ്ങുന്ന കണ്ടു. ഹൃദയം പെടപെടച്ചു. അല്ലാ ആ കുട്ടിയും ആവില്ല. അവൾ അങ്ങനെയാവില്ല. ആരാ ആരെയാ അന്വേഷിക്കുന്നത്? മുന്നിൽ വന്നുനിന്ന കുട്ടി വീണ്ടും ചോദിച്ചു. അടി മുടി വിറച്ചപോലെ ഞാനൊന്ന് പറയാൻ ശ്രമിച്ചിട്ടു തൊണ്ടയിടറി.

പേൾ പേൾ സിറിയക് തോമസ് പേൾ ആ കുട്ടി അകത്തേക്കുനോക്കി നീട്ടിയൊന്ന് വിളിച്ചിട്ട് മുറിയിലേക്ക് പോയി.

 

അപ്പൊ ഈ കുട്ടികൾ അല്ല. ഞാൻ തിരിഞ്ഞ് ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കിനിന്നു. ലിജോ ഞാൻ മനസ്സുകൊണ്ട് ഉരുവിട്ടു. ഞാനിപ്പോ നിന്‍റെ മകളുടെ മുന്നിൽ ആണ്. എനിക്ക് നീ വെളിച്ചമാവണം. എന്ത് പറഞ്ഞു പരിചയപ്പെടുത്തണം. മോളുടെ പ്രായത്തിലെ അമ്മ ഒരുമിച്ചുള്ള ആ ഫോട്ടോ കാണിച്ചുകൊടുക്കണോ? അമ്മയുടെ മനോഹരമായ കൈയക്ഷരങ്ങൾ കാണിച്ചുകൊടുക്കണോ? അമ്മയുടെ മനോഹരമായ കൈയക്ഷരങ്ങൾ കാണിച്ച് ഇതാണ് മോളുടെ അമ്മ എഴുതിയത് എന്നുപറയണോ. പിന്നിൽ ഒരു നിഴലനക്കം. മനസ്സ് തുടിച്ചു. സ്നേഹമോ വാൽത്സല്യമോ എല്ലാം ഒതുക്കി വച്ചു. എന്‍റെ മുന്നിൽ അവൾ മാലാഖ കരുത്തുള്ള നീളൻ മുടി കഴുത്ത് മറച്ച് വെട്ടിയിറക്കി നിറുത്തിയിരിക്കുന്നു.

അവളുടെ അതേ നിറം. കൈയ്യിലേയും കവിളിലേയും മിനുമിനുപ്പ്. വിടർന്ന ആഴമുള്ള കണ്ണുകൾ, സ്വൽപം തടിച്ച ചുണ്ടുകൾ, മേൽചുണ്ടിനു മേലെ നനുത്ത ര മ മിനുമിനുപ്പ്, കൈവിരലുകൾ, പാദം. എന്‍റെ നോട്ടവും നിൽപും കണ്ട് കുട്ടി ആകെ പരിഭ്രമിച്ച മട്ടിൽ അവൾ പരുങ്ങി നിൽപാണ്

അഞ്ജു…

മ്മ്. അതേ, ഞാനാണ്.

ഇവളൊരു പേൾ തന്നെ. ഞാൻ അറിയാതെ മന്ത്രിച്ചു. എന്‍റെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി. മനസ്സിൽ ഒരു കടലിരമ്പം. മകളേ മാപ്പ്. ഒരുപാട് ആഗ്രഹിച്ചു. ഈശ്വരൻ ഇന്നേ അവസരം തന്നുള്ളു. ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. ഒന്നും പറയാൻ കഴിയുന്നില്ല. സ്വൽപം കൂടെ അടുത്ത് ചെന്നു. ആ കൈകൾ ചേർത്ത് പിടിച്ചു. അപരിചിതയെ കണ്ട് കൈ ഒന്ന് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഒന്നുകൂടെ ആ കൈ എന്‍റെ ഉള്ളംകൈയ്യിലേക്ക് ചേർത്തു. വിരലുകളിലൂടെ കൈകൾ ഓടിച്ചു.

ജന്മാന്തര സ്നേഹത്തിന്‍റെ ഊഷ്‌മളത തൊട്ടറിഞ്ഞു. കണ്ണിമയ്ക്കാതെ പരിഭ്രമത്തോടെ അവൾ എന്നെ ഉറ്റുനോക്കുമ്പോൾ ഞാനാ കൈകൾ എടുത്ത് ഉമ്മവച്ചു. പിന്നെയും പ്രാർത്ഥനപോലെ ആ കൈകൾ എന്‍റെ രണ്ട് കണ്ണിനും മേലെ മാറിമാറി തൊടുവിച്ചു. അവൾ ഒരു പ്രതിമപോലെ ആശ്ചര്യപ്പെട്ടു നിന്നു. എനിക്കാ കുഞ്ഞിനെ വിട്ടുപോരാൻ തോന്നുന്നില്ല. മെല്ലെ കൈക്കുമ്പിളിൽ ആ മുഖം വാരിയെടുത്തു. പിറന്നുവീണ കുഞ്ഞിനെന്ന പോൽ വീണ്ടും ഞാനാ നെറ്റിയിൽ ചുംബിച്ചു. ഒരു കുഞ്ഞിനെപ്പോലെ എന്‍റെ മുന്നിൽ പതുങ്ങിനിന്നു അവൾ. എന്‍റെ എല്ലാ ചലനങ്ങളേയും സാകൂതം വായിച്ച് നിൽക്കുമ്പോൾ ഞാൻ വേഗം കണ്ണുകൾ തുടച്ച് ഒന്നും ചോദിക്കാനോ പറയാനോ അവസരം നൽകാതെ തിരിഞ്ഞു നടന്നു.

‌സ്റ്റെയർ കേസ് ഇറങ്ങുമ്പോൾ ഞാനും ഒന്ന് തിരിഞ്ഞുനോക്കി. പിന്നിൽ ഓടിവന്ന അവൾ നോക്കി നിൽക്കുന്നു. ആരായിരിക്കും ഇവർ? എന്തിനാണ് എന്നോട് ഇത്രയും ആത്മബന്ധം വാത്സല്യം? ചോദിക്കുന്നതിനെക്കാളും പറയുന്നതിനേക്കാളും വളരെയേറെ അനുഭവിച്ചറിയാൻ സാധിക്കുന്ന നിമിഷങ്ങൾ. അനുഭൂതി നുകരും നിമിഷങ്ങൾ. സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും ചൂടേറ്റ് അതുടൻ കൈവിട്ടുപോവുമ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ വീണ്ടും അർത്ഥതലങ്ങൾ തേടി കണ്ണും നട്ട് അവൾ പിന്നിൽ.

ആ നിൽപ് കണ്ടുനിൽക്കാൻ ആയില്ല. എന്‍റെ ലിജോ മരണം വേർപെടുത്തുമ്പോഴും ആർക്കും വിട്ടുകൊടുക്കാതെ കുഞ്ഞിനെ തന്‍റെ മടിയിൽ മാറോടടക്കി പിടിച്ചവൾ. വിതുമ്പൽ അടക്കി വേഗം പിന്തിരിഞ്ഞു ഓടിച്ചെന്ന് അവളുടെ മുന്നിൽ കിതച്ചുനിന്നു. അത് പ്രതിക്ഷിച്ചപോലെ ഒരു പുഞ്ചിരി അവളുടെ മുഖത്തും വിരിഞ്ഞു. ലിജോ… ലിജോ… എന്‍റെ ചുണ്ടുകൾ അറിയാതെ മന്ത്രിക്കുന്നുണ്ടായിരുന്നു. സന്തോഷവും വേദനയും ചേർന്ന വികാരംകൊണ്ട് ഞാനവളെ വാരിപ്പുണർന്നു. മാതൃബന്ധത്തിന്‍റെ ചൂടേറ്റിട്ടാണോ ആ നിമിഷം അവൾ അങ്ങനെ ചുറ്റിപ്പിടിച്ച് നിന്നത്. നെറ്റിയിൽ വീണ്ടും വീ ണ്ടും ഉമ്മവച്ചു. ഒരു പുഞ്ചിരികൂടി സമ്മാനിച്ച് കണ്ണുകൾ തുടച്ച് ഞാൻ തിരിച്ച് നടന്നു. “ഇനിയും വരാം ട്ടോ, കാണാം.” എന്ന് മാത്രം പറഞ്ഞു. സമ്മതഭാവത്തിൽ അവൾ തലയാട്ടി.

“ഹാപ്പി ക്രിസ്‌തുമസ്” തിരിച്ചും ഒരു മന്ത്രണംപോലെ അവൾ “ഹാപ്പി ക്രിസ്‌തുമസ്” അതുകേട്ട് ഞാനും കോരിത്തരിച്ചു. ഗേറ്റ് എത്തി തിരിഞ്ഞു നോക്കവെ ചെറുപുഞ്ചിരിയോടെ ആ മകൾ പതിയെ പതിയെ കൈവീശി യാത്ര പറഞ്ഞു. ആ പുഞ്ചിരിക്ക് അവളന്ന് പറഞ്ഞുതന്ന വിശുദ്ധ നക്ഷത്രത്തേക്കാൾ തിളക്കവും പ്രകാശമുള്ളതുമായി തോന്നി. ബാഗിൽ നിധിപോലെ സൂക്ഷിച്ചുവച്ച ലിജോയുടെ കത്തുകളും കുറിപ്പുകളും. അമ്മയുടെ ഓർമ്മയ്ക്കായി കൊടുക്കാൻ എടുത്തുവച്ചു. അവൾ ആഗ്രഹിക്കുന്നുണ്ടാവുമോ അങ്ങനെയൊന്ന്? കാണാത്ത അമ്മയെ തൊട്ടറിയാൻ കാണാൻ? ഇനി അതുവേണ്ട. തമ്മിൽ പറയാതെ എല്ലാം ഹൃദയങ്ങൾ മന്ത്രിച്ചിരുന്നല്ലോ.

और कहानियां पढ़ने के लिए क्लिक करें...