ഏകദേശം നാലു നാലര മണിയോടെയാണ് കുറിയർ കമ്പനിയിൽ നിന്നു ഫോൺ കാൾ വന്നത്. അഞ്ചു മണിക്ക് കമ്പനി അടക്കും എന്നും പറഞ്ഞു. ഇത്ര ചെറിയ സമയപരിധിയിൽ അവിടെ ചെന്നു പാർസൽ വാങ്ങാനാകില്ലെന്ന് അറിഞ്ഞു, പിറ്റേന്നത്തെ ആദ്യത്തെ പ്രവൃത്തി ദിന മണിക്കൂറിൽ വന്നു പാക്കറ്റ് വാങ്ങാമെന്ന് അറിയിച്ചു.

വീണ്ടും ജിജ്ഞാസയുടെ കാർമേഘം മനസ്സിൽ ഉറുണ്ടുകയറി. അതെത്തുടർന്ന് പിറ്റേന്ന് രാവിലേ നേരത്തെ എഴുന്നേറ്റ് കുറിയർ കമ്പനി ലക്ഷ്യം വച്ച് യാത്ര പുറപ്പെട്ടു. പുലർകാലത്തെ ഉന്മേഷകരമായ തണുത്ത കാറ്റ് ആസ്വദിച്ച് വഴിയരികിൽ നിന്നു നീട്ടിയടിച്ച പൊടിച്ചായ കുടിച്ച് ലക്ഷ്യം ലക്ഷ്യമാക്കി ഞാൻ നടന്നു.

ലക്ഷ്യസ്ഥാനമെത്തിയപ്പോഴേക്കും ശരീരമാകമാനം വിയർപ്പു പൊടിഞ്ഞിരുന്നു. ഒപ്പം വയറുകാളലും. എന്താണ് ഉടനെ കഴിക്കേണ്ടതെന്ന് ആലോചിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ആ പ്രദേശത്ത് പുതുതായി തുടങ്ങിയ മോമോ പാണ്ടയുടെ ഒരു ശാഖയായിരുന്നു.

വ്യത്യസ്തമായൊരു വിഭവം. ഇതുവരെ രുചിച്ചിട്ടില്ലാത്ത ആ വിഭവം പരീക്ഷിക്കാൻ നിശ്ചയിച്ച് ഞാൻ ആ ഭക്ഷണശാലയിലേക്ക് കയറി. അത്ര ആൾത്തിരക്കില്ല. ചുമരിൽ ജീവൻ തുടിക്കുന്ന വ്യാളീമുഖം. ഒന്നു രണ്ടു മംഗോളിയൻ മുഖഛായയുള്ള സ്ത്രീകൾ ഇരുന്ന് അൽപ്പാൽപ്പായി കൊഴുത്ത സൂപ്പും ന്യൂഡിൽസും ആസ്വദിച്ചു കഴിക്കുന്നതു കണ്ടു.

പ്രഭാതത്തിൽ തന്നെ അത്തരമൊരു വിഭവം അവർ കഴിക്കുന്നതു കണ്ടു എനിക്ക് വല്ലായ്മ തോന്നി. ഞാൻ കൗണ്ടറിൽ ചെന്നു പലഹാരങ്ങളുടെ വർണ്ണചിത്രങ്ങളും വിലനിലവാരവും പരിശോധിച്ചു. അങ്ങനെ ഇറച്ചി ഉള്ളിൽ വച്ച് ആവിയിൽ പുഴുങ്ങിയ പലഹാരവും ഒരു ക്ലിയർ സൂപ്പും ഓർഡർ ചെയ്തു, പണവും കൊടുത്തു കസേരയിൽ വന്നു ഇരുന്നു.

ആദ്യം അപരിചിതത്വത്തിന്‍റെ മൂടുപടം എടുത്തണിഞ്ഞത്, തീർത്തും അന്തരീക്ഷവും ഗന്ധവും. പിന്നീട് പരിചയത്തിന്‍റെ മേലാപ്പ് അണിഞ്ഞു.

വഴിയരികിൽ നിന്നു വാങ്ങിയ കഴിഞ്ഞ രണ്ടുദിവസത്തെ പ്രാദേശിക വാർത്തകൾക്ക് പ്രാമുഖ്യം നല്കുന്ന ന്യൂസ് പേപ്പർ എടുത്തു ഞാൻ അരിച്ചുപെറുക്കി നോക്കാൻ തുടങ്ങി. ഒടുവിൽ ഞാൻ പ്രതീക്ഷിച്ച വാർത്ത കണ്ടെടുത്തു. അത് വായിക്കുന്നതിനിടയിൽ അപ്പോൾത്തന്നെ ആവി പറക്കുന്ന മോമോസ് മേശപ്പുറത്തെത്തി.

ചൂടൽപ്പം ശമിച്ചശേഷം ഞാൻ ആ പലഹാരം എടുത്തു രുചിച്ചു. നാവിലെ രസമുകുളങ്ങളെ ഉണർത്തിയ മൃദുലമായ ആവിയിൽ പുഴുങ്ങിയ പലഹാരം. ലേശം ആന്തല അനുഭവപ്പെട്ടെങ്കിലും ചുവന്ന ചട്നിയിൽ മുക്കിയ മോമോസ് രുചികരമായി തോന്നി.

ഞാൻ വീണ്ടും പേപ്പറിൽ ദൃഷ്ടി പായിച്ചു. റബർതോട്ടത്തിനകത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നു സ്ത്രീകളടക്കമുള്ള ലഹരി സംഘം പിടികൂടിയ വാർത്ത വലിയ പ്രാധാന്യമില്ലാതെ ഒരു ചെറിയ കോളത്തിൽ കൊടുത്തിരിക്കുന്നു. ലഹരി സംഘത്തിലെ ഒരുവൻ ലഹരി മൂത്ത് ഒപ്പമുള്ള സ്ത്രീയെ ആക്രമിച്ചതും അതെത്തുടർന്നുള്ള ബഹളവും ആണ് സംഘത്തെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.

ഏതായാലും ആ ഒരു അദ്ധ്യായം അടഞ്ഞതിനാലും വില്ലിയങ്കിളിന്‍റെ മനോവേദന അത് വായിക്കുന്നതിനിടയിൽ ശമിച്ചതിനാലും ഞാൻ ആശ്വാസം കൊണ്ടു. ഒരു പ്ലേറ്റ് പലഹാരം കൂടി കഴിച്ചശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി. ഇളം മഴയുണ്ട്. നേർത്ത കാറ്റും.

ആ അന്തരീക്ഷവും എന്‍റെ ഉത്കണ്ഠയും ജിജ്ഞാസയും ശമിക്കാൻ ഇനി ഏറെ സമയം എടുക്കില്ലെന്ന ചിന്തയും മനസ്സിന് അനൽപ്പമായ ആഹ്ളാദം നല്കി. തെല്ലു കാത്തിരുന്നശേഷം കുറിയർ ഓഫീസിൽ നിന്നു കൈപ്പറ്റിയ പാക്കറ്റുമായി വീട് അണയുമ്പോഴും ഇളംമഴ തൂവിക്കൊണ്ടിരുന്നു.

അന്നു വൈകീട്ട് കാര്യമായ വിശപ്പ് തോന്നിയില്ല. ഭാര്യ ഏറെ നിർബന്ധിച്ചിട്ടും ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. തേൻ ഒഴിച്ച ലെമൺടീയുമായി ഞാൻ മുറിയിലെത്തി.

ജനലുകൾ തുറന്നിട്ടു. അടച്ചിട്ട മുറിയിലേക്ക് ഇളംതണുപ്പ് അൽപ്പാൽപ്പമായി തിരതല്ലിക്കൊണ്ടിരുന്നു. ജനലിനപ്പുറം വഴിത്താരയിൽ പല ഇടത്തായി നനവ് പടർന്നിരിക്കുന്നതു കണ്ടു. വഴിത്താരക്കു വശത്തുള്ള ദീപവിതാനങ്ങൾ പൊടുന്നനെ കത്താൻ തുടങ്ങി.

പ്രദേശം പ്രകാശാനമായി. ഞാൻ കസേരയിൽ വന്നു ഇരുന്ന് അല്പാൽപ്പം ലെമൺടീ കുടിച്ചുകൊണ്ട് മേശപ്പുറത്ത് ഇരുന്നിരുന്ന പാക്കറ്റ് തുറന്നു. സിനിമയുടെ തിരക്കഥ പോലെ ഒരു കെട്ട് പേപ്പറുകൾ. തുടക്കത്തിൽ ഗബ്രിയുടെ ഒരു കത്തും.

ഞാൻ കത്തു വായിക്കാൻ ആരംഭിച്ചു.

ഗബ്രി എഴുതുന്നു… വടിവൊത്ത നേർത്ത അല്പം ചരിഞ്ഞ പരിചിതമായ കൈക്ഷരം.

പ്രിയപ്പെട്ട സാം,

സുഖമെന്ന് കരുതുന്നു. ഞാൻ ഒരു കുറിയർ പാക്കറ്റ് അയക്കുന്നുവെന്നു മാത്രമേ ഇതുവരെ നിങ്ങളോട് പറഞ്ഞിട്ടുള്ളൂ. പിന്നീട് ഈ വിഷയത്തെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടുമില്ല. ഈ കത്തിലൂടെ എല്ലാ വിവരങ്ങളും സാമറിയും.

ആദ്യമേ തന്നെ എഴുതട്ടെ— ഇതിൽ പരാമർശിച്ചിരിക്കുന്ന വിഷയവുമായി എനിക്ക് കേവലം കൗതുകം എന്നതിലപ്പുറം യാതൊരു ബന്ധവുമില്ല. എന്നിരുന്നാലും എന്‍റെ അടുത്തൊരു സുഹൃത്ത് ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു ദിവസം പാടെ നിരാശനായ മുഖഭാവത്തോടെ ഞാൻ ആ സുഹൃത്തിനെ ഒരു ബാറിൽ വച്ച് കണ്ടുമുട്ടി. തുടർന്നുള്ള അയാളുടെ സംഭാഷണങ്ങളിലൂടെയാണ് അയാളുടെ നിരാശയുടെ കാരണം വെളിവായത്. അതും എന്‍റെ നിർബന്ധത്തിന്‍റെ ഫലമായി.

അയാൾ നേരിടുന്ന പ്രശ്നം വിശദമായി തന്നെയാണ് എന്നോട് അറിയിച്ചു. അതെന്തെന്ന് മനസ്സിലായപ്പോൾ പ്രശ്നപരിഹാരത്തിനായി എന്‍റെ മുന്നിൽ വന്ന പേര് സാമിന്‍റെതാണ്. എനിക്ക് ചെയ്തുതരേണ്ടത് ഇത്രമാത്രം.

ഈയൊരു സംഭവപരമ്പര വിശദമായി മനസ്സിലാക്കുക. ഉൾക്കൊള്ളുക. തുടർന്ന് സാമിന്‍റെ നിഗമനങ്ങൾ എന്നെ കത്തിലൂടെ അറിയിക്കുക. അതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് എന്നെ കോൺടാക്ട് ചെയ്യരുത്. ഒരു വിധ ഇലക്ട്രോണിക് സങ്കേതങ്ങൾ വഴിയും ഈ സംഭവവുമായി ബന്ധപ്പെട്ട ആശയവിനിമയവും അരുത്. ഈ പാക്കറ്റ് കൈപ്പറ്റി എന്നു പോലും എന്നെ അറിയിക്കേണ്ടതില്ല. എനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും രേഖകളുടെ പകർപ്പുകളും ഈ പാക്കറ്റിലുണ്ട്. ഇതിലപ്പുറം എനിക്ക് വിവരങ്ങളോ രേഖകളോ താങ്കൾക്ക് തരാനുമില്ല. നിങ്ങൾ കണ്ടെത്തുന്ന നിഗമനങ്ങൾ എന്നെ വിശദമായി എഴുതി അറിയിക്കുക. ഞാനത് മനസ്സിലാക്കി നിങ്ങൾ അയച്ചുതരുന്നത് നശിപ്പിച്ചുകളയുന്നതാണ്.

കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷം ഞാനയച്ച രേഖകളെല്ലാം കവറടക്കം നശിപ്പിക്കുക. എന്നാൽ ഒരു പേപ്പർ മാത്രം നശിപ്പിക്കരുത്. അത് നിങ്ങളുടെ നിഗമനങ്ങൾക്കായുള്ള എന്‍റെ പ്രതിഫലമാണ്. ഒരു ചെക്ക് ലീഫ്. ഇനിയിപ്പോൾ നിങ്ങളുടെ നിഗമനങ്ങൾ എനിക്ക് തൃപ്തികരമായില്ലെങ്കിൽ പോലും ഇതോടൊപ്പം വച്ചിരിക്കുന്ന ചെക്ക് ലീഫ് എന്‍റെ സ്നേഹസമ്മാനമായി കരുതുക.

കത്ത് ചുരുക്കുന്നു.

സ്നേഹപൂർവ്വം,

ഗബ്രി

ഞാനുടൻ ആ എഴുത്തിനു ശേഷമുള്ള പേപ്പറുകൾ ധൃതിയിൽ മറിച്ചുനോക്കി. ഉണ്ട്. ആ എഴുത്തിനു ശേഷമുള്ള അടുത്ത പേപ്പർ ഗബ്രിയുടെ പ്രതിഫലമാണ്. അതിലെഴുതിയ തുക കണ്ടപ്പോൾ ജനാലക്കപ്പുറത്തെ ഇളങ്കാറ്റ് കൊണ്ടുവന്ന മഴ എന്‍റെ മനസ്സിൽ കുളിരുപുരണ്ട് പെയ്തു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിൽ അപ്രതീക്ഷിതമായി കൈവരുന്ന ഇത്തരം കാര്യങ്ങൾ നൽകുന്ന സന്തോഷം വാക്കുകൾക്കതീതമാണ്.

ഞാനാ പേപ്പർ കെട്ടിൽ നിന്നും ചെക്ക് ലീഫ് ശ്രദ്ധാപൂർവ്വം അഴിച്ചെടുത്ത് അലമാരിയിൽ ഇരിക്കുന്ന ബാങ്ക് പാസ്ബുക്കിനുള്ളിൽ ഭദ്രമായി വച്ച് അലമാര പൂട്ടി. കസേരയിൽ വന്നിരുന്ന് തുടർന്ന് വായിക്കാനാരംഭിച്ചു.

और कहानियां पढ़ने के लिए क्लिक करें...