നമ്മുടെ വീട് നാല് ചുവരുകളുള്ള വെറുമൊരു കെട്ടിടമല്ല. നമ്മുടെ മനസ്സിന്റെ കണ്ണാടിയാണത്. നീണ്ട ഒരു ദിവസത്തെ ജോലിക്ക് ശേഷം ഓടിയെത്താൻ ആഗ്രഹിച്ച് ശാന്തമായ അഭയകേന്ദ്രമാണത്. എന്നാൽ വർഷങ്ങളായി ഒരേതരം ഫർണിച്ചറുകളും അതേ പെയിൻറും കാണുമ്പോൾ എപ്പോഴെങ്കിലും വിരസത തോന്നാത്തവരായി ആരുമുണ്ടാവില്ല.
അതുകൊണ്ട് തന്നെ വീടിന്റെ ഇന്റീരിയർ ഇടയ്ക്കിടെ പുതുക്കുന്നത് ആഡംബരമായി കാണേണ്ടതില്ല. മറിച്ച് നമ്മുടെ മാനസികാരോഗ്യത്തിനും കുടുംബത്തിന്റെ സന്തോഷത്തിനും അത്യാവശ്യമായ ഒന്നായി അതിനെ കരുതാം.
ഇന്റീരിയർ മാറ്റുന്നത് മാനസികാ രോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
പരിസ്ഥിതി മനഃശാസ്ത്രമനുസരിച്ച് നമ്മൾ ജീവിക്കുന്ന ചുറ്റുപാട് നമ്മുടെ ചിന്തകളേയും മാനസികാവസ്ഥയേയും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്.
പുതിയ ഊർജ്ജം: വീടിന്റെ അന്തരീക്ഷത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും തലച്ചോറിലെ ന്യൂറോ പ്ലാസ്റ്റിസിറ്റിയെ (തലച്ചോറിന്റെ പ്രവർത്തന ശേഷി സ്വയം ക്രമപ്പെടുത്താനുള്ള കഴിവ്) ഉത്തേജിപ്പിക്കുകയും മനസ്സിന് പുതുമയും പോസിറ്റീവ് ഊർജ്ജവും നൽകുകയും ചെയ്യുന്നു. കൂടാതെ വീട്ടിലെ അനാവശ്യ വസ്തുക്കൾ ഒഴിവാക്കാം. ഇന്റീരിയർ ക്രമീകരിക്കുമ്പോൾ സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയുന്നു. അടുക്കും ചിട്ടയും ഭംഗിയുമുള്ള വീട് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും ലഭിക്കും. കൂടാതെ ചുവരിലെ ഇഷ്ട നിറങ്ങൾ, മനോഹരമായ അലങ്കാരങ്ങൾ, അല്ലെങ്കിൽ മനസ്സിനിഷടപ്പെട്ട പുതിയ ഫർണിച്ചറുകൾ എന്നിവ കാണുമ്പോൾ തലച്ചോറിൽ ഡോപാമൈൻ ഉൽപാദിപ്പിക്കപ്പെടും. ഇന്റീരിയർ ഡിസൈൻ ഭാഷയിൽ ഇതിനെ “ഡോപാമൈൻ ഡെക്കർ” എന്നാണ് വിളിക്കുക.
ഇടയ്ക്കിടെ ഇന്റീരിയർ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസൈനർ വിജയ് മോഹൻ പറയുന്നത്. സ്ഥലപരിമിതി കാരണം പഴയതും ഭാരിച്ചതുമായ ഫർണിച്ചറുകൾ ഇക്കാലത്ത് ഉപയോഗിക്കുകയെന്നുള്ളത് പ്രയോഗികമല്ലെന്ന് മാത്രമല്ല ട്രെൻഡുമല്ല. പഴയ കാലഹരണപ്പെട്ട ഫർണിച്ചറുകൾക്ക് പകരമായി പുത്തൻ ഡിസൈനുകളിലുള്ള ഫർണിച്ചറുകൾ കൊണ്ട് വീടിന് പുത്തൻ ലുക്ക് നൽകാം. മാത്രമല്ല നിങ്ങളുടെ മാനസികാരോഗ്യം മാനസികാവസ്ഥ വീടിന്റെ ഉപയോഗക്ഷമത എന്നിവയിത് മെച്ചപ്പെടുത്തുകയും ചെയ്യും. ദീർഘനേരം ഒരേ അന്തരീക്ഷത്തിൽ താമസിക്കുമ്പോഴുണ്ടാകുന്ന വിരസതയെ ഇത് തീർത്തും ഇല്ലാതാക്കും. അതേ സമയം ഇന്റീരിയറിൽ ഉണ്ടാക്കുന്ന കൃതൃമായ മാറ്റങ്ങൾ വീടിനകത്തളത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കുമെന്ന് നിസംശയം പറയാം. സ്വന്തം ബജറ്റിന് അനുസരിച്ച് ബുദ്ധിപൂർവ്വമായി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം.
പോസിറ്റീവ് എനർജി
പുതിയ മാറ്റങ്ങൾ സമ്മർദ്ദം കുറയ്ക്കകയും മാനസിക സമാധാനം നൽകുകയും ചെയ്യുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വന്തം വീടിന്റെ സ്ഥലം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സമർത്ഥമായ ഇന്റീരിയർ മാനേജ്മെന്റ് സഹായിക്കും.
ബജറ്റിലൊതുക്കി വീടിനൊരു പ്രീമിയം ലുക്ക്
ഇന്റീരിയർ മാറ്റുക എന്ന് കേൾക്കുമ്പോൾ തന്നെ വലിയ തുക ചെലവാകുമല്ലോ എന്നോർത്ത് വിഷമിക്കേണ്ടതില്ല. ബുദ്ധിപൂർവ്വം പ്ലാൻ ചെയ്താൽ കുറഞ്ഞ ബജറ്റിലും വീടിനെ മനോഹരമാക്കാം. വലിയ തുക ചെലവഴിക്കാതെ വലിയ നവീകരണങ്ങൾ നടത്താതെ വീടിന് പ്രീമിയം ലുക്ക് ലഭിക്കാൻ ലളിതമായ ഇക്കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ചുവരിന് പകരാം പുത്തൻ നിറം
സാധാരണയായി 5 വർഷത്തിനുള്ളിൽ പെയിന്റ് മങ്ങിപ്പോകുന്നതിനാൽ ഓരോ 5 വർഷം കൂടുമ്പോൾ ചുവരുകൾക്ക് ഇഷ്ട നിറം നൽകാം. അത്തരമൊരു സാഹചര്യത്തിൽ ക്രീം അല്ലെങ്കിൽ ബീജ് പോലുള്ള ട്രെൻഡിയായ ഊഷ്മള നിറങ്ങൾ ചുവരുകൾക്ക് നൽകി വീടിന് ബജറ്റിനനുസരിച്ച് പുതിയ ലൂക്ക് നൽകാം. അടർന്ന് തുടങ്ങിയ കോണുകൾ മാറ്റി പുതിയ മോഡേൺ വാൾപേപ്പറുകൾ പരീക്ഷിക്കാം.
സോഫ, ചെയർ എന്നിവയുടെ തുണികൾ മാറ്റി പുതിയവ ഇടുന്നത് പെട്ടെന്ന് വീടിൻ ലൂക്ക് തന്നെ മാറ്റിമറിക്കും. കട്ടിലുകൾ, മറ്റ് മര ഉരുപ്പടികൾ മാറ്റി വാങ്ങുന്നതിന് പകരം വാർണിഷ് ചെയ്ത് പുതിയ തിളക്കം നൽകാം. മുൻകൂട്ടി ബജറ്റ് തയ്യാറാക്കി, ഓരോ 5 വർഷം കൂടുമ്പോൾ വീട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തി നോക്കൂ. സ്വപ്നഭവനം എപ്പോഴും ഊഷ്മളവും സമാധാനം നിറഞ്ഞതുമായി നിലനിൽക്കും.





